| ഫള് ലു റഹ്മാൻ സുറൈജി തിരുവോട്
വിശക്കാത്തവൻ്റെ മുന്നിലെ അപ്പത്തിനേ
കാവ്യബിംബമാകാൻ കഴിയൂ
അയാൾക്കു മുന്നിൽ
പൂർണ്ണചന്ദ്രനായ് അപ്പം നിലാവ് ചൊരിയും
ആലവട്ടമായ് വീശും.
വിശക്കുന്നവൻ
കിട്ടിയ പാടെ അതിനെ
തിന്നുകയേയുള്ളൂ
എങ്കിലും
അപ്പോയത്തെ ആ കണ്ണിലെ തിളക്കം
നെടുവീർപ്പ്
ചിരി
ഒക്കെയും അയാളെത്തന്നെ ഒരു കവിതയായി
തോന്നിച്ചു കൂടെന്നില്ല
അടുത്ത വിശപ്പു വരെ
ആ കവിത തുടർന്നേക്കും
എന്നും തോന്നുന്നു.
(കാവ്യബിംബം / വീരാൻ കുട്ടി)
വരൂ, ഇതാ ഇതൊന്നു വായിക്കാം”മൃതിയുടെ നിഴലുകൾ തുറിച്ചു നോക്കുന്ന മുറിയിലെ ജാലകം മാറാല പിടിച്ച് അടഞ്ഞു കിടക്കുന്നു. ഞങ്ങൾക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഡോക്ടർ ആദ്യം ചെയ്തത് ആ ജാലകമൊന്ന് തുറന്നിടുകയാണ്.ഇപ്പോൾ തെല്ലൊരാശ്വാസം തോന്നി.നിഴലുകൾ ചിലന്തിവല പൊട്ടിച്ച് പുറത്തേക്കു പോയ പോലെ ജീവനുള്ള പുതിയ കാറ്റും പ്രകാശവും തട്ടി ആ അമ്മ കണ്ണുതുറന്നു.
വേദന കുത്തുളിയായി തുളഞ്ഞു കയറുമ്പോഴും ആഭിജാത്യം മറന്നിട്ടില്ലാത്ത അവർ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.എന്നാൽ അവിടെ ഒരു സ്റ്റൂൾപോലും ഉണ്ടായിരുന്നില്ല. അമ്മ ഒച്ചയെടുത്ത് ആരെയൊക്കെയോ വിളിച്ചു. ആരും വിളി കേട്ടില്ല. പ്രതിഷേധങ്ങൾ അവസാനിപ്പിച്ച അവർ സ്വന്തം വേദനയുടെഞ്ഞെരക്കങ്ങളിലേക്ക് ഉൾവലിഞ്ഞു
“വേദന എങ്ങനെയുണ്ട്?”
ഡോക്ടർ അവരുടെ നെറ്റിയിൽ തലോടികൊണ്ട് ചോദിച്ചു
“മരിച്ചാൽ മതിയായിരുന്നു ” അവർ വിതുമ്പി.ഡോക്ടർ അവരുടെ കൈ പിടിച്ചു.അതിൽ മുറുക്കിപ്പിടിച്ചു കൊണ്ട് അവർ പൊട്ടിക്കരഞ്ഞു ”
നിങ്ങൾ വായിച്ചു നിർത്തിയത് കെ .എം മുസ്തഫ് എഴുതിയ മരണശയ്യയിലും മിടിക്കുന്ന ജീവിതം എന്ന പാലിയേറ്റീവ് കെയർ അനുഭവത്തിൻ്റെ തുണ്ടാണ്.നിറവേറ്റിയിരിക്കേണ്ട ബാധ്യതകൾ കൈയൊഴിഞ്ഞ് അവരവരുടെ പാട്ടിന് പോയ മക്കൾക്കും മരുമക്കൾക്കുമിടയിൽ അനാഥമായ ഒരു വേദനയെ കൂട്ടിരുത്തി നരകിക്കുന്ന ജീവിതങ്ങൾ നമ്മെ വേദനപ്പെടുത്തുന്നില്ലേ. നുറുങ്ങിയ സ്വപ്നങ്ങൾക്കിടയിൽ നിന്ന് ഒരു പുഞ്ചിരി പെറുക്കിയെടുക്കാൻ പാടുപെടുന്നവർ എത്രയാണ്. നോവ് കയറി ദുഖം ആധിപത്യം സ്ഥാപിച്ച മുഖത്തണിയാനാണ് അവരത് ചികയുന്നത്. ജാള്യത കൊണ്ട് അഭിമാനബോധം കൊണ്ട് കൈ നീട്ടാനുള്ള ലഞ്ജ കൊണ്ട് പരാശ്രയത്തെ സുഖകരമായ് തോന്നാത്തതു കൊണ്ട് അവരൊന്നും പറയില്ല. അടുത്ത് ചെന്ന് നോക്കിയാൽ വയറെരിഞ്ഞു കാളുന്ന കനലിൻ്റെ മണമറിയാൻ കഴിയും.സഹജീവിയുടെ ഹൃദയത്തിൻ്റെ ആളലറിയേണ്ടത് ആരാണ്.? എവിടേക്കും നോക്കണ്ട. നമ്മിലേക്ക് തന്നെ തിരിഞ്ഞ് നിന്ന് പറയൂ, നീയാണെന്ന്. ഈ ബോധം നിങ്ങളെ മനുഷ്യനാക്കും. ആർദ്രഭാവമുള്ള ,സാമൂഹ്യ പ്രതിബന്ധതയുള്ള നല്ലൊരു മനുഷ്യൻ. നിങ്ങളിലോരോരുത്തരും ഞാനും പലതുള്ളി പെരുവെള്ളമായ് മൂല്യബോധമുള്ള ഒരു സമൂഹമിതാ വളർന്നു വരുന്നത് കാണുന്നില്ലേ.
നോക്കൂ, അത് ഇസ്ലാമിക റിപ്പബ്ലിക്കിൻ്റെ രണ്ടാം ഖലീഫ ഉമർ ബ്നു ഖത്താബ് (റ) ആണ്.ഈ പാതിരാ നേരത്ത് എങ്ങോട്ടാണ്. പാതി വെന്ത ഹൃദയവുമായ് കഴിയുന്നൊരു പച്ചപ്പാവം ഉമ്മാമയുണ്ടവിടെ. അവിടേക്കാണ് പ്രസിഡൻഷ്യൽ കോട്ടഴിച്ചു വെച്ച് ഖലീഫ നടക്കുന്നത്. അവരെ പരിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. രാജ്യത്തെ പൗരന്മാരെ കാത്തില്ല, കീഴുദ്യോഗസ്ഥരിലാരോടും പറഞ്ഞില്ല. ശ്വാസം വലിച്ചു തീരാറായ ഈ കുടിലിൻ്റെ പ്രാണനാകുന്നത് രാജ്യത്തിൻ്റെ പരമോന്നത വ്യക്തിയാണ്. നമ്മൾ സ്തബ്ധരായി നിൽക്കുന്ന ചരിത്രം. ഈ കഥയെങ്ങനെ ലോകമറിഞ്ഞെന്നല്ലേ? നിലാവ് ഇരുളിനെതിന്നുകളഞ്ഞൊരു രാത്രി അബൂത്വൽഹ(റ)യുടെ കണ്ണിലുടക്കിയതാണ് ഈ കാഴ്ച. പിറ്റേന്നദ്ധേഹം ആ ഉമ്മയോട് തന്നെ ചോദിച്ചറിഞ്ഞു.ഉമ്മയുടെ കണ്ണിണകൾക്കകത്തെ അലകടൽ പ്രക്ഷുബ്ധതക്കു മുമ്പിൽ അബൂത്വൽഹ(റ) കണ്ടമിടറി നിന്നു.(ഹയാതു ഹയവാനിൽ കുബ്റ).തിരു നബി(സ) തീർത്ത
പാരാവാരപ്പരപ്പുള്ള പാഠങ്ങൾ ചക്രവാളങ്ങൾക്കപ്പുറം സ്വഹാബത്തിൻ്റെ ഹൃദയം വികസിപ്പിച്ചിരുന്നു എന്നതിൻ്റെ നേർച്ചിത്രമാണിത്. അവിടുന്ന് തന്നോടരിഷം തീർക്കാൻ ദിനചര്യയെന്നോണം വഴിമുടക്കുന്ന സ്ത്രീ പനിച്ചു കിടന്നപ്പോൾ സന്ദർശിച്ചു, തിരുദൂതരോട് കൊലവിളി കൂട്ടാൻ നേർച്ചയാക്കിയ ഗുണ്ടാ തലവൻ അബൂജഹ്ൽ രോഗിയെന്നറിഞ്ഞപ്പോൾ അവിടെയുമെത്തി (പക്ഷേ അതും ആ ഗുണ്ടയുടെ ഹിഡൻ അജണ്ടയായിരുന്നു. ഒടുവിൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുകയും രക്ഷിക്കാൻ തിരുനബി വരികയും ചെയ്യേണ്ടി വന്ന നാണംകെട്ട പര്യവസാനമാണ് ആ ചരിത്രത്തിൻ്റെത് ) ഒരിറ്റ് സാന്ത്വനം നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയായും രോഗിക്ക് അർഹമായ അവകാശമായും പലയിടത്താവർത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്. രോഗ സന്ദർശനം ഫർള് കിഫായയാണ് ( സമൂഹത്തിൽ ആരും നിർവ്വഹിച്ചില്ലെന്നു വെച്ചാൽ എല്ലാവരും കണക്കു പറയേണ്ടി വരും).സൃഷ്ടികളോടുള്ള കൃപാകടാക്ഷത്തെ ഗംഭീരമായ് ആവിഷ്കരിക്കുന്ന ഹദീസുണ്ട് മുസ് ലിമിൽ (5569) നബി(സ) പറഞ്ഞു: അന്ത്യദിനത്തിൽ അല്ലാഹു ചോദിക്കും; മനുഷ്യാ, ഞാൻ രോഗിയായിട്ട് എന്തുകൊണ്ട് എന്നെ സന്ദർശിച്ചില്ല? അവൻ മറുപടി പറയും: നാഥാ, നീ ലോകരക്ഷിതാവായിരിക്കെ എങ്ങനെ നിന്നെ സന്ദർശിക്കും? തദവസരം അല്ലാഹു പറയും: എൻ്റെ അടിമ രോഗിയാണെന്ന് നീ അറിഞ്ഞില്ലേ, എന്നിട്ട് നീ അവനെ സന്ദർശിച്ചില്ലല്ലോ, നീ അവനെ സന്ദർശിച്ചിരുന്നെങ്കിൽ നിനക്കത് എൻ്റെ സമീപത്ത് കാണാമായിരുന്നുവല്ലേ? അക്കാര്യം നിനക്കറിയാമായിരുന്നില്ലേ?”
മനുഷ്യാ, ഞാൻ നിന്നോട് ആഹാരം ചോദിച്ചിട്ട് എന്തുകൊണ്ട് നീയെനിക്ക് ആഹാരം നൽകിയില്ല? മനുഷ്യൻ പറയും: നാഥാ നീ രക്ഷിതാവായിരിക്കെ ഞാൻ എങ്ങനെ നിനക്ക് ആഹാരം നൽകും? അല്ലാഹു പറയും: എൻ്റെ അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയാമല്ലോ, എന്നിട്ട് അവനു നീ ആഹാരം നൽകിയില്ലല്ലോ, നിനക്കറിയുമായിരുന്നില്ലേ, നീ അവന് ആഹാരം നൽകിയിരുന്നുവെങ്കിൽ അത് നിനക്ക് എൻ്റെ സമീപത്ത് കാണാമായിരുന്നു.
മനുഷ്യാ, ഞാൻ നിന്നോട് വെള്ളം ചോദിച്ചു. നീ എനിക്കതു തന്നില്ല. മനുഷ്യൻ പറയും: നാഥാ, നീ ലോകനാഥനായിരിക്കെ ഞാൻ എങ്ങനെ വെള്ളം നൽകും? അല്ലാഹു പറയും: എൻ്റെ അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവനതു കൊടുത്തില്ല, കൊടുത്തിരുന്നുവെങ്കിൽ നിനക്ക് അത് എൻ്റെ സമീപത്ത് കാണാമായിരുന്നു. അക്കാര്യം നിനക്ക് അറിയുമായിരുന്നില്ലേ.?
