l ഫള്ലുറഹ്മാൻ സുറൈജ് സഖാഫി തിരുവോട്
തിരുനബി (സ) യുടെ പ്രബോധന പ്രവർത്തനങ്ങളുടെ തുടക്കകാലം. ഹിറാ സംഭവം ചരിത്രത്തിൻ്റെ ഹൃദയത്തിൽ വേരിറങ്ങിയതാണ്. വേദവാക്യങ്ങളുടെ തീവ്രതയും വിപ്ലവശേഷിയും ഏൽപ്പിക്കപ്പെട്ട ദൗത്യത്തിൻ്റെ ഗൗരവ്വവും തിരുമേനിയെ (സ) തെല്ലൊന്ന് പരിഭ്രമിപ്പിച്ചു.
ഇനി ദൗത്യനിർവ്വഹണത്തിൻ്റെ നേരങ്ങളാനിനി, പൂർവ്വിക പ്രബോധകരുടെ പാഠങ്ങൾ ലയിച്ചു തീർന്ന മണ്ണിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓളങ്ങൾ, തൗഹീദിൻ്റെ ചിറകടി ശബ്ദങ്ങൾ…
വികലവാദങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കരിമ്പുകയേറ്റ് വരണ്ട ഇരുട്ടിനെ തേച്ചു വെളുപ്പിക്കുകയെന്നത് ശ്രമകരമാണ്. അതിനു പാകമായ മനസ്സല്ല ആരുടേതും. ആ നേരം
“ദൗത്യത്തിൻ്റെ സ്ഥാനവസ്ത്രമണിഞ്ഞ നബീ, ഒരുങ്ങുക, മുന്നറിയിപ്പ് നൽകുക, അങ്ങയുടെ രക്ഷിതാവിൻ്റെ മാഹാത്മ്യം വിളംബരം ചെയ്യുക” (സൂറ: മുദ്ദസിർ 1-3 )
ദൗത്യം എറ്റെടുത്ത പ്രവാചക മനസ്സിന് വേദവാക്യത്തിൻ്റെ കരുത്ത്.
ആ വിശുദ്ധ വാക്യമൊരു തവണ കൂടി നോക്കൂ..
പ്രബോധനത്തിൻ്റെ മുദ്രാവാക്യമാണത് പഠിപ്പിച്ചത്.
തക്ബീറിന് (അല്ലാഹു ഏറ്റവും മഹാനാണെന്ന വാക്യം ) കറുത്ത നിലപാട് തിരുത്താനുള്ള ശക്തിയുണ്ട്. ഖഅബയുടെ ശിരസ്സിൽ നിവർന്നു നിന്ന് അടിമത്വ വിമോചനത്തിൻ്റെ പ്രതീകമായ ബിലാൽ (റ) മുഴക്കിയ മുദ്രാവാക്യം അതായിരുന്നു. നിശ്ചലമായ പരകോടി ദേവപ്രതിമകളെ ആരാധനാ ബിംബങ്ങളാക്കി കെട്ടിപൊക്കിയ നുണയുടെ ഗോപുരങ്ങളെ വേരിളക്കി വീഴ്ത്താനുള്ള ശേഷി അതിനുണ്ടായിരുന്നു.
വാങ്കിലും ഇഖാമത്തിലുമായ് അൻപതു തവണ നിസ്കാരത്തിലെ തുടക്കം മുതൽ ഓരോ ചലനങ്ങളിലും പല തവണ ആവർത്തിക്കുന്ന നിമിഷങ്ങളിലെല്ലാം വിശ്വാസി അതേറ്റു വിളിക്കുന്നു. അതവൻ്റെ ബാധ്യതയുമാണ് ” പറയുക. സന്താനോൽപാദനം നടത്താത്തവനും ഭരണത്തിൽ പങ്കാളിയല്ലാത്തവനും ദൗർബല്യത്തിൽ നിന്നു കരകയറ്റാൻ ഒരു രക്ഷിതാവിൻ്റെ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവൻ്റെ മഹത്വത്തെ നീ നല്ലതുപോലെ പുകഴ്ത്തി കൊള്ളുക (സൂറ: ഇസ്റാഅ 111) അല്ലാഹു മഹത്വവത്കരിച്ച മത മുദ്രകളെ അതീവ ജാഗ്രതയോടെ ആദരിക്കേണ്ടതാകുന്നു. അത് ഹൃദ്യമായ തഖ് വയുമാണ്.
തക്ബീറും അത്തരമൊരു മുദ്രയാണ്. ഹൃദയ സാധനകളിൽ സവിശേഷമായതുമാണത്. താനടക്കമുള്ള സൃഷ്ടി ലോകത്തിൻ്റെ കീഴ് വണക്കവും സൃഷ്ടാവിൻ്റെ ഔന്നത്യവും തക്ബീറിൽ ഉയർന്ന് കേൾക്കാം.
