| ഫള്ലുറഹ്മാൻ സുറൈജ് സഖാഫി തിരുവോട്
റബ്ബേ…. നിന്നോടെങ്ങനെ ഞാൻ നന്ദികാട്ടും,
ഈ നന്ദി ബോധം പോലും നീ തന്നതല്ലോ?!
എന്ന ദാവൂദ് നബി (അ)യുടെ ജിജ്ഞാസക്ക് അല്ലാഹു നൽകിയ
മറുപടിയിൽ നിന്നാണ് ഈ
എഴുത്തിൻ്റെ വിത്ത് മുളക്കുന്നത്
” ദാവൂദേ.. എന്നോട് നന്ദികാണിക്കാൻ കഴിയാത്ത നിൻ്റെ ബലഹീനതയുടെ
പരിമിതിയെ നീ തിരിച്ചറിഞ്ഞു എന്നതു തന്നെയാണ് നീയെന്നോട് കാട്ടുന്ന നന്ദി ബോധത്തിൻ്റെ പരമാവധി “.
ആഹ്ലാദ നിമിഷങ്ങളിൽ, പ്രതിസന്ധികളിൽ നിന്ന് കരകയറുമ്പോൾ, വേദനകൾ ശമിക്കുമ്പോൾ, ആധികൾ അവസാനിക്കുമ്പോൾ, നേട്ടങ്ങൾ നമ്മെ തേടി വരുമ്പോൾ, ഉയരങ്ങൾ കീഴടക്കുമ്പോൾ, ദൗത്യങ്ങൾ വിജയകരമാവുമ്പോൾ ഹൃദയവേരിൻ്റെ ആഴത്തിൽ നിന്നും
തളിർക്കുന്ന വാക്കാണ് “അൽഹംദുലില്ലാഹ്”.ആദ്യ പിതാവിൻ്റെ ആദ്യവാചകം(റൂഹിനെ സന്നിവേശിപ്പിച്ചസന്ദർഭം )
അവസാനത്തെ സ്വർഗ്ഗീയവാസിയുടെ
അവസാന വാചകം (സൂറ:യൂനുസ് 10) .
ഈ പ്രകീർത്തനങ്ങൾ കൊണ്ട് ഏറ്റംമഹത്തരമായ അനുഗ്രഹങ്ങൾ വരെ അടിമക്ക് ലഭിക്കും. ആത്മജ്ഞാനത്തിൻ്റെ വാതിലുകൾ അതിലൂടെ
തുറന്ന് കിട്ടുന്നു. അഥവാ മഹത്തരമായ അനുഗ്രഹങ്ങളുടെ താക്കോൽ വാചകം കൂടിയാണ് ഹംദിൻ്റെത്.
ആത്മജ്ഞാനത്തിൻ്റെ കലവറയായ ഖുർആനിൻ്റെ താക്കോൽ അധ്യായമായ സൂറ:ഫാത്തിഹയുടെ അപരനാമമായി ഹംദ് എന്ന് വരാനുള്ള ഒരു കാരണമിതാണ്.
കൂടാതെ അൽഹംദുലില്ലാഹ് എന്ന വാക്കിൻ്റെ 8 അക്ഷരങ്ങൾ വിശ്വാസിയെ സ്വർഗ്ഗീയ ലോകത്തെ 8 കവാടങ്ങളിലൂടെ കടക്കാൻ പ്രാപ്തരാക്കുന്നുവെന്നും ആത്മഞ്ജാനികൾ വായിച്ചിട്ടുണ്ട്.
തഹ് മീദിൻ്റെ അടിയൊഴുക്കിലേക്ക് സഞ്ചരിക്കുമ്പോൾ അസ്തിത്വത്തെ കുറിച്ച് ബോധ്യമുള്ള സൃഷ്ടിയിൽ നിന്ന് അതുണ്ടാവുകയെന്നത് സ്വാഭാവികമാണെന്ന് കാണാം.
