/ഫള് ലുറഹ് മാൻ സുറൈജി തിരുവോട്

ബാങ്കു വിളിക്കാനിരിക്കുന്നു.ഉസ്താദും മുതഅല്ലിമുകളുംപളളിക്കുളത്തിൻ്റെ കൽപടവുകൾ ഇറങ്ങുകയാണ്. തെളിഞ്ഞ വെള്ളത്തിൽ നിന്നൊരു കവിൾ കോരി തുപ്പി ചകിരി കൂർമ്പിച്ച മിസ് വാക്ക് കൊണ്ട് പല്ലുരച്ച് തുടങ്ങുന്ന അംഗസ്നാനത്തിനുള്ള ഒരുക്കം നാട്ടിൻ പുറത്തെ ശീതക്കാറ്റു നിലക്കാത്ത ഓർമ്മകളാണ്. തലമുറകളായ് കൈമാറ്റം ചെയ്തിങ്ങോളമെത്തിയ പാഠങ്ങളാണ് .
വുളൂഅ. അവയവങ്ങളെ കഴുകി വെളുപ്പിക്കുന്ന പ്രക്രിയ മാത്രമല്ല. ഈ ശുദ്ധീകരണം ആത്മവിശുദ്ധിയിലേക്കുള്ള ചുവടുവെപ്പാണ്, അഴുകാനിടവരാത്തവണ്ണം സ്വയം പ്രതിജ്ഞാബദ്ധരാവാനുള്ള സന്നദ്ധതയാണ്. പൂർവ്വസൂരികൾ അംഗ സ്നാനത്തെ അതിപ്രധാനമായി പരിഗണിച്ചിരുന്നത് ഈ അർത്ഥത്തിലാണ്.ശുദ്ധി ഈമാനിൻ്റെ പാതിയാണെന്നത് തിരുനബി അരുളിയതോർമ്മ വേണം.ഖുർആൻ ശ്രദ്ധിക്കൂ:വെളിച്ചത്തിനു മേൽ വെളിച്ചം ,അല്ലാഹു ഇഛിക്കുന്നവരെ ആ പ്രഭാവലയത്തിലേക്കവൻ
നയിക്കും (സൂറ: അന്നൂർ).
വെളിച്ചം ഈമാനാണ്. അതിലേക്കെത്തുന്നവൻ മുഅമിനും ( സത്യവിശ്വാസി).അകവും പുറവും വെടുപ്പുള്ളവനെയാണ് മുഅമിൻ എന്നു വിളിക്കുക. ഇതുവരെയും ഇനിയങ്ങോട്ടും വിശ്വാസിയുടെ വിലാസമതാണ്. ലൂത്വ്(അ)ൻ്റെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ ഊർജിതമായ് നടക്കുന്നതിൽ വിരസതയും അസ്വാരസ്യതയുമുള്ള ഭൂരിപക്ഷ ജനവിഭാഗത്തിൻ്റെ ശ്രദ്ധേയമായൊരു പ്രതിഷേധവാചകം ഖുർആൻ പറയുന്നുണ്ട്. ” അദ്ധേഹത്തിൻ്റെ ജനതയുടെ മറുപടി ഇതു മാത്രമായിരുന്നു.ഇവരെ നിങ്ങളുടെ രാജ്യത്തു നിന്ന് പുറത്താക്കുക. തീർച്ചയായും ഇവർ ശുദ്ധി പാലിക്കുന്ന ആളുകളാണ് “(അഅറാഫ് 82)
ശുദ്ധി പാലിക്കുകയെന്നത് വിശ്വാസിയുടെ ചിഹ്നമാണ്.ബാഹ്യശുദ്ധിക്കപ്പുറം വിശ്വാസ ശുദ്ധിയും സ്വഭാവശുദ്ധിയുമടങ്ങുന്ന ആത്മശുദ്ധി ക്കാണ് പ്രഥമ പരിഗണന.ഈ സാംസ്കാരിക വിശുദ്ധിയാണ് ജനതികളുടെ വഴിവെട്ടം.
