ചതിയിൽ വീഴ്ത്തുന്ന ആലോചനകൾ
| ഫള്ലു റഹ്മാൻ സുറൈജ് സഖാഫി തിരുവോട്
അങ്ങാടിയിലൊരാൾക്കൂട്ടം, ഒരുത്തൻ ലവലേശം ലെവലില്ലാതെ പെരും തെറിയഭിഷേകമാണ്, പൊട്ടിച്ചിരികൾ. ആഹാ ഹരം തന്നെ അല്ലേ…….?
ഫോൺ തുറന്നാൽ ട്രോളവഹേളനങ്ങളുടെ മറ്റൊരു ഹരം, ഒരുമിച്ചിരുന്നാൽ മറ്റൊരുവനെ റോസ്റ്റാക്കുമ്പോഴുള്ള വേറൊരു ഹരം.
ഞാനല്ലല്ലോ അവനല്ലേ കളിയാക്കുന്നത്.. എനിക്കെന്ത് ഛേദം.? ആത്മരതികൾക്കിടയിൽ നമ്മൾ സ്വയമാശ്വാസം കൊള്ളും,ശുദ്ധരാവും. അല്ലെങ്കിൽ അയാളെയൊന്നും പറഞ്ഞതല്ല ആ നിലപാടിനെ തിരുത്താനുള്ള ശ്രമമാണെന്ന മറ്റൊരു വ്യാഖ്യാനത്തെ ചുട്ടെടുക്കാൻ മുതിരും.
എതിർ പാർട്ടിക്കാരനെ കൊന്നതിനെ കുറിച്ച്,ഓഫീസ് കത്തിച്ചതിനെ കുറിച്ച്, ബസിന് കല്ലെറിഞ്ഞതിനെ കുറിച്ച് അതൊന്നും ചെയ്തില്ലെങ്കിൽ കൂടി നല്ല ന്യായീകരണങ്ങളെ മെനയാൻ പലർക്കും അതിഗംഭീരമായ കഴിവുണ്ട്.
വസ്തുതാപരമായ് ഇത്തരം രംഗങ്ങളിലെ നേരെന്താണെന്ന് നമ്മളാലോചിച്ചിട്ടുണ്ടോ?
ഈ ആനന്ദങ്ങൾ മുഴുക്കെ തെറ്റിന് നമ്മൾ നൽകുന്ന മാനസിക പിന്തുണയുടെ അടയാളങ്ങളാണ്.
“നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ മുൻ കാലത്ത് നിങ്ങളെന്തിനാണ് പ്രവാചകന്മാരെ കൊലപ്പെടുത്തിയത് ”
വിശുദ്ധ ഖുർആൻ ജൂതന്മാരെ ചോദ്യം ചെയ്ത രംഗമാണിത്.
തിരു നബി(സ)യുടെ നിയോഗത്തിന് മുമ്പ് ജൂതന്മാർ പല പ്രവാചകന്മാരെയും കൊലപ്പെടുത്തിയിരുന്നു. ഈ പാതകത്തിൻ്റെ പേരിൽ നബി(സ)യുടെ സമകാലികരായ ജൂതന്മാരെയും ചോദ്യം ചെയ്യുന്നു. അവരാരും പ്രവാചകന്മാരെ കൊന്നിട്ടുമില്ല എന്നിരിക്കെ ഈ ചോദ്യത്തിൻ്റെ പ്രസക്തിയെന്താവും. മുൻഗാമികൾ ചെയ്ത പാതകത്തിന് ഇവർ മനസാ പിന്തുണ നൽകിയെന്നതാണ് പ്രശ്നം. അതു വഴി അവർ പാപത്തിൻ്റെ ഉത്തരവാദികളായി. വൈകാരിക സഹകരണത്തിലൂടെയുള്ള ഈ പങ്കുപറ്റലിനെയാണ് ചോദ്യം ചെയ്യുന്നത്. അധർമ്മകാരികളോടുള്ള അനുഭാവത്തിൻ്റെയും താത്പര്യത്തിൻ്റെയും അടിസ്ഥാനത്തിൽ അന്യരുടെ തെറ്റിൻ്റെ ചുമട് കൂടി വഹിക്കേണ്ടി വരുമെന്ന സന്ദേശം ഖുർആൻ പലയിടത്ത് അവതരിപ്പിക്കുന്നുണ്ട്.