പ്രപഞ്ചം അതിൻ്റെ നിലനിൽപ്പു കൊണ്ട് തന്നെ ആ കീഴ് വണക്കത്തിനധീനമാണ്. സത്യവിശ്വാസം അംഗീകരിക്കാതെ തന്നെ അത് സംഭവിക്കുന്നു!”അല്ലാഹു വിൻ്റെ ദീനല്ലാതെ മറ്റെന്തെങ്കിലും അവരന്വേഷിക്കുന്നുണ്ടോ? ആകാശ ഭുവനങ്ങളിലുള്ളത് മുഴുവനും സ്വമനസ്സാലെയോ ഗത്യന്തരമില്ലാതെയോ അവന് കീഴ്പ്പെട്ടിരിക്കുന്നു. അവരെല്ലാം അവനിലേക്കു തന്നെ മടങ്ങുന്നു (ആലു ഇംറാൻ83)
തക്ബീർ ആത്മാവിനു സിദ്ധിച്ച അറിവിനെ തുടർന്ന് ഒരു വിശ്വാസി എടുക്കേണ്ട വിശ്വാസപരമായ നിലപാടുകൂടിയാണ്. മറ്റെല്ലാ ദൈവ സങ്കൽപ്പങ്ങളെയും മാറ്റി നിർത്തി തൻ്റെ യജമാനനായ അല്ലാഹു വിന് മാത്രമുള്ള വിശുദ്ധ ദാസ്യത്തെ അവൻ ഉറപ്പിച്ചു പറയുന്നു.
തൗഹീദ് എന്ന പരിശുദ്ധ ആശയത്തെ ഉൾകൊണ്ട് അതിനെ തക്ബീർ കൊണ്ട് ഉറപ്പിച്ചു പറഞ്ഞ് അവൻ വിശിഷ്ടനായ മനുഷ്യനായി പിറക്കുന്നു.പ്രപഞ്ചമെന്ന പ്രകടിതമായ പ്രതിഭാസത്തിൽ അവനു കാണാൻ കഴിയുന്നത് ഈശ്വരീയത എന്ന ഏക സത്യമാണ്.ഈ ഈശ്വരീയതയാകട്ടെ മഹോന്നതമായ നാഥൻ്റെ കാരുണ്യം, നീതി എന്നീ രണ്ടു ഗുണങ്ങളിലൂടെ പ്രപഞ്ചമെന്ന നിലയിൽ ഇവിടെ പ്രകാശിതമായിരിക്കുന്നതുമാണ്.
അല്ലാഹു പരമമായ അസ്ഥിത്വമാണ്. ഏകൻ, ആശ്രയരഹിതൻ.പറയുക, അല്ലാഹു ഏകനാകുന്നു.പരാശ്രയരഹിതനും മറ്റെല്ലാവരും ആശ്രയിക്കുന്നവനുമാകുന്നു എന്നതാണ് ഖുർആനിക പാഠം.
തക്ബീർ (അല്ലാഹു മഹോന്നതൻ ) എന്നത് സാക്ഷാൽ യാഥാർത്ഥ്യത്തിൻ്റെ പ്രഖ്യാപനമാണ്. എന്താണത്? സ്രഷ്ടാവിനും സൃഷ്ടിക്കും അസ്ഥിത്വമുണ്ട്. മനുഷ്യ നടങ്ങുന്ന പ്രപഞ്ചത്തിൻ്റെ അസ്ഥിത്വം സ്വതന്ത്രമല്ല. അതിൻ്റെ നിലനിൽപ്പ് ആപേക്ഷികമാണ് (വുജൂദ് ഇളാഫി). ദൈവികാസ്ഥിത്വം സ്വതന്ത്രമാണ്. ഒന്നിനെയും ആശ്രയിക്കാതെയുള്ള വുജൂദ് ഹഖീഖിയാണ്. അത് അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. അവന് ആദ്യാന്ത്യങ്ങളില്ല. സൃഷ്ടികൾ ഇല്ലാതിരുന്നപ്പോഴും അവൻ ഉള്ളവനായിരുന്നു. സൃഷ്ടികൾ നശിക്കുമ്പോഴും അവൻ ഉള്ളവനായിരിക്കും. മഹോന്നതനായിരിക്കുക എന്ന ആശയത്തിൽ ഇഴകിച്ചേരുന്ന ധാരാളം മഹത്വങ്ങളുണ്ട് അല്ലാഹു വിന്. വിശാലമായ ആശയ സാകല്യത്തെ കുറുക്കിയാണ് അല്ലാഹു തക്ബീർ ഉരുവിടുന്നത് സൂറ: ബഖറയിലെ 255 മത്തെ വാക്യം ശ്രദ്ധിക്കാം” അല്ലാഹുവല്ലാത്ത ഒരു ഇലാഹുമില്ല. അവൻ സദാ എന്നെന്നും ജീവിക്കുന്നവനും നിരാശ്രയനും മറ്റുള്ളതിനെ നിയന്ത്രിക്കുന്നവനുമാണ്. അവനെ ഉറക്കമോ മയക്കമോ ബാധിക്കുകയില്ല. ആകാശ ഭുവനങ്ങളിലുള്ളതെല്ലാം അവൻ്റെതാണ്. അവൻ്റെ അനുമതി കൂടാതെ അവൻ്റെയടുക്കൽ ശിപാർശ ചെയ്യുന്നവരാരുണ്ട്.? അവരുടെ മുന്നിലുള്ളതും പിമ്പിലുള്ളതും അവനറിരുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊന്നും അവർക്ക് അറിയാൻ കഴിയുകയില്ല. അവൻ്റെ അധികാരം ആകാശഭൂമികളെ ഉൾകൊള്ളുന്നു. അവരുടെ സംരക്ഷണം അവന്ന് ഭാരമേയല്ല. അവൻ ഉന്നതനും മഹാനുമാകുന്നു” അല്ലാഹുവിൻ്റെ മഹത്വവും ഔന്നത്യവും ഏത് വിധേനയെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അല്ലാഹു ഏറ്റവും വലിയവനും മഹാനുമാണെന്ന് വരുമ്പോൾ മറ്റെല്ലാം നിസ്സാരമാണെന്നും പരിഗണിക്കേണ്ടതല്ലെന്നും മനസ്സിലാക്കാം. ഈ തിരിച്ചറിവിലേക്ക് എത്തുമ്പോഴാണ് ദൈവികാടിമത്വമെന്ന (അബ്ദ് ) പൂർണ്ണതയിലേക്ക് ധിഷണ നൽകപ്പെട്ട മനുഷ്യനെത്തുന്നത്.ആ തിരിച്ചറിവാണ് പ്രവാചകന്മാരെ മഹത്വമുള്ളവരാക്കിയതും ഇൻസാനുൽ കാമിലെന്ന വിശേഷണത്തിലേക്ക് തിരുനബി(സ)യെ എത്തിച്ചതും.
തക്ബീറതുൽ ഇഹ്റാമിൻ്റെ സന്ദർഭത്തിലുള്ള കൈ ഉയർത്തൽ തന്നെ ആ ഭാവത്തിൻ്റെ മഹത്വം ശരീരത്തിലാവിഷ്ക്കരിക്കലാണ്. പിന്നീട് റുകൂആയും സുജൂദായും മണ്ണിലേക്കുള്ള കുനിയൽ വിനയ ഭാവത്തെ കുറിക്കുന്നു. സുജൂദിലെത്തുമ്പോഴാണ് അടിമ രക്ഷിതാവിനോടടുക്കുന്നതും ” സ്രഷ്ടാംഗം ചെയ്യുക റബ്ബിലേക്കടുക്കുക ” എന്നാണ് വേദനിർദ്ദേശം. സവിശേഷമായ ഔന്നത്യം (കിബ് രിയാഅ)എൻ്റെ മേലുടുപ്പും സവിശേഷമാഹാത്മ്യം (അളമത്ത് ) എൻ്റെ അരയുടുപ്പുമത്രേ. വല്ലവനും അത് ഊരിയണിയാൻ ശ്രമിച്ചാൽ അവൻ നരകത്തിലെറിയപ്പെടും. അഥവാ ഔന്നത്യവും മാഹാത്മ്യവും ഉൾചേർന്നതാണ് സ്രഷ്ടാവിൻ്റെ വിശേഷണങ്ങൾ. ആ വിശേഷണങ്ങളോട് സൃഷ്ടികൾ സമാനരാവരുതെന്നത് പ്രപഞ്ചതത്വമാണ്.സ്വയം മഹത്വവത്കരിക്കാനോ ഔന്നത്യം പ്രകടിപ്പിക്കാനോ സൃഷ്ടികൾക്കു പാടില്ല. ആ രണ്ടും സ്രഷ്ടാവിനു സവിശേഷമാണ്.അതിൽ പങ്കുകൊള്ളാൻ സാധ്യമല്ല.(ഇത്തരം ഹുങ്കാര നടപടികൾക്കൊരുങ്ങുന്നവർ അന്ത്യനാളിൽ പരമ നിന്ദകൾക്ക് വിധേയരാവുമെന്നും ഇത്തരക്കാർക്ക് നരകത്തിൽ പ്രത്യേക ഇടമുണ്ടെന്നും തീനതുൽഹബാൽ എന്ന നരകപ്പാനീയം കുടിക്കേണ്ടി വരുമെന്നും തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്, തിർമുദി)
അല്ലാഹുവിൻ്റെ ശിക്ഷക്ക് ആദ്യമായ് വിധേയമായതും കിബ്റാണ്. കിബ്റിൻ്റെ അംശം അകത്തവശേഷിക്കുന്നവർക്ക് സ്വർഗം ലഭിക്കില്ലെന്നാണ് പ്രവാചക പാഠവും.
അബ്ദിൻ്റെ സ്ഥാനം വിനയാന്വിതമാവുന്നതിലാണ്.
അതിൽ നിന്ന് തെറ്റൽ ക്രമരഹിതമാണ്.
അതു കൊണ്ട് പറയുക
“അല്ലാഹു അക്ബർ”
അല്ലാഹു തന്നെ മഹോന്നതൻ