അബുല്‍ ഹസ്സല്‍ അല്‍ അശ്അരി (റ) (ഹി:260- 324) യും വിശ്വാസ സരണിയും
അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ)യുടെ യഥാര്‍ത്ഥ നാമം അലിയ്യുബ്നു ഇസ്മാഈല്‍ എന്നാണ്. അബുല്‍ ഹസ്സന്‍ എന്നത് വിളിപ്പേരാണ്. അബൂ മൂസല്‍ അശ്അരി (റ) യുടെ പിന്‍ഗാമിയാണ് മഹാൻ. അലിയ്യുബ്നു ഇസ്മാഈലുബ്നു ഇസ്ഹാഖുബ്നു സാലിമുബ്നു ഇസ്മാഈലുബ്നു അബ്ദില്ലാഹിബ്നു മൂസബ്നു ബിലാലുബ്നു അബീ ബുര്‍ദത്ബ്നു അബീ മൂസല്‍ അശ്അരി (റ) എന്നാണ് അദ്ധേഹത്തിന്‍റെ പരമ്പരയുടെ പൂര്‍ണ്ണ രൂപം.
വിപ്ലവങ്ങളുടെ നാരായവേര് :-
അബൂ അലിയ്യുബ്നു ജുബാഇ എന്ന മുഅ്തസിലി പണ്ഡിതന്‍റെ ശിക്ഷണത്തിലും സംരക്ഷണത്തിലുമായിരുന്നു അബുല്‍ ഹസ്സന്‍ അശ്അരി (റ) ന്‍റെ ജീവിതം. 40 വര്‍ഷത്തോളം ജുബാഇയുടെ മുഅ്തസിലി ചിന്താസരണിയായിരുന്നു അശ്അരി (റ) ന്‍റെ പാത. യുക്തിക്കനുയോജ്യമായ രീതിയില്‍ ഖുര്‍ആനിനെയും ഹദീസിനെയും വ്യാഖ്യാനം ചെയ്തും തങ്ങളുടെ യുക്തിയിലൊതുങ്ങാത്തവ തട്ടികളയുകയും ചെയ്ത മുഅ്തസിലി വിഭാഗത്തിന്‍റെ ‘ ഖുര്‍ആന്‍ സൃഷ്ടി’ വാദം കൂടിയായപ്പോള്‍ ഇസ് ലാമിന്‍റെ അന്തഃസത്തയും ആത്മാവും ഇല്ലാതാകുന്നതായി അശ്അരി (റ)ന് അനുഭവപ്പെടാന്‍ തുടങ്ങി. ആശങ്കയും ഭയവും അദ്ധേഹത്തെ നിരന്തരം വേട്ടയാടി. ഒടുവില്‍ അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ)ക്ക് ഇസ്ലാമിന്‍റെ സല്‍സരണി ഏതാണെന്ന് ബോധ്യപ്പെട്ടു.
നബി (സ) സ്വപ്നത്തില്‍ ദര്‍ശനം നടത്തിയതിന്‍റടിസ്ഥാനത്തിലാണ് അശ്അരി (റ) തന്‍റെ അശ്അരിയ്യ ദൈവീക ചിന്താ സരണി രൂപം കൊണ്ടിട്ടുളളത്.
ഹാഫിള് ഇബ്നു അസാകീര്‍ തന്‍റെ തബ്യീനുല്‍ കിബ്ദില്‍ മുഫ്തരീന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ‘ഒരു റമളാന്‍ മാസത്തിലെ ആദ്യ പത്തിലെ ഒരു രാത്രിയില്‍ അശ്അരി (റ) ന് നബി (സ) ദര്‍ശനമുണ്ടായി. താന്‍ വച്ച് പുലര്‍ത്തുന്ന പാത ഉപേക്ഷിച്ച് നബി (സ) യില്‍ നിന്ന് പിന്തുടര്‍ന്ന് പോന്ന വിശ്വാസത്തെ മുറുകെ പിടിക്കാന്‍ നബി (സ) അദ്ധേഹത്തോട് ആവശ്യപ്പെട്ടു.ഈ സ്വപ്ന ദര്‍ശനം മറ്റു രണ്ട് പത്തുകളിലും ആവര്‍ത്തിക്കപ്പെട്ടു. മൂന്നാമത്തെ പത്തിലെ ദര്‍ശനത്തില്‍ പ്രസ്തുത വഴി പിന്‍ന്തുടര്‍ന്നാല്‍ അളളാഹുവില്‍ നിന്നുളള സഹായം ലഭിക്കുമെന്ന് നബി (സ) അശ്അരി (റ) ന് ഉറപ്പ് നല്‍കിയാതായും ഹാഫിള് ഇബ്നു അസാകീര്‍ തന്‍റെ ഗ്രന്ഥത്തില്‍ പറയുന്നു.
