ശാഫിഈ മദ്ഹബില്‍ ശൈഖാനി എന്ന പേരിലറിയപ്പെടുന്നത് ഇമാം നവവിയും(റ)ഇമാം റാഫി(റ)ഈയുമാണ്. പിന്‍ഗാമികളായ പണ്ഡിതര്‍ ഇത്തരം ഒരു ഉന്നത പദവി കല്‍പ്പിച്ചുപോരുന്നത് ആ മഹാപണ്ഡിതര്‍ക്ക് ഈ മദ്ഹബിലുള്ള ആധികാരികതയ്ക്കുള്ള രജതരേഖകൂടെയാണ്.

 

ഇമാം റാഫിഈയുടെ മുഹര്‍ററിന്റെ വരികള്‍ക്കുള്ള സംഗ്രഹത്വവും, അടുക്കും ചിട്ടയുമാണ് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവിയെ ആ ഗ്രന്ഥത്തെ അവലംബമാക്കി മിന്‍ഹാജിന്റെ രചനയ്ക്ക് പ്രേരിപ്പിച്ചത്.ഇമാം റാഫിഈയും ഇമാം നവവിയും ഒരു വിഷയത്തില്‍ ഏകോപിച്ചാല്‍ ആവീക്ഷണത്തിന്റെ മറുവാക്കിനെ നാം പരിഗണിക്കുകയില്ലെന്ന് ഇമാം ഇബ്‌നുഹജര്‍ തുഹ്ഫയില്‍ ഇരുവരെയും പ്രശംസിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.

 

ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ (ഹിജ്‌റ 555, എ.ഡി. 1160)ഇറാനിലെ ഖസ്‌വീന് എന്ന ഗ്രാമത്തിലാണ് അബ്ദുല്‍ കരീം ബ്‌നു മുഹമ്മദ് അബുല്‍ ഖാസിം റാഫിഈ(റ) ഖസ്‌വീനി എന്ന മഹാ പണ്ഡിതന്‍ ജനിക്കുന്നത്. റാഫിഅ് ബ്‌നു ഖദീജ് എന്ന തന്റെ പിതാമഹനിലേക്ക് ചേര്‍ത്തിയാണ് ഇമാം റാഫിഈ(റ) ആ പേരില്‍ അറിയപ്പെടുന്നത്. ഖസ്‌വീനിലെ ‘റാഫിആന്’ എന്ന ദേശത്തേക്കു ചേര്‍ത്തിയാണ് അങ്ങനെ വിളിക്കുന്നതെന്നാണ് ഇമാം നവവി (റ)അഭിപ്രായപ്പെട്ടത്.

 

ഇമാം റാഫിഈയുടെ പ്രാഥമികപഠനം അവിടുത്തെ പിതാവിൽ നിന്ന് തന്നെയായിരുന്നു.. തുടര്‍ന്ന് അക്കാലത്തെ അറിയപ്പെട്ട പണ്ഡിത പ്രതിഭകളായ ഇമാം അഹ് മദ് ബ്‌നു ഇസ്മാഈല്‍ അത്വാലിഖാനി, ഇമാം അബൂബകര്‍ ശഹാരി, അബൂ സുലൈമാന്‍ അസ്സുബൈരി തുടങ്ങിയവരില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി.ഉസ്താദുമാരില്‍ നിന്ന് നേടിയെടുത്ത ആത്മീയതയും, ജ്ഞാനവും കൈമുതലാക്കി ദീനീസേവനത്തില്‍ ശോഭിതമായി. എണ്ണമറ്റ ശിഷ്യസമ്പത്തിനെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.

 

ഫിഖ്ഹില്‍ ഇമാം റാഫിഈയുടെ വ്യക്തിമുദ്ര പതിഞ്ഞപോലെ ഇതരവിഷയങ്ങളിലും തന്റേതായ സംഭാവനകള്‍ നൽകാൻ അദ്ദേഹം സമയം കണ്ടെത്തിയിട്ടുണ്ട്. തഫ്‌സീറും ഹദീസും സൂക്ഷ്മമായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷി ഏറെ മികവാര്‍ന്നതായിരുന്നു. സ്വദേശമായ ഖസ്‌വീനില്‍ തഫ്‌സീര്‍, ഹദീസ് അധ്യാപനത്തിന് മാത്രമായി പ്രത്യേകം സദസ്സുകൾ സങ്കടിപ്പിച്ചിരുന്നു.

 

ഇമാം നവവി(റ) രേഖപ്പെടുത്തുന്നതായി കാണാം.വൈജ്ഞാനിക ലോകത്ത് വലിയ വിസ്മയമായി നില്‍ക്കുമ്പോഴും ആത്മീയാനുഭൂതിയില്‍ വലയം പ്രാപിച്ച റാഫീ ഇമാം വലിയ കറാമത്തുകൾക്കുടമയായിരുന്നു വത്രെ.

 

‘ഇമാം റാഫിഈ(റ)യെ പോലെ അനറബി നാട്ടില്‍ ഞാന്‍ ഒരാളെയും കണ്ടിട്ടില്ല.’എന്നായിരുന്നു ഇബ്നു സ്വലാഹ്(റ)പറഞ്ഞത്.

 

വജീസിന്റെ ശറഹുകളില്‍ ലഭ്യമായ വളരെ ബൃഹത്തായ ശറഹാണ് ഇമാം റാഫിഈ(റ)യുടെ ശറഹുല്‍ കബീര്‍. പത്തിലേറെ വാള്യങ്ങളുള്ള ഈ ശറഹിനെ ഇമാം നവവി(റ) അടക്കം നിരവധി പണ്ഡിതന്മാര്‍ മുഖ്തസ്വറുകള്‍ രചിച്ചിട്ടുണ്ട്. റൗള എന്ന പേരിലാണ് ഇമാം നവവി(റ)യുടെ മുഖ്തസ്വര്‍ അറിയപ്പെടുന്നത്.

 

 

 

ഏഴാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഹിജ്‌റ 623 (എ.ഡി 1226)ലാണ് ഇമാം റാഫിഈ (റ)യുടെ വഫാത്ത്.

ഗ്രന്ഥരചനയുടെ ആവേശത്തിരയിലലിഞ്ഞു ചേര്‍ന്നിരിക്കെ വിളക്കണഞ്ഞു പോയി….

സ്വദേശമായ ഖസ്‌വീനില്‍ തന്നെയാണ് അവിടുന്ന് വിശ്രമിക്കുന്നത്.