– ഫള്ലുറഹ്മാൻ സുറൈജി തിരുവോട്
ഉമർ ബിൻ ഖത്താബിൻ്റെ ഭരണകാലത്ത് ശ്രദ്ധേയമായൊരു സംഭവം നടന്നു
ഖുർആൻ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്നു കസീർ ആചരിത്രം രേഖപ്പെടുത്തുന്നുണ്ട്: സൂക്ഷ്മശാലിയും ഭൗതിക പരിത്യാഗിയുമായൊരു യുവാവുണ്ടായിരുന്നു മദീനയിൽ. അദ്ധേഹം പള്ളി വിട്ട് എവിടെയും പോകാറില്ല. അരുതാത്തതൊന്നും കണ്ട് കണ്ണ് കേട് വരുത്തരുതെന്ന ശാഠ്യമുണ്ടായിരുന്നു. പ്രായമുള്ള പിതാവിനെ ശ്രുശ്രൂഷിക്കേണ്ടി വന്ന ഒരു നാൾ അയാൾ പുറത്തിറങ്ങി. വീട്ടിലേക്കുള്ള ധൃതി പിടിച്ചുള്ള നടത്തത്തിനിടെ അയാൾക്കൊരു അപരിചിതയെ ആകസ്മികമായ് കാണേണ്ടി വന്നു. തെറ്റായതൊന്നും ചിന്തിച്ചിട്ടില്ലെങ്കിലും അയാളെ ആ സംഭവം ഉലച്ചു കളഞ്ഞു. അയാൾ നീറാൻ തുടങ്ങി. മനസ് പുകഞ്ഞു. ഇന്നോളം ചെയ്തതൊക്കെ വീണുടയുമോ.ആകുലതകൾ അയാളെ വരിഞ്ഞുമുറുക്കി.തിളച്ചുമറിഞ്ഞ മനസും എരിയുന്ന കരളുമായ് അയാൾ പുളഞ്ഞു. ഒടുക്കം കരൾ ഉരുകിയുരുകി അദ്ധേഹം അന്ത്യശ്വാസം വലിച്ചു. ഇന്നാലില്ലാഹ്.
**
ബഹുമാനപ്പെട്ട ഉമർ (റ) ആ ഭക്തൻ്റെ ഖബറിടത്തിലെത്തി
“സഹോദരാ, റബ്ബിൻ്റെ സ്ഥാനത്തെ ഭയഭക്തിയോടെ കണ്ടവർക്ക് രണ്ട്സ്വർഗമുണ്ടെന്നല്ലേ. നിങ്ങൾക്കത് കിട്ടിയോ?” ( ഖബറാളിയോട് ഉമർ (റ) സംസാരിക്കുകയാണ്, ചരിത്രം പറയുന്നത് വഹാബികളുടെ മുഖ്യ പ്രമാണമായ് പരിഗണിക്കുന്ന ഗ്രന്ഥത്തിലുമാണ്. ഇടയിലോർമ്മിപ്പിച്ചെന്ന് മാത്രം)
വൈകാതെ ഖബറാളി പ്രതികരിച്ചു
” ഉമർ, എൻ്റെ രക്ഷിതാവ് എനിക്കത് തന്നിരിക്കുന്നു ”
***
പെരുമഴയും കൂരിരുട്ടും
വഴിമുടക്കിയപ്പോൾ മലമ്പാതയോരത്തെ ഗുഹയിൽ അഭയം തേടിയ
മൂന്ന് യാത്രികരുടെ ചരിത്രം
ഖുർആനിൽ നാം വായിച്ചതാണ്. മഴവെള്ളപാച്ചിലിനൊപ്പം വന്ന
ഭീമൻ കല്ല് ആ ഗുഹാമുഖം അടപ്പിട്ടു കളഞ്ഞു.ഗത്യന്തരമില്ലാതെ പരിഭ്രമിച്ച അവരുടെ അവസാന മാർഗം പ്രാർത്ഥനയായിരുന്നു.പ്രാർത്ഥിച്ചു തുടങ്ങിയപ്പോൾ കല്ല് നീങ്ങി നീങ്ങി വെളിച്ചം കയറി വന്നു. യാത്രികരുടെ മുഖത്ത് സന്തോഷവും. മൂവരും പ്രാർത്ഥനയോടൊപ്പം പറഞ്ഞത് തങ്ങൾ ചെയ്ത മഹത്കർമ്മങ്ങളായിരുന്നുവല്ലോ?അവരിലൊരാൾ പറഞ്ഞ സംഭവം ഒന്നുകൂടി നിവർത്തിയിടാം. പ്രണയം കയറിനിരങ്ങിയ മനസ്സുമായ് എളാപ്പയുടെ മകളെ കാത്തു നിൽക്കുകയായിരുന്നു അവൻ, വിശപ്പിൻ്റെ കോച്ചിപ്പിടുത്തത്തിൽ ഒരു തരിയന്നത്തിന് വകയില്ലാതെ വന്ന ഗതികേടിൽ അവനെ സമീപിക്കേണ്ടി വന്നു പാവമവൾക്ക്.