എന്താണ് ഈ ഹദീസ് നൽകുന്ന പാഠം? നമ്മുടെ ബാധ്യത നിറവേറിയോ എന്ന ചോദ്യം . അഭിമുഖീകരിക്കേണ്ടിവരാണ് നമ്മളെന്നു തന്നെ. സൃഷ്ടിയുടെ വേദനകൾ സൃഷ്ടാവ് സ്വയം വേദനയായി കണ്ടേറ്റെടുത്ത വാചകമാണ് ഇവയിലോരോന്നും ( സൃഷ്ടിയുടെ വൈകാരികാവസ്ഥകൾ സൃഷ്ടാവിനില്ലെങ്കിൽ പോലും അതിൻ്റെ ഗൗരവമുൾകൊള്ളാനാണ് അങ്ങനെ പ്രയോഗിച്ചത് ). വിശ്വാസിയുടെ നിർബന്ധ ബാധ്യതകൾ എണ്ണിയ സന്ദർഭങ്ങളിലൊക്കെ ഈ മഹത് കർമ്മത്തെ എണ്ണിയത് കാണാം .രോഗീപരിചരണത്തെയും സാന്ത്വനത്തെയും എന്തിന് അവരോടുള്ള സമീപനത്തെ പോലും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. മുത്ത് നബി ഉമ്മുല്‍ മുസയ്യിബിനെ വിളിച്ചു ചോദിച്ചതോർമ്മയില്ലേ. വിറയ്ക്കുന്നുണ്ടോ? അവര്‍ പറഞ്ഞു. ആ എനിക്ക് ഗുണം കെട്ടൊരു പനി . നബി(സ) പറഞ്ഞു. നീ പനിയെ ചീത്ത പറയരുത്. അത് മനുഷ്യരുടെ പാപത്തെ ഇരുമ്പുരുക്കി ശുദ്ധീകരിക്കും പോലെ കഴുകി വെടിപ്പാക്കും (മുസ്‌ലിം 2575)
രോഗി കേള്‍ക്കെ ഹൃദയഹാരിയായൊരു പ്രാര്‍ത്ഥന, അവൻ ചെയ്ത സുകൃതങ്ങള്‍ എടുത്തുപറയുക, രോഗിയെ തലോടുന്ന ആശ്വാസം. രോഗത്തെ ദൈവ നിയോഗമായ് ഏറ്റെടുക്കാനുള്ള ഉൾക്കരുത്ത് നൽകൽ, ക്ഷമ കൈക്കൊള്ളാനുള്ള ആത്മബലം വിനിമയം ചെയ്യൽ, പാപമോചനത്തിൻ്റെ അവസരമായ് കാണാനുള്ള പക്വത രൂപപ്പെടുത്തൽ, രോഗിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആരായൽ, രോഗിക്ക് ദോഷം ചെയ്യാത്ത ആഗ്രഹമാണെങ്കില്‍ നിറവേറ്റൽ. ഇത്യാദി കാര്യങ്ങള്‍ സന്ദര്‍ശകന്‍ പാലിക്കേണ്ട മര്യാദകളായി നബി(സ) പഠിപ്പിച്ചതാണ്. സഹതാപമല്ല അവർ ആഗ്രഹിക്കുന്നതും നമ്മൾ നിർമ്മിക്കേണ്ടതും. രോഗിയുടെ വ്യക്തിത്വവുമായി താദാത്മ്യപ്പെട്ടുകൊണ്ട് രോഗീപരിചരണം ഹൃദ്യവും ആശ്വാസദായകവുമാക്കാമെന്നതിന് നബി(സ) ഉണര്‍ത്തിയ കാര്യങ്ങള്‍ ഏറെ മനശ്ശാസ്ത്രപരവും ചിന്തോദ്ദീപകവുമാണ്. കരയുന്നവൻ്റെ കൂടെ കരഞ്ഞാൽ തങ്ങളുടെ സാമൂഹ്യ ബാധ്യത തീർന്നു എന്ന് കരുതരുത്. കൂട്ടക്കരച്ചിൽ വേദനയാറ്റില്ല.