വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ 7 ആയത്തുള്ള ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഉമ്മുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ് റസൂല്‍(സ്വ) പലപ്പോഴും പറയാറുള്ളത്.
സൂറത്തു ശിഫാഅ്, അര്‍റുഖിയ്യ തുടങ്ങിയ പേരുകള്‍ പറയപ്പെടുന്നതുതന്നെ ചികിത്സരംഗത്ത് ഫാത്തിഹ സൂറത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണ്. ഇമാം ബുഖാരി റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് കാണുക. അബൂസഈദ്(റ) പറയുന്നു. നബി(സ്വ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങല്‍ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി(സ്വ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അല്ലാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി).
നബി(സ്വ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനില്‍ തന്നെയോ അല്ലാഹു ഇറക്കിയിട്ടില്ല. തുര്‍മുദി.
അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം സൂറത്തുല്‍ ഫാത്തിഹ 20 തവണ ഓതി അഞ്ചു വഖ്തിലുമായി 100 പൂര്‍ത്തിയാക്കിയാല്‍ മാനസിക വിഷമങ്ങള്‍ അകന്നുപോകും. ഭക്ഷണ വിശാലത ലഭിക്കം, കുടുംബസമേതം ഇഹപര സന്തോഷത്തിനുള്ള വഴി എളുപ്പമാകും. ഐശ്വര്യജീവിതം ഉണ്ടാവും.
313 തവണ ഒരാള്‍ ഓതിയാല്‍ അവന്റെ ആഗ്രഹം അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും.
വിഷനിവാരണത്തിന്
സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ ചില അറബ് ഗോത്രക്കാരോട് ഞങ്ങളെ അതിഥിയായി സ്വീകരിക്കുമോ എന്ന് ചോദിച്ചു. പക്ഷെ അവര്‍ വിസമ്മതിച്ചു. അതിനിടെ അവരുടെ ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. അവര്‍ ഞങ്ങളുടെ ഈ യാത്രാസംഗത്തെ സമീപിച്ച് ചോദിച്ചു. നിങ്ങളുടെ അടുക്കല്‍ തേള്‍ വിഷത്തിനുള്ള വല്ല മരുന്നുമുണ്ടോ?. അപ്പോള്‍ അബൂ സഈദിനില്‍ ഖുദ്‌രി (റ) പറഞ്ഞു. ഞാന്‍ മന്ത്രിക്കാം. പക്ഷെ നിങ്ങള്‍ ഞങ്ങളോട് ആതിഥ്യമര്യാദ കാണിക്കാനോ അതിഥിയായി സ്വീകരിക്കാനോ വിസമ്മതിച്ചവരാണ്. അതിനാല്‍ പ്രതിഫലമായി എന്തെങ്കിലും പാരിതോഷികം നല്‍കാതെ ഞാന്‍ മന്ത്രിക്കുകയില്ല. അങ്ങനെ 30 ആടുകളെ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. അബൂ സഈദിനില്‍ ഖുദ്‌രി (റ) ഫാത്വിഹ ഓതി മന്ത്രിച്ചപ്പോള്‍ ഗോത്രത്തലവന്റെ വിഷബാധ പൂര്‍ണ്ണമായും സുഖപ്പെട്ടു. അവര്‍ക്ക് അതിന് പാരിതോഷികം ലഭിച്ചപ്പോള്‍ സംഘത്തിലെ ചിലര്‍ അത് വീതിച്ച് നല്‍കണമെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ മന്ത്രിച്ചയാള്‍ പറഞ്ഞു. നമുക്ക് റസൂലുളളാഹിയുടെ നിര്‍ദ്ദേശം പോലെ ചെയ്യാം. അവര്‍ തിരുനബി(സ്വ) യെ സമീപിച്ച് സംഭവങ്ങള്‍ വിവരിച്ചു. ഇതുകേട്ട നബി(സ്വ) തങ്ങള്‍ ചോദിച്ചു. ഫാത്വിഹ മന്ത്രമാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി? നിങ്ങള്‍ ചെയ്തത് ശരിയാണ്. നിങ്ങള്‍ക്ക് ലഭിച്ച പാരിതോഷികം നിങ്ങള്‍ വീതിച്ചെടുക്കുക. ഒരു വിഹിതം എനിക്കും തരിക. (ബുഖാരി-മുസ്‌ലിം)
വിഷബാധ ഏറ്റവരെ നബി(സ്വ) തങ്ങള്‍ സൂറത്തുല്‍ ഫാത്വിഹ 7 തവണ ഓതി മന്ത്രിക്കാറുണ്ടായിരുന്നു. (തുര്‍മുദി)
നബി(സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു. അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍ 1/4)
ഇലാഖത്തുബ്‌നു സിഹാര്‍(റ) ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ച് മടങ്ങിവരുമ്പോള്‍ ഒരുസംഘം ആളുകളെകണ്ടു. അവരില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു മാനസിക രോഗിയും ഉണ്ട്. അവര്‍ ഇലാഖതത്തുബ്‌നു സിഹാര്‍(റ)നോടു ചോദിച്ചു. ഇവനെ ചികിത്സിക്കാന്‍ പറ്റിയ വല്ല മരുന്നും നിങ്ങളുടെ കൈവശത്തിലുണ്ടോ? ഇലാഖത്ത്(റ) പറയുന്നു. മൂന്ന് നാള്‍ രാവിലെയും വൈകുന്നേരവുമായി ഞാന്‍ അയാളെ ഫാത്വിഹ ഓതി മന്ത്രിച്ചു. മന്ത്രിക്കുമ്പോള്‍ അല്‍പം ഉമിനീരോടുകൂടി അവനെ ഊതുകയും ചെയ്തു. അതിന്റെ ഫലമായി അവന്റെ മാനസിക രോഗം സുഖപ്പെട്ടപ്പോള്‍ അവരെനിക്ക് 100 ആടുകളെ നല്‍കി. ഇക്കാര്യം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. ആ ആടുകളെ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിഷിദ്ധമായ മന്ത്രത്തിനാണ് പ്രതിഫലം സ്വീകരിക്കാന്‍ പാടില്ലാത്തത്. നീ ചെയ്തത് സത്യസന്ധമായ മന്ത്രമാണ്. (അബൂദാവൂദ്, അല്‍ അദ്കാര്‍ 113, 114)
ഇബ്‌നുല്‍ ഖയ്യിം തന്റെ രോഗവും ഔഷധവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഫാത്വിഹ സൂറത്തുകൊണ്ട് ചികിത്സ നടത്തിയ എനിക്ക് വിസ്മയകരമായ ചില ഫലങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നു. ഞാന്‍ മക്കയില്‍ താമസിക്കുന്ന കാലത്ത് രോഗബാധിതനായി . അവിടെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ വൈദ്യന്‍മാരോ ഉണ്ടായിരുന്നില്ല. അപ്പോള്‍ സൂറത്തുല്‍ ഫാത്വിഹകൊണ്ട് ചികിത്സിക്കാമെന്ന് എനിക്ക് തോന്നി. ഞാന്‍ ഫാത്വിഹ ഓതി ചികിത്സ തുടങ്ങി. അത്ഭുതകരമാം വിധം എനിക്ക് രോഗശമനം ലഭിച്ചു. അതിനുശേഷം ശരീരവേദനയും മറ്റും അനുഭവിക്കുന്നവര്‍ക്ക് എന്റെ രോഗം ഫാത്വിഹയിലൂടെ മാറിയ കാര്യം ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെ അവരില്‍ പലര്‍ക്കും ഫാത്വിഹയുടെ ബറകത്ത് കാരണം വളരെ വേഗത്തില്‍ രോഗശമനം ലഭിക്കാറുണ്ടായിരുന്നു (അബ്‌വാബുല്‍ ഫറജ്)
