– ഫള്ലുറഹ്മാൻ സുറൈജി തിരുവോട്
കരുതലുള്ള ജീവിതം ചിട്ടപ്പെടുത്തുമ്പോൾ
ഒരു വിശ്വാസി ചെന്നെത്തുന്ന ദൂരവും
കൈ വരിക്കുന്ന നേട്ടങ്ങളുമാണ് ഈ കുറിപ്പിൽ. ഇമാം ഗസ്സാലി (റ)ൻ്റെ അദ്ധ്യാത്മിക രചനയായ മിൻഹാജുൽ ആബിദീനിൻ്റെ വിശദവായനകളിൽ പ്രധാനമാണ് സിറാജു ത്വാലിബീൻ എന്ന വിശ്രുത രചന. തഖ് വയെന്ന ആശയത്തിൻ്റെ പ്രത്യേകതകളിലേക്ക് വിരൽ ചൂണ്ടുന്ന അധ്യായത്തിൽ ചിലത് ചുവടെ ചേർക്കുന്നു
1. തഖ് വയുള്ളവൻ വാഴ്ത്തപ്പെട്ടവനത്രേ.
നിങ്ങൾ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയെന്നാൽ അത് ദൃഢമായ കാര്യങ്ങളിൽ പെട്ടതാണ് (ഖുർആൻ 3/186) സാമ്പത്തിക പ്രതിസന്ധികളെ മുന്നിൽ വെച്ചാണ് ഈ അധ്യാപനം. അടിക്കടി വരുന്ന ക്ലേശങ്ങളെ ക്ഷമ കൊണ്ട് നേരിടുന്നതോടൊപ്പം ക്രമക്കേടുകളെ കരുതിയിരിക്കണമെന്നും. ഈ രണ്ടു വഴികൾ അതിഗംഭീരമായ തീരുമാനങ്ങളുമാണെന്നുള്ള
അഭിനന്ദന വാചകമാണത്.
2. ശത്രുക്കളിൽ നിന്നുള്ള കാവലും സുരക്ഷിതത്വവും കൈവരുന്നു.
നിങ്ങൾ ക്ഷമാലുക്കളും ജാഗരൂകരുമായാൽ അവരുടെ ഒരു വഞ്ചനയും നിങ്ങൾക്കേൽക്കില്ല (3/120) കപടവിശ്വാസികളുടെ ഗൂഢതന്ത്രങ്ങളെ നേരിടേണ്ട രീതിയാണ് ഈ വാക്യത്തിൽ. വിശ്വാസത്തിൽ വൈകല്യങ്ങൾ കടത്തിക്കൂട്ടാനും വിശ്വാസികളെ വശീകരിക്കാനും ഇക്കൂട്ടർ കണ്ണിലെണ്ണയൊഴിച്ച് പണിയെടുത്തു. തഖ് വയുടെ ഊർജം ആ ശ്രമങ്ങളെ വിഫലമാക്കി. വിശ്വാസത്തിന് കവചമൊരുക്കി.
3. ദൈവികസഹായവും പിന്തുണയും ലഭിക്കുന്നു:
>തഖ് വയുടെ മാർഗ്ഗം കൈകൊള്ളുന്നവരും നന്മ പ്രവർത്തിക്കുന്നവരും ആരോ അവരോടൊപ്പമാണ് അല്ലാഹു ; തീർച്ച (16/128)
സത്യവിശ്വാസത്തെ ഉൾകൊള്ളാൻ ശ്രമിക്കാത്തവരെ കുറിച്ച് ദുഖിതനായ തിരുനബി(സ്വ)യോടുള്ള ഈ സംഭാഷണം ജാഗ്രതയോടെ ജീവിക്കുന്നവർക്ക് ലഭിക്കുന്ന സവിശേഷമായ പിന്തുണയെ അടയാളപ്പെടുത്തുന്നു.