ഊതി കത്തിക്കും, ചാരമാക്കും. രോഗിയുടെ ഗതികേടോർക്കുള്ള സഹതാപം അർധ പ്രാണൻ പിടയുന്ന നെഞ്ചിലേക്ക് കഠാര കുത്തി കയറ്റും പോലെ നിഷ്ഠൂരമാണ്. “തന്നിഷ്ടത്തെ മറ്റുള്ള വനും പങ്കുവെക്കും വരെ ആരും വിശ്വസിയാവില്ലെന്ന “തിരുവരുൾ കൂട്ടി വായിച്ചു നോക്ക് (Logical Theory of Ethical choice ൻ്റെ ഉത്ഭവം പോലും ഈ ബീജത്തിൽ നിന്നാവണം. തൻ്റെതെന്ന പോലെ അപരൻ്റെ ജീവിതത്തെയും പൂർത്തീകരിച്ചു കാണാൻ കഴിയുമ്പോഴാണ് സാമൂഹ്യ പ്രവർത്തനത്തിൻ്റെ നൈതികത പിറവിയെടുക്കു എന്നാണ് അലൻ ഗെവിർത്ത് സിദ്ധാന്തിക്കുന്നത്). നാവിൽ നിന്നു തെന്നുന്ന ദാക്ഷിണ്യമില്ലാത്ത വാക്ക് ന്യൂനമർദ്ദങ്ങൾ നിറഞ്ഞ കടൽ പോലെ ഭീഷണമാക്കുന്ന മനസ്സാണുണ്ടാക്കുക.സഹതാപമെന്ന വികാരത്തേക്കാള്‍ സൃഷ്ടി സ്‌നേഹത്തിലേക്ക് സന്ദര്‍ശകന്റെ വ്യക്തിത്വം വികസിക്കുമ്പോഴേ രോഗികളടക്കമുള്ളവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിയൂവെന്നാണ് പ്രാവാചകാധ്യാപനത്തിന്റെ പൊരുള്‍.
രോഗത്തെയും രോഗിയെയും ചൂഷണോപാധിയായി കാണുകയും ജീവച്ഛവം കണക്കെ ആശുപത്രിക്കിടക്കയില്‍ നരകയാതന അനുഭവിക്കുകയും ചെയ്യുമ്പോഴും ദയാദാക്ഷീണ്യമേതുമില്ലാതെ മനുഷ്യ ജീവന്‍കൊണ്ട് പന്താടുന്നവരുടെ മുമ്പില്‍ മിക്കപ്പോഴും നിയമവും നീതിയും നോക്കുകുത്തിയാവുന്നു. രോഗിയുടെ ഉള്ളറിഞ്ഞും അവന്റെ വ്യക്തിത്വവുമായി താദാത്മ്യപ്പെട്ടും രോഗിയെ പരിചരിക്കാന്‍ സ്വാര്‍ഥതകൊണ്ട് രോഗാതുരമാവാത്ത സുമനസ്സുകള്‍ക്കേ കഴിയൂ. ഇവ്വിധം വിശ്വാസപ്രദാനമായ ഒരു ആതുരസേവന സംസ്‌കാരം കമ്പോളതാല്പര്യങ്ങളാല്‍ കുഴമറിഞ്ഞിരിക്കുന്ന രോഗ ചികിത്സാരംഗത്ത് തിരിച്ചുപിടിക്കാന്‍ നാം ബദ്ധശ്രദ്ധരായേ തീരൂ.
ആതുരസേവന സാന്ത്വന ചികിത്സാരംഗത്ത് പ്രൗഢമായ പാരമ്പര്യം ഇസ്‌ലാമിക നാഗരികതയ്ക്ക് അവകാശപ്പെടാന്‍ കഴിയും.
