//ഫള് ലുറഹ്മാൻ സുറൈജി തിരുവോട്

രാവിലെ തന്നെ പത്രമെടുക്കാൻ പോയതായിരുന്നു. പതിവില്ലാതെ അയലത്തെ ഹാഷിമും ശിബിലിയും ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളിൽ ശ്രദ്ധാപൂർവ്വം തൂക്കി അതിലെല്ലാം വെള്ളം നിറച്ചു വെച്ചിരിക്കുന്നു. എവിടെ നിന്നോ പറന്നെത്തിയ പൂത്താംകീരി പക്ഷികൾ കൊക്കിളക്കി കൊതിയോടെ രണ്ട് മൂന്ന് കവിൾ കുടിച്ച് ചിറകടിച്ചു.ആ ഹർഷാരവത്തിൽ അവരുടെ ഉള്ളിലൊരു കടൽ തിരയടിച്ചു…
പദ്ധതി വിജയം കണ്ടതിൻ്റെ ആഘോഷം…. നമ്മുടെ തണ്ണീർ കുമ്പിളിൽ കിളി വന്ന് കുടിച്ചെടോ എന്നാവേശ പങ്കിടൽ…
ആ കൗതുകം എന്നെ നിന്ന നിൽപ്പിൽ നിർത്തി.
മുരുക്ക് പൂവുകൾ കത്തിയെരിയുന്ന മീനച്ചൂടിൽ
കുഞ്ഞു പക്ഷികളുടെ ചിറക് കരിഞ്ഞ് പോവില്ലെ..? അവരുടെ ദാഹമാരു തീർക്കും..?
പത്രവുമെടുത്ത് വേഗം വീട്ടിലെത്തിയ ഞാൻ
ആ പണി അപ്പടി കോപ്പിയടിച്ചു.നിർഭാഗ്യവശാൽ ഒരു അടക്കാ കുരുവി പോലും ഈ വഴിക്കു വന്നതെൻ്റെ ശ്രദ്ധയിൽ പെട്ടില്ല .നേരത്തെ കണ്ട ബാല്യ നിശ്കളങ്കതയുടെ ആത്മാർത്ഥത എനിക്കില്ലാത്തതുകൊണ്ടാവണം.
അന്നന്ന് തെരുവിലെവിടെയോ വെച്ച് വയറു നിറക്കുന്ന പാവം തെരുവ്നായകൾ മഹാമാരിയുടെ അനിശ്ചിതത്വത്തിൽ ചലനമറ്റ തെരുവിൽ എവിടെവറ്റന്വേഷിക്കുമായിരുന്നു..? കരുണയുള്ള മനുഷ്യരുള്ളതുകൊണ്ട് അവറ്റകൾക്കും നേരത്തിന് ഊൺ കിട്ടുന്നുണ്ടെന്ന് കേട്ടപ്പോൾ ആശ്വാസമുണ്ട്.
സഹജീവികളുടെ സുരക്ഷ;
നമ്മുടെ ബാധ്യത
നാൽക്കാലികളും ഇരുചിറകു വിടർത്തി പറക്കുന്ന പറവകളും നിങ്ങളെപ്പോലൊരു സമൂഹമാണേ (വി.ഖുർആൻ6/38) എന്ന ഓർമ്മപ്പെടുത്തൽ സാമൂഹ്യ ജീവിതത്തിൽ നമ്മൾ പരസ്പരം പങ്കിടുന്നതിൻ്റെ ഒരു വിഹിതത്തിൽ ആ ജീവികളെയും പരിഗണിക്കേണമേ എന്ന് ഉറക്കെ ഒരു ധ്വനിയില്ലേ?
ഉണ്ട്, ജൈവ സന്തുലിതാവസ്ഥയെ നിലനിർത്തേണ്ട കടമ നമ്മളോരോരുത്തർക്കുമാണ്. നമുക്ക് ചുറ്റുമുള്ളത് അലക്ഷ്യമായ സൃഷ്ടിപ്പല്ല മറിച്ച് എല്ലാം മനുഷ്യൻ്റെ ജീവിതത്തിന് ( പ്രത്യക്ഷമായി / പരോക്ഷമായി) ഉപകരിക്കുന്നവയാണ്.വി.ഖുർആനിലെ 55/10, 2/29 തുടങ്ങിയ സൂക്തങ്ങൾ അതിനെ വ്യക്തമായവതരിപ്പിക്കുന്നു. ചുറ്റുപാടുകളിലേക്കും ജൈവ വൈവിധ്യങ്ങളിലേക്കും ഇടക്കിടേ ക്ഷണിക്കുന്ന ഖുർആൻ മനുഷ്യനെന്ന നിലക്ക് നാമോരുരുത്തരെയും ഏൽപ്പിച്ച പണിയെ ഓർമ്മിപ്പിക്കുകയാണ്. മറ്റൊരു സൂക്തം ശ്രദ്ധിക്കൂ “അന്തരീക്ഷത്തിൽ പറക്കുന്ന പക്ഷികൾക്കു നേരെ കണ്ണയക്കുന്നില്ലേ അവർ ? അല്ലാഹു അല്ലാതെ ആരുമവരെ താങ്ങി നിർത്തുന്നില്ല. വിശ്വാസി വൃന്ദത്തിന് അതിൽ ദൃഷ്ടാന്തങ്ങളേറെയുണ്ട്. ” ഇതു മുഴുക്കെമനുഷ്യൻ്റെ സാമൂഹ്യ വർത്തനങ്ങളെയും ജീവിതക്രമങ്ങളെയും പോലെ തന്നെ ഇതര ജീവിവർഗങ്ങളെയും പരിഗണിക്കണമെന്ന ദൈവികാഹ്വാനം തന്നെ, അതേ പോലെ ഇസ്ലാമിൻ്റെ ജന്തുലോകത്തോടുള്ള വീക്ഷണത്തിൻ്റെ ഗൗരവവും മഹത്വവും ബോധ്യപ്പെടുത്തുന്നു. കൂടാതെ മനുഷ്യർ പരസ്പരം പാലിച്ചു പോരുന്ന സാമൂഹിക സുരക്ഷയെയും സാമൂഹ്യ വികാരങ്ങളെയും ഒരു അളവോളം ഇതര ജീവിവർഗങ്ങളിലേക്കും പകരണമെന്ന സന്ദേശവുമാണ് പങ്കിടുന്നത്.മിണ്ടാപ്രാണികളുടെ കാര്യത്തിൽ വിചാരണ നേരിടേണ്ടി വരുമെന്ന ശക്തമായ താക്കീത് പ്രവാചക വചനങ്ങളിൽ വ്യക്തമാണ്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലും ഉള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ട്. വിശന്ന് വയറൊട്ടിയ ഒരു ഒട്ടകത്തെ നബി (സ്വ)യുടെ ശ്രദ്ധയിൽ പെട്ടപ്പോൾ “സംസാര ശേഷിയില്ലാത്ത ഈ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക ” എന്ന് താക്കീത് നൽകി (അബൂദാവൂദ്). ജീവജാലങ്ങൾക്ക് ആശയ വിനിമയം സാധ്യമല്ലാത്തതിനാൽ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത നമ്മുടെ ബാധ്യതയായാണ് ഇസ് ലാമിക നിർദേശം (ഔനുൽ മഅബൂദ് 7/158)