മനുഷ്യസൃഷ്ടിപ്പിനു മുമ്പേ മലാഇകത്തിനോടുള്ള കൂടിയാലോചനയുടെ സന്ദർഭത്തിൽ “നിന്നെ പ്രകീർത്തിക്കാൻ ഞങ്ങളുണ്ടല്ലോ “യെന്ന മാലാഇകത്തിൻ്റെ ആധിയിയിൽ അവരുടെ അസ്തിത്വ പ്രകാശനം മുനിഞ്ഞു കത്തുന്നുണ്ട്. “ഉത്തരാവാദിത്വം നിർവ്വഹിക്കുന്ന ഞങ്ങളുണ്ടായിരിക്കേ എന്തിനാണ് അതിൽ വീഴ്ച വരുത്തുന്നവർ” എന്ന മറുചോദ്യമാണത്.വിശ്വാസികൾ സ്വർഗ്ഗീയ ലോകത്തും ഈ ഉത്തരവാദിത്വം നിർവ്വഹിക്കുമെന്ന് സൂറ: യൂനുസ് :10 വെളിപ്പെടുത്തുന്നുണ്ട് ” അവിടെ അവരുടെ അഭിവാദ്യം സലാം എന്നും അവരുടെ പ്രാർത്ഥനയുടെ സമാപനം ലോകരക്ഷിതാവായ അല്ലാഹു വിനാണ് സർവ്വ സ്തുതിയും എന്നുമാകുന്നു ”
നബി(സ) പറഞ്ഞതു നോക്കൂ: അല്ലാഹു അടിമക്ക് വല്ല ഔധാര്യവും
ചെയ്യുമ്പോൾ അവൻ
അൽഹംദുലില്ലാഹ് എന്ന് പറയും.
“എൻ്റെ അടിമയെ ശ്രദ്ധിക്കൂ..
കണക്കില്ലാതെ നാമവന് നൽകിയപ്പോൾ അവനെനിക്കു തിരികെ നൽകുന്നത് അമൂല്യമായതാണ് ” എന്നാണപ്പോൾ അല്ലാഹുവിൻ്റെ പ്രതികരണമാണ്ടാവുന്നത്.
സ്തുതി അല്ലാഹുവിന് മാത്രമാകുന്നു എന്ന് പറയുമ്പോൾ എവിടെ നിന്നും എപ്പോഴും ധാര മുറിയാത്ത അനുസ്യൂതതയും പ്രപഞ്ച വിസ്തൃതിയാകെയുൾകൊള്ളുന്ന സാർവത്രികതയും അതിൻ്റെ കൂടെയുണ്ട്. ഈ പ്രകീർത്തനം പ്രപഞ്ചാസ്തിത്വത്തിൻ്റെ ഓരോ അംശത്തിൽ നിന്നും എപ്പോഴുമുണ്ടാകുന്നുണ്ട്.
കാരണമാലോചിക്കേണ്ടതില്ല. അല്ലാഹുവിൻ്റെ സൃഷ്ടി സങ്കൽപ്പവും അവൻ്റെ ബൃഹത്തായ അറിവും ഉൾചേർന്ന സൃഷ്ടിപ്പിന് വിധേയമാണല്ലോ ഈ പ്രപഞ്ചം
എന്നതാണതിനു കാരണം.ജനങ്ങളോടുള്ള കൃതജ്ഞത പോലും അല്ലാഹുവോടുള്ള കൃതജ്ഞതയാണ്. തിരു നബി പറയുന്നു: “ജനത്തോട് നന്ദിയില്ലാത്തവരോട് അല്ലാഹുവും നന്ദികാട്ടില്ല “. ജനങ്ങൾ തരുന്ന ഔദാര്യം രക്ഷിതാവിൻ്റെ നിശ്ചയമാണ്. ആ ഔദാര്യത്തിനു ലഭിക്കേണ്ട നന്ദിയുടെ പരമാർഹൻ അവൻ തന്നെ. അതുകൊണ്ടാണ് എല്ലാ സ്ത്രോത്രങ്ങളും അവങ്കലെത്തുന്നത്. ഉദാരബോധം അല്ലാഹു നൽകിയിരുന്നില്ലെങ്കിൽ ഒരു ഔദാര്യവും ആർക്കും ചെയ്യാനാവില്ലല്ലോ?.
സൃഷ്ടിയിൽ നിന്നാകെയും അവന് സ്തോത്രം വന്ന് കൊണ്ടിരിക്കുകയെന്നത് അല്ലാഹുവിൻ്റെ റുബൂബിയ്യത്തിൻ്റെ അനിവാര്യതയെ മനസ്സിലാക്കിതരുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ
സൃഷ്ടമായ ലോകത്തിൻ്റെ
അസ്തിത്വം തന്നെ ഈ ഈശ്വര സ്തോത്രമാണ്.ഒരു സഹജധർമ്മമെന്നോണം അത് നിർവ്വഹിക്കപ്പെടുന്നുമുണ്ട്. സൃഷ്ടി അതിൻ്റെ പൂർണ്ണതയിലേക്കെത്തുന്നത് സൃഷ്ടാവിനുള്ള പൂർണ്ണമായ സമർപ്പണത്തിലൂടെയും പ്രകീർത്തനത്തിലൂടെയുമാണ്.
