Iഫള് ലുറഹ്മാൻ സുറൈജ് സഖാഫി തിരുവോട്
ദ്രവിച്ച് വൃത്തിഹീനമായ വാതിലും കടന്ന് വേണം അവിടേക്ക് കയറി ചെല്ലാൻ. നമ്മളെത്തുക ശ്വാസം മുട്ടിക്കുന്ന ഇടുക്കത്തിലേക്ക്.ആ ഇരുട്ടിൽ തപ്പിയാൽ നടുവൊടിഞ്ഞൊരു കട്ടിലേ കാണൂ…..
അവിടേക്ക് പോകാൻ നിങ്ങളാരുടെയെങ്കിലും മനസ്സ് പറയുന്നുണ്ടോ?ഏതായാലും ഞ്ഞാനില്ല ഇതാ, ഇവിടെയൊരു പകിട്ടുള്ള കവാടം.
പടികടന്നാൽ വിശാലമായ വെളിച്ചത്തിലെത്തി.
ആ ചാരുതയിൽ നമ്മൾ മയങ്ങും…
പറഞ്ഞു വന്നത് കവാടത്തെ കുറിച്ചോ ഇരിപ്പിടത്തെ കുറിച്ചോ അല്ല. രണ്ട് തരം മനസ്സുകളേ കുറിച്ചാണ്. പറയൂ… ഇതിൽ വിശ്വാസിയുടെ മനസ്സേതാണ്?. രണ്ടാമത്തേതു തന്നെ. വശ്യമായ പെരുമാറ്റം, പ്രവിശാലമായ മനസ്സ് ,വിട്ടുവീഴ്ചാ മനോഭാവം, അരിശ സ്വഭാവങ്ങളെ പിടിച്ചുകെട്ടി തന്മയത്വത്തോടെയുള്ള ഇടപെടൽ, സ്വന്തം വീഴ്ചകളെ തിരിച്ചറിഞ്ഞ് സ്വയം തിരുത്താനുള്ള ബോധം ഇവയൊക്കെ ഇഴുകിച്ചേരുമ്പോൾ അവനെ നമ്മൾ വിശ്വാസിയെന്ന് വിളിക്കും. ആ പേരിലൊതുക്കില്ല; മുത്തഖി (അതി ജാഗ്രതയുള്ളവൻ) എന്ന് വിളിക്കും.
സൂറ: ആലു ഇംറാനിൻ്റെ 133 മുതൽ ഒന്നു ശ്രദ്ധിക്കൂ: നിങ്ങളുടെ നാഥൻ്റെ പക്കൽ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളുടെ വിശാലതയുളള സ്വർഗ്ഗത്തിലേക്കും നിങ്ങൾ കുതിച്ച് ചെല്ലുക. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവർക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു.(1)സന്തോഷത്തിലും സന്താപത്തിലും ധനം ചെലവഴിക്കുകയും (2)കോപം അടക്കി നിർത്തുകയും (3)ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമത്രേയവർ. ഇത്തരം സൽക്കർമ്മകാരികളെ അല്ലാഹു ഇഷ്ടപ്പടുന്നു. (4)വല്ല നീചകൃത്യവും ചെയ്യുകയോ സ്വയം മോഹിക്കുകയോ ചെയ്താൽ അവർ അല്ലാഹുവിനെ ഓർക്കും. തങ്ങളുടെ പാപമോചനത്തിനായി അവർ പ്രാർത്ഥിക്കുകയും ചെയ്യും”
നാലു സ്വഭാവങ്ങൾ മുത്തഖിയെന്ന വിലാസം സമ്മാനിക്കുന്നുവെന്ന് ഈ സൂക്തം അടിവരയിടുന്നു. പറുദീസകൾ തയ്യാറായി നിൽക്കുന്ന അതിഗംഭീരമായ ആ നാലുശീലങ്ങളെ കുറിച്ചാണ് ഇക്കുറി സംസാരിക്കാനുള്ളത്.