അബ്ദുല്ലാഹിബ്നു ജഅഫർ പറയുന്ന ഒരു സംഭവം ഇങ്ങനെ: നബി(സ) ഒരു അൻസാരിയുടെ തോട്ടത്തിൽ പ്രവേശിക്കാൻ ഇടയായി. നബിയെ കണ്ടപാടെ അവിടെയുണ്ടായിരുന്ന ഒട്ടകം കണ്ണീരൊലിപ്പിച്ച് ഞ്ഞെരങ്ങാൻ തുടങ്ങി.നബി തങ്ങൾ അതിൻ്റെ കണ്ണീർ തുടച്ച് സമാശ്വസിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിൻ്റെ ഉടമസ്ഥൻ? അൻസാരികളിൽ പെട്ട ഒരു യുവാവ് അവിടെയെത്തി. നബിയെ… ആഒട്ടകം എന്റെതാണ്…. ഉത്തരം കേട്ട നബി(സ) അദ്ധേഹത്തിന് താക്കീത് നൽകി: താങ്കളുടെ അധീനതയിലുള്ള ഈ മൃഗത്തിൻ്റ കാര്യത്തിൽ താങ്കൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? താങ്കൾ അതിനെ പട്ടിണിക്കിട്ടതായും തളർത്തിയതായും അതെന്നോട് പരാതിപ്പെട്ടിരിക്കുന്നു.മക്കാവിജയ സമയത്ത് വഴിയരികിൽ ഒരു പട്ടി അത്ര സുരക്ഷിതമല്ലാത്ത വിധം പ്രസവിച്ച് കിടക്കുന്നത് കണ്ട് അനുചരന്മാരിലൊരാളെ കാവലേൽപ്പിച്ച ചരിത്രം എത്ര പ്രോജ്വലമാണ്. അവരെല്ലാവരും ജീവികളുടെ ക്ഷേമകാര്യങ്ങളിൽ അതീവ തൽപരരും വിചാരണയെ ഭയപ്പെട്ട് ബാധ്യത നിർവ്വഹിക്കുന്നതിൽ അതി ജാഗ്രത പുലർത്തുന്നവരുമായിരുന്നു. ജീവവായു പോലെ ഉഛാസ- നിശ്വാസങ്ങളിൽ നബി പഠിപ്പിച്ച ചരിത്രമവർക്ക് തികട്ടിവരും. ദാഹിച്ചു വലഞ്ഞ യുവാവ് അലഞ്ഞു തിരിഞ്ഞൊരു ഇടിഞ്ഞു പൊളിഞ്ഞ കിണറ്റിൻകരയിലെത്തുന്നു. വെള്ളം കോരാൻ സംവിധാനങ്ങളില്ലാതെ വന്നപ്പോൾ പടവിറങ്ങി താഴെയെത്തി ദാഹം തീർക്കേണ്ടി വന്നു. ഏന്തി വലിഞ്ഞ് കയറി പോകാനൊരുങ്ങുമ്പോൾ .കിതച്ച് വിറച്ച് മണലു നക്കുന്ന ഒരു പാവം നായ. പാവം.. ഈ വരൾച്ചയിൽ അതിനും ദാഹിക്കുന്നു.. ഞാനുമിങ്ങനെ അലഞ്ഞു തിരിഞ്ഞതല്ലേ.. രണ്ടാമതൊന്ന് ചിന്തിക്കാതെ യുവാവ് കിണറ്റിൻ്റെ പടവിറങ്ങി.തൻ്റെ ഷൂവിൽ വെള്ളം ശേഖരിച്ച് ത്യാഗം സഹിച്ച് മേൽപ്പോട്ടു കയറി. വെള്ളം ആർത്തിയോടെ അകത്താക്കുന്ന ആ മിണ്ടാപ്രാണിയെ നോക്കി നെടുവീർപ്പിട്ടു.
ചരിത്രം പറഞ്ഞു നിർത്തിയപ്പോൾ സ്വഹാബികൾ ചോദിച്ചു ” ഇവരുടെ കാര്യത്തിലും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!” “പച്ചക്കരളുള്ള എല്ലാറ്റിലും നിങ്ങൾക്ക് പ്രതിഫലമുണ്ട് ”
ഇതാണ് ലോകത്തെ നബി പഠിപ്പിച്ച ഏറ്റവും വലിയ പാഠം.
