ഫള് ലുറഹ്മാൻ സുറൈജി തിരുവോട്
ഉമ്മത്ത് എന്ന മൂന്നക്ഷരത്തിലെ ആശയലോകമാണ് ഇസ്ലാമിൻ്റെ സ്വഭാവം.ഇബ്രാഹിമിക ചരിത്രത്തിൻ്റെ ശൈശവകാലത്ത് ഈ മതത്തിൻ്റെഅനുയായി ആയി അദ്ധേഹമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് തന്നെ അദ്ധേഹത്തെ ‘ഉമ്മത്ത് ‘ എന്നാണ് വിശേഷിപ്പിച്ചതും.
വിശ്വാസിയുടെ ജഢി കാവസ്ഥയെ വ്യക്തിയെന്നു വിളിക്കാമെങ്കിലും അവൻ്റെ സ്വത്വം സാമൂഹികമാണ്.ആ സ്വഭാവത്തിലേക്ക് വളരുകയെന്നതാണ് മാനുഷിക ദർമ്മം. നമുക്ക് മുമ്പിൽ നല്ലൊരു മാതൃകയുണ്ട്.
1.ഇബ്രാഹിം നബി(അ)യും അവിടുത്തെ നാഗരിക ജീവിതവും.
2. ഖുർആൻ എന്ന തത്വവും അതിൻ്റെ പ്രയോഗമായ പ്രവാചകരുടെ ജീവിതവും. സൂറ:നഹ് ലിലെ 120-123 അധ്യായങ്ങളിൽ അതിനെ വിശദമാക്കുന്നുണ്ട്. ഇബ്റാഹിം ഒരു സമുദായമാണെന്ന് പറയുന്ന തോടൊപ്പം ആ മഹാസാകല്യത്തിൻ്റെ സവിശേഷതയെ എണ്ണി ,അതിനെ അനുധാവനം ചെയ്യാനുള്ള കൽപ്പനയും ചേർത്താണ് അധ്യായമവസാനിക്കുന്നത്
എന്താണാ സവിശേഷതകൾ?
ചുവടെ വിവരിക്കാം
1. സമൂഹമെന്ന സ്വഭാവം ഉൾകൊണ്ടവൻ: ഒരു വൻ ജനസഞ്ചയത്തിൻ്റെ മൂല്യങ്ങളത്രയും സമഗ്രമായ് ഉൾക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇബ്റാഹിം നബി
2. ദൈവിക കൽപ്പനയെ അനുസരിക്കുന്നവൻ
3. ഋജു മാനസൻ, ഇസ്ലാമിക അച്ചുതണ്ടിൽ നിന്ന് അദ്ധേഹത്തതെറ്റിക്കാൻ ശക്തമായ പ്രലോഭനങ്ങളും കാർക്കശ്യമായ നീക്കങ്ങളുമുണ്ടായിരുന്നുവെങ്കിലും അവയെ പ്രതിരോധിക്കുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു
4. അവിശ്വാസം തീണ്ടാത്തവൻ, പിറവി മുതൽ വിയോഗം വരെയുള്ള കാലമത്രയും അദ്ധേഹം സത്യവിശ്വാസി ആയിരുന്നു
5. ഔദാര്യങ്ങളോട് കൃതജ്ഞതയുള്ളവൻ: ആതിഥ്യ ശീലം ആ നന്ദിയുടെ ഭാഗമായിരുന്നുവല്ലോ?
6. പ്രവാചകത്വത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവൻ.
7. ശരിയായ മാർഗ്ഗത്തിലേക്ക് വഴി കാണിക്കപ്പെട്ടൻ .
8.ഇഹലോകത്ത് വലിയനേട്ടങ്ങൾ നൽകപ്പെട്ടവൻ
9. പരലോകത്ത് സദ് വൃത്തരിൽ പെട്ടവൻ.
