❓ നമുക്ക് വേണ്ടിയും മയ്യിത്തിനു വേണ്ടിയും എഴുപതിനായിരം പ്രാവശ്യം തഹ് ലീൽ ചൊല്ലുന്നതിൻ്റെ തെളിവെന്താണ് ?
✅ നിരവധി തെളിവുകളുണ്ട്. നബി(സ്വ) പറയുന്നു:
*من قال لاإله إلا الله سبعين ألفا يسرّ له بجنة قبل موته*
ആരെങ്കിലും എഴുപതിനായിരം പ്രാവശ്യം ‘ ലാഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലിയാൽ മരണത്തിനു മുമ്പേ അവനു സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെടും. ( خزينة الأسرار )
നബി(സ്വ) പറയുന്നു:
*من قال لاإله إلا الله سبعين ألفا غفر له ومن قيل له غفر أيضا*
ആരെങ്കിലും എഴുപതിനായിരം തവണ ‘ ലാഇലാഹ ഇല്ലല്ലാഹ് ‘ ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും . ആർക്കെങ്കിലും വേണ്ടി ചൊല്ലപ്പെട്ടാൽ ചൊല്ലപ്പെട്ടവർക്കും പൊറുക്കപ്പെടും.
(مرقاة المفاتيح:٢: ١٠٢)
പരേതൻ്റെ പരലോക ഗുണം ആഗ്രഹിച്ചു 70000 തവണ തഹ് ലീൽ ചൊല്ലുന്ന ആചാരം പണ്ടുമുതൽക്കെ പതിവുള്ളതാണ്.
*ചരിത്രകഥ*
ഹിജ്റ: 638 ൽ വഫാതായ പ്രമുഖ ഖുത്ബ് ശൈഖ് ഇബ്നുൽ അറബീ (റ) പറയുന്നു: ഇന്ന വ്യക്തിക്കുയെന്നു പ്രത്യേകം കരുതാതെ ഞാൻ എഴുപതിനായിരം തവണ തഹ് ലീൽ ചൊല്ലിയിരുന്നു . ഒരിക്കൽ ഞാനും കൂട്ടുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിവാക്കി കൊടുക്കുന്നയാൾ എന്ന പ്രസിദ്ധിയാർജിച്ച ഒരു ചെറുപ്പക്കാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇങ്ങനെ പറഞ്ഞു കരഞ്ഞു =എൻ്റെ ഉമ്മ ശിക്ഷ അനുഭവിക്കുന്നു = അപ്പോൾ ഞാൻ ചൊല്ലിയ പ്രസ്തുത തഹ് ലീൽ അദ്ദേഹത്തിൻ്റെ ഉമ്മാക്ക് അദ്ദേഹത്തെ അറിയിക്കാതെ തന്നെ ഹദ് യ ചെയ്തു. അധികം താമസിക്കാതെ തന്നെ ആ യുവാവ് ചിരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു = എൻ്റെ മാതാവ് ശിക്ഷയിൽ നിന്നു മോചിതയായിരിക്കുന്നു = അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഹദീസ് സ്വഹീഹാണെന്നു എനിക്ക് ബോധ്യപ്പെട്ടു (മിർഖാത്ത്: 2/102)
ഇതിനോട് സമാനമായ സംഭവം ഇമാം യാഫിഈ (റ)വിൻ്റെ റൗളുർറയ്യാഹീനിലും ശൈഖ് മഖ്ദൂം (റ)വിൻ്റെ ഇർശാദുൽ ഇബാദിലും ഉണ്ട്.
*മയ്യിത്തിനു വേണ്ടി ചൊല്ലുമ്പോൾ*
മരിച്ച വ്യക്തിയെ കരുതി ചൊല്ലിയാൽ തന്നെ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്നു ഇമാം റംലി (റ) വ്യക്തമാക്കിയിട്ടുണ്ട്. ഹദ് യ: ചെയതുവെന്നു പറഞ്ഞാൽ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്ന് ഖത്വീബുശ്ശിർബീനി (റ) പറഞ്ഞിട്ടുണ്ട്. (ശർവാനി: 6/158 ,7/74) ഇതിൻ്റെ പ്രതിഫലം മയ്യിത്തിനു നൽകണെയന്ന പ്രാർത്ഥന കൊണ്ടും മയ്യിത്തിനു പ്രതിഫലം ലഭിക്കും. ഇതു ഇമാം ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ: 6/158)
*പ്രത്യേക നാമം*
എഴുപതിനായിരം തഹ് ലീലിനു العتاقة الصفرى എന്നു പേരുണ്ട്.പ്രസ്തുത ദിക്ർ ചൊല്ലാൻ ആളെ കൂലിക്ക് വിളിക്കാം. (ശർവാനി :6/158)
*വലിയ്യിൻ്റ വസ്വിയ്യത്ത്*
ശൈഖ് അബൂ ഹസൻ (റ) മരണത്തിനു അല്പം മുമ്പ് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു = നിങ്ങൾ സംഘടിച്ചു എഴുപതിനായിരം ദിക്ർ ചൊല്ലുകയും അതിൻ്റെ പ്രതിഫലം എനിക്കു ഹദ് യ ചെയ്യുകയും വേണം. നിശ്ചയം അങ്ങനെ ചെയ്യുന്നത് സത്യവിശ്വാസികൾക്ക് നരകമോചനത്തിനുള്ള കാരണമാണെന്ന ഹദീസ് എനിക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ വസ്വിയ്യത്ത് പ്രകാരം അദ്ദേഹത്തിൻ്റെ മരണശേഷം അവർ എഴുപതിനായിര തഹ് ലീൽ ചൊല്ലി. ( ജാമിഉ കറാമാതിൽ ഔലിയ: 1/195)
*എണ്ണം കൂടൽ* എഴുപതിനായിരത്തിൽ കൂടുതൽ ചൊല്ലിയാലും വിരോധമില്ല . അപ്പോൾ 70000 ഏതായാലും ഉണ്ടല്ലോ. കൃത്യ അക്കം സ്ഥിരപ്പെട്ടു വന്ന ദിക്റിൽ അതിനേക്കാൾ കൂടുതൽ ചൊല്ലിയാൽ പ്രശ്നമൊന്നുമില്ലന്നാണ് ഫുഖഹാഇൻ്റെ വീക്ഷണം. (ഖൽയൂബി: 1/198)
പലരും കൂടി ചൊല്ലുമ്പോൾ എണ്ണം കൂടി വരാനുള്ള സാധ്യത കൂടുതലാണ്.
*71000 തവണ*
തഹ് ലീലിൻ്റെ കാര്യത്തിൽ എഴുപതിനായിരം എന്ന കൃത്യ അക്കം മാത്രമല്ല ഹദീസിൽ വന്നത്. എഴുപത്തി ഒന്നായിരം എന്നും അബൂ സഈദ്(റ) ,ബീവി ആഇശ(റ) എന്നിരിൽ നിന്നുള്ള രിവായത്തിൽ ഉണ്ട്. അതിങ്ങനെ
*”من قال لا إله إلا الله أحدا وسبعين ألفا اشترى به نفسه من الله عزّوجلّ ”*
”ആരെങ്കിലും എഴുപത്തി ഒന്നായിരം തവണ لا إله إلا الله ചൊല്ലിയാൽ അവൻ്റെ ശരീരത്തിനെ അതുമൂലം അല്ലാഹുവിൽ നിന്നവൻ വാങ്ങി”
ഈ ഹദീസ് ഉദ്ധരിച്ച് خزينة الأسرار – ൽ
وكذا لو فعله لغيره
(മറ്റൊരാൾക്കു വേണ്ടി ചൊല്ലിയാലും ഈ പ്രതിഫലമുണ്ട്)
എന്നു വ്യക്തമാക്കിയിട്ടുണ്ട്