ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങള്‍. ഇതില്‍ അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന ഹദീസുകള്‍ക്ക് ആശ്രയിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാമത് സ്വഹീഹുല്‍ ബുഖാരിയാണ്. മുഹമ്മദ് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് ഹദീസ്. നബി വചനങ്ങള്‍ എന്നു പൊതുവെ പറയാറുണ്ട്.
മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജഃ, തിര്‍മുദി, നസാഈ എന്നിങ്ങനെ അവലംബനീയ ഹദീസ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം, നിവേദക പരമ്പരയുടെ വിശുദ്ധി തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തിയ സൂക്ഷ്മത ഒരുപടി മൂമ്പിലാണ് എന്നതാണ് സ്വഹീഹുല്‍ ബുഖാരിയുടെ അദ്വിതീയതക്കാധാരം. അല്‍ ജാമിഉല്‍ മുസ്നദു സ്വഹീഹുല്‍ മുഖ്തസ്വറു മിന്‍ ഉമൂരി റസൂലില്ലാഹി വ സുനനിഹി എന്നാണ് ഈ ഗ്രന്ഥത്തിന്റെ പൂര്‍ണ പേര്.
വിശ്വപ്രസിദ്ധ പ്രതിഭാശാലിയായ ഇമാം ബുഖാരിയാണ് രചയിതാവ്. പഴയ സോവിയററ് യൂണിയനിലെ ബുഖാറയില്‍ ഹിജ്റ 194 ശവ്വാല്‍ 14 വെള്ളിയാഴ്ച ജുമുആനന്തരമായിരുന്നു ജനനം. പുരാതന ഖുറാസാനിലായിരുന്ന ഈ പട്ടണത്തില്‍ വേറെയും പല മഹാന്മാരും ജന്മമെടുത്തിട്ടുണ്ട്്.
പേര് : മുഹമ്മദ്. ഓമനപ്പേര് അബൂ അബ്ദില്ല. സ്ഥാനപ്പേര് ഇമാമുല്‍ മുഹദ്ദിസീന്‍. പിതാവ് ഇസ്മാഈല്‍. പരമ്പര : മുഹമ്മദ്ബിന്‍ ഇസ്മാഈല്‍ ബിന്‍ ഇബ്റാഹീം ബിന്‍ മുഗീറഃ ബിന്‍ ബര്‍ദസ്ബഹ് ബിന്‍ ബദിദ്ബഹ്. വംശം : ജുഹ്ഫി.
ഇമാം ബുഖാരി അനറബി വംശജനാണ്. ഒടുവില്‍ പറഞ്ഞ രണ്ട് പിതാമഹന്മാരും പാര്‍സികളാണ്. ബദര്‍സ്ബഹ് എന്നാല്‍ കര്‍ഷകന്‍. മൂന്നാമത്തെ പിതാമഹന്‍ മുഗീറഃ ബുഖാറയിലെ ന്യായാധിപന്‍ യമാനു ജുഅ്ഫി മുഖേന ഇസ്ലാം സ്വീകരിക്കുകയും ബുഖാറയില്‍ തന്നെ സ്ഥിര താമസമാക്കുകയുമാണുണ്ടായത്. ആര് മുഖേന മുസ്ലിമാകുന്നുവോ അദ്ദേഹത്തിന്റെ വംശ – ഖബീല- ത്തിലേക്ക് ചേര്‍ത്ത് പറയുന്ന പതിവുള്ളത് കൊണ്ടാണ് മുഗീറഃ മുതല്‍ക്കുള്ള പില്‍ക്കാലക്കാര്‍ക്ക് ജുഅ്ഫി എന്ന കുടുംബപ്പേര് കൈവന്നത്. ഇമാം ബുഖാരിയടക്കം ആരേയും സ്വന്തം വംശമായ ‘റഖ്’ലേക്ക് ചേര്‍ത്ത് പറയാറില്ല.
ബുഖാരി ചെറുപ്പത്തില്‍ അന്ധനായിരുന്നു. ജന്‍മനാ അന്ധനായിരുന്നു. അതല്ല രോഗം മൂലം അന്ധത പിടിപെട്ടതാണെന്നും അഭിപ്രായമുണ്ട്. ഏതാകട്ടെ ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലായിരുന്നുവെന്നതും ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ കേസായിരുന്നുവെന്നതും തര്‍ക്കമററ സംഗതിയാണ്. സാത്വികയായ മാതാവ്, മകന്റെ ഈ ദൈന്യാവസ്ഥയില്‍ മനം നൊന്ത് കാഴ്ച തിരികെ കിട്ടാനായി അല്ലാഹുവോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. ആ പുണ്യവതിയുടെ ഉള്ളുരുകിയുള്ള പ്രാര്‍ഥനക്ക് ഫലമുണ്ടായി. കണ്‍മണിയുടെ കണ്ണുകളില്‍ നിന്നു ഇരുട്ടകന്നു. ‘നിങ്ങളുടെ തീരാ കരച്ചിലും പ്രാര്‍ഥനയും കാരണമായി മകന് കാഴ്ച ലഭിച്ചു’വെന്ന് ഇബ്റാഹീം നബി (അ) തന്നോട് പറയുന്നതായി ആ മഹിളാ രത്നത്തിന് സ്വപ്നത്തില്‍ ദര്‍ശനമുണ്ടാകുകയായിരുന്നു. ഉറക്കമുണര്‍ന്ന് ചെന്നു നോക്കിയപ്പോള്‍ മകന്റെ മിഴിവാര്‍ന്ന കണ്ണുകളാണവരെ വരവേററത്. അവര്‍ ആഹ്ളാദം കൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു.
ബാപ്പയും മകനും മുഹദിസാവുകയെന്ന അപൂര്‍വ ബഹുമതിയും ഇമാം ബുഖാരിക്കുണ്ട്. ബുഖാരിയുടെ പിതാവ് അല്ലാമാ ഇസ്മാഈല്‍ വലിയ ധനികനും ഒപ്പം പ്രമുഖ ഹദീസ് പണ്ഢിതനുമായിരുന്നു. ഇമാം മാലിക് (റ), ഹമ്മാദുബ്നു സൈദ് (റ), അബൂ മുആവിയ (റ) തുടങ്ങിയ വിശ്വ വിശ്രുത മുഹദ്ദിസുകളുടെ ശിഷ്യത്വം കൊണ്ട് അനുഗൃഹീതനാണ് അദ്ദേഹം. ആത്മ ജ്ഞാനികളായ അബ്ദുല്ലാഹിബ്നു മുബാറകു (റ) മായി സഹവസിക്കുകയും അവിടുത്തെ ശിക്ഷണത്തിലായി കഴിഞ്ഞു കൂടുകയും ചെയ്തിട്ടുണ്ട്. ഇറാഖ് വാസികളായ, അഹ്മദ് ബിന്‍ ഹഫ്സ്വ്, നസ്വ്റ് ബ്നുല്‍ ഹുസൈന്‍ മുതലായവര്‍ ഇസ്മാഈലി (റ) ന്റെ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്. അദ്ദേഹത്തിന് രചനകള്‍ ഉള്ളതായി അറിവില്ല. അല്ലാമാ ഇസ്മാഈല്‍ (റ) വളരെ ഭക്തനും സൂക്ഷ്മാലുവുമായിരുന്നു. ഭീമമായ സമ്പത്തിന്റെ ഉടമയായിരുന്നിട്ടും അറിവിന്റെയും ആത്മീയതയുടെയും വഴിയില്‍ വ്യാപരിക്കുന്നതിന് അത് അശേഷം തടസമായിരുന്നില്ല. പാവങ്ങളുടെ അത്താണിയുമായിരുന്നു അദ്ദേഹം. ധനം അല്ലാഹുവിന്റെ ഔദാര്യമാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അത് തീര്‍ത്തും സത്യസന്ധമായാണ് കൈകാര്യം ചെയ്തിരുന്നത്. ഉഹീദുബ്നു ഹഫ്സ്വ് പറയുന്നു : അബൂ അബുദില്ലയുടെ പിതാവ് ഇസ്മാഈല്‍ മരണാസന്നനായ വേളയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അരികെയെത്തി. അപ്പോള്‍ എന്റെ ധനത്തില്‍ ഹറാം ആയതോ ശുബ്ഹ-ഹറാമോ ഹലാലോയെന്ന് തിട്ടമില്ലാത്തത്- തായതോ ആയ ഒരു ദിര്‍ഹം പോലും ഉള്ളതായി എനിക്കറിവില്ല എന്ന് അദ്ദേഹം പറയുന്നത് കേട്ടു. (ഫത്ഹുല്‍ ബാരിയുടെ മുഖവുര 479) ഓര്‍മവയ്ക്കും മുമ്പേ വിടപറഞ്ഞ പിതാവിനെ പററി ചരിത്ര രേഖകളുടെ വെളിച്ചത്തില്‍ തന്റെ താരീഖുല്‍ കബീറി (1/342-44) ല്‍ ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. ബുഖാരിയുടെ ഭക്തയും മഹാത്മാവുമായ മാതാവില്‍ നിന്ന് നിരവധി കറാമതുകള്‍ – അമാനുഷിക സംഗതികള്‍ – പ്രകടമായതായി ചരിത്രം പറയുന്നു.