>അല്ലാഹു മുത്തഖീങ്ങളുടെ സഹായിയാണ് (45/19) അശ്രദ്ധമായ് കഴിയുന്നവർക്ക് ഒരു പക്ഷേ സൃഷ്ടികളുടെ സഹായം ലഭിച്ചേക്കാം. അതിനാവട്ടെ കൂടുതൽ നിലനിൽപ്പില്ല, പരിമിതവുമാണ്.സൂക്ഷ്മതയോടെ ജീവിക്കുന്നവർക്ക് സൃഷ്ടാവിൻ്റെ സഹായമാണ് ലഭിക്കാനുള്ളത് ഭൗമിക – അഭൗമിക ജീവിതങ്ങളിൽ അത് ലഭിക്കുകയും ചെയ്യും. വലിയ സൈനിക സന്നാഹങ്ങളോടെ ഇരമ്പിയ സമര മുന്നേറ്റത്തെ ന്യൂനപക്ഷമായ മുസ്ലിംകൾ ബദ്റിൽ നേരിട്ടതും പരാജയപ്പെടുത്തിയതും ഈ വസ്തുതയുടെ ചരിത്രത്തിലെ ഉദാഹരണമാണ്.
4. പ്രതിസന്ധികളിൽ നിന്ന് രക്ഷ ലഭിക്കുന്നു,
5. സംശുദ്ധമായ ഭക്ഷ്യ സുസ്ഥിരത രൂപപ്പെടുന്നു,
വിവാഹമോചനത്തിൻ്റെ വസ്തുതകളെ വിവരിക്കുന്നിടത്താണ് (65/2, 3) ഈ ഓർമ്മപ്പെടുത്തൽ. അന്ധമായ നിലപാടുകൾക്ക് പകരം ധിഷണയോട് കൂടിയ ജാഗ്രതാ മനോഭാവങ്ങൾ വഴി ഏത് പ്രതിസന്ധികളെ നേരിടാനുള്ള പ്രാപ്തിയും ഭക്ഷ്യ സുരക്ഷയും ലഭ്യമാകുമെന്ന് ഉറപ്പ് തരുന്നുണ്ട് ഈ വാക്യം
6. സൽകർമ്മങ്ങൾക്ക് വഴിയൊരുങ്ങുന്നു
7. തെറ്റുകൾ പൊറുക്കപ്പെടുന്നു.
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യമായ വാക്കു പറയുകയും ചെയ്യുക എങ്കിൽ അവർ നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കു പൊറുത്തുതരികയും ചെയ്യും (33/70,71) വർത്തമാനത്തെ സൂക്ഷ്മതയോടെ കൊണ്ടു നടന്നാൽ ഭൂതകാലത്തെ വീഴ്ചകൾ പരിഹരിക്കപ്പെടുമെന്നും ഭാസുരമായൊരുഭാവി പ്രാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ വചനം നൽകുന്നത്.
8. ദൈവിക സ്നേഹത്തിന് ഹേതുവാകുന്നു:
തീർച്ചയായും അല്ലാഹു മുത്തഖീങ്ങളെ ഇഷ്ടപ്പെടുന്നു(3/76) അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിൻ്റെ ഊഷ്മള ഭാവമായ സ്നേഹം തഖ്‌വയിലൂടെയാണ് സാധ്യമാവുന്നത്. റബ്ബിൻ്റെ മഖാമിനെ ഭയന്നവർക്ക് രണ്ട് സ്വർഗമുണ്ടെന്ന വാഗ്ദാനം ആ സ്നേഹത്തിൻ്റെ സമ്മാനമാണ്.
9. സ്വീകാര്യത മുത്തഖീങ്ങളിൽ നിന്നു മാത്രമാണ്:
സൂക്ഷ്മതയുള്ളവരുടെ പക്കൽ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (5/27)
മാനവ ചരിത്രത്തിൻ്റെ തുടക്കകാലത്ത് തന്നെ പഠിച്ച പാഠമാണിത്. ഇതു പറഞ്ഞത് ആദമി (അ)ൻ്റെ പുത്രൻ ഹാബീലാണ്. വിവാഹക്കാര്യത്തിലുണ്ടായ തർക്കവും അതിനെ തുടർന്നുണ്ടായ പരീക്ഷണവും സത്യസന്ധതയുടെ വിജയവുമെല്ലാം ഓർമ്മയുണ്ടല്ലോ?