വുളൂഇന് ശക്തമായ പ്രതിഫലനശേഷിയുണ്ട്.
” കൂട്ടുകാരേ, പാപങ്ങളെല്ലാം അല്ലാഹു മായ്ച്ചു കളയുന്ന ,ഉന്നത പദവികൾക്ക് ഹേതുവാകുന്നൊരു കാര്യമറിയോ നിങ്ങൾക്ക് ” സ്വഹാബികളോട് മുത്ത് നബിയുടെ ചോദ്യമാണ്. ” ഇല്ല നബിയെ…. ”
“നന്നായി വുളു ചെയ്യലാണത്”
പാപങ്ങൾ ഊർന്നു പോവുന്ന രംഗം വിശദീകരിക്കുന്നുണ്ട് മറ്റൊരിടത്ത്.അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: വിശ്വാസിയായ അടിമ വുളൂഅ ചെയ്യുമ്പോൾ മുഖം കഴുകി കൊണ്ടിരിക്കെ അവൻ കണ്ട തെറ്റ് മുഴുവൻ ഒലിച്ചിറങ്ങിപ്പോവും കൈ കഴുകുമ്പോൾ കൈ ചെയ്ത അതിക്രമങ്ങളുടെ പാപക്കറ ഊർന്നു പോവുംകാലുകൾ കഴുകുമ്പോൾ തെറ്റിലേക്കു നടന്ന ഇന്നലെകൾ മായ്ഞ്ഞില്ലാതാവും. ഒടുക്കമവൻ പാപ സുരക്ഷിതനായ് മാറും (മിശ്കാത്ത്).വുളൂഇൻ്റെ ശേഷിയെ കുറിച്ച് ആത്മാഭിമാനത്തോടെ മുത്ത് നബി പറഞ്ഞതിങ്ങനെ: “എൻ്റെ സമുദായത്തെ അന്ത്യനാളിൽ വിളിക്കുകയെന്തെന്നോ?കൈകാലുകൾ പ്രശോഭിക്കുന്നവരേ… എന്നാണ്. വുളൂഇൻ്റെ ശേഷിപ്പാണത്. നിങ്ങൾക്ക് കഴിവതും കൈകാലുകളൊന്ന് നീട്ടി കഴുകണേ”വുളൂഅ നൽകിയ ആത്മവിശുദ്ധിയാണ് പുറത്ത് പ്രകാശം പൊഴിക്കുന്നത്.
തെറ്റ് ചെയ്യാൻ സാധ്യതയുള്ള അവയവങ്ങളെല്ലാം കഴുകി വൃത്തിയാക്കുമ്പോൾ മാനസികമായ് വിശ്വാസി വിശുദ്ധി ആവാഹിക്കുന്നുണ്ട്. ശുദ്ധീകരണ വേളകളിൽ ദൈവിക വിധേയത്വത്തിൻ്റെ അടിസ്ഥാന ശിലയായ തൗഹീദടങ്ങുന്ന സാക്ഷ്യ വാചകം ഇടവിടാതെ ഉച്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഭൗമാന്തർഭാഗം ഫോസിലുകളും വിഷലവണങ്ങളും ചെളിയും മറ്റവശിഷ്ടങ്ങളും നിറഞ്ഞതെങ്കിലും
ശുദ്ധജലമുത്ഭവിപ്പിക്കുന്ന അല്ലാഹുവിനോട് [അതിൽ നാം ഉറച്ചു നിൽക്കുന്ന ഉന്നതങ്ങളായ പർവ്വതങ്ങളെ സ്ഥാപിക്കുകയും സ്വച്ഛന്ദമായ വെള്ളം നിങ്ങൾക്കു കുടിക്കാൻ തരികയും ചെയ്തിരിക്കുന്നു (മുർസലാത്ത് 27) ]നന്ദി പ്രകാശിപ്പിക്കാൻ അവസരം കണ്ടെത്തുന്നത് (അഥവാ മുൻകൈ കഴുകുമ്പോൾ ഈ തെളിനീർ ശുദ്ധമാക്കിയ അല്ലാഹു വിന് സർവ്വ സ്തുതിയും എന്ന് പറയുന്നത് ) തെളിഞ്ഞ മനസ്സിനെ രൂപപ്പെടുത്താനുള്ള ആഗ്രഹപ്രകടനമാണ്. ചേറു നിറഞ്ഞ ഭൂഗർഭാവസ്ഥയിൽ നിന്ന് സ്ഫടിക ജലമൊഴുക്കാൻ കഴിവുള്ളവന് അഴുകിയ ഹൃദയം കഴുകാനെത്ര ലളിതമാണെന്ന ഭാഷയാണതിന്.