സൂറത്തുല്‍ ഫലഖും സൂറത്തുല്‍ നാസും എല്ലാ ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്നും അല്ലാഹുവില്‍ അഭയവും ആശ്രയവും തേടാനുള്ള ഇലാഹീ ബോധനമാണീ സൂറത്തുകള്‍. അദൃശ്യ ശക്തികളുടെ വിനകളില്‍ നിന്നും മനുഷ്യ മനസ്സുകളില്‍ ആവര്‍ത്തിച്ച് സംശയങ്ങള്‍ ജനിപ്പിച്ച് ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പൈശാചിക ശക്തികള്‍ക്കെതിരെയുളള പ്രതിരോധ മാര്‍ഗ്ഗം.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. നബി(സ്വ)പറഞ്ഞു. ”മനുഷ്യ മനസ്സില്‍ സദാ കയ്യേറ്റം നടത്തുന്നവനാണ് പിശാച്. മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ പിശാച് അവന്റെ അരികില്‍ നിന്നും മാറിനില്‍ക്കും. മനുഷ്യന്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും വഴിതെറ്റിപ്പോകുമ്പോഴൊക്കെ അവന്‍ തിരിച്ചുവന്ന് ദുര്‍ബോധനം തുടരും.” (ബുഖാരി)
വിശ്വാസി അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും മാറിനില്‍ക്കുന്നതും കാത്ത് സൈത്വാന്‍ പാത്തും പതുങ്ങിയും നില്‍ക്കുന്നതിനാലും ഇബ്‌ലീസുമായുള്ള ജിഹാദ് ഓരോ മനുഷ്യന്റെയും അന്ത്യംവരെയും നിലനില്‍ക്കുന്നതിനാലും അവനെതിരെ ജാഗ്രത പുലര്‍ത്തുകയാണിവിടെ. ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അല്‍ ഇസ്‌റാഅ് സൂറത്തിലെ 61 മുതല്‍ 65 വരെയുള്ള ആയത്തുകളുടെ ആശയ സംക്ഷിപ്തം കാണുക.
ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് നാം പറഞ്ഞു. അപ്പോള്‍ ഇബ്‌ലീസ് ഒഴികെ അവരെല്ലാം സുജൂദ് ചെയ്തു. മണ്ണുകൊണ്ട് സൃഷ്ടിച്ചവന് ഞാന്‍ സുജൂദ് ചെയ്യുകയോ? എന്നായി അവന്‍. അവന്‍ വീണ്ടും ചോദിച്ചു. എന്നേക്കാള്‍ നീ ആദരിച്ചവന്‍ ഇവനോ? അന്ത്യനാള്‍ വരെ എനിക്ക് അവസരം തന്നാല്‍ ഇവന്റെ മക്കളില്‍ അധികപേരെയും ഞാന്‍ വരുതിയിലാക്കി പിഴപ്പിക്കുക തന്നെ ചെയ്യും.
പോകൂ..! അവരില്‍ ആരെങ്കിലും നിന്റെ പിന്നാലെ വന്നാല്‍ നരകം തന്നെയാണ് മതിയായ പ്രതിഫലം. കഴിയുന്നവരെയൊക്കെ നിന്റെ ശബ്ദം വെച്ച് ഇളക്കിവിടുക. നിന്റെ കുതിരകളും കാലാളുകളും കൊണ്ട് അവരെ അക്രമിക്കുക. സമ്പത്തിലും സന്താനങ്ങളിലും അവരുമായി പങ്കുചേരുക. അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക. എന്നാല്‍ ശൈത്വന്റെ വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊ ന്നുമല്ല. എന്റെ യഥാര്‍ത്ഥ അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാദീനവുമില്ല. കൈകാര്യകര്‍ത്താവായി നിന്റെ നാഥന്‍ മതി. (അല്‍ ഇസ്‌റാഅ് 61-65)
ഇവിടെ പിശാചിന് മനുഷ്യരെ പിഴപ്പിക്കാനുള്ള അടവുമായി വരുമ്പോള്‍ മനുഷ്യന്‍ പൂര്‍ണ്ണ നിസ്സഹായന്‍ അല്ലെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സര്‍വ്വ ചരാചരങ്ങളുടെയും പരമാധികാരം അല്ലാഹുവിന്റെ അധീനത്തിലാണുള്ളത്. മനുഷ്യ സന്തതിളെ തന്റെ പാട്ടിലാക്കാന്‍ അനുമതി നല്‍കിയ അല്ലാഹു തന്നെ പിശാചിന്റെ കെണികള്‍ തകര്‍ത്ത് അവനെ തളച്ചിടുകയും ചെയ്യും. സര്‍വ്വാധിപനായ അല്ലാഹുവിനെ മറന്ന് കളിച്ചവരെ മാത്രമേ പിശാച് ജയിച്ചടക്കൂ. അല്ലാഹുവിന്റെ സ്മരണയില്‍ ജീവിക്കുന്നവര്‍ പിശാചിന്റെ ദുര്‍ബോധനത്തില്‍ നിന്നും സുരക്ഷിതമായിരിക്കും.
വിശുദ്ധ ഖുര്‍ആനിലെ ഒടുവിലത്തെ രണ്ട് സൂറത്തുകളാണ് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും. ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തുകള്‍ മുഅവ്വിദത്തൈനി എന്നപേരിലാണ് അറിയപ്പെടുന്നത്.
നബി(സ്വ) പറഞ്ഞു: സമാനതയില്ലാത്ത ചില ആയത്തുകള്‍ ഈ രാത്രിയില്‍ ഇറക്കപ്പെട്ടതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? അത് സൂറത്തുല്‍ ഫലഖ്, അന്നാസ് എന്നിവയാകുന്നു.
നബി(സ്വ) ഉഖ്ബ(റ)വിനോട് പറഞ്ഞു: ആ രണ്ട് സൂറത്തുകളെ കൊണ്ട് നീ കാവല്‍ തേടുക. ഇതു രണ്ടുകൊണ്ടും കാവലിനെ തേടുന്നതുപോലെ മറ്റൊന്നുകൊണ്ടും ഒരാളും കാവല്‍ തേടുന്നേയില്ല. ആഇശാ ബീവി(റ) നിവേദനം ചെയ്യുന്നു: എല്ലാ രാത്രിയിലും നബി(സ്വ) ഉറങ്ങാന്‍ വിരിപ്പിലേക്കു ചെന്നാല്‍ അവിടുന്ന് മുഅവ്വിദതൈ്വനി ഓതി കൈകളില്‍ ഊതി ആ കൈകള്‍ കൊണ്ട് ശരീര ഭാഗങ്ങള്‍ തടവാറുണ്ടായിരുന്നു. തല മുതല്‍ തുടങ്ങി മുഖവും ശരീരവുമെല്ലാം മൂന്നു തവണ തടവിയിരുന്നു. (മുസ്‌ലിം). ഖുര്‍ആന്‍ ഓതി ഊതിയ കൈകളില്‍ ബറക്കത്തുള്ളതുകൊണ്ടാണ് ഈ കൈകള്‍ കൊണ്ട് ശരീരത്തില്‍ തടവുന്നത്.
സൂറത്തുല്‍ ഫലഖ് എന്ന അധ്യായം അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിന്നും ഉണ്ടാകുന്ന എല്ലാവിധ നാശങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും കണ്ണേറ്, സിഹ്‌റ് എന്നിവയില്‍ നിന്നും അഭയം തേടാനുള്ളതും സൂറത്തുന്നാസ് മനുഷ്യ, ജിന്ന് വര്‍ഗ്ഗങ്ങളിലുള്ള പിശാചുക്കള്‍ ഒരുക്കുന്ന കെണിവലകളില്‍ നിന്നുള്ള മോചനതേട്ടവുമാണ് ഉള്ളടക്കം. നബി(സ്വ) പറഞ്ഞു. അഭയം തേടുന്നവര്‍ അതിനായി ഉപയോഗിക്കുന്ന വചനങ്ങളില്‍ ഏറ്റവും ഉത്തമമായത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഖുല്‍അഊദു ബി റബ്ബിന്നാസ്, ഖുല്‍ അഊദു ബി റബ്ബി ന്നാസ് എന്ന് തുടങ്ങുന്ന രണ്ട് സൂറത്തുകളാണവ. (ഇബ്‌നു കസീര്‍ 4/523)
അബൂ സഈദ്(റ)പറയുന്നു: നബി(സ്വ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് കാവല്‍ തേടാറുണ്ടായിരുന്നു. മുഅവ്വിദത്തൈനി അവതരിച്ചപ്പോള്‍ അവ രണ്ടും അവലംബമാക്കുകയും (കാവല്‍ തേട്ടമായി) മറ്റു വചനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. (തിര്‍മുദി, ഇബ്‌നുകസീര്‍ 4/523).