സ്വാലിഹ് നബി(അ)യുടെ ഒട്ടകത്തെ കുറിച്ചുള്ള വിവരണം ശ്രദ്ധിക്കേണ്ടതാണ്. ദിവ്യത്വത്തിലൂടെ പിറവിയെടുത്ത ഒട്ടകത്തെ തൊട്ടു പോകരുതെന്നായിരുന്നു സമൂദ് ഗോത്രത്തോടുള്ള കൽപ്പന. പക്ഷേ അവരിലൊരുവൻ കൽപ്പന ലംഘിച്ചു; ഒട്ടകത്തെ കൊന്നു. ഒരുത്തൻ ചെയ്ത തെറ്റിനെ കുറിച്ച് ഖുർആൻ വിമർശിച്ചത് (11/65) അവരതിനെ വധിച്ചു കളഞ്ഞുവെന്നാണ് .കാരണം, കൃത്യം ചെയ്തത് ഒരു വ്യക്തിയാണെങ്കിലും മറ്റുളളവരുടെ മാനസിക പിന്തുണയാണ് അതിന് പ്രേരിതമായ ഘടകം. മറ്റുള്ളവരെല്ലാം അതംഗീകരിച്ചത് കൊണ്ടാണ് എല്ലാവരിലും അതാരോപിച്ചത് (ഖുർതുബി 9/24)
ഓരോരുത്തരും ചെയ്ത പാപങ്ങൾ തന്നെ നിരവധിയാവും.അതോടൊപ്പം ചെയ്യാത്ത കുറ്റത്തിൻ്റെയും ഭാരമേറ്റേണ്ടി വരുന്നതിൻ്റെ ഗതികേട് എത്ര വലിയ പരാജയമാണ്!
കൊലപാതകം, വ്യഭിചാരം, ദുർവ്യാഖ്യാനം,പലിശ തുടങ്ങി ഏത് പാപം ചെയ്യുന്നവരേ പരിഗണിക്കലും പൂമാലയിട്ട് മനസ്സിലിരുത്തലും നമ്മളാ പാപം ചെയ്തതിനു സമാനമാണ്.
ഇത്തരം പ്രവർത്തികളെ ബുർആൻ അപലപിച്ചതുമാണ്.
“സത്യവിശ്വാസികളെ നിങ്ങൾ എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹം പുലർത്തി ആത്മമിത്രങ്ങളാക്കരുത്”.
കൂടാതെ തിന്മയുടെ പ്രചാരകരോടും സഹകാരികളോടും കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന മാതൃകയാണ് പ്രവാചകരിൽ നിന്നും നമുക്ക് പകർത്താനുള്ളത്. ഇത്തരം നിലപാടുകാർക്കെതിരെ മൂസാ നബി നടത്തിയ പ്രാർത്ഥന ചരിത്രമടയാളപ്പെടുത്തിയതാണ് (5/25) വൈകാരികമായും ആദർശപരമായും ഇത്തരക്കാരോട് നിസ്സഹകരണവും അകൽച്ചയും പുലർത്തൽ വിശ്വാസിയുടെ ബാധ്യതയാണ്. സ്നേഹകൈമാറ്റങ്ങളുടെ അടയാളമായ സലാമിനെ മത വൈകൃത വാദികളോട് ( ബിദ്അത്തുകാർ) പങ്കു വെക്കരുതെന്ന പണ്ഡിത പക്ഷം അത്തരത്തിലൊന്നാണ്.