‘വിത്തുഗുണം പത്തുഗുണം’ എന്നാണല്ലോ. ശ്രേഷ്ഠകുടുംബ പശ്ചാത്തലമുള്ള ബുഖാരിയുടെ ജീവിത യാത്രയും അത് പ്രതിഫലിക്കുന്ന തരത്തിലായിരുന്നു. പിച്ചവച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ മകന്റെ സംരക്ഷണം മാതാവിന്റെ ചുമലിലായി. അവര്‍ മകനെ ഇസ്ലാമിക ചിട്ടയില്‍ വളര്‍ത്തി. ചെറുപ്രായത്തിലേ അസാമാന്യമായ സ്വഭാവ വൈശിഷ്ട്യവും വിജ്ഞാന ദാഹവും ബുഖാരിയില്‍ പ്രകടമായിരുന്നു. അന്വേഷണ തൃഷ്ണ, ക്രാന്തദര്‍ശിത്വം, നിരീക്ഷണ പാടവം, ഓര്‍മശക്തി തുടങ്ങിയ സിദ്ധികളിലെല്ലാം, മററുള്ളവരില്‍ നിന്നു ഏറെ മുന്നിലായിരുന്നു അദ്ദേഹം. വിജ്ഞാന സമ്പാദന – ഹദീസ് ശേഖരണ വഴിയില്‍ എന്തും ത്യജിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് ഒരാളുടെ പക്കല്‍ ഒരു ഹദീസ് ഉണ്ടെന്നു കേട്ടാല്‍ എത്ര ക്ളേശം സഹിച്ചും അത് സ്വായത്തമാക്കുകയും അയാളുടെ സമഗ്ര ചരിത്രവും ഹദീസിന്റെ നിവേദക പരമ്പരയും ഗ്രഹിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ എല്ലാ അര്‍ഥത്തിലും ഇമാം ബുഖാരി വേറിട്ടു നിന്നു. പത്താം വയസില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും കൌമാരമാകുമ്പോഴേക്ക് 70,000 ഹദീസുകള്‍ ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. എന്തും ഒരു പ്രാവശ്യം കേട്ടാല്‍ മതി. കരിങ്കല്ലില്‍ കൊത്തിയ മാതിരി അത് മനസ്സില്‍ പതിഞ്ഞിരിക്കും. അത് കൊണ്ട് ആദ്യ കാലത്ത് എഴുതിവയ്ക്കുന്ന സ്വഭാവമില്ലായിരുന്നു. ഇതേ പററി ഗുരുവര്യന്‍ ഗുണദോഷിച്ചപ്പോള്‍ അങ്ങ് പറഞ്ഞു തന്ന ഹദീസുകള്‍ മുഴുവന്‍ എനിക്ക് മനഃപാഠമാണ്. പിന്നെ ഞാന്‍ എന്തിന് എഴുതി വയ്ക്കണം? എന്നായിരുന്നു ബുഖാരിയുടെ പ്രതികരണം. എന്നാല്‍ ഒന്നു പരീക്ഷിക്കാമെന്നായി. ബുഖാരി വള്ളിപുള്ളി വിടാതെ ഒക്കെയും ഉരുവിട്ടു കേള്‍പിച്ചു. പ്രിയ ശിഷ്യന്റെ പ്രതിഭയില്‍ ഗുരു അഭിമാനം കൊണ്ടു.
ബുഖാറയിലെ പ്രമുഖ പണ്ഢിതനായ ഇമാം ദാഖിലി (റ) യുടെ പതിവ് ഹദീസ് സദസ്. തലയെടുപ്പുള്ള പണ്ഢിതരുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അതില്‍ സന്നിഹിതരായിട്ടുണ്ട്. അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്നുതിരുന്ന അപ്രതിഹതമായ വിജ്ഞാന പ്രവാഹത്തില്‍ മതിമറന്നിരിക്കുകയാണവര്‍. അതിനിടക്ക് ഹദീസ് നിവേദക പരമ്പര-സനദ് വിവരണത്തില്‍ അദ്ദേഹത്തിന് ചെറിയൊരു പിശക് പററി. ‘ഇബ്റാഹീമില്‍ നിന്ന് അബൂസുബൈര്‍ വഴി സുഫ്യാന്‍ നിവേദനം’ എന്നിങ്ങനെയാണ് പറഞ്ഞത്. ഉടനെ സദസ്സില്‍ നിന്ന് ഒരു കൊച്ചു കുട്ടി എഴുന്നേററ് പറഞ്ഞു. ‘അബൂ സൂബൈര്‍ ഇബ്റാഹീമില്‍ നിന്ന് ആ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.’ ഇത് കേട്ട് ദാഖിലി (റ) അമ്പരന്നു. അധ്യാപന ജീവിതത്തിലെ ആദ്യത്തെ അനുഭവം. താന്‍ പറഞ്ഞ സനദാണ് ശരി എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്. പക്ഷേ, വിദ്യാര്‍ഥി വിട്ടു കൊടുത്തില്ല. ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി മൂലഗ്രന്ഥം പരിശോധിച്ചു. അദ്ദേഹത്തിനു സ്വന്തം പിശകു ബോധ്യപ്പെട്ടു. ശരിയായ സനദ് ശിഷ്യന്മാരെ കേള്‍പിക്കുകയും ചെയ്തു. അബൂ സുബൈറിന്റെ സ്ഥാനത്ത് ‘സുബൈറുബ്നു അദിയ്യ്’ എന്നതായിരുന്നു വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയ തിരുത്ത്. മുഹമ്മദ്ബ്നു ഇസ്മാഈല്‍ ബുഖാരി (റ) ആയിരുന്നു ആ അവിസ്മരണീയ ബാലന്‍. അന്ന് അദ്ദേഹത്തിന്റെ പ്രായം കേവലം പതിനൊന്ന് വയസ്സ്.
നന്നേ ചെറുപ്പത്തില്‍ തന്നെ ഹദീസുകള്‍ തേടിപ്പിടിക്കാനും മനഃപാഠമാക്കാനും ആരംഭിച്ച ഇമാം ബുഖാരിയില്‍ ഓരോ ദിവസം കഴിയും തോറും അതിലുള്ള ഔത്സുക്യം കൂടിവന്നു. പണ്ഢിത സദസുകള്‍ ഒന്നു പോലും ഒഴിവാക്കിയില്ല. ഹദീസ് ശേഖരണത്തിലെന്ന പോലെ അവയുടെ പ്രാമാണികത നിര്‍ണയിക്കുന്നതിലും അതീവ ശുഷ്കാന്തി കാണിച്ചു. ഹദീസുകളുടെ ബലാബലം നിശ്ചയിക്കുന്നത് അവ റിപ്പോര്‍ട്ട് ചെയ്തവരുടെ അവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. ഹദീസുകളെന്ന പേരില്‍ കൈമാറി കിട്ടുന്ന വാചകങ്ങളും വിവരങ്ങളും ഖുര്‍ആനിന്നും സര്‍വാംഗീകൃതമായ സത്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകാനും പാടില്ല. അത് കൊണ്ട് തന്നെ ഹദീസ് പണ്ഢിതര്‍ ആ വക കാര്യങ്ങളിലും അവഗാഹം നേടേണ്ടതുണ്ട്. ഈ വിഷയത്തിലും മുന്‍നിരയിലായിരുന്നു ഇമാം ബുഖാരി (റ). ഹദീസ് നിവേദക പരമ്പരയിലെ ഓരോ വ്യക്തിയെപ്പററിയും അദ്ദേഹം അതിസൂക്ഷ്മമായി പഠിച്ചു. ഇത് മറെറാരു വിജ്ഞാന ശാഖയായി മാറുകയും ചെയ്തു. നിവേദകരുടെ നീതി ബോധം, വിശ്വസ്തത, സത്യസന്ധത, ഓര്‍മ ശക്തി, ജീവിത രീതി, താമസം, ജനനം, മരണം, നിവേദകര്‍ തമ്മില്‍ കാണല്‍, കാണാതിരിക്കല്‍, നിവേദക കണ്ണികളിലെ ചേര്‍ച്ച, വിടവ് തുടങ്ങി എല്ലാം ബുഖാരി പഠന വിധേയമാക്കി. ഹദീസ് വിജ്ഞാനീയങ്ങളില്‍ ആണ്ടിറങ്ങിയ അദ്ദേഹം ഒററ നോട്ടത്തില്‍ പരസ്പര വിരുദ്ധങ്ങളായി തോന്നാവുന്ന ഹദീസുകള്‍ കൂട്ടിയോജിപ്പിക്കുന്നതിലും ഹദീസുകളെ ഖുര്‍ആനികാശയങ്ങളുമായി ബന്ധിപ്പിക്കുന്നതിലും നിപുണനായിരുന്നു.
