മുത്ത് നബിക്ക് (സ)ശക്തമായ അസ്വസ്ത്ഥത അനുഭവപ്പെട്ടു. തങ്ങളുടെ ഈ അസ്വസ്ഥത മന:സിലാക്കാൻ രണ്ട് മലക്കുകളെ നിയോഗിച്ചതായി നബി (സ )സ്വപ്നത്തിൽ കണ്ടു . തലയുടെ ഭാഗത്തും കാൽ ഭാഗത്തുമായി അവരിരുവരും ഇരിക്കുന്നു . എന്താണ് അദ്ദേഹത്തെ ക്ഷീണിപ്പിച്ചരിക്കു ന്നതെന്ന അന്വേഷണത്തിനൊടുവിൽ അവർക്ക് കാരണം പിടി കിട്ടി. മുത്ത് നബി (സ) മാരണം ചെയ്യപ്പെട്ടിരിക്കുന്നു. ആരാണാ കടുംകൈ ചെയ്തത്? മാലാഖമാരിൽ ഒരാൾ ചോദിച്ചു. തലയുടെ ഭാഗത്തിരുന്ന് മുത്ത്നബി(സ)യുടെ ക്ഷീണത്തിൻ്റെ കാരണമന്വേഷിക്കുന്ന മലക്ക് പ്രതികരിച്ചു. ലബീദുബ്നു അഅസം എന്ന ദുഷ്ടനാണ് മാരണം ചെയ്തത്. വീണ്ടും മലക്ക് ചോദിച്ചു. എവിടെയാണത് സൂക്ഷിച്ചു വച്ചിരിക്കുന്നത്. അകലെ ഒരു മനുഷ്യന്റെ കിണറിൽ ഒരു പാറക്കല്ലിന് താഴെ സൂക്ഷിച്ചു, അവർ വെള്ളം നിറഞ്ഞ ആ കിണർ ലക്ഷ്യമാക്കി നീങ്ങി. അതിലെ വെള്ളം നീക്കം ചെയ്ത് സിഹ്ർ ചെയ്ത വസ്തു കത്തിച്ചു കളയുകയും ചെയ്തു. പ്രഭാതസമയമായപ്പോൾ മുത്ത് നബി (സ) അമ്മാറ് ബ്നു യാസിറടങ്ങുന്ന ഒരു സംഘത്തെ സിഹ്ർ പൊളിക്കാൻ നിയോഗിച്ചു. അവർ കിണറിനടുത്തേക്ക് നീങ്ങി. അതിലെ വെള്ളം മൈലാഞ്ചിവെള്ളം പോലെ ചുവന്ന് തുടു ത്തിരുന്നു. വെള്ളം വറ്റിച്ച ശേഷം അവർ പാറക്കല്ലുയർത്തി. തകിട് പുറത്തെടുത്ത് കത്തിച്ചു കളഞ്ഞു. പതിനൊന്ന് കെട്ടു കളടങ്ങിയ ആ തകിടിന്റെ പ്രവർത്തനം നിഷ്ഫലമാവാൻ അല്ലാഹു പതിനൊന്ന് ആയത്തുകൾ അടങ്ങിയ രണ്ട് അദ്ധ്യായങ്ങൾ അവതരിച്ചു. സൂറത്തുന്നാസും സൂറത്തുൽ ഫലഖും. ഓരോ സൂക്തം പാരായണം ചെയ്യുമ്പോഴും ഓരോ കെട്ടുകൾ അഴിഞ്ഞ് തുടങ്ങി.
ദലാഇലുന്നുബുവ്വ
ഇമാം ബൈഹഖി