ഉക്ബത്തുബ്‌നു മുആദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഈ രാത്രിയില്‍ അവതീര്‍ണ്ണമായ ആയത്തുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെ? അവക്ക് സമാനമായ (കാവല്‍തേടുന്ന കാര്യത്തില്‍) മറ്റു വചനങ്ങള്‍ ഇല്ല. സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളാണവ. (മുസ്‌ലിം, മിശ്കാത്ത് 186).
ഉഖ്ബത്ബ്‌നു ആമിര്‍ (റ) പറയുന്നു. ഞാന്‍ നബി (സ)യോടൊപ്പം നടക്കുകയായിരുന്നു. അപ്പോള്‍ നബി(സ) എന്നെ വിളിച്ചു. ഉഖ്ബ, നിങ്ങള്‍ ഓതുക. ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്. നബി (സ) മൗനം പൂണ്ടു അല്‍പം കഴിഞ്ഞപ്പോള്‍ നബി(സ) വീണ്ടും പറഞ്ഞു.നീ ഓതുക ഞാന്‍ ചോദിച്ചു എന്താണ് നബിയെ ഞാന്‍ ഓതേണ്ടത്.?അവിടുന്ന് ഓതി തന്നു. ഖുല്‍ അഊദുബിറബ്ബില്‍ ഫലക്. ഞാന്‍ അതിന്റെ ഒടുവിലോളം ഓതി. അല്പ സമയം കഴിഞ്ഞിപ്പോള്‍ നബി(സ) പറഞ്ഞു നിങ്ങള്‍ ഓതുക ഞാന്‍ ചോദിച്ചു- എന്താണു നബിയെ ഞാന്‍ ഓതേണ്ടത് അവിടുന്ന് ഓതി. ഖുല്‍ അ ഊദുബിറബ്ബിന്നാസ് എന്ന്. ഞാന്‍ ആ സൂറത്ത് ഓതിത്തീര്‍ന്നപ്പോള്‍ നബി(സ) പറഞ്ഞു. ”ഇതിനു തുല്ല്യമായ വചനംങ്ങള്‍ കൊണ്ട് ഒരു മനുഷ്യനും പ്രാര്‍ത്ഥിക്കുകയോ കാവല്‍ നില്‍ക്കുകയോ ചെയ്തിട്ടില്ല” (ഇബ്‌നു കസീര്‍ 4-522) സൂറത്തുല്‍ വാഖിഅ: എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി) എല്ലാരാത്രിയിലും വിരിപ്പിലെത്തിയാല്‍ സൂറത്തുല്‍ കാഫിറൂന പാരായണം ചെയ്യാന്‍നബി(സ)ഫര്‍ഖബ്‌നു നൗഫല്‍ (റ) വിന്റെ പിതാവിനോട് ഒരിക്കല്‍ പറഞ്ഞു അത് ശിര്‍ക്കില്‍ നിന്നു മോചനം നല്‍കുന്ന സൂറത്താണ്. (അബൂദാവൂദ്,തുര്‍മുദി)
അനസ്(റ)വില്‍ നിവേദനം റസൂല്‍ (സ) അനുചരരില്‍ ഒരാളോട് ചോദിച്ചു. ”നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ടില്ലേ?” സ്വഹാബി: അല്ലാഹുവാണ് സത്യം ഇല്ല നബിയെ എന്റെ കയ്യില്‍ ഒന്നുമില്ലാതെ ഞാന്‍ എങ്ങനെ കല്ല്യാണം കഴിക്കും? നബി (സ) ചോദിച്ചു. ”നിനക്ക് ഖുല്‍ഹുവള്ളാഹ് അറിയില്ലേ” -അതെ അദ്ദേഹം മറുപടി പറഞ്ഞു. എങ്കില്‍ അത് ഖുര്‍ആന്റെ മൂന്നില്‍ ഒന്നാണ്. ”നിനക്ക് ഇദാജാഅനസ്‌റുള്ളാഹി അറിയില്ലേ?” നബി വീണ്ടും ചോദിച്ചപ്പോള്‍ അയാള്‍ ‘അതെ’യെന്നു പറഞ്ഞു. ”എന്നാല്‍ അത് ഖുര്‍ആനിന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഖുല്‍ യാ അയ്യൂഹല്‍ കാഫിറൂന്‍ അറിയില്ലെ?” ‘അതെ’ ”എന്നാല്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.” ”നിനക്ക് ഇദാ സുല്‍സില അറിയുമോ?” ”അങ്ങനെയെങ്കില്‍ അത് ഖുര്‍ആന്റെ നാലില്‍ ഒന്നാണ്.”എന്നാല്‍ വിവാഹിതനാവൂ” നബി(സ) പറഞ്ഞു. (തുര്‍മുദി 2895)