ജിബ്‌രീല്‍ (അ) നബി(സ്വ)യുടെ സന്നിധിയില്‍ ഇരിക്കവെ മേല്‍ ഭാഗത്തുനിന്നും ശക്തമായ മുഴക്കം കേട്ടപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു. ഇത് ആകാശലോകത്ത് ഒരു കവാടം തുടക്കപ്പെട്ടതിന്റെ ശബ്ദമാണ്. ഇന്നുവരെ ആ വാതില്‍ തുറക്കപ്പെട്ടിരുന്നില്ല. ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്‌രീല്‍(അ) നബി(സ്വ)യോട് പറഞ്ഞു. ഭൂമിലോകത്ത് ആദ്യമായാണ് ഈ മലക്ക് ഇറങ്ങിവരുന്നത്. ആ മലക്ക് നബി(സ്വ) യോട് സലാം പറഞ്ഞു. ഇങ്ങനെ തുടര്‍ന്നു. അവിടുത്തേക്ക് നല്‍കപ്പെട്ട രണ്ട് പ്രകാശങ്ങള്‍കൊണ്ട് സന്തോഷിക്കുക. അവ മറ്റൊരു പ്രവാചകനും ലഭിച്ചിട്ടില്ല. ഫാത്തിഹയില്‍ സൂറത്തുല്‍ ബകറയുടെ അവസാനത്തെ സൂക്തങ്ങളുമാണവ. അവ പാരായണം ചെയ്ത് നിങ്ങള്‍ എന്തുചോദിച്ചാലും അല്ലാഹു ഉത്തരംചെയ്യും. (മുസ്‌ലിം)
ഫാത്വിഹയും സൂറത്തുല്‍ ബഖറയുടെ അവസാന ഭാഗവും ഓതി അല്ലാഹുവിനോട് ചേദിക്കുന്ന ഭൗതികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. (മിര്‍ഖാത് 2/584)
അബൂസഈദ് (റ)വില്‍ നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: ”നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള ഒരു സൂറത്ത് ഞാന്‍ പഠിപ്പിച്ചുതരാം ശേഷം അവിടുന്നു എന്റെകൈപിടിച്ച് പള്ളിയില്‍ നിന്നു പുറത്തിറങ്ങാന്‍ നബി (സ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് ഏറ്റവും മഹത്വമേറിയ സൂറത്തിനെ എനിക്കു പഠിപ്പിച്ചു തരാമെന്ന് അവിടുന്നു പറഞ്ഞിരുന്നുവല്ലോ”. അവിടുന്നു പറഞ്ഞു. ”അതെ അത് അല്ലാഹു എനിക്കു നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഉല്‍മാസാനീ എന്നു പേരുള്ള (ഫാതിഹ) സൂറത്താകുന്നു.” (ബുഖാരി)
നബി (സ) പറഞ്ഞു. ”സൂറത്തുല്‍ ഫാതിഹക്ക് തുല്ല്യമായത് തൗറാത്തിലോ ഇഞ്ചിലിലോ സബൂറിലോ ഖുര്‍ആനില്‍ ത്തന്നെയോ അവതരിച്ചിട്ടില്ല.” (തുര്‍മുദി) ഭൗതീകവും പാത്രികവുമായ നിരവധി ഫലങ്ങള്‍ ഫാത്തിഹയിലൂടെ കരകതമാക്കാനവുമെന്ന് ധാരാളം ഹദീസുകളില്‍ വിവരണമുണ്ട്. രോഗശമനത്തിനും ആവശ്യപൂര്‍ത്തീകരണത്തിനുമെല്ലാം ഫാതിഹ വലിയ ഫലം ചെയ്യുമെന്നു അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയത് ഹദീസുകളില്‍ നിന്നു മനസിലാക്കാം