അടിമക്ക് സൃഷ്ടാവിനോടുള്ള മനോഭാവമനുസരിച്ചാണ് സൃഷ്ടാവിൽ നിന്നും തിരികെയുണ്ടാകുന്ന പ്രതികരണവും എന്നിരിക്കെ ആ ചിന്ത അടിമയുടെ വിമലീകരണ പ്രവർത്തനം വേഗതയിലാക്കും. വുളു നൽകുന്ന സംശുദ്ധിയെ ഹദീസുകളിൽ ധാരാളം വായിക്കാം. നബി(സ) പഠിപ്പിച്ചു: വല്ലവനും എല്ലാം പാലിച്ച് സമ്പൂർണമായ് അംഗസ്നാനം നടത്തി ഹൃദയ സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിച്ചാൽ അവന് സ്വർഗ്ഗീയാരാമം ഉറപ്പാണ്.
എന്നല്ല സ്വർഗ്ഗത്തിൻ്റെ താക്കോൽ നിസ്ക്കാരമാവുന്നു. നിസ്ക്കാരത്തിൻ്റെ താക്കോൽ ശുദ്ധിയും. ചുരുക്കത്തിൽ സ്വർഗ്ഗപ്രാപ്തി ലഭിക്കാനുള്ളതിൻ്റെ പ്രാഥമിക നടപടി ശുദ്ധീകരണമാണ്. മറ്റൊരു ഹദീസിങ്ങനെയാണ്:അടിയുറച്ച് നിന്നോളൂ, അലസത ഒഴിവാക്കിയേക്കൂ, നിങ്ങൾക്കുത്തമമായത് നിസ്ക്കാരമാണ്. തീർച്ചയായും വിശ്വാസികൾ മാത്രമേ വുളൂഇൻ്റെ വിഷയത്തിൽ ജാഗ്രത്തരാവുകയുള്ളൂ. വുളൂഇൻ്റെ ഗൗരവം ഇങ്ങനെ ഒരുപാടിടത്ത് പഠിപ്പിക്കുന്നുണ്ട്.
ശുദ്ധിയുണ്ടെങ്കിലും വുളു പുതുക്കൽ ശ്ലാഘനീയമാണ്. അതിന് പത്ത് ഹസനാത്ത് പ്രതിഫലവുമുണ്ട്.കോപാകുലതയെ കെടുത്തിക്കളയാനുളള മരുന്നായി നിർദ്ദേശിക്കപ്പെട്ടത് വുളൂഅ ചെയ്യാനാണ്. തെറ്റായ സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ വുളു ചെയ്യുന്നത് അത്തരം ചെയ്തികളിൽ നിന്ന് വിട്ട് നിൽക്കാൻ സഹായിക്കും. ഉറങ്ങിയാൽ വുളൂ വിഫലമാവുമെങ്കിലും ഉറങ്ങാൻ കിടക്കുമ്പോൾ വുളൂ ചെയ്യൽ സുന്നത്തുണ്ടായത് അതിൻ്റെ മൂല്യത്തെ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ ഒന്ന് സ്പർശിക്കാൻ പോലും ഈ ശുദ്ധി പാലിക്കണം.മരിച്ച് മണ്ണോടടുക്കുമ്പോഴും വിശ്വാസിയിൽ വുളു അവശേഷിക്കണം. മയ്യിത്തിന് വേണ്ടി അത് നിർവ്വഹിച്ചു കൊടുക്കൽ സമൂഹത്തിൻ്റെ ബാധ്യതയുമാണ്.