ഖുർആൻ ഈ കാര്യം പറഞ്ഞിട്ടുണ്ട്. “അവനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കാത്ത യാതൊന്നുമില്ല തന്നെ ” ( 17:44)
സമ്പൂർണ്ണമായ കീഴ് വണക്കങ്ങൾക്ക് അർഹനായി ഉപാസിക്കപ്പെടുന്ന ഏക ദൈവം അല്ലാഹു മാത്രമേയുള്ളൂവെന്ന് ചരാചരങ്ങളിലോരോന്നും തൻ്റെതായ അസ്തിത്വത്തിലൂടെ വിളംബരം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്.
അല്ലാഹുവോട് ഏതെങ്കിലും വിധമുള്ള സമാനതയുണ്ടാവില്ലെന്ന ആശയമാണ് ഈ പ്രകീർത്തനത്തിലൂടെ ഉദ്ഘോഷിക്കപ്പെടുന്നത്. സൃഷ്ടി ലോകത്തിൻ്റെ നിലനിൽപ്പുതന്നെ ബഹുദൈവികതയുടെ നിരാസമാണല്ലോ.?
എല്ലാ നേരവുമുണ്ടാവുന്ന ചരാചരങ്ങളുടെ പ്രകീർത്തനം കൊണ്ട് സഹജമായ അസ്തിത്വത്തെ അപ്രസക്തമാക്കലോടൊപ്പം പരമമായ സത്യത്തെ മാത്രം വിളംബരം ചെയ്യുക കൂടിയാണ്.തങ്ങളുടെത് നശ്വരമാണെന്നും അല്ലാഹു വിൻ്റെ ചിരന്തനത്വമുള്ളതാണെന്നും
അവ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
ഈ നേരം നാം മറ്റൊന്നാലോചിക്കേണ്ടതുണ്ട്. സൃഷ്ടി ചരാചരങ്ങൾ മുഴുവൻ അംഗീകരിക്കുന്ന ദൈവികതയെ അവിശ്വസിക്കുന്ന വിഭാഗത്തെ കുറിച്ചാണത്. അവരുടെ നിലനിൽപ്പുതന്നെ പരമസത്യത്തെ അംഗീകരിക്കലാണെന്നിരിക്കെ അവർ വിശ്വാസം കൊണ്ട് തലതിരിപ്പൻ നിലപാടാണെടുത്തു കൊണ്ടിരിക്കുന്നത്. ഈ അവിവേകത്തെ ഖുർആൻ ചോദ്യം ചെയ്തു വിട്ടതാണ് ” അല്ലാഹുവിൻ്റെതല്ലാത്ത ഒരു ദീനിനെയാണോ അവരന്വേഷിച്ചു കൊണ്ടിരിക്കുന്നത്? ആകാശ ഭുവനങ്ങളിലുള്ളവയൊക്കെ സ്വമനസ്സാലെ, ഗത്യന്തരമില്ലാതെ അവന്നാണ് കീഴ്പെട്ടിരിക്കുന്നത്. അവരെല്ലാം അവനിലേക്കു തന്നെ മടങ്ങുന്നു ” (3:83) മറ്റൊരിടത്ത് “ആകാശഭൂമികളെ സൃഷ്ടിക്കുകയും അന്ധകാരങ്ങളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും എന്നിട്ടും സത്യനിഷേധികൾ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ ഉണ്ടാക്കുന്നു!” എന്നും ഖുർആൻ അത്ഭുതം കൂറുന്നു.
