അല്ലാഹു തന്റെ സൃഷ്ടികളെ സഹായിക്കാന്‍ ചിലരെ നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ അല്ലാഹു നിശ്ചയിച്ച സഹായികളില്‍ പ്രധാനിയാണ് നബി (സ്വ). ഖുര്‍ആന്‍ ഇത് വ്യ ക്തമാക്കുന്നത് കാണുക:
“നിശ്ചയം നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിര്‍ത്തുകയും സകാത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണ്. അവര്‍ വിനയം പ്രകടിപ്പിക്കുന്നവരത്രെ’ (അല്‍മാഇദഃ 55).
ഇമാം ഫഖ്റുദ്ദീനുര്‍റാസി (റ) തന്റെ തഫ്സീറുല്‍ കബീറില്‍ മേല്‍ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:
“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ആയതില്‍ പരാമര്‍ശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും (6/30).
ഒരു പ്രതിസന്ധിഘട്ടത്തില്‍ ആഇശഃ (റ) ഉള്‍പ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുര്‍ആന്‍ പറഞ്ഞു: ‘അവര്‍ ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില്‍ പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ” (അത്തഹ്രീം 4).
ഈ സൂക്തത്തില്‍ അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവര്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ ആണെന്ന് ഇബ്നുതൈമിയ്യഃ പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).
നിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ത്വുബി എഴുതി.
“അബൂസ്വാദിഖ് അലി (റ) ല്‍ നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്നു മണ്ണുവാരി തലയിലിട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടു. അങ്ങ് അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ അങ്ങയില്‍ നിന്ന് അതുള്‍ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര്‍ അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന്‍ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള്‍ എനിക്ക് പൊറുക്കലിനെ തേടാന്‍ വേണ്ടി.’ അപ്പോള്‍ ഖബറില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്‍ജാമിഉ ഫീ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി. 3/229).
മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്‍ക്-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വാദത്തിന് ഖുര്‍ആന്‍, സുന്നത്ത്, മുസ്ലിം ലോകത്തിന്റെ ഇജ്മാഅ് തുടങ്ങിയവയിലൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു