സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന്  ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.

നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:

“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഹാ പണ്ഢിതന്‍ ഇമാം റംലി (റ) എഴുതുന്നു: “അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ഥന നടത്തല്‍ അനുവദനീയമാകുന്നു. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. അമ്പിയാക്കള്‍ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നുവെന്നും അവര്‍ നിസ്കരിക്കുകയും ഹജ്ജു ചെയ്യുകയും ചെയ്യുന്നുവെന്നും ഹദീസുകളില്‍ പറഞ്ഞിരിക്കുന്നു” (ഫതാവാ റംലി, 4/382).

ശിര്‍ക്കിന്റെയും ഇബാദത്തിന്റെയും പ്രാര്‍ഥനയുടെയും യാഥാര്‍ഥ്യമെന്തെന്ന് അറിയാ ത്തവരായിരുന്നോ അഞ്ഞൂറും അറുനൂറും വര്‍ഷം മുമ്പ് ഗ്രന്ഥരചന നടത്തിയ ഈ പണ്ഢിത വര്യന്മാര്‍? തീര്‍ച്ചയായും അല്ല. പില്‍ക്കാല പണ്ഢിതരേക്കാള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ അഗാധമായ പാണ്ഢിത്യമുള്ളവരായിരുന്നു അവര്‍.