സ്വീകാര്യനാവണമെങ്കിൽ തഖ് വ കൂടിയേ മതിയാവൂ. അല്ലാത്തവൻ അവഗണിക്കപ്പെടും.
10. അജയ്യതയും ആദരവും നേടാൻ കഴിയും:
അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ആദരണീയർ അതീവ ജാഗ്രതയുള്ളവരാണ് (49/13) മുത്തഖി എന്നതിൽ നിന്ന് അത്ഖാ എന്ന പദവിയിലെത്തുന്നവർ ജ്ഞാനികളാണ്.കാരണം സൂക്ഷ്മത അറിവിൻ്റെ ഉൽപ്പന്നമാണ് .അറിവുണ്ടായത് കൊണ്ട് മാത്രമായില്ല; തഖ് വ യുണ്ടാവുമ്പോഴാണ് അറിവ് ഫലപ്രദമാവുക. അല്ലാത്തപക്ഷം ഫലം കാഴ്ക്കാത്ത പാഴ് വൃക്ഷം പോലെ കേവലമൊരു മരത്തടിയും നരകത്തിലെരിയുന്ന വിറകുമായവൻ മാറും. നരകത്തിൽ നിന്നുള്ള രക്ഷയും സ്വർഗ്ഗപ്രവേശവും എന്നതിലപ്പുറം അല്ലാഹുവോടുള്ള അടുപ്പമാണ് വലിയ ബഹുമതി. അത് തഖ് വ സമ്പൂർണമായവനുള്ള ഉപഹാരമാണ്.
11. അന്ത്യശ്വാസത്തിലും സുവിശേഷം ലഭിക്കും:
ശ്രദ്ധിക്കുക. അല്ലാഹുവിൻ്റെ വിനീതദാസന്മാർക്ക് യാതൊരു ഭയവുമില്ല.അവർ ദുഖിക്കുകയുമില്ല.അവർ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയോടെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്.ഐഹിക ജീവിതത്തിലും പരലോകത്തും അവർക്ക് സന്തോഷ വാർത്തയുണ്ട് (10/62,63,64 )
12. നരകമോചനം ലഭിക്കും:
തഖ് വയുള്ളവരെ നാം രക്ഷപ്പെടുത്തും (19/72)
13. നിത്യ സ്വർഗം ലഭിക്കും:
അത് (സ്വർഗം)അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ചവർക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നു (3/133).
മനുഷ്യ ജീവിതത്തിൽ നേടേണ്ട സർവ്വ നേട്ടങ്ങളും സാധ്യമാകാനുള്ള വഴി തഖ് വയാണെന്ന് നമ്മളിതുവരെ വായിച്ചെത്തി. പ്രത്യേകതകളെ മനസ്സിലാക്കുന്നതോടൊപ്പം അതിൻ്റെ മറുപാതിയെ കുറിച്ചാലോചിക്കുമ്പോൾ നമ്മുടെ നെഞ്ചിടിപ്പ് കൂടും. തഖ് വയില്ലെങ്കിൽ നിന്ദ്യതയും ഭീതിയും നിസ്സഹായവസ്ഥയും പ്രതിസന്ധികളും ഭക്ഷ്യ ദൗർലഭ്യതയും ദുർമാർഗങ്ങളും പൊറുക്കാത്ത തെറ്റുകളും ദൈവകോപവും അസ്വീകാര്യതയും അനാദരവും നരക പ്രവേശവും തുടങ്ങി വലിയ വിപത്തുകളെയും പേറി നടക്കേണ്ടി വരുമെന്ന സത്യം മറക്കരുത്.