അക്കാലത്തെ ഒന്നാംനിര പണ്ഢിതരായ മുഹമ്മദ്ബ്നു സ്വലാമുല്‍ ബൈകന്ദി, മുഹമ്മദ്ബ്നു യൂസുഫുല്‍ ബൈകന്ദി, അബ്ദുല്ലാഹിബ്നു മുഹമ്മദുല്‍ മുസ്നദി, ഇബ്റാഹീമുല്‍ അശ്അശ് തുടങ്ങിയവരായിരുന്നു ബുഖാറയില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥന്മാര്‍. പതിനഞ്ച് വയസ്സായപ്പോഴേക്കും ഈ പണ്ഢിത ശ്രേഷ്ഠന്മാരില്‍ നിന്നെല്ലാമായി 70,000 ഓളം ഹദീസുകളും അവയുടെ നിവേദക പരമ്പരയും സ്വായത്തമാക്കി. ഇതിനു പുറമേ ഇബ്നുല്‍ മുബാറകിന്റെയും വകീഇന്റെയും ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കുകയും ഗവേഷണപടുക്കളായ പണ്ഢിതരുടെ വീക്ഷണങ്ങളും വിധികളും ഗ്രഹിക്കുകയും ചെയ്തു.
പിന്നീട്, ഇസ്ലാമിക കേന്ദ്രവും അറിവിന്റെ ഉദ്യാനവും പ്രവാചക ശ്രേഷ്ഠരുടെ പാദസ്പര്‍ശമേററനുഗൃഹീതവുമായ ഹിജാസിലേക്ക്. (മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവക്കു പൊതുവായ പേരാണ് ഹിജാസ്) ഹിജ്റ 210 ല്‍ ബുഖാരിയുടെ പതിനാറാം വയസിലായിരുന്നു ഈയാത്ര. ബുഖാറ വിട്ടുള്ള ആദ്യയാത്രയും ഇതു തന്നെ. ഉമ്മയോടും ജ്യേഷ്ഠ സഹോദരന്‍ അഹ്മദിനോടുമൊപ്പം ഇമാം മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജ് കഴിഞ്ഞ ശേഷം ഉമ്മയും സഹോദരനും നാട്ടിലേക്ക് മടങ്ങി. ബുഖാരി വിജ്ഞാന സമ്പാദനാര്‍ഥം മക്കയില്‍ തങ്ങി. അവിടത്തെ മഹാ പണ്ഢിതന്മാരെ ഓരോരുത്തരെയായി സമീപിച്ചു ഹദീസുകള്‍ കരസ്ഥമാക്കി. ഇമാം അബ്ദുല്‍വലീദ്, അഹ്മദ്ബ്നുല്‍ ഔറഖ്, അബ്ദുല്ലാഹിബ്നു യസീദ്, ഇസ്മാഈല്ബ്നു സാലിമിസ്സാനിഅ്, അബൂബക്ര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍, അല്ലാമാ ഹുമൈദി തുടങ്ങിയവരാണ് മക്കയില്‍ ഇമാം ബുഖാരിയുടെ ഗുരുവര്യന്മാര്‍.
തുടര്‍ന്ന് മദീനയിലേക്ക് തിരിച്ചു. ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നു വിജ്ഞാന കുതുകികള്‍ പ്രവാചക നഗരിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. ഹിജ്റ 212 ല്‍ പതിനെട്ടാം വയസ്സിലായിരുന്നു ബുഖാരിയുടെ മദീനാ യാത്ര. മദീനയിലെ അക്കാലത്തെ വിശ്രുത പണ്ഢിതരായിരുന്ന ഇബ്റാഹീമുബ്നു മുന്‍ദിര്‍, മുത്വ്റഫ്ബ്നു അബ്ദില്ല, ഇബ്റാഹീമുബ്നു ഹംസ, അബൂസാബിത് മുഹമ്മദ്ബ്നു ഉബൈദില്ലാഹില്‍ ഉവൈസി മുതലായവുടെ ശിഷ്യത്വം സ്വീകരിച്ചു. ഇക്കാലത്താണ് ഇമാം ബുഖാരിയുടെ ആദ്യ ഗ്രന്ഥമായ താരീഖുല്‍ കബീര്‍ വിരചിതമാകുന്നത്. റൌളാ ശരീഫിന്റെ ചാരത്തിരുന്ന് നിലാവുള്ള രാത്രികളിലായിരുന്നു ഗ്രന്ഥ രചന. ഹദീസ് നിവേദകരെ വസ്തു നിഷ്ഠമായി പരിചയപ്പെടുത്തുകയാണ് താരീഖുല്‍ കബീറില്‍. നിഷ്കൃഷ്ടമായ നിഷ്പക്ഷതയോടും ഗവേഷണാഭിമുഖ്യത്തോടും തയാറാക്കിയ താരീഖുല്‍ കബീര്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വലിയ ചരിത്ര ഗ്രന്ഥമാണ്. ഇമാം ബുഖാരിയിലെ പ്രാമാണികനായ ചരിത്രകാരനെ ഇതില്‍ നിന്നു വായിച്ചെടുക്കാം. താരീഖുല്‍ കബീറിനെ കൂടാതെ താരീഖുല്‍ ഔസത്വ്, താരീഖുസ്വഗീര്‍ എന്നീ ചരിത്ര ഗ്രന്ഥങ്ങളും ഇമാം ബുഖാരിയുടേതായുണ്ട്. ഹിജാസില്‍ ആറ് വര്‍ഷം താമസിച്ചു. ഒററ യാത്രയില്‍ തുടര്‍ച്ചയായിട്ടായിരുന്നില്ല ഈ ആറുവര്‍ഷ വാസം എന്നാണ് ചരിത്ര മതം.
ഹിജാസില്‍ നിന്ന് നേരെ പോയത് ബസ്വറയിലേക്കാണ്. ഹദീസ് വിജ്ഞാനീയങ്ങള്‍ക്ക് പേരുകേട്ട പ്രദേശമായിരുന്നു അന്ന് ബസ്വറ. അവിടെ വെച്ച് ഇമാം അബൂ ആസ്വിമുന്നബീല്‍, സ്വഫ്വാനുബ്നു ഈസാ, ബദലുബ്നുല്‍ മുഹീര്‍, ഹര്‍മബ്നു അമ്മാറഃ, ഹഫ്ഫാനുബ്നു മുസ്ലിം, മുഹമ്മദുബ്നു അറത്, സുലൈമാനുബ്നു ഹര്‍ബ്, അബുല്‍ വലീദിത്വയാലീസി, ആരിം, മുഹമ്മദ്ബ്നു സിനാന്‍ തുടങ്ങിയ പ്രതിഭാശാലികളുടെ ശിഷ്യത്വം സ്വീകരിച്ചു. ബസ്വറയിലേക്ക് നാല് തവണ തീര്‍ഥാടനം നടത്തിയിട്ടുണ്ട്. പിന്നീട് കൂഫയിലേക്ക്. അവിടെ പലതവണ പോയിട്ടുണ്ട്. അതു പോലെ ബഗ്ദാദിലേക്കും. “ഹദീസ് പണ്ഢിതരോടൊപ്പം ബഗ്ദാദിലും കൂഫയിലും പലകുറി ഞാന്‍ പോയിട്ടുണ്ട്. എത്രയെന്ന് എനിക്കു തിട്ടമില്ല”. എന്നു ബുഖാരിയെ അദ്ദേഹത്തിന്റെ എഴുത്തുകാരനായ വര്‍റാഖ് ഉദ്ധരിച്ചിട്ടുണ്ട്. കൂഫയില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥരില്‍ ചിലരുടെ പേരുകള്‍ ഇമാം നവവി (റ) തന്റെ തഹ്ദീബുല്‍ അസ്മാഇ വ ല്ലുഗാത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മൂസാ, അബൂ നഈം അഹ്മദ്ബ്നു യഅ്ഖൂബ്, ഇസ്മാഈലുബ്നു അബാന്‍, ഖാലിദ്ബ്നുല്‍ മുഖല്ലദ്, സഈദുബ്നു ഹഫ്സ്, ത്വല്‍ഖ്ബ്നു ഗിനാം, ഉമറുബ്നു ഹഫ്സ്, ഉര്‍വതുബ്നു ബബീസ്വതുബ്നു അഖബത്, അബൂഗസാന്‍ എന്നിവരാണവര്‍.