ഇതാ ചില മാതൃകകൾ
……………………………………
മനുഷ്യന്റെ ശാരീരികവും മാനസികവുമായ സുസ്ഥിതിക്കായി ഇരുലോകത്തും നന്മയും അഭിവൃദ്ധിയും നേടിത്തരുന്ന ദൈവികമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ഉദാത്ത മാതൃകകള്‍ സൃഷ്ടിക്കാന്‍ ഉത്തമനൂറ്റാണ്ടിലെ ഭരണാധിപരും പണ്ഡിതരും പരിശ്രമിച്ചിരുന്നു. ആശുപത്രികളും വൈദ്യവിദ്യാ കേന്ദ്രങ്ങളും സ്ഥാപിക്കാനും ചികിത്സാരംഗത്ത് വിദഗ്ധരായ ഭിഷഗ്വരന്മാരെ വാര്‍ത്തെടുക്കാനും അവര്‍ മുന്നോട്ടുവന്നു. രോഗികള്‍ക്കും അവശര്‍ക്കും അത്താണിയാവുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നത് ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനമായി അവര്‍ കരുതി. ലോകത്തുതന്നെ ആദ്യമായി ആതുരാലയം സ്ഥാപിച്ചുവെന്ന ഖ്യാതി മുസ്‌ലിം ഭരണാധികാരികള്‍ക്ക് അവകാശപ്പെടാന്‍ സാധിച്ചു.
ഉമവീ ഖലീഫ വലീദുബ്‌നു അബ്ദുല്‍മലിക്കിന്റെ ഭരണകാലത്താണ് (ഹി.86-96, ക്രി.705-719) ആദ്യത്തെ മുസ്‌ലിം ആശുപത്രി സ്ഥാപിതമായത്. കുഷ്ഠരോഗ ചികിത്സയായിരുന്നു ഈ ആശുപത്രിയില്‍ നടന്നിരുന്നത്. രോഗീ ഗേഹങ്ങള്‍ എന്നര്‍ഥം വരുന്ന ‘ബീമാരിസ്ഥാന്‍’ എന്ന പേരിലറിയപ്പെടുകയും ചെയ്തു. സഞ്ചരിക്കുന്ന ആശുപത്രി സംവിധാനത്തിന്റെ തുടക്കം നബി(സ)യുടെ കാലത്താണെന്ന് കാണാന്‍ കഴിയും. ഖന്‍ദഖ് യുദ്ധവേളയില്‍ (ഹി. 5) പരിക്കേറ്റ മുസ്‌ലിം ഭടന്മാരെ ചികിത്സിക്കുന്നതിന് സഞ്ചരിക്കുന്ന ആശുപത്രി സ്ഥാപിക്കാന്‍ സ്വഹാബി വനിത റുഫൈദ ബിന്‍ത് സഅദില്‍ അസ്‌ലമിയ്യക്ക് നബി(സ) നിര്‍ദേശം നല്‍കി.ആതുര സേവന രംഗത്തെ മികച്ച സംഭാവനകൾക്ക് പലയിടത്തും ആ സ്വഹാബി വനിതയുടെ പേരിൽ അവാർഡുകൾ നൽകി പോരുന്നുമുണ്ട്.
അതിന്റെ വികസിതരൂപമായ മൊബൈല്‍ ആശുപത്രി അബ്ബാസി ഖലീഫ മുഖ്തദറിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടു. സുല്‍ത്താന്‍ മഹ്മൂദ് സല്‍ജൂകിയുടെ ഭരണകാലത്ത് (ഹി. 511-529) നാല്പതോളം ഒട്ടകങ്ങളുടെ പുറത്ത് മരുന്നുകളും ഉപകരണങ്ങളും ചുമന്ന് ദൂരദിക്കുകളില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന മൊബൈല്‍ ആശുപത്രി സംവിധാനം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് ബഗ്ദാദ്, കയ്‌റോ, കൊര്‍ദോവ തുടങ്ങി മുസ്‌ലിം നഗരങ്ങളില്‍ പ്രസിദ്ധങ്ങളായ ആശുപത്രികള്‍ നിലവില്‍വന്നു.
ജനസേവന-ജീവകാരുണ്യ-ആതുര ശുശ്രൂഷരംഗങ്ങളില്‍ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കുന്ന രീതിയായിരുന്നു മുസ്‌ലിം ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നത്. ‘ബീമാരിസ്ഥാന്‍’ എന്ന പേരിലറിയപ്പെടുന്ന ഇസ്‌ലാമിന്റെ ആദികാലങ്ങളില്‍ സ്ഥാപിതമായ ഈ ആശുപത്രികള്‍ ഇന്നത്തെ സാന്ത്വന ചികിത്സയുടെ പൂര്‍ണ ചൈതന്യമുള്‍ക്കൊണ്ടിരുന്നു. അവിടങ്ങളില്‍ സൗജന്യചികിത്സയ്ക്ക് പുറമെ സുഖം പ്രാപിച്ചുപോകുന്ന രോഗികള്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണ വിഭവങ്ങളും പണക്കിഴികളും നല്‍കിയിരുന്നു.
