ഹി. 260 ലെ സ്വഫര്‍ മാസത്തിലാണ് അബുല്‍ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തില്‍ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം മുതല്‍ക്കെ ഹദീസ് പഠിക്കാന്‍ പറഞ്ഞയച്ചു. ഹി. 273 ല്‍ അഥവാ പതിമൂന്നാം വയസ്സില്‍ തന്നെ ത്വബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹബി പറയുന്നുണ്ട്. ഹി. 274 ല്‍ ഖുദുസും 75 ല്‍ ഖൈസാരിയയും ഹദീസ് പഠന ആവശ്യാര്‍ഥം സന്ദര്‍ശിച്ച ത്വബ്റാനി പിന്നീട് സിറിയ, ഈജിപ്ത്, യമന്‍, ഇറാന്, അഫ് ഗാനിസ്ഥാന് തുടങ്ങിയ ഇടങ്ങളിലും ഇതേ ആവശ്യാര്‍ഥം സന്ദര്‍ശിക്കുകയുണ്ടായി.
മുപ്പത് വര്‍ഷക്കാലം ഹദീസ് പഠനത്തിനായി വിനിയോഗിച്ച ത്വബ്റാനിയുടെ ഗുരുക്കന്മാര് നൂറില്‍ കവിയും. 290 ല്‍ ഹദീസ് പഠനത്തിനായി അഫ്ഗാന് സന്ദര്‍ശിച്ച ത്വബ് റാനി പിന്നീടു പലയിടങ്ങളില്‍ വീണ്ടും അഫ്ഗാനില്‍ വരികയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അരനൂററാണ്ടിലധികം അവിടെ കഴിച്ചു കൂട്ടി. ഹി. 360 ദുല്‍ഖ അ്ദഃ 28 നു അഫ്ഗാനില്‍ വച്ചു തന്നെ വഫാത്താവുകയുണ്ടായി. 101 വയസ്സു തികയാന്‍ 2 മാസം ബാക്കിയായിരിക്കെയാ യിരുന്നു മരണം.
മുപ്പതോളം ഗ്രന്ഥങ്ങള്‍ ത്വബ്റാനി രചിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പില്ക്കാല അനുവാചകരുടെ കൈകളില്‍ എത്തിയില്ല. ഇന്ന് ഏതാണ്ട് പത്തോളം ഗ്രന്ഥങ്ങളേ ത്വബ്റാനിയുടേതായി കാണാനൊക്കൂ.
ഇവയില്‍ ഏററവും പ്രസിദ്ധം അല്‍ മജ്മഉല്‍ കബീര്‍ എന്ന 12 വാള്യങ്ങളുള്ള കിതാബാണ്. ഹദീസുകളുടെ വിജ്ഞാന ലോകം എന്നു തന്നെ വിശേഷിപ്പിക്കപ്പെടാവുന്ന ഇതില്‍ തിരുനബിയുടെ മൊഴിമുത്തുകള്‍ മാത്രമല്ല ചരിത്രപരമായ വിജ്ഞാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹദീസുകളെക്കുറിച്ചു അപൂര്‍വങ്ങളായ വിവരങ്ങള്‍ പറഞ്ഞു തരുന്ന അല്‍മജ്മഉല്‍ ഔസത്വ് ആണ് ശ്രദ്ധേയമായ മറെറാരു ഗ്രന്ഥം.