തൻ്റെ ഭരണ പരിധിയിലെവിടെയും അന്നം കിട്ടാത്ത ഒരു ജീവിയുമുണ്ടാകരുതെന്ന ഉമർ (റ) ൻ്റെ കരുതൽ ഉറുമ്പുകൾക്ക് അയൽപക്ക പരിഗണനയോടെ ഭക്ഷണമൊരുക്കിയ അദിയ്യുബ്നു ഹാതിമിൻ്റെ ശീലം വസ്ത്രത്തിൻ്റെ കൈ ഭാഗത്ത് കിടന്നുറങ്ങിയ പൂച്ചയുടെ ഉറക്കമിളയ്ക്കേണ്ടെന്നു കരുതി ആ ഭാഗം മുറിച്ച് ബാക്കി ധരിച്ച് പോയ ശൈഖ് രിഫാഇ യുടെ ചിട്ട അങ്ങനെയങ്ങനെ നിറഭേദങ്ങളുടെ അകമ്പടിയിൽ ചരിത്രം തുളച്ചെത്തുന്ന എത്ര സംഭവങ്ങൾ…നേരത്തെ പറഞ്ഞ യുവാവിൻ്റെ മുഴുവൻ ദോഷവും അല്ലാഹു പൊറുത്തുവെന്ന് തിരുനബി.ഇസ്റാഈല്യരിലെ ഒരു വ്യഭിചാരി പെണ്ണിനും സമാനാനുഭവം ഉണ്ടായെന്ന് തിരുനബി പറഞ്ഞത് ഇമംബുഖാരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

കല്ലെറിയരുതെ, ആട്ടരുതെ
തലപൊക്കി നിൽക്കുന്ന കാട്ടപ്പ ചെടിയുടെ കഴുത്തിൽ ചൊട്ടി തെറിപ്പിക്കുന്ന വിരുത്, ഭ്രൂണവളർച്ചയെത്താത്ത തളിരിനെ ഞ്ഞെരടി മാറ്റുന്ന രസം,എറിഞ്ഞകല്ല് പട്ടിയുടെ മൂട്ടിനു കൊണ്ടാൽ കിട്ടുന്ന നിർവൃതി, എച്ചിൽ നോക്കി വന്ന കാക്ക കൂട്ടത്തെ ആട്ടിപറത്തിക്കുമ്പോഴുള്ള സമാധാനം, മച്ചിൻ പുറത്തെ മൂശിക/മാർജാര കുടുംബത്തെ വെളിയിലാക്കി ലോക്കിടാനുള്ള തത്രപ്പാട്, ടെറസിൽ അടയിരിക്കുന്ന പ്രാവിനെ നാടുകടത്താനുള്ള തിടുക്കം, കെട്ടിയോൾക്കും മക്കൾക്കും തീറ്റയന്വേഷിച്ച് വന്ന ചേരയെ മണ്ണെണ്ണയൊഴിച്ച് പൊള്ളിക്കുമ്പോൾ കിട്ടുന്ന ആത്മ സുഖം, പുതുമഴ കൊണ്ടാടുന്ന മഴപ്പാറ്റകളെ ഒരു തളിക വെള്ളത്തിൽ കൂട്ടക്കുരുതി നടത്തി ചെയ്ത ട്രിക്കിനെ പറ്റിയുള്ള പുകയ്ത്തൽ, ഉരുമ്പു കൂട്ടത്തെ വിഷച്ചോക്കിൻ്റെ വരകളിലിട്ട് ശ്വാസം മുട്ടിച്ച് പ്രാണനെടുക്കുന്നതിലെ നിസ്സാരവത്കരണം, എങ്ങോ പോകുന്ന ഉടുമ്പിൻ്റെ പിന്നാലെ കൂടി എറിഞ്ഞ് തീർക്കുന്ന കൈ മെരുക്കം. എത്രയധി നിഷ്ഠൂരമാണ് ഈ വൈകാരികതകൾ?! കാളപ്പോരും കോഴിപ്പോരും വിനോദങ്ങളുടെ കൂട്ടത്തിലെണ്ണി ചിലർ ക്രൂരമായാഘോഷിക്കുന്നുണ്ടിപ്പോൾ. മിണ്ടാപ്രാണികളുടെ വേദനയും വിണ്ടുകീറിയ, മുറിവേറ്റ മനസ്സും കാണാനാകാത്ത വിധം അന്ധത ബാധിച്ചതാണ് ഇതിനൊക്കെ ഉത്തേജക മരുന്നിടുന്നത്.
