ഹദ്ദാദ് റാത്തീബ് ചൊല്ലല്‍ നിസ്കരിക്കുന്നവന്‍റെ ശ്രദ്ധ തിരിച്ചുകളയുന്നുവെങ്കില്‍ അത് ചൊല്ലല്‍ വിലക്കപ്പെടുമോ?
ഹദ്ദാദ് ചൊല്ലുന്ന അവസരത്തില്‍ നിസ്കരിക്കുന്നവരുടെ ശ്രദ്ധ തെറ്റിപ്പോവാതിരിക്കാന്‍ അകത്തെ പള്ളിയുടെ വാതിലടച്ച് പുറംപള്ളിയിലോ അല്ലെങ്കില്‍ പള്ളിയുടെ മുകളിലെ നിലയിലോ നിസ്കരിക്കാന്‍ സൗകര്യം ചെയ്തുകൊണ്ട് ഹദ്ദാദ് നിര്‍വഹിക്കുന്നതായി ചില നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ട്. അത് ശ്ലാഘനീയമാണ്.
നിസ്കരിക്കുന്നവന്‍റെയോ ഖുര്‍ആന്‍ പാരായണം നടത്തുന്നവന്‍റെയോ ശ്രദ്ധ തിരിച്ചുകളയാത്ത രൂപത്തില്‍ ശബ്ദമുയര്‍ത്തി നല്ല മനസ്സാന്നിധ്യ(ഇഖ്ലാസ്)ത്തോടു കൂടി ഹദ്ദാദ് ചൊല്ലുന്നത് കൊണ്ട് വിരോധമില്ല. എന്നല്ല അത് സുന്നത്തുകൂടിയാണ് (അന്നസ്വാഇഹ് അദ്ദീനിയ്യ: 186).
ശൈഖ് അഹ്മദ് ബാസൂദാന്‍(റ) പറയുന്നു: മഹത്തുക്കളായ ചിലരുടെ ഹദ്ദാദ് റാത്തീബിന്‍റെ കൈയെഴുത്ത് പ്രതികളില്‍ അതിന്‍റെ സമാഹരണം നടന്നത് ലൈലതുല്‍ ഖദ്റിന്‍റെ രാത്രിയില്‍, അഥവാ പരിശുദ്ധ റമളാനിലെ 27-ാം രാവിലാണെന്ന് കാണാനായി. ശൈഖ് അഹ്മദു ബ്നു അബ്ദുല്‍ കരീം(റ) പറയുന്നു: ഇശാ നിസ്കാരവും അതിന്‍റെ ശേഷമുള്ള സുന്നത്ത് നിസ്കാരവും കഴിഞ്ഞതിനു ശേഷമല്ലാതെ ഹദ്ദാദ്(റ)വിന്‍റെ സദസ്സില്‍ ഹദ്ദാദ് റാത്തീബ് നടക്കാറുണ്ടായിരുന്നില്ല. മാത്രമല്ല, ഹദ്ദാദ് റാത്തീബ് നിര്‍വഹിക്കുന്ന അവസരത്തില്‍ അതിന്‍റെ സമീപത്തുവച്ച് നിസ്കരിക്കാന്‍ മഹാനവര്‍കള്‍ സമ്മതിച്ചിരുന്നില്ല. നിസ്കരിക്കാനുദ്ദേശിക്കുന്നവനോട് അല്‍പം അകലെ പോയി നിസ്കരിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നിസ്കരിക്കുന്നവന്‍ ശ്രദ്ധ തിരിക്കാതിരിക്കാനും അവന്‍റെ ശ്രദ്ധ തിരിയാതിരിക്കാനുമായിരിക്കാം ഇത്. അതിനു പുറമെ ഹദ്ദാദ് ചൊല്ലുന്നതിന്‍റെ സമീപത്തുവച്ച് നിസ്കരിച്ചാല്‍ അത് ഹദ്ദാദ് റാത്തീബിനെതൊട്ട് തിരിഞ്ഞ് കളയലാകും. ഈ രീതിയിലുള്ള തിരിഞ്ഞു കളയലിനെ തൊട്ട് ഹദ്ദാദ്(റ) ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. അഹ്മദ് ബ്നു അബ്ദുല്‍ കരീം(റ) തുടരുന്നു: എന്‍റെ ഉപ്പ അബ്ദുല്‍ കരീം(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഈ റാത്തീബ്(ഹദ്ദാദ്) ആദ്യമായി പതിവാക്കിയത് സുബൈദ് പട്ടണത്തിലെ ചില പള്ളികളിലാണ്. ആ സമയത്ത് അബ്ദുല്ലാഹിബ്നു സുലൈമാന്‍ അല്‍ജര്‍ഹസി(റ) എന്ന മഹാന്‍ അവിടെ മുദരിസായിരുന്നു.
