വ്രതാനുഷ്ഠാനമാണ് ആശൂറാഅ് ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ കാര്യം. അംര്‍ ഇബ്നുല്‍ ആസ്വി(റ)യില്‍ നിന്ന് അബു മൂസാ അല്‍മദീനി(റ) ഉദ്ധരിച്ച ഹദീസില്‍ നബി(സ്വ) പറയുന്നു: “ആശൂറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്” (ഇര്‍ശാദ്:76, അജ്വിബ:50,51). ആശൂറാഅ് ദിനത്തിലെ സ്വദഖഃ, ഒരു വര്‍ഷത്തെ സ്വദഖഃകള്‍ക്കു തുല്യമാണെന്നും മേല്‍പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട്.

ആശൂറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു വിശാലത ചെയ്യുമെന്ന ഹദീസ് ഇബ്നു അബ്ദില്‍ ബര്‍റ്(റ), ത്വബ്റാനീ(റ), ബൈഹഖീ(റ)യുടെ ശുഅബുല്‍ ഈ മാന്‍, ശര്‍വാനീ:3/455, കുര്‍ദീ:2/199 തുടങ്ങിയ ധാരാളം ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം.

പ്രസ്തുത ഹദീസില്‍ പറഞ്ഞതനുസരിച്ച് അമ്പതോ അറുപതോ വര്‍ഷങ്ങളിലെ ആശൂറാഉകളില്‍ കുടുംബത്തിന് വിശാലത ചെയ്തുകൊണ്ട് ഓരോ വര്‍ഷവും അല്ലാഹു ഞങ്ങള്‍ക്ക് വിശാലത ചെയ്യുന്നത് അനുഭവപ്പെടുകയുണ്ടായി എന്ന് ഇമാം സുഫ്യാന്‍ ഇബ്നു ഉയയ്ന(റ) പറഞ്ഞിട്ടുണ്ട്(ഇര്‍ശാദ്:76). ഗു ഫ്യാന്‍(റ) അമ്പതോ അറുപതോ വര്‍ഷക്കാലം പരിശോധിച്ചു ബോധ്യപ്പെട്ട സംഭവം യാഥാര്‍ഥ്യമാണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി(റ) രേഖപ്പെടുത്തുന്നു (അജ്വിബ:50,51). പ്രസ്തുത ഹദീസില്‍ പറഞ്ഞതു പ്രകാരം പരിശോധിച്ചു നോക്കിയപ്പോള്‍ അതില്‍ പറയപ്പെട്ട നേട്ടം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിട്ടുണ്ടെന്ന് ആ ഹദീസിന്റെ ധാരാളം റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട് (കുര്‍ദീ:2/199, തര്‍ശീഹ്:170). സുഭിക്ഷമായ ഭക്ഷണപാനീയങ്ങള്‍ ആശൂറാഅ് ദിനത്തില്‍ തയ്യാറാക്കലും ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യലും സുന്നത്താണ്. ചിലവു ചെയ്യുന്നതില്‍ ലുബ്ധ് കാട്ടാതിരിക്കലും ആവശ്യമാണ്. എന്നാല്‍, പ്രസ്തുത ദിനം പെരുന്നാള്‍ ആഘോഷം പോലെ കൊണ്ടാടാനും പാടില്ല. ഇമാം മുസ്ലിം(റ) രേഖപ്പെടുത്തിയ ഹദീസില്‍ ഇതുണ്ടെന്ന് ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കുന്നു (അല്‍ അജ്വിബ: 50,51).