ആ അവസരത്തെ അവൻ നന്നായി മുതലെടുത്തു. വിശപ്പകറ്റാം പക്ഷേ എൻ്റെ ദാഹകറ്റണമെന്ന നിബന്ധന ലൈംഗിക ചുവയോടെ അവതരിപ്പിച്ചു.
മറ്റൊരു വഴിയില്ലാതെ ആ പാവത്തിന് സമ്മതം മൂളേണ്ടി വന്നു. അവിഹിതമായ ആകർമ്മത്തിനൊരുങ്ങവേ ആ പെൺകൊടി തൊടുത്ത വാക്ക് അവൻ്റെ നെഞ്ചിൻ കൂട് തകർക്കാൻ മാത്രം പ്രഹര ശേഷിയുള്ളതായിരുന്നു.
“അല്ലാഹുവിനെ പേടിക്കണേ”. കേട്ട അതേ വേഗതയിൽ ആ ശ്രമം അവൻ ഉപേക്ഷിച്ചു .
ആ വാക്ക് കഥയിലൊതുങ്ങില്ല.
ആരും കാണാനില്ലല്ലോ?
വഷളാകില്ലല്ലോ?
സ്റ്റാറ്റസ് ഇടിഞ്ഞു തരിപ്പണമാകില്ലല്ലോ? എന്നു കരുതി സ്വകാര്യമായ് വല്ലതും ചെയ്യാൻ മുതിരുന്നവരുടെ ചെവിക്കുടയിൽ നിരന്തരം പ്രകമ്പിതമാവുന്നുണ്ടത്.
വളരെ ജാഗ്രതയോടെ ആ ചെയ്തിയിൽ നിന്നും പിന്മാറിയത് കൊണ്ട് അദ്ധേഹത്തെ പിന്നീടുണ്ടായ വൻവിപത്തിൽ നിന്നും തുറന്നു വിട്ടുവെന്നാണ് തിരുനബി പറഞ്ഞ സംഭവത്തിൻ്റെ ഗുണപാഠങ്ങളിലൊന്ന്.ജാഗ്രതയുടെ അപര്യാപ്തത അപകടമാണ്. എത്ര കെടുതികളാണ് അതുകൊണ്ടുണ്ടായത്. ഒടുക്കം മാരകമായ ആപത് ഫലങ്ങൾ അവശേഷിക്കുന്നു.
സാധാരണ ഭൗമിക ജീവിതത്തിൽ പാലിച്ചു പോരുന്ന ബാഹ്യമായ ജാഗ്രതയല്ല സത്യവിശ്വാസിയുടെത്.മറിച്ച്; ദൈവിക നിരീക്ഷണത്തിനു വിധേയമാകുന്നിടമെല്ലാം ഉൾകൊള്ളുന്ന സമഗ്രമായ അതീവ ജാഗ്രതയാണത്.ജാഗ്രതയുള്ള നടപ്പു രീതികൾ പ്രതിസന്ധികളകറ്റുന്നു .അല്ലാത്തത് കെടുതിയുണ്ടാക്കുന്നു. ഇതാ ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന മാരക നേരങ്ങൾ തന്നെ ജാഗ്രതക്കുറവിൻ്റെ അനുരണനമല്ലേ…?
സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ബന്ധങ്ങളുടെ നൂലിഴയായ ആരാധനകളുടെ മുഖ്യ ലക്ഷ്യം തന്നെ ജാഗരൂകരായ സമൂഹസൃഷ്ടിപ്പാണ് .( മനുഷ്യരേ, നിങ്ങളെയും പൂർവ്വികരെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിന് ആരാധനകളർപ്പിക്കുക;നിങ്ങൾ ജാഗരൂകരാകാൻ വേണ്ടി ) തഖ് വയെന്ന ഒറ്റപദം മനുഷ്യജീവിതത്തിൻ്റെ വേരാണ്.ഭയം, ഗൗരവ സമീപനം, ആരാധന, വഴിപ്പെടൽ, അരുതാഴ്മകളിൽ നിന്ന് ഹൃദയത്തെ സൂക്ഷിക്കൽ തുടങ്ങിയ ആശയതലങ്ങളിലേക്കും ഈ പദം വഴി വെട്ടുന്നുവെന്ന് ഖുർആൻ പറയുന്നു.
