ഇനി ഒരു നാട്ടില്‍ രൂപീകൃതമായ കമ്മിറ്റി ജനങ്ങളില്‍ നിന്ന് തീരെ സകാത് ആവശ്യപ്പെടാതെ ആരെങ്കിലും ഏല്‍പ്പിക്കുന്നത് സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സങ്കല്‍പ്പിക്കുക.(പക്ഷേ, ഇത് സാങ്ക ല്‍പ്പിക്കം മാത്രമാണ്) എന്നാല്‍ തന്നെ കമ്മിറ്റിയിലെ നിശ്ചിത ഒരാളെ നിയമാനുസൃതം വകാലതാക്കുകയും മറ്റെല്ലാ നിബന്ധനകളും ഒത്തു കൂടുകയും ചെയ്താല്‍ ഉടമസ്ഥന്റെ ബാധ്യത വീടുമെങ്കിലും അത് ശ്രേഷ്ഠമായതിന് വിരുദ്ധമാണെന്നതില്‍ പക്ഷാന്തരമില്ല. കാരണം സ്വന്തമായി വിതരണം ചെയ്യുന്നത് വകാലതായി വിതരണം ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാണെന്നതില്‍ തര്‍ക്കമേയില്ലെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/165, റൌള്വ 2/61, ശര്‍ഹുല്‍ കബീര്‍ 5/521, മുഗ്നി 1/414 എന്നിവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉടമ നേരിട്ട് വിതരണം ചെയ്യല്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നതിനെക്കാള്‍ പുണ്യമാണെന്നതില്‍ പക്ഷാന്തരമില്ല(മുഗ്നി 1/414, നിഹായ 3/135, മഹല്ലി 2/42). ചുരുക്കത്തില്‍ ഒരു പരിതസ്ഥിതിയിലും വകീലിനെ ഏല്‍പ്പിക്കുന്നത് ഉത്തമമല്ലെന്ന് വ്യക്തം.
ഇമാമ് നിലവിലില്ലാത്ത നമ്മുടെ നാട് പോലെയുള്ള സ്ഥലങ്ങളില്‍ സ്വയം വിതരണം നടത്തലാണ് ഏറ്റവും അഭികാമ്യമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണെന്ന് സംക്ഷിപ്തം. ശരിയായ വകാലതിന് തന്നെ രണ്ടാം സ്ഥാനമേയുള്ളൂ. അപ്പോള്‍ പിന്നെ സാധുതയില്ലാത്ത രൂപത്തിലുള്ള വകാലതും വിതരണവും വഴി മുസ്ലിംകളുടെ പുണ്യ കര്‍മ്മം പാഴാക്കുന്നത് അവസാനിപ്പിക്കേണ്ടതാണ്. സംശയരഹിതമായ രൂപത്തില്‍ സകാത് നല്‍കി, ചെയ്യുന്ന നല്ല കാര്യങ്ങള്‍ അതിന്റേതായ രൂപത്തിലാകാന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കണം.
അബൂസ’ഈദില്‍ മഖ്ബുരി(റ)യില്‍ നിന്ന് നിവേദനം: “ഇരുനൂറ് ദിര്‍ഹമുമായി ഞാന്‍ ‘ഉമറുബ്നുല്‍ ഖത്ത്വാബി(റ)ന്റെ അരികില്‍ ചെന്ന് ഇങ്ങനെ പറഞ്ഞു. ഓ അമീറുല്‍ മുഅ്മിനീന്‍, ഇതെന്റെ ധനത്തിന്റെ സകാതാണ്. അവിടുന്നിപ്രകാരം പ്രതിവചിച്ചു. ഇത് നീ തന്നെ കൊണ്ടുപോയി വിതരണം ചെയ്യുക. (ബൈഹഖ്വി) സ്വന്തമായി സകാത് വിതരണം ചെയ്യുന്നതിന് ഈ ഹദീസ് രേഖയാണെന്ന് ശര്‍ഹുല്‍ മുഹദ്ദബ് 6/164ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
സൂക്ഷിപ്പ് പണമായ ദിര്‍ഹമുകളുടെ സകാതായിരുന്നു ഹദീസില്‍ പറഞ്ഞതെന്ന് വ്യക്തം. സൂക്ഷിപ്പ് പണം ആന്തരിക ധനത്തില്‍ പെട്ടതാണെന്ന് ശ്രദ്ധേയമാണ്. ആന്തരികസ്വത്തിന്റെ സകാത് സ്വന്തമായി കൊടുക്കല്‍ ഉത്തമമായത് കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) സ്വന്തമായി കൊടുക്കാന്‍ പറഞ്ഞതെന്ന് തീര്‍ച്ച .