അക്കാലത്ത് അബ്ബാസിയാ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു ബഗ്ദാദ്. ഭരണാധികാരികള്‍ മുന്തിയ പരിഗണന നല്‍കിയിരുന്നതിനാല്‍ വൈജ്ഞാനിക വിളനിലമായി മാറിയിരുന്ന അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പണ്ഢിതരും പ്രതിഭാശാലികളും ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പലിനെ പോലുള്ള വിശ്വപ്രതിഭകളുടെ സാന്നിധ്യവും ഇമാം ബുഖാരിയെ ഇവിടേക്കാകര്‍ഷിച്ചു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍, മുഹമ്മദ്ബ്നു ഈസാ സ്വബാഹ്, മുഹമ്മദ്ബ്നു സാഇഖ്, ശരീഹുബ്നു അഅ്മാന്‍ (റ) എന്നിവര്‍ ബഗ്ദാദില്‍ ഇമാം ബുഖാരിയുടെ ഗുരുനാഥന്മാരില്‍ പ്രമുഖരാണ്.
പരമ സാത്വികരായ പ്രതിഭാശാലികളെ കൊണ്ടനുഗൃഹീതമായിരുന്ന ബഗ്ദാദില്‍, പക്ഷേ, സ്വഭാവ ശുദ്ധിയില്ലാത്ത പണ്ഢിത വേഷധാരികളുമുണ്ടായിരുന്നു. ഇമാം ബുഖാരിയുടെ പ്രശസ്തിയിലും അവിടുത്തെ വിജ്ഞാന സദസുകളിലേക്കുള്ള അഭൂത പൂര്‍വമായ ജനപ്രവാഹത്തിലും അസൂയ പൂണ്ട അവര്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു. അവര്‍ ഒരു സ്വീകരണ സദസ്സൊരു’ക്കി ബുഖാരിയെ അവിടേക്കാനയിച്ചു. അദ്ദേഹത്തെ പരീക്ഷിക്കാനുദ്ദേശിച്ച് പത്ത് പണ്ഢിതരെ ശട്ടം കെട്ടി. അവര്‍ ആറ് ഹദീസുകള്‍ തെരഞ്ഞെടുത്ത് അവയുടെ മത്നും (മൂലവാക്യം) സനദും (നിവേദക പരമ്പരയും) പരസ്പരം കൂട്ടിക്കുഴച്ചു സദസുമുമ്പാകെ അവതരിപ്പിച്ചു. ശേഷം അവയെപ്പററി ഇമാം ബുഖാരിയോട് ചോദിച്ചു. ‘എനിക്കറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവര്‍ കാത്തിരുന്നതും ഈ മറുപടിയായിരുന്നു. സദസിനും ബുഖാരിയോടുള്ള മതിപ്പ് കുറയാന്‍ ഇതിടയാക്കി. പക്ഷേ, ഒട്ടും സമയം കളയാതെ ഇമാം ബുഖാരി ആ പണ്ഢിതര്‍ നിരത്തിയ പരമ്പരയുടെ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ശരിയായ സനദ് സഹിതം ആ ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തു. ഇതോടെ ഇമാമിന്റെ പദവിയും പാണ്ഢിത്യവും ബോധ്യപ്പെട്ട സദസ് ഒന്നടങ്കം അദ്ദേഹത്തെ പ്രശംസിച്ചു. ഗൂഢാലോചകരായ പരീക്ഷകര്‍ക്കും അവര്‍ക്കൊപ്പം ചേരാതിരിക്കാനായില്ല.
എട്ടാമത്തേയും അവസാനത്തേയും ബഗ്ദാദ് യാത്ര കഴിഞ്ഞ് യാത്ര ചോദിക്കാന്‍ ചെന്നപ്പോള്‍ ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) വളരെ ദുഃഖിക്കുകയുണ്ടായി. ബുഖാരി ബഗ്ദാദില്‍ സ്ഥിരതാമസമാക്കണമെന്നാണ് ഇമാം ആഗ്രഹിച്ചിരുന്നത്.
ബഗ്ദാദില്‍ നിന്നു നേരെ പോയത് ശാമിലേക്ക്. അവിടെ വച്ച് യൂസുഫ്ബ്നുല്‍ ഫര്‍യാബി, അബൂ നസ്വ്ര്‍ ഇസ്ഹാഖ്ബ്നു ഇബ്രാഹിം, ആദമുബ്നു അബീ ഇയാസി, അബുല്‍ യമാനില്‍ ഹകമിബ്നു നാഫിഅ്, ഹയാതുബ്നു ശരീഹ് തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു.
പിന്നീട് ഈജിപ്തിലേക്കു തിരിച്ച ബുഖാരി അവിടെ ഉസ്മാനുബ്നു സ്വാനിഅ്, സഈദുബ്നു അബീമര്‍യം, അബ്ദുല്ലാഹിബ്നു സ്വാലിഹ്, അഹ്മദുബ്നു സ്വാലിഹ്, അഹ്മദുബ്നു ശബീബ്, അസ്വ്ബഗുബ്നുല്‍ ഫറജ്, സഈദുബ്നു അബീഈസാ, സഈദുബ്നു കസീറുബ്നു ഗഫീര്‍, യഹ്യബ്നു അബ്ദില്ലാഹിബ്നു ബുകൈര്‍ എന്നീ ഗുരുനാഥന്മാരില്‍ നിന്ന് അറിവ് നുകര്‍ന്നു.
തുടര്‍ന്ന് ജസീറത്തിലേക്കു പോയ ബുഖാരി അഹ്മദുബ്നു അബ്ദില്‍ മലികില്‍ ഹറാനി, അഹ്മദുബ്നു യസീദില്‍ ഹറാനി, അംറുബ്നു ഖലഫ്, ഇസ്മാഈലുബ്നു അബ്ദില്ലാഹില്‍ റഖി തുടങ്ങിയ പണ്ഢിതരുടെ ശിഷ്യത്വം നേടി. ഖുറാസാനിലും അയല്‍ നാടുകളിലും ചുററിസഞ്ചരിച്ച് നിരവധി ഗുരുവര്യന്മാരെ സമ്പാദിച്ചു. അതുപോലെ നൈസാബൂരിലും പര്യടനം നടത്തി പ്രമുഖ പണഢിതന്മാരില്‍ നിന്ന് ഹദീസുകള്‍ കരസ്ഥമാക്കി. രാജോചിതമായ വരവേല്‍പാണ് ബുഖാരിക്ക് നൈസാബൂരില്‍ ലഭിച്ചത്. ജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ സ്വീകരണ പരിപാടിയുടെ മുന്‍നിരയിലുണ്ടായിരുന്നത് സ്വന്തം ഗുരുവര്യന്‍ മുഹമ്മദുബ്നു യഹ്യദ്ദുഹ്ലി (റ) തന്നെയായിരുന്നു. നൈസാബൂരില്‍ ഇമാം മുഹമ്മദ്ബ്നു യഹ്യദ്ദുഹ്ലി (റ) യുടെ ശിഷ്യനായിരിക്കുമ്പോള്‍ തന്നെ ഇമാം മുസ്ലിമിനെ പോലുള്ള വിശ്വപ്രതിഭകളുടെ ഗുരുനാഥനുമായിരുന്നു ബുഖാരി. അദ്ദേഹത്തിന്റെ വിജ്ഞാന സദസ്സില്‍ പങ്കുകൊള്ളാന്‍ ഉസ്താദ് ദുഹ്ലി ജനങ്ങളെ ആഹ്വാനം ചെയ്തു. ആ വിജ്ഞാന സദസ് അനുദിനം വലുതായിക്കൊണ്ടിരുന്നു. പക്ഷേ, അസൂയാലുക്കള്‍ അവിടെയും തലപൊക്കി. അവര്‍ ബുഖാരിക്കെതിരെ പലതരം കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. ജനം അതെല്ലാം പുച്ഛിച്ചു തള്ളി. എന്നാല്‍ താന്‍ മുഖേന സമൂഹത്തില്‍ ഛിദ്രതയുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ബുഖാരി താമസിയാതെ നൈസാബൂരിനോട് വിട പറഞ്ഞു. നേരെ പോയത് ജന്മനാടായ ബുഖാറയിലേക്കാണ്. ഓമന പുത്രന്റെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് ബുഖാറ വാസികളെ ഉള്‍പുളകമണിയിച്ചു. വന്‍ വരവേല്‍പാണ് ബുഖാരിക്ക് പിറന്ന മണ്ണില്‍ ലഭിച്ചത്. ഇമാം തിരിച്ചെത്തിയതറിഞ്ഞ് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് വിജ്ഞാന കുതുകികള്‍ ബുഖാറയിലേക്ക് പ്രവഹിച്ചു.
ഇമാം ബുഖാരിയുടെ അധ്യാപന വേദികള്‍ വിജ്ഞാനത്തിന്റെ മഹാപ്രവാഹവും ഫത്വകള്‍ ഖണ്ഡിതവുമായിരുന്നു. ഹദീസ് ശാസ്ത്രത്തില്‍ അക്കാലത്തെ അഗ്രേസരന്മാര്‍ കേട്ടിട്ടു പോലുമില്ലാത്ത വിജ്ഞാന മുത്തുകള്‍ അദ്ദേഹം ആര്‍ജിച്ചിരുന്നു. ബുഖാരിയുടെ ദര്‍സിനും മതവിധികള്‍ക്കുമായി തലമുതിര്‍ന്ന പണ്ഢിതരുള്‍പെടെ അത്യാഗ്രഹം പ്രകടിപ്പിക്കുകയും അതിനായി അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇമാം ഒരു നിമിഷം പോലും വിനയം കൈവെടിഞ്ഞില്ല.
ഗുരുനാഥന്മാരും സമകാലിക പണ്ഢിതരും ഇമാം ബുഖാരിയുടെ പ്രതിഭാത്വവും പദവിയും മനസ്സിലാക്കിയതിനാല്‍ അദ്ദേഹം തങ്ങളുടെ സദസ്സിലിരിക്കുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു. നിവേദക പരമ്പരയില്‍ പിഴവ് സംഭവിക്കുമോ എന്ന ഭയം കൊണ്ട് വളരെ കരുതലോടെയായിരുന്നു അവര്‍ ഹദീസുകള്‍ ഉദ്ധരിച്ചിരുന്നത്. സമകാലീനര്‍ അവരവരുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരിയെ കാണിച്ച് പ്രാമാണികത ഉറപ്പുവരുത്തുമായിരുന്നു.
രാപ്പകല്‍ ഭേദമന്യെ വിജ്ഞാന സമ്പാദനത്തില്‍ മുഴുകിയ ഇമാം ബുഖാരിയുടെ നാവും ഹൃദയവും സദാ പരിശുദ്ധ ഹദീസുകള്‍ കൊണ്ട് ആര്‍ദ്രമായിരുന്നു. ആര്‍ജിച്ച അറിവുകള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ സൂക്ഷിക്കുന്നതിലും അതീവ ശുഷ്ക്കാന്തി കാണിച്ചു. രാത്രി പലതവണ ഉണര്‍ന്നെഴുന്നേററ് ഓര്‍മയിലെ വിജ്ഞാന ശകലങ്ങള്‍ എഴുതിവയ്ക്കാറുണ്ടായിരുന്നു.
“ആയിരവും അതിലധികവും പണ്ഢിതന്മാരില്‍ നിന്ന് ഞാന്‍ ഹദീസുകള്‍ സ്വീകരിച്ചിട്ടുണ്ട്. നിവേദക പരമ്പരയോടു കൂടിയല്ലാതെ ഒരു ഹദീസ് പോലും എന്റെ പക്കലില്ല.” എന്ന് ഇമാം ബുഖാരി പറഞ്ഞതായി ജഅ്ഫറുബ്നു മുഹമ്മദില്‍ ഖത്വാന്‍ രേഖപ്പെടുത്തുന്നു.(താരീഖ് ബഗ്ദാദ് 2/3) ‘അതിലധികവും’ എന്ന പ്രയോഗത്തില്‍ എണ്ണൂറോളം പണ്ഢിതര്‍ വരുമെന്ന് ചരിത്രം പറഞ്ഞു തരുന്നു.
ഹദീസ് തേടിപ്പിടിക്കുകയെന്നത് പോലെ അതിന്റെ ബലാബലങ്ങള്‍ നിര്‍ണയിക്കുന്നതിലും അതീവ നൈപുണ്യം ഇമാം ബുഖാരിക്കുണ്ടായിരുന്നു. ഹദീസ് ശാസ്ത്രത്തില്‍ അത്യഗാധമായ പരിജ്ഞാനമുള്ളവര്‍ക്കേ ഹദീസുകളുടെ നിജസ്ഥിതി കണ്ടെത്താനാകൂ. ബാഹ്യമായി എല്ലാം സുരക്ഷിതമായിരിക്കെ ഹദീസുകളുടെ പ്രാമാണികതയെയും സ്വീകാര്യതയെയും ബാധിക്കുന്ന അതിസൂക്ഷ്മ ഘടകങ്ങള്‍/കാരണങ്ങള്‍ എന്ന് നിര്‍വചിക്കപ്പെട്ടിട്ടുള്ള ‘ഇലല്‍’ ഗ്രഹിക്കുന്നതില്‍ ഇമാം ബുഖാരി മറെറല്ലാ മുഹദ്ദിസുകളെയും കവച്ചു വെച്ചിരുന്നു. ഹാഫിള് അഹ്മദുബ്നു ഹംദൂന്‍ പറയുന്നു: ഒരു മരണച്ചടങ്ങില്‍ ഞാന്‍ ബുഖാരിയെ കാണാനിടയായി. മുഹമ്മദുബ്നു യഹ്യദ്ദുഹ്ലി നിവേദകരെ പററിയും ഹദീസിലെ ‘ഇലലിനെ പററിയും അദ്ദേഹത്തോട് ചോദിക്കുന്നു. അതിന് അമ്പിന്റെ വേഗത്തിലായിരുന്നു ബുഖാരിയുടെ വിവരണം. അദ്ദേഹം ‘ഖുല്‍ഹുവല്ലാഹു’ ഓതുന്നത് പോലെ തോന്നി.(മുഖദിമതുല്‍ ഫത്ഹ് 4 : 88, മുഖദ്ദിമതു ഖസ്ത്വല്ലാനി 1 : 30) അത്രയും എളുപ്പത്തില്‍ എന്നു വിവക്ഷ.
അബൂഹാമിദുല്‍ അഅ്മശി പറയുന്നു: നൈസാബൂരില്‍ ഒരിക്കല്‍ ഞങ്ങള്‍ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരിയുടെ അരികിലായിരിക്കെ മുസ്ലിമുബ്നു ഹജ്ജാജ് വന്ന് ‘നബി (സ്വ) ഞങ്ങളെ ഒരു സമരത്തിന് അയച്ചു. ഞങ്ങളോടൊപ്പം അബൂഉബൈദതും ഉണ്ടായിരുന്നു……..’ എന്ന ഉബൈദുല്ലാഹിബ്നു ഉമര്‍ വഴി സുബൈര്‍ വഴി ജാബിര്‍ വഴി ഉദ്ധരിക്കപ്പെട്ട ഹദീസിനെപററി ചോദിച്ചു. താബിഅ് ആയ ഉബൈദുല്ലാഹിബ്നു ഉമറിന്റെ മുമ്പുള്ള നിവേദകരെ ഒഴിവാക്കി കൊണ്ടാ (മുഅല്ലഖ്) യിരുന്നു ചോദ്യകര്‍ത്താവ് ഹദീസ് ഉദ്ധരിച്ചത്. ബുഖാരിക്ക് ആ ഹദീസ് അറിയുമോ, അറിയുമെങ്കില്‍ നിവേദക പരമ്പര കൈവശമുണ്ടോ, ഉണ്ടെങ്കില്‍ അത് ന്യൂനമോ (മുഅല്ലല്‍) അന്യൂനമോ( സ്വഹീഹ്), ന്യൂനമാണെങ്കില്‍ ന്യൂനതയുടെ സ്വഭാവത്തെപററി അറിയുമോ എന്നെല്ലാം പരിശോധിക്കുകയാകാം ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം. ബുഖാരിയാകട്ടെ ആ നിമിഷം തന്നെ പൂര്‍ണ പരമ്പരയോടെ (മുത്തസ്വില്‍) ഹദീസ് മുഴുവനായും ചൊല്ലി. ‘ഇബ്നു അബീ ഉവൈസ് വഴി സഹോദരന്‍ സുലൈമാനുബ്നു ബിലാല്‍ വഴി ഉബൈദുല്ലാഹിബ്നു ഉമര്‍ വഴി……. എന്നിങ്ങനെ നിവേദക പരമ്പര പൂര്‍ത്തീകരിച്ചു കേള്‍പിച്ചു. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘ഹദീസുകളുടെ ‘ഇലലി’ നെയും നിവേദക പരമ്പരയെയും പററി ബുഖാരിയേക്കാള്‍ സൂക്ഷ്മ ജ്ഞാനമുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല’ എന്നാണ് ഇമാം തുര്‍മുദി അഭിപ്രായപ്പെട്ടിട്ടുള്ളത്.
ആളുകളുടെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിക്കാനോ പരസ്യപ്പെടുത്താനോ പാടില്ല. വലിയ പാതകമായിട്ടാണ് ഇസ്ലാം ഇതിനെ കാണുന്നത്. എന്നാല്‍ പവിത്രമായ ലക്ഷ്യങ്ങള്‍ക്കും പൊതു നന്മക്കും വേണ്ടി ചിലപ്പോഴിത് വേണ്ടിവരും. അപ്പോഴും ആവശ്യത്തിലധികം ഒരു അണുത്തൂക്കം പോലും പാടില്ല. ഇങ്ങനെ വ്യക്തി നിരൂപണത്തിന് അധികാരം നല്‍കപ്പെട്ടവരാണ് ഹദീസ് പണ്ഢിതരും ന്യായാധിപന്മാരും. വ്യാജവാര്‍ത്തകളില്‍ നിന്ന് വിശുദ്ധ ഹദീസ് വേര്‍തിരിച്ച് മനസ്സിലാക്കപ്പെടണമെങ്കില്‍ ലക്ഷണമൊത്ത സത്യസന്ധരായ വ്യക്തികളിലൂടെ അത് കൈമാറിക്കിട്ടേണ്ടതുണ്ട്. അത് കൊണ്ടുതന്നെ കൈമാററ പ്രക്രിയയില്‍ കണ്ണികളായ ആളുകളെ നിഷ്കൃഷ്ടമായി നിരൂപണ വിധേയമാക്കപ്പെടണം. അതേസമയം അത് വ്യക്തിഹത്യയായി മാറുകയുമരുത്. ഈ വിഷയത്തിലും അതീവ സൂക്ഷ്മത പുലര്‍ത്തിയ മുഹദ്ദിസായിരുന്നു ഇമാം ബുഖാരി. ഇസ്ലാമിക വ്യക്തിത്വവും ഉന്നത പദവിയും വിളിച്ചോതുന്നതായിരുന്നു ഇമാമിന്റെ രീതികള്‍. നിരൂപിക്കപ്പെടുന്ന വ്യക്തിക്കെതിരെ തിരിയാന്‍ മററുള്ളവര്‍ക്ക് അവസരം കൊടുക്കാത്ത അളന്നു മുറിച്ച പരാമര്‍ശങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഹദീസ് സ്വീകരിക്കാന്‍ അസ്വീകാര്യരായി താന്‍ ഗണിച്ച നിവേദകരെ പററിയുള്ള ബുഖാരിയുടെ പ്രയോഗങ്ങള്‍ കാണുക: ‘അവര്‍ അദ്ദേഹത്തെ വിട്ടു കളഞ്ഞിട്ടുണ്ട്. (തറകഹൂ), ‘ജനം അദ്ദേഹത്തെ നിരാകരിച്ചു.’ (അന്‍കറഹുന്നാസ്), ഒഴിവാക്കപ്പെട്ടവന്‍ (അല്‍മത്റൂകു), ‘കൊള്ളരുതാത്തവന്‍’ (സാഖിത്വ്), ‘അദ്ദേഹത്തെപ്പററി സംശയമുണ്ട്. (ഫീഹി നളറുന്‍), ‘അദ്ദേഹത്തെപ്പററി അവര്‍ മൌനമവലംബിച്ചു’ (സഖതൂ അന്‍ഹു).
ഇമാം ബുഖാരി പരമാവധി പറഞ്ഞത് ‘മുന്‍കിറുല്‍ ഹദീസ്’ എന്നാണ്. ‘ഹദീസ് നിഷേധി/ഹദീസിനെ കളങ്കപ്പെടുത്തുന്നവന്‍’ എന്നൊക്കെ പരിഭാഷപ്പെടുത്തിയാല്‍ പൂര്‍ണമാകണമെന്നില്ല. ഇമാം ബുഖാരി ഒരാളെ പററി ‘മുന്‍കിറുല്‍ ഹദീസ്’ എന്നു നിരൂപിച്ചാല്‍ അയാളില്‍ നിന്ന് ഹദീസ് ഉദ്ധരിക്കാന്‍ പാടില്ല. ‘നിവേദകരില്‍ ഒരാളെപ്പററി അഭിപ്രായ ഭിന്നതയുള്ളതിനാല്‍ പതിനായിരം ഹദീസുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. മറെറാരാളെപററി അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ അത്രതന്നെയോ അതിലധികമോ ഹദീസുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരിക്കല്‍ ഇമാം ബുഖാരി പറയുകയുണ്ടായി. (ഒരു നിവേദക പരമ്പരയില്‍ ഒഴിവാക്കിയ ഹദീസ് കുററമററ മറെറാരു പരമ്പരയിലൂടെ സ്വീകരിക്കാം.)
ഇമാം ബുഖാരിയുടെ വിജ്ഞാന സദസുകള്‍ അതിവേഗം പ്രചുരപ്രചാരം നേടിക്കൊണ്ടിരുന്നു. കാല്‍വെക്കാനിടമില്ലാത്ത വിധം നാനാദിക്കുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ കൊണ്ടവ നിറഞ്ഞു കവിഞ്ഞിരുന്നു. ബസ്വറ, ബഗ്ദാദ്, ബുഖാറ, സമര്‍ഖന്ദ് തുടങ്ങി ഒട്ടനവധി നഗരങ്ങളില്‍ ബുഖാരിയുടെ ദര്‍സുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവസാന കാലത്ത് ജന്മനാട് കേന്ദ്രീകരിച്ചായിരുന്നു ദര്‍സുകള്‍.
മുമ്പ് ബഗ്ദാദില്‍ ഉണ്ടായത് പോലെയുള്ള ഒരു ദുരനുഭവം സമര്‍ഖന്ദിലും ബുഖാരിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ നാനൂറോളം പണ്ഢിതരാണ് ഹദീസുകളുടെ മൂലവാക്യവും നിവേദക പരമ്പരയും കൂട്ടിക്കുഴച്ച് പരീക്ഷണത്തിനു മുതിര്‍ന്നിരുന്നത്. പക്ഷേ, അവരുടെ എല്ലാ ഗൂഢ തന്ത്രങ്ങളും വിഫലമാക്കികൊണ്ട് ഇമാം വിജയശ്രീലാളിതനായി.
ബുഖാരിയുടെ ശിഷ്യന്മാര്‍ക്ക് കയ്യും കണക്കുമില്ല. തലമുറ തലമുറകളായി അവരിലൂടെ അറിവിന്റെ പൊന്‍പ്രഭ ലോകത്തെല്ലായിടത്തുമെത്തി. ‘സ്വഹീഹുല്‍ ബുഖാരി ഗ്രന്ഥകാരനില്‍ നിന്നു തന്നെ അറുപതിനായിരം പേര് കേട്ടിട്ടുണ്ട്’ എന്നു ഇമാം ഫര്‍ബരി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന വിശ്വ പ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്ലിമിന്റെ കര്‍ത്താവായ ഇമാം മുസ്ലിമുല്‍ ഹജ്ജാജ്, ഇമാം അബൂ ഈസത്തുര്‍മുദി, ഇമാം നസാഈ, ഇമാം ഫര്‍ബരി, ഇമാം ദാരിമി, മുഹമ്മദ്ബ്നു നസ്വ്റുല്‍ മര്‍വസി, ഇമാം അബൂഹാതിമുര്‍റാസി, ഇമാം ഇബ്റാഹീമുല്‍ ഖര്‍ഖി, ഹാഫിള് അബൂബക്ര്‍ ബിന്‍ അബീ ആസ്വിം, ഇബ്നു ഖുസൈമ, അബൂ ജഅ്ഫര്‍ മുഹമ്മദ്ബ്നു അബീഹാതിമില്‍ വര്‍റാഖി (ഇമാം ബുഖാരിയുടെ എഴുത്തുകാരന്‍), അബൂ അബ്ദില്ല ഹുസൈന്‍ ബിന്‍ ഇസ്മാഈലുല്‍ മഹാമിലി, അബൂ ഇസ്ഹാഖ് ഇബ്റാഹീം ബിന്‍ മഅ്ഖലിന്നസഫി ഇങ്ങനെ പോകുന്നു ഇമാം ബുഖാരിയുടെ ശിഷ്യന്മാരുടെ നീണ്ട നിര. ഇവരത്രയും ലോക പ്രശസ്ത മുഹദ്ദിസുകളും കര്‍മ ശാസ്ത്ര വിശാരദരുമാണ്.