പ്രധാനമായും മൂന്ന് അപായങ്ങളെ കരുതലോടെ സമീപിക്കണം.1. ശിർക്ക് (ബഹുദൈവികത്വം ) :ദൈവിക സ്വത്വത്തെ ചോദ്യം ചെയ്യുന്ന ഈ സമീപനം മഹാ അപരാധമാണ്.പല ജനതയും പരാജയപ്പെട്ടത് അതുകൊണ്ടാണ്. ദൈവനിരാസ വാദങ്ങളും അതേ നാണയമാണ്.ശക്തമായ ഏകദൈവ വിശ്വാസം കൊണ്ടേ അതിനെ പ്രതിരോധിക്കാനാവുകയുള്ളൂ
2. ബിദ്അത്ത് (മതവിരുദ്ധ പരിഷ്ക്കാരം): സമഗ്രമായ മത നിയമങ്ങളെയും അടിത്തറകളെ പരിഗണിക്കാതെയുള്ള പരിഷ്ക്കാരങ്ങൾ വികലമായ ആശയങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്.വഹാബി, മൗദൂദിയൻ ആശയങ്ങളെ മതം അകറ്റി നിർത്താനുള്ള കാരണം അതാണ്. പ്രവാചക പാഠങ്ങളെ ശരിയായ രീതിയിൽ അനുദാവനം ചെയ്യാനുള്ള ജാഗ്രതയുണ്ടെങ്കിൽ ബിദ്അത്ത് കടന്നു വരില്ല.
3. അരുതാഴ്മകൾ: ചിന്തയിലോ പ്രവർത്തനത്തിലോ തെറ്റ് കടന്ന് വരാം.നല്ല ലക്ഷ്യത്തിനു വേണ്ടി ചീത്ത മാർഗ്ഗം സ്വീകരിക്കുക, നല്ല മാർഗ്ഗത്തിലൂടെ ചീത്ത ലക്ഷ്യത്തിലെത്തുക, ചീത്ത മാർഗത്തിലൂടെ തന്നെ തെറ്റായ ലക്ഷ്യത്തിലെത്തുക തുടങ്ങിയ രീതികളൊന്നും പാടില്ല . ചാഞ്ചല്യമില്ലാതെ മതനിരദേശങ്ങളെ വഴിപ്പെടുകയെന്നതാണ് ഇവിടെ പാലിക്കേണ്ട ജാഗ്രത.ലക്ഷ്യവും മാർഗ്ഗവുമെന്നല്ല ആലോചനകളെ പോലും നിയന്ത്രിക്കണം.പുറത്തെ നിശ്കളങ്കതയെപ്പോലെ പ്രധാനമാണ് അകത്തേ നിശ്കളങ്കതയും.അതില്ലാതാവുമ്പോൾ ആദ്യത്തെത് കാപട്യമാവും, കേവലം നാട്യമാവും. അതിനു നിലനിൽപ്പുണ്ടാവില്ല. സമൂഹമധ്യത്തിൽ തന്നെ അവഹേളിക്കപ്പെട്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ . നദിക്ക് തൻ്റെ രഹസ്യങ്ങൾ ഒരു വെള്ളച്ചാട്ടം വരെയല്ലേ അകത്തൊളിപ്പിക്കാനൊക്കൂ?.
അതീവ തീവ്രമായ ജാഗ്രത കൈ കൊണ്ട താബിഇയ്യായ മനുഷ്യനും. അശ്രദ്ധമായ് ജീവിച്ച് ഏതോ ഒരു നിമിഷത്തിൽ ജാഗരൂകനായ ചരിത്രത്തിലെ വ്യക്തിയും നമ്മുടെ പുനർവായനയിൽ വരുമ്പോൾ എനിക്ക് തികട്ടിയ
ചോദ്യമിതാണ്
” പുതിയ കാലത്ത് മുത്തഖി എന്ന് പറയാവുന്നത് ആരെ കുറിച്ച്?”