“നിങ്ങൾ അധർമ്മകാരികളോട് അനുഭാവം കാണിക്കരുത് .അങ്ങനെ ചെയ്യുന്ന പക്ഷം നരകാഗ്നി നിങ്ങളെ ബാധിക്കും. അല്ലാഹുവല്ലാതെ സഹായികൾ നിങ്ങൾക്കുണ്ടായിരിക്കുകയോ നിങ്ങൾക്ക് സഹായം ലഭിക്കുകയോ ഇല്ല”
എന്നതാണ് ഖുർആനികോപദേശം
നമുക്കോരോരുത്തരുടെയും ശാരീരിക പ്രവൃത്തിപോലെ മാനസികമായ പ്രവൃത്തിയും ഉണ്ട്. കര്‍മം ചെയ്യുന്നതിനു മുമ്പുള്ള ആലോചനകൾ അതാണ്. ഈ ആലോചന നാല് രീതിയിലുണ്ടാവുന്നു. പ്രത്യേകിച്ചൊരു കാരണവുമില്ലാതെയുള്ള ആലോചനയായും, അവിചാരിതമായ വികാരമായും, ശക്തമായ ചിന്തയായും സുദൃഢമായ താല്പര്യമായും (ഖാത്വിര്‍, മയ്ല്‍, ഇഅ്തിഖാദ്, ഹമ്മ്) അത് വകഭേദങ്ങളാവും. ഇതില്‍ ഒന്നും രണ്ടും ശിക്ഷാര്‍ഹമല്ല.മനഃപൂര്‍വമല്ല എന്നതാണ് കാരണം.
നബി(സ്വ) പറഞ്ഞു:എന്റെ സമുദായത്തിന് മനഃപൂര്‍വമല്ലാതെയുള്ള ദുരാലോചനകൾ മാപ്പാക്കപ്പെട്ടിരിക്കുന്നു.’
ചെയ്യണമെന്ന ഉദ്ദേശ്യമോ ഉറപ്പോ ഇല്ലാതെ ഉടലെടുക്കുന്നവയാണത്. ദോഷം ചെയ്യാനുള്ള ശക്തമായ ചിന്തയും സുദൃഢ താല്പര്യവും കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു. ചെയ്തിരിക്കുമെന്ന മനസ്സുറപ്പാണ് ആ ചിന്ത. ഇത് മനഃപൂര്‍വമല്ലാതെയും സംഭവിക്കാം. മനഃപൂര്വമാണെങ്കിലാണ് ശിക്ഷാര്‍ഹമാകുന്നത്. നിര്‍ബന്ധിതമാണെങ്കില്‍ ശിക്ഷാര്‍ഹമല്ല.
ചെയ്യണമെന്ന സുദൃഢ താല്പര്യമാണ് ഹമ്മ്. ഇതും കുറ്റകരമാകുന്നു. പക്ഷേ, അല്ലാഹുവിനെ പേടിച്ച് ഖേദത്തോടെ ഒഴിവാക്കിയാല്‍ ഇതിന് പ്രതിഫലം ലഭിക്കും. ദുഷ്കര്‍മം വെടിഞ്ഞത് അല്ലാഹുവിനെ പേടിച്ചിട്ടല്ലെങ്കില്‍ ഒരു തിന്മ രേഖപ്പെടുത്തുന്നതുമാണ്. പ്രതിബന്ധങ്ങള്‍ കാരണം വെടിഞ്ഞാലും തിന്മയായി രേഖപ്പെടും. പ്രവൃത്തിയോടുള്ള താല്പര്യം മാനസികമായൊരു കര്‍മമാണല്ലോ എന്നതാണിതിനു കാരണം.
നബി(സ്വ) പറഞ്ഞു: “രണ്ടു മുസ്ലിംകള് വാളെടുത്ത് പരസ്പരം പോരാടി, ഒരാള്‍ കൊല്ലപ്പെട്ടു. എങ്കില്‍ കൊന്നവന് നരകാവകാശിയാണ്. അതേപോലെ കൊല്ലപ്പെട്ടവനും നരകാവകാശി തന്നെ. ഇതുകേട്ട സ്വഹാബത്തിന് ആശങ്ക, കൊല്ലപ്പെട്ടവനെങ്ങനെ…?’ അതേ, അവന് എതിരാളിയെ കൊല്ലണമെന്നുദ്ദേശിച്ചിരുന്നു. സാധിക്കാതെ പോയതാണ് ‘
നബി(സ്വ)യുടെ മറുപടി.
