ദാരിദ്ര്യം ഒരു മഹാ വിപത്താണ്. വ്യക്തിത്വ വികാസത്തിനും കുടുംബ സ്ഥിരതയ്ക്കും സമൂഹത്തിന്റെ ഭദ്രതയ്ക്കും ദാരിദ്ര്യം സൃഷ്ടിക്കുന്ന അപകടം വിവരണാതീതമാണ്. ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. എന്നാല്‍ ദാരിദ്ര്യം ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കും…
ദാരിദ്ര്യം സദാചാരത്തിനും മാന്യതയ്ക്കും നിരക്കാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കും. വ്യഭിചരിക്കാനും, മോഷ്ടിക്കാനും, കൊലചെയ്യാനും ദാരിദ്ര്യം അവനില്‍ സമ്മര്‍ദ്ദം ചെലുത്തും. അവന്റെ വിശ്വാസത്തിന് ക്ഷതം വരുത്തും…
സഹന ശക്തിയില്ലാത്ത ദരിദ്രന് അല്ലാഹുവിനെ നിഷേധിക്കും. ”ദാരിദ്ര്യം കുഫ്റിലേക്ക് നയിക്കും” … (അബൂദാവൂദ്)
ദാരിദ്ര്യത്തില്‍ നിന്ന് പ്രവാചകര്‍ പോലും മോചനം തേടി പ്രാര്‍ത്ഥിച്ചിരുന്നു.
ശുദ്ധമായ ഉപജീവന മാര്‍ഗ്ഗം തേടി ഐശ്വര്യത്തോടെ ജീവിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്…
ദുനിയാവും ആഖിറവും നന്നാകാന്‍ വേണ്ടിയാവണം സത്യവിശ്വാസികള്‍ ദുആ ചെയ്യേണ്ടത് എന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ദാരിദ്ര്യം സുഖ ജീവിതത്തിന് തീര്‍ത്തും ഭീഷണിയാണെന്നാണ് നാം ഇതുവരെ മനസ്സിലാക്കിയത്… ചിന്താശേഷി പോലും തകര്‍ക്കുമെന്ന് മുഹമ്മദ്ബ്നു ഹസനി ശൈബാനി (റ) ന്റെ വാക്കുകള്‍ നമ്മോട് പറയുന്നു…
ഒരിക്കല്‍ ഹസനി ശൈബാനി (റ) ന്റെ വേലക്കാരി ഗോതമ്പ്മാവ് തീര്‍ന്നെന്ന് അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്:
”പെണ്ണെ നിനക്ക് നാശം..! ഫിഖ്ഹിലെ നാല്‍പ്പത് മസ്അലകള്‍ എന്റെ തലയില്‍ നിന്ന് നീ പാഴാക്കിക്കളഞ്ഞു.”
കൂടിയാലോചനയില്‍ പോലും ദരിദ്രരെ പങ്കെടുപ്പിക്കരുതെന്നാണ് ഇമാം അബൂ ഹനീഫ(റ) പറയുന്നത്: ”വീട്ടില്‍ ഗോതമ്പ് മാവില്ലാത്തവനോട് കൂടിയാലോചനക്ക് തുനിയരുത്”
ദാരിദ്ര്യത്തിന്റെ കൈപ്പുനീര് മാറ്റാനുള്ള ഒരു മാര്‍ഗ്ഗമിതാ.., ഹദീസിന്റെ ആശയം കാണുക. ഇബ്നു ഉമര്‍(റ) ഉദ്ധരിക്കുന്നു…
ഒരാള്‍ അല്ലാഹുവിന്റെ റസൂൽ *ﷺ* യുടെ അരികില്‍ വന്നുകൊണ്ട് വളരെ ഖേദത്തോടെ പറഞ്ഞു:
”അല്ലാഹുവിന്റെ തിരുദൂതരെ.., സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള മനുഷ്യനാണ് ഞാന്‍. പണം എന്നെയും വിട്ട് ഓടിക്കളയുന്നത് പോലെ.”
ഇതുകേട്ട ഹബീബ് *ﷺ* പറഞ്ഞു: ”നിങ്ങൾ സുബ്ഹി നിസ്കാരത്തിന് മുമ്പ്
*سُبْحَانَ اللّهِ وَ بِحَمْدِهِ, سُبْحَانَ اللّهِ الْعَظِيمِ, وَ بِحَمْدِهِ أَسْتَغْفِرُ اللّٰهَ*
എന്ന തസ്ബീഹ് നൂറ് പ്രാവശ്യം പതിവായി ചൊല്ലുക. പണം നിന്നെ തേടിവരും…”
【അത്യുന്നതനായ അല്ലാഹുവിനെ ഞാന്‍ വാഴ്ത്തുന്നതോടൊപ്പം അവന്റെ പരിശുദ്ധതയെ ഞാന്‍ സമ്മതിക്കുന്നു. അല്ലാഹുവേ നിന്നെ വാഴ്ത്തുന്നതോടൊപ്പം നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു.】
നബി *ﷺ* തങ്ങൾ പറഞ്ഞു തന്ന പരിഹാരവുമായി അദ്ദേഹം വീട്ടിലേക്കു മടങ്ങി…
ദിവസങ്ങള്‍ കഴിഞ്ഞ ശേഷം അയാള്‍ വീണ്ടും നബി *ﷺ* യുടെ സവിധത്തില്‍ വന്നു. എന്നിട്ട് പറഞ്ഞു:
”ഞാന്‍ നബിയേ, തങ്ങൾ പറഞ്ഞത് പോലെ ചെയ്തു. ഇപ്പോള്‍ സമ്പത്ത് എന്റെമേല്‍ കുതിച്ച് വന്നുകൊണ്ടിരിക്കുന്നു. അതെവിടെ വെക്കണമെന്ന് ഇപ്പോഴെനിക്ക് യാതൊരു നിശ്ചയവുമില്ല.”