ജാഹിലിയ്യ കാലത്ത് ആത്മീയതയുടെയും മോക്ഷത്തിൻ്റെയും പേരിൽ കഠിനമായ പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കും നേർച്ച മൃഗങ്ങൾ ഇരയാക്കപ്പെടാറുണ്ടായിരുന്നു. ഖുർആൻ അതിനെ ശക്തമായി അപലപിക്കുകയുമുണ്ടായി (സൂറ: അന്നിസാഅ 118-119 ശ്രദ്ധിക്കുക) .മൃഗങ്ങളിൽ നിന്ന് അല്ലാഹു മനുഷ്യർക്ക് അനുവദിച്ചിട്ടുള്ള വാഹന സൗകര്യം, ഭക്ഷണം, കൃഷിയാവശ്യങ്ങൾ, സൗന്ദര്യ കാര്യങ്ങൾ എന്നിവയൊഴികെ ഉപയോഗപ്പെടുത്തുന്നത് തെറ്റായതും പ്രകൃതിയെ തകർക്കുന്ന രീതിയുമാണെന്ന് ഇമാം ഖുർതുബി വിശദീകരിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെ സംരക്ഷണവും പ്രകൃതി സുരക്ഷയും കണക്കിലെടുത്ത് ചില നിർദേശങ്ങൾ ഹദീസിലുണ്ട്.
> മരത്തിനു കല്ലെറിയരുത് അതിന് വേദനിക്കും.
> തേനീച്ച, ഉറുമ്പ്, കുരുവി എന്നിവയെ കൊല്ലരുത്.
> ജീവനുള്ളവയുടെ അവയവങ്ങൾ ഛേദിക്കരുത്. അറവ് നിർവ്വഹിക്കുന്ന സമയത്ത് പോലും തൊട്ടുമുമ്പായി ഇത്തരം ചെയ്തികൾ പാടില്ല.
> ജീവികളെ ചാപ്പ കുത്തി ഉപദ്രവിക്കരുത്.
> അസ്ത്ര പ്രയോഗം, വെടിവെയ്പ്പ് എന്നിവയുടെ പരിശീലനത്തിനോ അല്ലാതെയോ ഒരു ജീവിയെയും പരീക്ഷണ വസ്തുവാക്കരുത്.
> അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കരുത് .[അകാരണമായി വിനോദത്തിനോ അലക്ഷ്യമായോ കൊല്ലപ്പെട്ട ഒരു കുരുവി പരലോകത്ത് തൻ്റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കും (ബുഖാരി) ]
> ജീവികളെ അംഗഭംഗം വരുത്താവതല്ല. അത്തരം പ്രവൃത്തികൾ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താൻ കാരണമാകും.
> ഭാരം വഹിക്കുന്ന ജീവികൾക്ക് വഹിക്കാവുന്നതേ എൽപ്പിക്കാവൂ.
> ജീവികളെ അതിൻ്റെ തള്ളയിൽ നിന്ന് അകറ്റരുത്.
വംശനാശമുണ്ടാകും വിധം ഷണ്ഡീകരിക്കുന്നതും ഇസ്ലാം എതിർത്തിട്ടുണ്ട്.
ഉമർ ബിൻ അബ്ദുൽ അസീസിൻ്റെ കാലത്ത് മൃഗങ്ങൾക്ക് വഹിക്കാവുന്ന ഭാരത്തിൻ്റെ പരിധി നിശ്ചയിച്ചു. ഉപദ്രവകരമായതും ഭാരമേറിയതുമായ ലാഡം / ജീനി ഉപയോഗിക്കുന്നതിനെ തടഞ്ഞു.മൃഗസംരക്ഷണ മേഖലകൾ സംവിധാനിച്ചു.അങ്ങനെ നീളുന്നു നമ്മെതിരുത്തുന്ന ചരിത്രം.
ചുരുക്കത്തിൽ ജൈവവൈവിധ്യത്തെയും അതിൻ്റെ സന്തുലിതാവസ്ഥയെയും കാരുണ്യ മനോഭാവത്തെയും പ്രതികൂലമായ് ബാധിക്കുന്നതെന്തും അനഭിലഷണീയമാണ് അത്തരം ജീർണ സ്വഭാവങ്ങൾ നമുക്കിടയിൽ തങ്ങിനിൽക്കേണ്ടതില്ല, അത്തരം പരുക്കൻ ശീലങ്ങളെ പടിയിറക്കുക…
ഞാനിതാ പോകുന്നു പുതിയ രണ്ടു തണ്ണീർ കുമ്പിൾ കൂടി ഉണ്ടാക്കട്ടെ അതിലൊരു കിളി വന്നു ദാഹം തീർക്കട്ടെ… അതിന് തസ്ബീഹ് ചെല്ലാനുള്ള ഊർജ്ജം കിട്ടട്ടെ..