ജര്‍ഹസി(റ) ഹദ്ദാദ് റാത്തീബിന്‍റെ (ദിക്റുകളുടെയും ദുആകളുടെയും) ക്രമീകരണത്തെ സംബന്ധിച്ച് അബ്ദുല്‍ കരീം(റ)നോട് ചോദിച്ചു. നിഷേധാത്മക സ്വഭാവം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസ്തുത ചോദ്യം. അടുത്ത ദിവസം ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് എവിടെ നിന്നാണ് സ്വീകരിച്ചതെന്ന് അബ്ദുല്‍ കരീം(റ)വിനോട് ചോദിച്ചു. എന്നാല്‍ അബ്ദുല്‍ കരീം(റ)വിന് ഇതിന്‍റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലായിരുന്നു. മഹാനവര്‍കള്‍ പിതാവില്‍ നിന്ന് സ്വീകരിച്ചതാണ്. പിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വില്‍ നിന്നാണ് സ്വീകരിച്ചത്. അബ്ദുല്‍ കരീം(റ) പറയുന്നു: ഞാന്‍ പള്ളിയുടെ ഒരു മൂലയില്‍ അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ)വിനെ കാണാനിടയായി. തദവസരത്തില്‍ എന്‍റെ പിതാവ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞാനെന്‍റെ പിതാവിനോട് സംസാരിച്ചു. പള്ളിയുടെ മൂലയിലിരിക്കുന്നത് ആരാണെന്ന് ഞാന്‍ ഉപ്പയോട് ചോദിച്ചു. അത് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) ആണെന്ന് ഉപ്പ മറുപടി പറയുകയും ചെയ്തു.
ജര്‍ഹസി(റ)വും അന്ന് രാത്രി ഹദ്ദാദ്(റ) തങ്ങളെ കണ്ടിരിക്കണം. കാരണം, ജര്‍ഹസി(റ) റാത്തീബുല്‍ ഹദ്ദാദ് പാരായണം ചെയ്യുന്ന അവസരത്തില്‍ ചിലര്‍ നിസ്കരിക്കാറുണ്ടായിരുന്നു. മഹാനവര്‍കള്‍ അവരെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഹദ്ദാദ് റാത്തീബ് ചൊല്ലുന്ന സമയത്ത് നിസ്കരിക്കുന്നവരാണെന്ന് മറുപടി പറഞ്ഞു. ഈ സമയത്ത് ജര്‍ഹസി(റ) പറഞ്ഞു: അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ) റാത്തീബുല്‍ ഹദ്ദാദിനെ തൊട്ട് തിരിഞ്ഞ് കളയുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. ഹദ്ദാദ് റാത്തീബ് നന്മയെ തൊട്ട് തടയപ്പെട്ടവരല്ലാതെ ഉപേക്ഷിക്കുകയില്ല (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 55-57).
ശൈഖ് സഈദുബ്നു മുഹമ്മദ്(റ) പറയുന്നു: നിസ്കാരം നിര്‍വഹിച്ചതിനു ശേഷം ഇമാം എഴുന്നേല്‍ക്കുന്നതിനു മുമ്പ് അകാരണമായി മഅ്മൂം എഴുന്നേല്‍ക്കല്‍ കറാഹത്താണ്. ഇമാം ശബ്ദം താഴ്ത്തി ദിക്റ് ചൊല്ലുകയാണെങ്കില്‍ മഅ്മൂം ആ സമയത്ത് ഇമാമിനെ തുടരുകയാണു വേണ്ടത്. ഇപ്രകാരം ഈആബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത് കാണാം (ബിശ്റുല്‍ കരീം: 1/189).