വിശുദ്ധ ഖുര്‍ആനിന്റെ തൊട്ടു പിറകിലായി മുസ്ലിം ലോകം അവലംബിക്കുന്ന ഗ്രന്ഥം ‘സ്വഹീഹുല്‍ ബുഖാരി’ ആണെന്നത് വസ്തുതയാണ്. ഇമാം ബുഖാരിയുടെ മാസ്റ്റര്‍ പീസും ഇത് തന്നെ. തീര്‍ത്തും പ്രബലമായ ഹദീസുകള്‍ മാത്രം ഉള്‍പ്പെടുത്തി രചന നടത്താന്‍ ഗുരുവര്യന്‍ ഇസ്ഹാഖ്ബ്നു റാഹ വൈഹി (റ) യാണ് ഇമാം ബുഖാരിയെ പ്രേരിപ്പിച്ചത്. അതിസൂക്ഷ്മമായ അനേകം മാനദണ്ഡങ്ങള്‍ വെച്ച്, ഇമാം ഹദീസുകള്‍ വേര്‍തിരിക്കാന്‍ തുടങ്ങി. അങ്ങനെ പരിനാറ് വര്‍ഷത്തെ അതിസാഹസിക യത്നങ്ങളിലൂടെ ആറ് ലക്ഷം ഹദീസുകളില്‍ നിന്ന് 7275 ഹദീസുകള്‍ അദ്ദേഹം ഗ്രന്ഥ രൂപത്തിലാക്കി. ‘അല്‍ ജാമിഉല്‍ മുസ്നദു സ്വഹീഹുല്‍ മുഖ്തസ്വറു മിന്‍ ഉമൂരി റസൂലില്ലാഹി വസുനനിഹി’ എന്നു പേരിടുകയും ചെയ്തു. (ഹദീസുകളുടെ എണ്ണം കണക്കാക്കുന്നത് അവ കൈമാറിക്കിട്ടിയ വഴികളെ അടിസ്ഥാനമാക്കിയാണ്. ഒരു ഹദീസ് പത്ത് പരമ്പരകളിലൂടെ വന്നാല്‍ അത് പത്തെണ്ണമായാണ് ഗണിക്കുക; ഹദീസ് ഉദ്ധരിക്കുന്നത് പത്തു പേരാകുമ്പോള്‍ വിശേഷിച്ചും)
ബുഖാരിക്ക് 80 ല്‍ പരം വ്യാഖ്യാനങ്ങളുണ്ട് അവയില്‍ ഏററവും പ്രബലം ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി (റ) (ഹിജ്റ 773-852) യുടെ ഫത്ഹുല്‍ ബാരിയാണ്.
ഹദീസുകള്‍ ശേഖരിക്കുന്നതിലും ബലാബലം നിര്‍ണയിച്ച് സൂക്ഷിക്കുന്നതിലും വ്യാപൃതനായ ഇമാം ബുഖാരി അവയനുസരിച്ച് ജീവിതം നയിക്കുന്നതിലും അതീവ തല്‍പരനായിരുന്നു. ‘ഹദീസ് മനഃപാഠമാക്കണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍ അത് കൊണ്ട് ‘അമല്‍ ചെയ്യുക’ എന്ന ഇമാം വകീഇന്റെ വാക്കുകള്‍ ബുഖാരിയെ ആഴത്തില്‍ സ്വാധീനിച്ചു. അമ്പെയ്ത്തിനെപ്പററിയുള്ള ഹദീസുകള്‍ പോലും അദ്ദേഹം പ്രാവര്‍ത്തികമാക്കുകയുണ്ടായി. ആരാധനാ കര്‍മങ്ങള്‍ക്കൊപ്പം സാമൂഹിക സേവനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ബുഖാരി നിരതമായിരുന്നത് തനിക്കു ലഭിച്ച ഹദീസുകളുടെ പ്രയോഗവത്ക്കരണം ലക്ഷ്യമാക്കി കൂടിയായിരുന്നു. നബി (സ്വ) അഹ്സാബ് യുദ്ധത്തില്‍ സ്വകരങ്ങള്‍ കൊണ്ട് സ്വഹാബാക്കള്‍ക്കൊപ്പം കിടങ്ങ് കീറുകയും മസ്ജിദുന്നബവിയുടെ നിര്‍മാണ വേളയില്‍ കല്ലുകളും ഇഷ്ടികകളും തലയില്‍ ചുമക്കുകയും ചെയ്തിരുന്നു. ഇതിനെ മാതൃകയാക്കികൊണ്ടെന്നോണം, പിതാവ് അല്ലാമാ ഇസ്മാഈല്‍ (റ) ബുഖാറ നഗരത്തിനു പുറത്ത് പണിയുന്ന സത്ര- റിബാത്വ്-ത്തിനായി ഇമാം ബുഖാരി നിര്‍മാണ സാമഗ്രികള്‍ ചുമക്കുകയും പടവുകാര്‍ക്ക് ഇഷ്ടികകള്‍ ഉയര്‍ത്തിക്കൊടുക്കുകയും ചെയ്തിരുന്നു. ഈ പട്ടിക നീണ്ടതാണ്.
റമളാന്‍ ആദ്യ രാത്രിയായാല്‍ ആളുകള്‍ ഇമാം ബുഖാരിയുടെ സവിധത്തില്‍ സമ്മേളിക്കും. ബുഖാരി അവരെക്കൂട്ടി നിസ്കരിക്കും. ഓരോ റക്അത്തിലും ഇരുപത് വീതം ആയത്തുകള്‍ ഓതും. അങ്ങനെ ഖത്മ് ചെയ്യും. അത്താഴ സമയത്ത് ഖുര്‍ആന്‍ പാതിക്കും മൂന്നിലൊന്നിനുമിടയില്‍ ഭാഗം പാരായണം ചെയ്യും. മൂന്ന് ദിവസമാകുമ്പോള്‍ അത്താഴ സമയത്ത് തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്യും. ഇതു പോലെ റമളാന്‍ പകലിലും ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇഫ്ത്വാര്‍ സമയത്താണ് ഖത്മ് ചെയ്യാറുള്ളത്. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. ഇമാം ബുഖാരി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. പ്രാര്‍ഥിച്ചിട്ട് ഉത്തരം കിട്ടാത്ത ഒരവസ്ഥയില്‍ മുസ്ലിംകള്‍ ഒരിക്കലുമായിക്കൂടെന്ന് ഇമാം ഉണര്‍ത്താറുണ്ടായിരുന്നു. മനുഷ്യന്റെ ഭക്ഷണം ഹലാല്‍ ആകണമെന്നും സംസാരം സത്യമാകണമെന്നും ഹൃദയം സദാ അല്ലാഹുവിനെ ഭയന്നും സ്നേഹിച്ചും കൊണ്ടാകണമെന്നും ഈ വക കാര്യങ്ങളില്‍ അവര്‍ ഒരിക്കലും അശ്രദ്ധരാകരുതെന്നും ബുഖാരി ഉദ്ബോധിപ്പിച്ചു. പല പ്രവൃത്തികളിലും ഏര്‍പ്പെടുന്നതും പ്രയാസങ്ങള്‍ സഹിക്കുന്നതും ഇമാം ബുഖാരിയുടെ പ്രകൃതമായിരുന്നു. സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയും മറെറാരാളെ കൊണ്ട് ചെയ്യിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
ബുഖാരിക്ക് പിതാവില്‍ നിന്ന് അനന്തരാവകാശമായി വലിയ സ്വത്ത് ലഭിച്ചിരുന്നു. പിതാവിനെ പോലെ തന്നെ അദ്ദേഹവും ഹറാമും ശുബ്ഹതും കലരാതെ വളരെ സൂക്ഷ്മതയോടെ അവ കൈകാര്യം ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളില്‍ അവശതയനുഭവിക്കുന്നവരെ കൈയയച്ചു സഹായിച്ചു. ഓരോ മാസവും അനാഥര്‍ക്കും അഗതികള്‍ക്കും മററുമായി അഞ്ഞൂറ് ദിര്‍ഹം ദാനം ചെയ്യുമായിരുന്നു.