അകവും പുറവും ശുദ്ധമാവണം. അകത്തെ ചിത്രത്തിൻ്റെ പ്രതിഫലമാണ് പുറത്ത് കാണുക. അകം കറുത്താൽ പുറം വെളുപ്പിക്കാനാവില്ല,ശ്രമിച്ചാലും അതിന് അൽപ്പായുസേയുണ്ടാവൂ. പൊതുജീവിതത്തെക്കാൾ ശ്രദ്ധ വേണം രഹസ്യ ജീവിതത്തിന്. നിങ്ങൾ രഹസ്യവും പരസ്യവുമായ തിന്മകൾ വർജിക്കുകയെന്നതാണ് ഖുർആനിക പാഠം. പുറത്തറിയുന്നത് പന്തിയല്ലാത്തതുകൊണ്ടാണല്ലോ അനാശാസ്യങ്ങളെ ഒളിപ്പിച്ചുവെക്കുന്നത്. പക്ഷേ എത്ര കാലം അത് രഹസ്യമായ് വെക്കാൻ കഴിയും.ഏറിയാൽ ഭൗതിക ജീവിതാന്ത്യം വരെ മാത്രം. ” അന്ന് നിങ്ങളെ രംഗത്ത് കൊണ്ടുവരും. നിങ്ങളുടെ ഒരു രഹസ്യവും അവ്യക്തമാകുന്നതല്ല” എന്ന ബോധ്യം അത്തരം ചിന്തകളെ ചോദ്യം ചെയ്യുന്നു.
ലുഖ്മാൻ(റ) മകന് നൽകിയ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടത് അതായിരുന്നു. മുത്ത് നബി(സ)യോട് അല്ലാഹു കൽപ്പിച്ച 9 കാര്യങ്ങളിലൊന്ന് രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവെ ഭയക്കുക
(മിശ്കാത് 5358)എന്നതായിരുന്നല്ലോ?
പരലോകത്ത് അർശിൻ്റെ തണലിൽ സുരക്ഷിതത്വം ലഭിക്കുന്ന ഏഴു വിഭാഗം ജനങ്ങളെ നബി(സ) പരിചയപ്പെടുത്തുകയുണ്ടായി. അവരെല്ലാം രഹസ്യ വിശുദ്ധി പുലർത്തുന്നവരാണെന്നു കാണാം “ഏഴു വിഭാഗമാളുകൾക്ക് മറ്റൊരാളുടെ തണലുമില്ലാത്ത ദിവസം അല്ലാഹു തണൽ നൽകും. നീതിമാനായ ഭരണാധികാരി, അല്ലാഹു വിൻ്റെ ആരാധനയിൽ ജീവിതം നയിക്കുന്ന യുവാവ്, മസ്ജിദുമായി ഹൃദയ ബന്ധമുള്ളവർ, അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ, അതടിസ്ഥാനത്തിൽ അവർ ഒന്നിക്കുകയും അകലുകയും ചെയ്തു, സൗന്ദര്യമുള്ള ഒരു വനിത വ്യഭിചാരത്തിന് ക്ഷണിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചൊഴിഞ്ഞു മാറിയ വ്യക്തി, ഇടത്തെ കൈ നൽകിയത് വലതുകരം പോലുമറിയാതെ അതീവ രഹസ്യമായ് ദാനം നൽകിയവർ, ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അല്ലാഹുവിനെ ഓർത്ത് കണ്ണീർ വാർത്തവർ (ബുഖാരി 2/119) എന്നിവരാണവർ
ഇനിയിതു നോക്കൂ..
അങ്ങാടിയിൽ നിന്നു വാങ്ങിയ മത്സ്യത്തിൽ കയറിയ ഉറുമ്പിൻ്റെ കുടുംബത്തെ കുറിച്ചോർത്ത് വേവലാതിപ്പെട്ടവർ, അഹിതമായതൊന്നും വയറ്റിലെത്തരുതെന്ന പേടിയിൽ പച്ച പുല്ല് തിന്ന് വിശപ്പകറ്റിയവർ, ഒരു രൂപ പോലും മാറി ചിലവഴിക്കാതെ അനർഹമായ സമ്പത്തിനെ പേടിച്ചു കഴിഞ്ഞവർ സമീപകാലത്തെ മഹത് സ്മരണകളാണിതെല്ലാം. അടിതെറ്റിപ്പോകുമോ എന്ന ഭീതിയിൽ കരുതി നടന്നവർ ഒടുവിലെത്തുക വിജയക്കൊടിയുടെ ചുവട്ടിലാണ്. നമുക്കും ആ വഴിയേ തന്നെ നടന്നു പഠിക്കാം ,ശീലമാക്കാം