ഇതിനോട് സൂറ: അൽ ബഖറയിലെ 123-ാം അധ്യായം ചേർത്തു വായിക്കാം” ഇബ്റാഹിമിനെ തൻ്റെ നാഥൻ ചില വചനങ്ങളിലൂടെ പരീക്ഷണ വിധേയനാക്കിയപ്പോൾ അദ്ദേഹമതിൽ പൂർണ വിജയം വരിച്ചു.(അല്ലാഹു) പറഞ്ഞു: നിശ്ചയം ഞാൻ നിന്നെ മാനവർക്ക് മാതൃകാ പുരുഷനാക്കുന്നുണ്ട്.(ഇബ്റാഹിം (അ) പറഞ്ഞു:) എൻ്റെ പിൻ തലമുറയിലും അതുണ്ടാവണം. (അല്ലാഹു പറഞ്ഞു) എൻ്റെ വാഗ്ദാനം അതിക്രമികൾക്ക് ബാധകമല്ല ”
വിശ്വാസി ജീവിതത്തിൻ്റെ മാതൃക ഇബ്രാഹിം നബിയാണ്. സാമൂഹിക സ്വഭാവത്തിലേക്കു വളർന്ന വ്യക്തിത്വം, വിശ്വാസം ദൃഢീകരിക്കപ്പെട്ട ജീവിതം !
അങ്ങനെയിരിക്കെ എങ്ങനെയാവണം ഒരു വ്യക്തി? ഏതുവിധേന ക്രമീകരിക്കണം ജീവിതം?
നമുക്ക് ഉത്തരം കണ്ടെത്താം
1. ഭക്തിയിലും കർമ്മത്തിലും ഒരു സമൂഹത്തിന് നൽകാൻ കഴിയുന്ന മഹാ സേവനങ്ങൾ അർപ്പിക്കാനുള്ള സന്നദ്ധതയുണ്ടാവണം. “ഞങ്ങളെ സൂക്ഷ്മശാലികളായ വിശ്വാസികൾക്ക് മാതൃകകളാക്കണേ”യെന്ന പ്രാർത്ഥന നിത്യമാക്കാനുള്ള നിർദ്ദേശത്തെ അങ്ങനെയാണ് നാം സമീപിക്കേണ്ടത്. സമൂഹത്തിൻ്റെ നേതൃ പരമായ പങ്ക് വിശ്വാസിയുടെ ബാധ്യതയാണ്.”നിങ്ങളെല്ലാവരും അധികാരമുള്ളവരാണ്, ആ ഉത്തരവാദിത്വങ്ങളെ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും” എന്ന തിരുവചനം ഓർത്തിരിക്കേണ്ടതാണ്.കൂടാതെ വിശ്വാസി നിർവ്വഹിക്കേണ്ട ബാധ്യതകളെ കുറിച്ച് പറയുമ്പോഴൊക്കെ നന്മയെ ഉപദേശിക്കാനും തിന്മയെ വിസമ്മതിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സാമുദായിക ദൗത്യനിർവ്വഹണത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ മുസ്ലിമിന് സാധ്യമല്ല.
മാത്രമല്ല ഈ സാമൂഹിക വ്യവസ്ഥിതി രക്ത-വംശ-സാമ്പത്തിക-വാണിജ്യാടിസ്ഥാനത്തിലൊന്നുമല്ല ;മറിച്ച് ഒരു ഓപ്പൺ കമ്മ്യൂണിറ്റിയായാണ് നിലനിൽക്കുന്നത്.
2. മുസ്ലിം എന്ന പദത്തിൻ്റെ അർത്ഥം തന്നെ അനുസരണയുള്ളവൻ എന്നതാണ് .അനുസരിക്കപ്പെടാൻ നമുക്ക് മുമ്പി ലൊരു നിയമ വ്യവസ്ഥയുമുണ്ട്. അതാണ് ഖുർആൻ.തിരു നബിയുടെ സ്വഭാവം ഖുർആനായിരുന്നുവല്ലോ. അഥവാ ഖുർആൻ എന്ന തത്വത്തിൻ്റെ പ്രായോഗിക മാതൃകയായിരുന്നു തിരു നബി (സ്വ).അതിനെ ജീവിത ചിട്ടയായും ഉബൂദിയത്തിനെ ജനിതകമായും നില നിർത്തേണ്ടതാകുന്നു
3. സംശുദ്ധമായ വിശ്വാസം അനിവാര്യമാണ്. ഒരു നിലക്കും ഇസ്ലാമേതര വിശ്വാസങ്ങളോട് സമരസപ്പെട്ട് പോകാവതല്ല.
സൂറ: അൻആമിൽ ഇബ്റാഹിം നബിയുടെ വിശ്വാസദൃഢതയുടെ പ്രഖ്യാപനം കാണാം “നിശ്ചയം ഞാനെൻ്റെ സർവസ്വവും ഭൂവാനങ്ങളെ സൃഷ്ടിച്ചവന് ഋജുമാനസനായ് സമർപിച്ചിരിക്കുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽ പെട്ടവനല്ല ”
ഇതേ പ്രഖ്യാപനമാണ് വിശ്വാസികളുടെ നിസ്ക്കാരങ്ങളുടെ തുടക്കത്തിലെ പ്രതിജ്ഞ (ദുആഉൽ ഇഫ്തിതാഹ്)
4. ദൃഢമായ വിശ്വാസത്തോടൊപ്പം അവിശ്വാസത്തോടുള്ള ശക്തമായ നിരാകരണവും അനിവാര്യമാണ്. തൗഹീദിനു വിരുദ്ധമായ എല്ലാറ്റിനോടും ഈർഷ്യസമീപനം വേണം. ആരാധനാ കർമ്മങ്ങളിലൊക്കെ അതടങ്ങിയിട്ടുമുണ്ട്.
5. ലഭിച്ച അനുഗ്രഹങ്ങൾക്ക് പകരം കൃതജ്ഞത വിശ്വാസിക്ക് അനിവാര്യമാണ്. ആരാധനയുടെ കൃത്യമായ നിർവ്വഹണത്തിലൂടെയാണ് അത് സാധ്യമാവുന്നത്.ഈ നന്ദി ബോധമുണ്ടാവണമെന്ന നിർദ്ദേശംഖുർആനിൽ പലയിടത്തുമുണ്ട് (ഉദാ: ബഖറ 172)
6. മുസ്ലിം ആവുകയെന്നാൽ സത്യത്തിനും നന്മക്കും വേണ്ടിയുള്ള തിരഞ്ഞെടുക്കപ്പെട്ട സമുദായത്തിൻ്റെ അംഗത്വം ലഭിക്കുകയെന്നതാണ്. നേരത്തെ സൂചിപ്പിച്ച പോലെ പ്രവാചകദൗത്യത്തിൻ്റെ ഒരംശമെങ്കിലും ഓരോ വിശ്വാസിക്കും നിർവ്വഹിക്കാനുണ്ട് .തിരുനബി(സ) പറയുന്നു: നിശ്ചയം നന്മകൾ ഖജനാവുകളാണ്. ആ ഖജനാവുകൾക്ക് ചില താക്കോലുകളുണ്ട്. നന്മയുടെ താക്കോലായും തിന്മയുടെ അന്തകനായും അല്ലാഹു നിശ്ചയിക്കുന്നവന് സന്തോഷങ്ങൾ. തിന്മയുടെ താക്കോലായും നന്മയുടെ അന്തകനായും അവൻ നിശ്ചയിക്കുന്ന വ്യക്തിക്ക് സർവനാശം!
7. വിശ്വാസി ആയെന്നത് വലിയ ഭാഗ്യമാണ്. സത്യമാർഗത്തിലേക്ക് നയിക്കപ്പെട്ടു എന്നർത്ഥം. നാം നയിക്കപ്പെട്ട പ്രകാരം മറ്റുള്ളവരെ കൂടി അതിലേക്ക് പ്രേരിപ്പിക്കാൻ സാധിക്കുക കൂടി വേണം. വിശ്വാസ ജീവിതത്തിൻ്റെ വിജയവും അവിശ്വാസത്തിൻ്റെ പരാജയവും ഖുർആൻ പലയിടങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ” സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സഹായിക്കുകയാണെങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും, സത്യനിഷേധികളാവട്ടെ അവർക്കു നാശം തന്നെ അവരുടെ പ്രർത്തനങ്ങളെ അല്ലാഹു പാഴാക്കികളയും (സൂറ:മുഹമ്മദ് 6, 7 )
8. യതാർത്ഥ വിശ്വാസിയുടെ ഇഹലോക ജീവിതം സന്തുഷ്ടമായിരിക്കും. ദുരിതങ്ങളെ പോലും ഏറ്റെടുക്കാൻ അവൻ ശീലിച്ചസമീപന രീതി കൊണ്ട് സാധ്യമായിരിക്കും. പെരുമാറ്റച്ചട്ടങ്ങളിലെ ജാഗ്രത മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റാൻ പാകവുമായിരിക്കും.