മനുഷ്യന് പ്രപഞ്ചത്തിൽ സവിശേഷ പദവിയുണ്ട്. ഇഛാശക്തി, ജ്ഞാനം, ശരിതെറ്റുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ അതിൽ പെടുന്നു.അതു കൊണ്ട് തന്നെ അല്ലാഹുവിനുള്ള കീഴ്പ്പെടൽ അവനു ബാധ്യതയാണ്.ഈ ബാധ്യത ഇഛാശക്തി ഉപയോഗപ്പെടുത്തി നിറവേറ്റാത്തതുകൊണ്ടാണ് നന്ദികെട്ടവൻ, മൃഗീയതക്കു കീഴെയുള്ളവൻ, പരാജിതൻ തുടങ്ങിയ അപമാനങ്ങൾക്ക് അവിശ്വാസി ഇരയായത്.പ്രബോധനങ്ങൾക്കിടെ മുശ്രിക്കുകളുമായുള്ള സംവാദങ്ങളിൽ പൂർവ്വിക സമുധായങ്ങളുടെ അവിവേക നടപടികളെ കുറിച്ച് പറഞ്ഞു കൊടുത്ത് “അങ്ങനെ അക്രമികളായ ആ ജനത സമൂലം നശിപ്പിക്കപ്പെട്ടു” എന്ന് പറഞ്ഞു നിർത്താതെ “അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും ” എന്ന പാഠത്തെ പറഞ്ഞു പഠിപ്പിക്കുന്ന വാക്യമാണ് സൂറത്തുൽ അൻആമിലെ 45മത്തെത്.
സ്വന്തം ഹിതത്തോടെയും ഇച്ഛയോടെയും വാക്കുകൾ കൊണ്ടും കർമ്മങ്ങൾ കൊണ്ടും മൗനം കൊണ്ടും മനുഷ്യർ അല്ലാഹുവിന് സ്വയം സമർപ്പിച്ച് അവനെ പ്രകീർത്തിച്ചിരിക്കണം.
ഇങ്ങനെ ചെയ്യാത്തവൻ സ്വന്തം അസ്തിത്വം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ധർമ്മത്തോടു പോലും യോജിച്ചു പോകാത്തവനാണല്ലോ?!
സ്വാഭാവികമായും അവൻ്റെ ആത്മാവിനെ അസ്വസ്ഥമാക്കുന്ന കാര്യമാണിത്.ഈ ദുരവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണ് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചന്മാരിലൂടെയും വിതരണം ചെയ്തത്.സ്തുതി കളത്രയും സർവ്വലോക പരിപാലകനായ അല്ലാഹുവിന്നത്രേ (1: 2) എന്നതാണ് ആ ഉപദേശം, നിൻ്റെ അസ്തിത്വം അംഗീകരിച്ചതിനെ നിൻ്റെ ബോധവും അംഗീകരിക്കട്ടെ എന്ന ഓർമ്മപ്പെടുത്തലാണത്. അതുകൊണ്ട് അവന് തന്നെ ഒരു ദാസനായും സ്രഷ്ടാവിനെ എല്ലാം തനിക്കു നൽകുന്ന അത്യുദാരനായ തമ്പുരാനായും വെവ്വേറെ കണ്ട് സ്വയം സമർപ്പിച്ച് മുസ്ലിമായിത്തീരൽ ആവശ്യമാണ്. ഇങ്ങനെ വർത്തിക്കാത്തവൻ കണ്ണുകൾ സ്വയം മറച്ചുകെട്ടുകയാണ്.നിങ്ങളിലുള്ള അനുഗ്രഹങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ് (സൂറ:ന്നഹ്ൽ 53) സമ്പൂർണ്ണമായ അനുഗ്രഹങ്ങൾ അല്ലാഹുവിനെ സാധിക്കുള്ളൂ. നശിക്കുമെന്ന ഭയമില്ലാത്ത, പ്രയാസങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പുള്ള, എന്നെന്നും ഉപകാരമുള്ള കാര്യമാവണം അനുഗ്രഹങ്ങൾ. ദൈവികനുഗ്രഹങ്ങൾക്കേ ഈ തരത്തിലാവാൻ കഴിയൂ.അറ്റമില്ലാത്ത അനുഗ്രഹത്തിന് (നിഅമത്ത്,റഹ്മത്ത്, ഇഹ്സാൻ തുടങ്ങിയ പ്രവിശാല ആശയങ്ങൾ പേറുന്ന വൈവിധ്യങ്ങൾ അതിൽ ഉൾകൊള്ളുന്നുണ്ട്)അതിരില്ലാത്ത നന്ദി പ്രകടിപ്പിക്കുക വഴി പരിധിയില്ലാത്ത സ്വർഗ്ഗീയാനന്ദമാണ് അല്ലാഹു പ്രതിഫലമായി നൽകുന്നത്. അൽഹംദുലില്ലാഹ് എന്നൊരാൾ പറയുന്നത് അയാൾ കിട്ടിയ ഒരു ഗുണത്തിനല്ല; മറിച്ച് സൃഷ്ടികൾക്ക് മുഴുവനും വേണ്ടി അല്ലാഹുവിൻ്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഗുണങ്ങൾക്ക് മുഴുവനുമാണ്.