അക്രമമേറ്റ് മരിച്ചിട്ടുപോലും സ്ഥിതി ഇതാണെങ്കില്‍ മനസ്സറിഞ്ഞുള്ള തീരുമാനങ്ങളും താല്പര്യങ്ങളും ശിക്ഷാര്ഹമാണെന്നതുറപ്പാണ്.
ഒരുപ്രവൃത്തി ഇഷ്ടപ്പെടുകയെന്നത് അതിൽ പങ്കു ചേരുന്നതിന് തുല്യവുമാണ് (ഇഹ് യ 2/147)
ഇനി ഈ രണ്ടു സംഭവങ്ങൾ ശ്രദ്ധിക്കൂ
1)ബഹുമാനപ്പെട്ട അബ്ദുല്ലാഹിബ്നു മുബാറക്കിനോട് ഒരു ടൈലർ വന്ന് പരിഭവപ്പെട്ടു
“ഭരണാധികാരികൾക്കുള്ള വസ്ത്രങ്ങൾ ഞാനാണ് തുന്നികൊടുക്കുന്നത്. അതു വഴി ഞാൻ അക്രമികളുടെ സഹായി ആയിത്തീരുമോ?”
അബ്ദുല്ലാഹി മുബാറക് പറഞ്ഞു
“ഇല്ല, നിനക്ക് സൂചിയും നൂലും നൽകുന്നവനാണ് അക്രമികളുടെ സഹായി .നീ അക്രമി തന്നെയാണ് “.(ഇഹ് യ 2/13)
2) മുഅതസില പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്ന ഹഫ്സുനിൽ ഫർദ് ഇമാം ശാഫിഈ(റ)യെ രോഗ സമയത്ത് സന്ദർശിച്ചു.
‘തെറ്റായ വാദങ്ങളിൽ നിന്ന് വിട്ട് നിൽക്കും വരെ അല്ലാഹുവിൻ്റെ സംരക്ഷണം നിങ്ങൾ ലഭിക്കാതിരിക്കട്ടെ ”
എന്ന് നീരസത്തോടെ ഇമാം അയാളോട് പറഞ്ഞു (ഇഹ് യ 1/100)
അക്രമികളോടും പരിഷ്കൃതമതവൈകൃതവാദികളോടും ഇത്തരം സമീപനമാണ് വേണ്ടതെന്നതാണ് പണ്ഡിതന്മാരുടെ ഏകോപനം.
തിരുനബി(സ) അവിടുത്തെ സംസാരത്തിനിടെ ബനൂ ഇസ്റാഈലിൻ്റെ അപചയത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്” അവരിലൊരാൾ മറ്റൊരാളെ കണ്ടാൽ അല്ലാഹുവിനെ സൂക്ഷിക്കാനും തിന്മകളിൽ നിന്ന് പിന്മാറാനും ഉപദേശിക്കും. പിറ്റേന്ന് നന്നാവാൻ ശ്രമിക്കാത്ത അയാൾക്കൊപ്പം തന്നെ സൗഹൃദം പങ്കിടാനും ഭക്ഷിക്കാനും മുതിർന്നിരുന്നുവെന്നതാണവരുടെ ന്യൂനത.ഈ നില തുടർന്നപ്പോൾ അല്ലാഹു അവരുടെ മനസ്സിൽ സംഘർഷസൃഷ്ടിക്കുകയാണുണ്ടായത് (അബൂദാവൂദ്)
തെറ്റിനെ ഗൗരവത്തോടെ സമീപിക്കുകയും
മനസ്സ് കൊണ്ട് വെറുക്കുകയും
അകറ്റുകയും ചെയ്യുമ്പോഴാണ്
വിശ്വാസി ശുദ്ധമനസ്സിൻ്റെ ഉടമയാവുന്നുള്ളൂ.
മാധ്യമ പ്രചാരങ്ങളടക്കമുള്ള എല്ലാ സംഗതികളോടും ഇതേ നിലപാടാണ് പുലർത്തേണ്ടത്.