” വിശ്വാസിയുടെ ജീവിതം അത്ഭുതം തന്നെ! നന്മകളെ നന്ദിപൂർവ്വം വരവേൽക്കും, ദുരിതങ്ങളെ ക്ഷമ കൊണ്ട് പ്രതിരോധിക്കും” (ഹദീസ്)
9.ഈ ചിട്ടയിൽ ജീവിതം ക്രമീകരിക്കപ്പെട്ടു കഴിഞ്ഞാൽ പരലോകജീവിതം ആസ്വാദ്യകരമാവും. സദ് വൃത്തരായവർക്ക് ഒരുക്കി വെച്ച സ്വർഗീയാനുഭവങ്ങൾ അനുഭവിക്കാൻ കഴിയും
നിശ്ചയമായും സത്യവിശ്വാസം സ്വീകരിക്കുകയും സൽ കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തു കൂടി നദികൾ ഒഴുകി കൊണ്ടിരിക്കുന്ന ഉദ്യാനങ്ങളിൽ പ്രവേശിപ്പിക്കും. സത്യനിഷേധികളാകട്ടെ സുഖിക്കുകയും കന്നുകാലികൾ തിന്നുന്ന പോലെ ഭക്ഷിക്കുകയും ചെയ്യുന്നു നരകം അവർക്കു വാസസ്ഥലമായിരിക്കുന്നു (സൂറ:മുഹമ്മദ് 12 )
നടേ പറഞ്ഞത് മാതൃകാ പുരുഷനായ ഇബ്റാഹിം നബിയുടെ സവിശേഷതകൾ ഏതുവിധേനയാണ് വിശ്വാസിയിലേക്ക് ചേരുകയെന്നതാണ്. സംശുദ്ധമായ വിശ്വാസം, ആത്മാർത്ഥതയുള്ള വിധേയത്വം, നന്ദി ബോധം, പ്രവിശാലമായ സാമൂഹികബോധം ഇവയെല്ലാം ചേരുമ്പോഴുള്ള സന്തുഷ്ടമായ ഇഹപര ജീവിതം ഇതാണ് മനുഷ്യ ജീവിതം. അതാണ് ഇബ്റാഹിം നബിയിൽ നിന്ന് പഠിക്കാൻ പറഞ്ഞിരിക്കുന്നത്. എന്നിരിക്കെ നമ്മിലടങ്ങിയ സാമൂഹിക ബോധമാണ് പ്രകട ലോകത്ത് തെളിഞ്ഞു കാണേണ്ടത് മറ്റുള്ളവ ആന്തരികാവസ്ഥകളാണ്. മുസ്ലിം സമുദായത്തെ ചൈതന്യമുള്ള ഒരു നിർമ്മിതിയോടാണ് ഉപമിക്കപ്പെട്ടിരിക്കുന്നത്. ഒരു കല്ലടർന്നാൽ അതിനെ മുച്ചൂടും ബാധിക്കും. തിന്മകളെ വലിയ ജാഗ്രതയോടെ മതം കണ്ടത് അതുകൊണ്ടത്രെ. ഒരു വ്യക്തി ചെയ്യുന്ന തെറ്റ് അവനിലൊതുങ്ങാതെ വലിയൊരു സാമൂഹിക വിപത്തായാണ് മാറുക. തെറ്റു ചെയ്യുന്നവൻ ആത്മ ദ്രോഹി മാത്രമല്ല ,മറിച്ച് സാമൂഹ്യ ദ്രോഹി കൂടിയാണ്. അതു കൊണ്ട് തന്നെ അപരൻ്റെ സൽ വൃത്തിയെ കുറിച്ചുള്ള ബോധം ഓരോരുത്തർക്കുമുണ്ടാവണം. മറ്റുള്ളവൻ്റെ വീഴ്ച തന്നെ കൂടി ബാധിക്കുമെന്ന ചിന്ത നമ്മെ കൂടുതൽ ബോധവാന്മാരാക്കും.”നിശ്ചയമായും സത്യവിശ്വാസികൾ സഹോദരന്മാരാകുന്നു. അതിനാൽ നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക. നിങ്ങൾ കാരുണ്യാർഹരാവാൻ വേണ്ടി (സൂറ:ഹുജുറാത്ത് 10)