ഈ ദിവസങ്ങളില്‍ അശ്അരി (റ) ഏകാന്തനായി ദിവസങ്ങളോളം തന്‍റെ ഭവനത്തില്‍ കഴിഞ്ഞു കൂടി. മുഅ്തസിലഃ മൗലികമായും താത്വികമായും പ്രാമാണികമായും ഇസ്ലാമില്‍ നിന്ന് പുറത്തേക്കുളള വഴിയാണെന്ന് അദ്ധേഹത്തിന് ബോധ്യമായി. ഒരു വെളളിയാഴ്ച്ച ബസ്വറയിലെ പളളിയില്‍ നിസ്കാരാനന്തരം അദ്ധേഹം ഒരു പ്രസംഗം നടത്തുകയുണ്ടായി. ഇത്രയും നാള്‍ താന്‍ പിന്തുര്‍ന്ന മുഅ്തസിലി ചിന്താ സരണി താന്‍ ഉപേക്ഷിച്ചതായി അശ്അരി (റ) പ്രഖ്യാപിച്ചു. പരലോകത്ത് അളളാഹുവിന്‍റെ ദര്‍ശനം ഇല്ലെന്നും മാനുഷിക പ്രവര്‍ത്തനങ്ങളുടെ സൃഷ്ടാവ് അളളാഹുവല്ലെന്നതുമായ യുക്തി ചിന്തകളെ അദ്ധേഹം അടച്ചാക്ഷേപിച്ചു. തന്‍റെ വസ്ത്രം ഊരിയെറിഞ്ഞുകൊണ്ട് അദ്ധേഹം പറഞ്ഞു: ‘ഈ വസ്ത്രം ഊരിയെറിഞ്ഞത് പോലെ ആ പിഴച്ച വിശ്വാസവും താന്‍ ഊരിയെറിയുന്നു.’
ഒരിക്കല്‍ തന്‍റെ ഗുരുവും മുഅ്തസിലി പണ്ഡിതനുമായ ജുബാഇയുമായി ഇമാം അശ്അരി (റ) ഒരു സംവാദത്തിലേര്‍പ്പെടുകയുണ്ടായി. അശ്അരി (റ) ചോദിച്ചു. ‘ മൂന്ന് സഹോദരങ്ങള്‍ മരണപ്പെട്ടു. ഒന്നാമന്‍ ദൈവ വിശ്വാസി ( മുത്വീഅ്) , രണ്ടാമന്‍ ദൈവ നിഷേധി ( ആസ്വി), മൂന്നാമന്‍ കുട്ടിക്കാലത്ത് മരിച്ചു, ഇവരുടെ പരലോക ജീവിതം എങ്ങനെയായിരിക്കും.’ ജുബാഇ മറുപടി പറഞ്ഞു: ‘ ആദ്യത്തവന്‍ സ്വര്‍ഗാവകാശി, രണ്ടാമന്‍ നരകത്തില്‍, മൂന്നാമന്‍ രണ്ടിനുമിടക്ക്. ‘ അശ്അരി (റ) ചോദിച്ചു ‘ തനിക്ക് ദീര്‍ഘാഴുസ്സ് തന്നാല്‍ താന്‍ നډചെയ്ത് സ്വര്‍ഗ്ഗാവകാശിയാകാന്‍ കഴിയുമായിരുന്നില്ലെ എന്ന് മൂന്നാമന്‍ ചോദിച്ചാല്‍ അളളാഹു എന്ത് മറുപടി പറയും.’ ജുബാഇ തുടര്‍ന്നു. ‘ നീ വലുതായാല്‍ തിന്മചെയ്ത് നരകാവകാശിയായിത്തീരുമെന്നത് കൊണ്ടാണ് നിന്നെ കുട്ടിക്കാലത്തെ മരിപ്പിച്ചു നിനക്കുത്തമമായത് ചെയ്തതെന്ന് അളളാഹു മറുപടി പറയും.’ ഉടനെ അശ്അരി (റ) യുടെ മറുചോദ്യം: ‘ അങ്ങനെയാണെങ്കില്‍ വലുതായാല്‍ തിന്മ ചെയ്ത് നരകാവകാശിയാകുമെന്നറിഞ്ഞിട്ടും തന്നെ കുട്ടിക്കാലത്തെ എന്തുകൊണ്ട് മരിപ്പിച്ചില്ല, എന്ന് നരകാവകാശി ചോദിച്ചാല്‍ ?’
ഈ ചോദ്യത്തിന് ജുബാഇക്ക് മറുപടി ഉണ്ടായിരുന്നില്ല. അവിടെ നിന്നായിരുന്നു അശ്അരി (റ) മുഅ്തസിലഃ വാദത്തിന്‍റെ ബുദ്ധി ശൂന്യത പുറത്തുകൊണ്ടുവരുന്നത്.
ഖുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭോചിതമായിട്ടാണ് അവതരിച്ചിട്ടുളളത്. എന്നാല്‍ അവയെ ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചതെന്നോ, മുന്‍ഗാമികളുടെ വിവരണമെന്താണെന്നോ മനസ്സിലാക്കാതെ സ്വയേഷ്ട പ്രകാരം അര്‍ത്ഥ വ്യാഖ്യാനം നടത്തിയും യുക്തിക്കും ബുദ്ധിക്കും വഴങ്ങില്ലെന്ന് കണ്ടാല്‍ തളളികളയുകയുമാണ് മുഅ്തസിലികള്‍ ചെയ്തത്. നബി (സ) യുടെ ശഫാഅത്ത്, ഖബര്‍ ശിക്ഷ തുടങ്ങിയവ ഇല്ലെന്നും വന്‍പാപം ചെയ്തവന്‍ കാഫിറാണെന്നും തുടങ്ങി യുക്തി വാദങ്ങളുടെ അതേ വാദ മുഖങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഒടുവില്‍ മുഅ്തസിലഃ എന്ന യുക്ത്യാധിഷ്ടിത ആശയ ലോകത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുകയെന്ന അശ്അരി (റ) ന്‍റെ ദൗത്യം വിജയിക്കുകയും ചെയ്തു. മുഅ്തസിലഃ, ശീഈ അടങ്ങുന്ന ഇസ്ലാമിന്‍റെ പേരില്‍ ഉദയം ചെയ്ത ചിന്താ പ്രസ്ഥാങ്ങളെ അദ്ധേഹം പ്രിതിരോധിക്കാന്‍ തുനിഞ്ഞില്ലായിരുന്നുവെങ്കില്‍ ഇസ്ലാമിക വിശ്വാസത്തിന്‍റെ ആത്മാവ് തന്നെ നിര്‍ജ്ജീവമാകുമായിരുന്നു.
ഇസ് ലാമിന്‍റെ വിശ്വാസ തീരത്തെ കുടിയൊഴിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഇസ് ലാമിന്‍റെ സംരക്ഷണത്തിനും ദീനിനെ ശക്തിപ്പെടുത്താനും അളളാഹു ഒരു സമൂഹത്തെ കൊണ്ടു വരുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നു.
‘സത്യ വിശ്വാസികളെ, നിങ്ങളില്‍ വല്ലവനും തന്‍റെ മതത്തെ വിട്ട് മടങ്ങിപ്പോകുന്ന പക്ഷം അളളാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്നവരും സത്യ വിശ്വാസികളോട് വിനയം കാണിക്കുന്നവരും സത്യനിഷേധികളോട് അളളാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാടുന്നവരും യാതൊരാക്ഷേപകന്‍റെ ആക്ഷേപത്തെയും ഭയപ്പെടാത്തവരുമായ ഒരു ജനതയെ അളളാഹു കൊണ്ട് വരുന്നാതാണ്.'(അല്‍മാഇദ:54)
ഈ ആയത് സൂചിപ്പിക്കുന്നത് അബൂമൂസല്‍ അശ്അരി (റ) ന്‍റെ പിന്‍ഗാമികളെ ആണെന്ന് നബി (സ) പറയുന്നുണ്ട്. ശുഅ്ബ (റ) വില്‍ നിന്നുളള നിവേദനം: ‘ അളളാഹുവിനെ അങ്ങോട്ടും അവനിങ്ങോട്ടും സ്നേഹിക്കുന്ന ഒരു ജനതയെ കൊണ്ടുവരും എന്ന ആയത് ഇറങ്ങിയപ്പോള്‍ അബൂമൂസല്‍ അശ്അരി (റ) ന്‍റെ ചുമലില്‍ കൈവെച്ച് നബ (സ) പറഞ്ഞു: ‘അതിവരുടെ ജനതയാണ്.’ ഇബ്നു കസീര്‍ (2/98)
ഹിജ്റ 3ാം നൂറ്റാണ്ടിലെ സമുദ്ധാരകനായിട്ടാണ് പണ്ഡിത ലോകം ഇമാം അശ്അരി (റ) വിനെ പരിചയപ്പെടുത്തുന്നത്. അബൂബക്കര്‍ ബാഖിലാനി (റ) , ഇമാമുല്‍ ഹറമൈനി (ജുവൈനി) (റ), അബൂ ഹാമിദില്‍ ഗസ്സാലി (റ), ഇമാം റാസി (റ) തുടങ്ങിയ നിരവധി പണ്ഡിത ശ്രേഷ്ടര്‍ അശ്അരി (റ) ന്‍റെ പിന്‍ഗാമികളാണ്. എക്കാലത്തെയും ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനും ഇസ് ലാമിന്‍റെ ആത്മാവിനെ ജീവസുറ്റതായി സമര്‍ത്ഥിക്കാനും അതിലൂടെ ഇസ്ലാമിന്‍റെ സല്‍പാന്ഥാവ് കാണിച്ചുകൊടുക്കാനും നിയോഗിതനായ അബുല്‍ ഹസ്സന്‍ അല്‍ അശ്അരി (റ) ഹിജ്റ 324 ല്‍ ബഗ്ദാദില്‍ വെച്ച് പരലോകം പൂകി