ജീവിതം ഹദീസ് വിജ്ഞാനീയങ്ങള്‍ക്കായി ഉഴിഞ്ഞു വെച്ചതിനാല്‍ സ്വത്ത് കച്ചവടത്തിനു കൊടുക്കുകയാണുണ്ടായത്; ലാഭത്തിന്റെ നിശ്ചിത വിഹിതം പങ്കുവയ്ക്കുകയെന്ന വ്യവസ്ഥയില്‍. ഒരാള്‍ മൂലധനമിറക്കുകയും മറേറയാള്‍, കച്ചവടത്തിലേര്‍പ്പെടുകയുമെന്ന ‘മുളാറബത്’ എന്ന ഇനം ഇടപാടായിരുന്നു നടത്തിയിരുന്നത്. ഈ വിഷയത്തില്‍ പിതാവ് അല്ലാമാ ഇസ്മാഈലിന്റെ പാത പിന്തുടരുകയായിരുന്നു ബുഖാരി. വലിയ സമ്പന്നനായിരുന്നിട്ടും, പിതാവിനെ പോലെ ലളിത ജീവിതമാണ് ഇമാം നയിച്ചിരുന്നത്. ക്ഷമയും സഹനവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഇമാം ബുഖാരി വിവാഹ ജീവിതം നയിച്ചിരുന്നതായോ സന്താനങ്ങളുണ്ടായിരുന്നതായോ അറിവില്ല. പല മഹാന്മാരുടേയും ജീവ ചരിത്രങ്ങളിലെന്നപോലെ ബുഖാരിയുടെ കാര്യത്തിലും ഈ ഭാഗം പരാമര്‍ശിക്കപ്പെടാതെ പോവുകയാണുണ്ടായത്. മിശ്കാതുല്‍ മസ്വാബീഹിന്റെ കര്‍ത്താവായ വലിയ്യുദ്ദീനില്‍ ഖത്വീബും (ശറഹ് മിശ്കാത്ത്) മുല്ലാ അലിയ്യുല്‍ ഖാരിയും പറയുന്നത് ബുഖാരിക്ക് മക്കളുണ്ടായിരുന്നില്ല എന്നാണ്. അല്ലാമാ അജലൂനിയാകട്ടെ ഇമാമിന്റെ വിവാഹത്തിലും ഉറപ്പ് പറയുന്നില്ല. പിന്നെ അബൂ അബ്ദില്ല (അബ്ദുല്ലയുടെ പിതാവ്) എന്ന് എങ്ങനെ ഓമനപ്പേരുണ്ടായി? സംശയം സ്വാഭാവികം. ഇതൊരു അറബി രീതിയാണ്. മക്കളുണ്ടെങ്കിലും ഇല്ലെങ്കിലും ‘അബൂ’ ചേര്‍ത്തുള്ള വിളിപ്പേര്‍ അറബികള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. വിവാഹം ചെയ്യുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ, ചെറുപ്രായത്തില്‍ പോലും ഇങ്ങനെ ‘ബാപ്പ’ വിളി പതിവുണ്ട്. ഇമാം ബുഖാരി അറബി വംശജനല്ലെങ്കിലും ബുഖാറയുള്‍കൊള്ളുന്ന ഖുറാസാനില്‍ അറബികളുടെ സമ്പ്രദായങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ രേഖയില്ലെന്നു വെച്ച് ഇമാം ബുഖാരിക്ക് ഭാര്യയും മക്കളുമുണ്ടായിരുന്നില്ലെന്നു തീര്‍ത്തു പറയാനാകില്ല. അതിരിക്കട്ടെ, ചോരയില്‍ പിറന്ന മക്കളില്ലെങ്കിലെന്ത്? ഇരുനൂറ് മില്യനിലേറെ ആത്മീയ മക്കളുണ്ടല്ലോ?
ഇപ്പോള്‍ ഇമാം ബുഖാരി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി കഴിയുകയാണ്. ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ അറിവിന്റെ തിരി കൊളുത്താന്‍ ആളുകള്‍ അദ്ദേഹത്തിന്റെ സവിധത്തിലേക്കു പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ആ വിജ്ഞാന സദസ്സിന്റെ വലിപ്പം കൂടുന്ന മുറയ്ക്ക് ഇമാമിന്റെ പേരും പെരുമയും ഏറിയേറി വന്നു. അമ്പിയാക്കളുടെ അനന്തരസ്വത്തും ക്ളേശകരമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതുമായ വിജ്ഞാനത്തിന്റെ മഹത്വം അറിയാവുന്ന ഇമാം ബുഖാരി ഭൌതിക നേട്ടങ്ങള്‍ക്കായി അതിനെ ആരുടെ മുമ്പിലും കാണിക്ക വച്ചില്ല. അധികാര സ്ഥാനങ്ങളില്‍ നിന്നെല്ലാം അകന്നു നടക്കുകയും ചെയ്തു. ഭരണാധിപന്മാരുടെ സ്തുതി പാഠകരായി കഴിയുകയും സമ്മാനങ്ങളും സ്ഥാനമാനങ്ങളും സ്വീകരിക്കുകയും ചെയ്യുന്ന പണ്ഢിതന് ഇസ്ലാമിക അധ്യാപനങ്ങളോടും അമൂല്യമായ വിജ്ഞാനങ്ങളോടും നീതി പുലര്‍ത്താനാവുന്നില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും മററുള്ളവരെ ഉണര്‍ത്തുകയും ചെയ്തു. ഒരിക്കല്‍ ബുഖാറയിലെ അമീര്‍ ഖാലിദുബ്നു അഹ്മദ് ദുഹ്ലി ഇമാം ബുഖാരിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. തനിക്കും സന്താനങ്ങ ള്‍ക്കും സ്വഹീഹുല്‍ ബുഖാരിയും താരീഖുല്‍ കബീറും പഠിപ്പിക്കണമെ ന്നതായിരുന്നു അമീറിന്റെ ആവശ്യം. അതിനു പകരമായി ഉന്നത പദവികള്‍ വെച്ചു നീട്ടുകയും ചെയ്തു. പക്ഷേ, ഇമാം ആ ഓഫറുകള്‍ തള്ളി. ‘ഭരണാധികാരികളുടെ പടിവാതില്‍ക്കല്‍ സമര്‍പ്പിക്കാ നുള്ളതല്ല വിജ്ഞാനം. താങ്കള്‍ക്ക് പഠിക്കണമെങ്കില്‍ പള്ളിയിലേക്കോ വീട്ടിലേക്കോ വരിക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപ്രതീക്ഷിത മറുപടി കേട്ട അമീര്‍ കോപാകുലനായി. അയാള്‍ ബുഖാരിയെ നിരന്തരമായി പീഢിപ്പിക്കുകയും നാടു കടത്താന്‍ ഉത്തരവിടുകയും ചെയ്തു. തന്നെയും വിജ്ഞാനത്തെയും അളവററ് സ്നേഹിക്കുന്ന നാട്ടുകാരേയും പരശ്ശതം ശിഷ്യ ഗണങ്ങളെയും പിരിയുന്നതോര്‍ത്ത് ആ മനസ്സ് തേങ്ങി. മര്‍ദിതനായ ബുഖാരി ഒടുവില്‍ അക്രമിയായ ഭരണാധികാരിക്കെതിരെ പ്രാര്‍ഥിച്ചു കൊണ്ടാണ് ബുഖാറ വിട്ടത്. അല്ലാഹു ആ പ്രാര്‍ഥന കേട്ടു. ഒരു മാസം കഴിഞ്ഞില്ല. അമീര്‍ ഖാലിദ് സ്ഥാന ഭ്രഷ്ടനാവുകയും നിന്ദ്യമായ രീതിയില്‍ കാലഗതിയടകയും ചെയ്തു.
ബുഖാറയില്‍ നിന്നു ബഹിഷ്കൃതനായ ഇമാം ബുഖാരി നേരെ പോയത് സമര്‍ഖന്ദിലേക്കാണ്. അവിടേക്ക് വരാന്‍ ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, യാത്രാമധ്യേ സമര്‍ഖന്ദിനു സമീപം ഖന്‍തന്‍ക് എന്ന പ്രദേശത്ത് വച്ച് അദ്ദേഹം രോഗ ബാധിതനായി. അവിടെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഏതാനും ദിവസം ശയ്യാവലംബിയായ ശേഷം ഹിജ്റ 256 ശവ്വാല്‍ ഒന്നിന് അറുപത്തി രണ്ടാം വയസ്സില്‍ എന്നന്നേക്കുമായി