നന്മയുടെ അനുരണനങ്ങളും അതേപോലെയാണ് സംഭവിക്കുന്നത്. ഒരാൾ ഒരു നന്മ ചെയ്യുകയെന്നാൽ വലിയൊരു സാമൂഹ്യ നന്മക്ക് അവൻ നേതൃത്വം നൽകിയെന്നു വേണം കരുതാൻ.ചരിത്രത്തിലെ ഗംഭീരമായ അംഗീകാരങ്ങളും മഹാനാശങ്ങളും അങ്ങനെയാണ് രൂപപ്പെട്ടതും. ചിലരുടെ ദുഷ്ചെയ്തികൾ വൻ നാഗരികതകളെ തന്നെ അപായത്തിലാക്കിയിട്ടുണ്ട്.തനിക്കിഷ്ടപ്പെടുന്ന കാര്യങ്ങൾ തൻ്റെ സഹോദരന്നും ഇഷ്ടപ്പെടും വരെ ഒരാളും പൂർണ്ണ വിശ്വാസിയാവുകയില്ലെന്ന ഹദീസ് നോക്കൂ. വിശ്വാസിയുടെ പൂർണ്ണത ഈ സാമൂഹിക ബോധത്തിലാണുള്ളത്.സാമൂഹിക ശാസ്ത്രഞ്ജനായ അലൻ ഗെവിർത്തിൻ്റെ Logical theory of Ethical choice എന്ന നിരീക്ഷണം ഹദീസിനോട് സമാനമാണ്: തൻ്റെതെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യവും സൗഖ്യവും ഉറപ്പു വരുത്തുമ്പോഴേ സാമൂഹ്യ പ്രവർത്തനത്തിൽ നൈതികത പുലരുന്നുള്ളൂ. സൗഖ്യം എന്നതുകൊണ്ട് അദ്ദേഹം അർത്ഥമാക്കുന്നത് ഒരാളുടെ ജീവിതത്തിൻ്റെ ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൂർത്തീകരണമാണ്. ചിന്തകനായ ഇമ്മാനുവേൽ ലെവിനാസ് രൂപപ്പെടുത്തിയ നൈതികതയെ കേന്ദ്രമാക്കുന്ന തത്ത്വചിന്ത (എത്തിക്സ് പ്രസീഡ്സ് ഓൻണ്ടോളജി)അപരവ്യക്തിയോടുള്ള നൈതികമായ ഉത്തരവാദിത്തത്തിൽനിന്ന് ഒരാൾക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ഈ ഉത്തരവാദിത്തം ദൈവത്തോടുള്ള ഉത്തരവാദിത്തമാണെന്നും രേഖപ്പെടുത്തുന്നു.മറ്റുള്ളവരുടെ ആത്മ ഭാരങ്ങളെ ഏറ്റെടുക്കാനും സന്തോഷ ദുഖങ്ങളിൽ പങ്കുചേരാനും വിശ്വാസി ഒരുക്കമായിരിക്കണം. അപരൻ്റെ പ്രതിസന്ധികൾ തിരിച്ചറിഞ്ഞും വേദനയാറ്റിയുമുള്ള സജീവമായ അവസ്ഥയാണ് പ്രവാചകരുടെ ജീവിതസന്ദേശം.