” യാതൊരു Lock സംവിധാനവുമില്ലാതെ സ്വതന്ത്രമായ് എൻ്റെ മൊബൈൽ താങ്കൾക്ക് പരിശോധിക്കാവുന്നതാണെന്ന് ഉറച്ച് പറയാവുന്നവരാണവർ ” എന്നാണ് ഒരാൾ പറഞ്ഞ മറുപടി.
ഡിജിറ്റൽ അഡിക്ഷൻ സർവ്വവ്യാപിയായ കാലത്ത് ഈ ഉത്തരം അത്ര അവഗണിക്കേണ്ടതൊന്നുമല്ല. ആത്മീയ – മാനസിക-ലൈംഗിക-സാമ്പത്തിക ശുദ്ധി പോലെ അതിപ്രധാനമാണ് ഡിജിറ്റൽ ശുദ്ധിയും. അതിൻ്റെ ദൗർബല്യം അതിഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നത് ആർക്കും വ്യക്തമാണ് . വിശ്വാസിയെ സംബന്ധിച്ച് എല്ലാം ജാഗരൂകമാകേണ്ട ഇടങ്ങളാണ്. ജാഗ്രതക്കുറവും തുടർന്നുണ്ടാവുന്ന വിപത്തും മുന്നേ ആലോചിച്ചിരിക്കേണ്ടതുമാണ്.
തൗറാത്തിൻ്റെ ഉപദേശം നോക്കൂ: ആദമിൻ്റെ പുത്രാ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നിട്ടേ ഉറങ്ങാവൂ.
അല്ലാഹുവിനെ കുറിച്ചാലോചിക്കാത്ത നിമിഷത്തെ കുറിച്ചാവും അന്ത്യനാളിലേ പരിഭ്രമങ്ങളെന്ന നബിവചനം ആലോചിക്കേണ്ടതാണ്. കിട്ടിയ ആയുസും ഒഴിവു നേരങ്ങളും വഞ്ചിച്ചു കളഞ്ഞല്ലോ എന്ന് നമ്മളന്നാലോചിക്കും.
മരണമടുത്തപ്പോൾ കണ്ണീരണിഞ്ഞു കിടക്കുന്ന ആമിറു ബ്നു അബ്ദു ഖൈസി (റ)നോട് എന്തിനാണങ്ങു കരയുന്നതെന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി നെഞ്ചിൽ തറക്കും
” ചെയ്തതൊക്കെയും മുത്തഖീങ്ങളിൽ നിന്നേ സ്വീകരിക്കുകയുള്ളൂവെന്നല്ലേ ” എന്ന് പറഞ്ഞ് അദ്ധേഹം കരഞ്ഞു കൊണ്ടേയിരുന്നു. (അദ്ധേഹമാരായിരുന്നുവെന്നറിയോ? രാവും പകലും ആയിരം റക്അത്ത് നിസ്കരിച്ച് കിടക്കപ്പായയിൽ തല ചായ്ക്കാൻ ഒരുങ്ങുമ്പോൾ ” വിപത്തിൻ്റെ താവളമേ… ഒരംശം പോലും നിന്നോടെനിക്കു പ്രിയമില്ലെ”ന്ന് പറഞ്ഞ് കരയുന്ന മഹാനാണവർ.)
ഒരു ദീർഘശ്വാസത്തിന് ശേഷം നമുക്കൊന്നാലോചിക്കാം. എത്ര മാത്രം നിലവാരമുണ്ട് നമുക്കെന്ന്?
സ്വർഗ്ഗമെന്ന സങ്കേതത്തെയും നമ്മുടെ ജീവിതത്തെയും മാറി മാറി നോക്കൂ. നമ്മളെത്ര പാകമാണെന്ന്? ഒരു പ്രതീക്ഷയുമില്ലെന്നല്ല. അല്ലാഹു കൃപാലുവാണ് കാരുണ്യവാനാണ്. പക്ഷേ ആ അർഹത ലഭ്യമാകണമെങ്കിൽ നമ്മൾ പാലിക്കേണ്ടത് പാലിച്ചേ പറ്റൂ. അവഗണിക്കപ്പെട്ട വിഭാഗത്തിലെങ്ങാനും പെട്ടാൽ നമ്മുടെ കഥാവസാനമാണവിടെ. ഒരുവൻ അനാവശ്യങ്ങളുമായ് ഇടപെടുന്നു വെന്നത് അല്ലാഹു ആ അടിമയെ അവഗണിച്ചുവെന്നതിൻ്റെ തെളിവാണ് (അയ്യുഹൽവലദിലെ തുടക്കം നമ്മെ അടക്കിയിരുത്തും)