അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: മനുഷ്യവര്‍ഗത്തിലെ ഒരു പുരുഷന് ജിന്നു വര്‍ഗത്തിലെ ഒരു പുരുഷനെ കണ്ടുമുട്ടി. അപ്പോള്‍ ജിന്ന് ചോദിച്ചു: നിങ്ങള്‍ എന്നോട് മല്‍പിടുത്തത്തിനുണ്ടോ? നിങ്ങള്‍ എന്നെ കീഴടക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊരു ആയത്ത് പഠിപ്പിച്ചുതരാം. നിങ്ങളുടെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ആ സൂക്തം പാരായണം ചെയ്യുകയാണെങ്കില്‍ പിശാച് അവിടെ പ്രവേശിക്കുകയില്ല. അങ്ങനെ അവര്‍ ഗുസ്തിയിലേര്‍പ്പെട്ടു. മനുഷ്യന് വിജയിച്ചു. അദ്ദേഹം ജിന്നിനോട് പറഞ്ഞു: നീ വളരെ മെലിഞ്ഞവനും ബലഹീനനുമാണല്ലോ. നിന്റെ മുഴങ്കൈകള്‍ നായയുടേത് പോലെയുണ്ട്. ജിന്നു വര്‍ഗമെല്ലാം ഇങ്ങനെത്തന്നെയാണോ? അതോ നീ മാത്രമോ? ജിന്ന് പറഞ്ഞു: ഞാന്‍ ജിന്നുകളില്‍ വലിയ ശക്തനാണ്. നിങ്ങള്‍ ഒരുതവണ കൂടി ഗുസ്തി പിടിക്കാനുണ്ടോ? രണ്ടാം പ്രാവശ്യവും മനുഷ്യന് വിജയിച്ചപ്പോള്‍ ജിന്ന് പറഞ്ഞു. നിങ്ങള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതുക. ഒരാള്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അത് ഓതിയാല്‍ കഴുതയെ പോലെ ശബ്ദമുണ്ടാക്കി പിശാച് പുറത്തുപോകും. ഇബ്നു മസ്ഊദ്(റ) ഈ സംഭവം വിവരിച്ചപ്പോള്‍ ആരോ ചോദിച്ചു: ജിന്നിനെ പരായപ്പെടുത്തിയ വ്യക്തി ഉമര്‍(റ) ആണോ? അവര്‍ പറഞ്ഞു: ഉമര്‍(റ)അല്ലാതെ മറ്റാരാണ്? (ഇബ്നുകസീര്‍ 1/269)
ആയത്തുല്‍ കുര്‍സിയ്യ് പാരായണം പതിവുള്ള ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പിശാച് കൂടൊഴിഞ്ഞു പോകുന്നതാണ്. എല്ലാ അസമാധാനത്തിന്റെയും മുഖ്യകാരണം; മക്കളും മാതാപിതാക്കളും മരുമക്കളും നാത്തൂന്മാരും ഭാര്യയും ഭര്‍ത്താവും തമ്മില്‍ തല്ലുന്നതും കോപം കലിതുള്ളുന്നതും പൈശാചിക സാന്നിധ്യമാണ്. കുടുംബ കലഹങ്ങളും സംശയ രോഗങ്ങളും എല്ലാവിധ തര്‍ക്കങ്ങളും ഉടലെടുക്കാന്‍ ഒരു പരിധി വരെ കാരണം പിശാചിന്റെ ശല്യമാണ്. മനുഷ്യന്റെ രക്തം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാച് സഞ്ചരിക്കുമെന്ന നബിവചനം എത്ര മാത്രം അര്‍ത്ഥഗര്‍ഭമാണ് എന്നകാര്യം ഓരോ കുടുംബിനിയും മനസിലാക്കുന്നത് നന്നായിരിക്കും.