ആതുരസേവനത്തില്‍ ഉദാരസമീപനം വെച്ചുപുലര്‍ത്തുകയും രോഗീപരിചരണത്തിലൂടെ ജനക്ഷേമവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ കാണിച്ച ശുഷ്‌ക്കാന്തിയും ജാഗ്രതയും നമുക്കെന്നും അനുകരണീയ മാതൃകതന്നെയാണ്. രോഗനിര്‍ണയത്തിലും ചികിത്സാരീതികളിലുമൊക്കെ ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ ഇന്നും അപ്രാപ്യമായി തുടരുകയാണ്. പണക്കൊയ്ത്തിനായി ആരോഗ്യവ്യവസായത്തെ കൊഴുപ്പിക്കുമ്പോള്‍ രോഗിയും മരുന്നും ചികിത്സയുമൊക്കെ ചൂഷണോപാധിയായി മാറുന്നു. പണമുള്ളവനുമാത്രം മെച്ചപ്പെട്ട ചികിത്സ പ്രാപ്യമാകുന്ന ദുരവസ്ഥ പാവപ്പെട്ടവന്റെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള വെല്ലുവിളിയല്ലേ.?
ഒരു മിനിട്ട് …
എന്നെ അന്വേഷിക്കേണ്ടത് അബലരോടൊപ്പമെന്ന വാക്ക് ഒന്ന് നിവർത്തി വായിക്കൂ.അതിൻ്റെ ആഴവും പരപ്പും അനന്തമായ് നീണ്ടുനീണ്ടു പോവുന്നില്ലേ?
കടും വെയിലത്ത്
അതിജീവനത്തിനിടെ
തളർന്ന് തളർന്ന്
ഒടുവിൽ
വേനൽ പച്ചക്കുതിന്നു കളയുന്ന
ഒരു കുഞ്ഞു ചെടി പോലും നമ്മുടെ ഹൃദയത്തിൻ്റെ വേദനയാവണം. തീക്കനലിൽ വെന്ത ഉറുമ്പിനേയോർത്ത് വേദനിച്ച നേതാവിനെ ഓർക്കുന്നില്ലേ? പാവം പക്ഷിയുടെ ഉമ്മയുടെ ഹൃദയത്തിൻ്റെ നോവ് എത്രയേറെ മുറിപ്പെടുത്തിയിരുന്നു തിരുദൂതരേ.
മനുഷ്യനെയും മൃഗത്തെയും പക്ഷിയെയും പ്രാണിയെയും പുൽകൊടിയേയും എന്തിന് മണ്ണിൻ്റെ പ്രാണൻ പോലും നാം നമ്മുടേതായ് കാണണമെന്ന് കൂടെ നടന്ന് പറയുന്ന ഒരാദർശമുണ്ടായിരിക്കേ അപ്പുറത്തെ അടുപ്പിൽ വല്ലതും വേവുന്നുണ്ടോയെന്ന് നമ്മളെങ്ങനെ ഉറപ്പുവരുത്താതിരിക്കും? പുഞ്ചിരി നെയ്തുണ്ടാക്കിയ തിരശീലയുടെ പിറകിലൊളിപ്പിച്ച് നോവുരുകിയൊഴുകുന്ന ലാവയുണ്ടെന്ന് നമ്മളെങ്ങനെ തിരിച്ചറിയാതിരിക്കും. ഒരഗ്നി സ്ഫോടനം സംഭവിക്കും മുമ്പേ സാന്ത്വനത്തിൻ്റെ കുളിരിൽ അതിനെ ഒതുക്കി നിർത്തിയേക്കണം. നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക് ഇനി പച്ച മനുഷ്യൻ്റെ സ്വഭാവമായിരിക്കട്ടെ.