1. സന്തോഷ സന്താപങ്ങളിൽ ധനം ചെലവഴിക്കൽ:
സമ്പത്തിൻ്റെ യഥാർത്ഥ അവകാശി അല്ലാഹുവാണ്. അതിൻ്റെ കൈകാര്യകർതൃത്വം മനുഷ്യൻ നിർവ്വഹിക്കുന്നുവെന്ന് മാത്രം. അത് എവിടെയെങ്കിലും കുമിഞ്ഞ് കൂടാനുള്ളതല്ല. അതിനെ തടയിടാനാണ് സകാത്ത് സമ്പ്രദായം പോലും നടപ്പിലാക്കിയിട്ടുള്ളത്. വിശ്വാസിക്ക് സാമൂഹ്യ പ്രതിപത്തിയുണ്ടായിരിക്കും .അതിന് മുന്നിൽ ഇല്ലായ്മയോ വല്ലായ്മയോ ഒരു പ്രതിസന്ധിയുമാവില്ല. വിശുദ്ധ ഖുർആനിൽ ദാനധര്‍മത്തിന്‍റെ പോരിശ നിരവധിയിടത്തുണ്ട്. ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക’ (2/195). ‘സത്യ വിശ്വാസികളേ, ഇടപാടുകളോ സൗഹൃദങ്ങളോ ശിപാര്‍ശയോ നടക്കാത്ത ഒരു ദിനം വരും മുന്നേ, നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക’ (2/254). ‘സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവ ഴിക്കുക’ (2/267). ‘രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് നാഥന്‍റെയടുക്കല്‍ അവര്‍ക്കുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല’ (2/ 274).
‘നബിയേ..സത്യ വിശ്വാസികളായ എന്‍റെ ദാസന്മാരോട് പറയുക. അവര്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ’ (14/31). ‘നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വയം ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍’ (64/16).
ഇലാഹീ പ്രീതിയും പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള വിശിഷ്ട കര്‍മമാണ് ദാനധര്‍മം. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ദാനധര്‍മത്തിന്‍റെ ഒട്ടനവധി സവിശേഷതകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
> അല്ലാഹുവിന്‍റെ കോപം ഇല്ലാതാക്കുന്നു
മുആവിയബ്നു ഹൈദ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്‍റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).
> പാപത്തെ മായ്ച്ചു കളയുന്നു.
നബി(സ്വ) പറയുന്നു: ‘വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’ (തുര്‍മുദി)
> ഖബറില്‍ ആശ്വാസം ലഭിക്കുന്നു.
നബി(സ്വ) പറയുന്നു: ‘നിശ്ചയം, സ്വദഖ ഖബറിലുള്ളവര്‍ക്ക് അതിന്‍റെ ചൂട് അകറ്റി കൊടുക്കും’ (ബൈഹഖി).
>നരകത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.
തിരുനബി(സ്വ) പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം). അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും ഞാന്‍ കണ്ടിട്ടുള്ളത്’.
അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ?
നബി(സ്വ) പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).
> ശാരീരിക രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്നു.
തിരുനബി(സ്വ) പറയുന്നു: ‘നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് നിങ്ങള്‍ ചികിത്സിക്കുക’ (ബൈഹഖി).
> മാനസിക രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു.
അബൂഹുറൈറ (റ) പറയുന്നു: ‘ഒരാള്‍ തിരുനബി (സ)യോട് തൻ്റെ ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഹൃദയത്തിന്‍റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്‍റെ തലയില്‍ തടവുകയും ചെയ്യുക’ (മുസ്നദു അഹ്മദ്).
> സമ്പത്തില്‍ ബറകത്തുണ്ടാകുന്നു.
അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘ദാനം സമ്പത്തിനെ കുറക്കുകയില്ല’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തന്നെ പറയുന്നതു കാണുക: ‘ഏതൊരു കാര്യം നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അവന്‍ നിങ്ങള്‍ക്കു അതിനു പകരം നല്‍കുന്നതാണ്. ഏറ്റവും നന്നായി ഉപജീവനം നല്‍കുന്നവനാണവന്‍’ (വിശുദ്ധ ഖുര്‍ആന്‍ 34/39).
നോമ്പുകാരിയായ ആഇശ ബീവി(റ)യുടെ അടുക്കല്‍ ഒരു മിസ്കീന്‍ യാചനക്കെത്തിയ സംഭവം ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാചകന്‍ വന്നപ്പോള്‍ ആഇശ ബീവി(റ)യുടെ വീട്ടില്‍ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റൊട്ടി യാചകന് നല്‍കാന്‍ ആഇശ(റ) അടിമ സ്ത്രീയോട് പറഞ്ഞു. ഉടനെ അവള്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വേറെ ഒന്നുമില്ല!?’. അപ്പോഴും റൊട്ടി യാചകന് കൊടുക്കാന്‍ തന്നെയാണ് ബീവി പറഞ്ഞത്. വേലക്കാരി അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ‘അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് ഹദ്യയായി നല്‍കി. ഇതു വരെ അവര്‍ ഹദ്യ നല്‍കിയിട്ടേയില്ല. ആഇശ ബീവി(റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നീ ഇത് തിന്നുക. ഇതാണ് ആ റൊട്ടി (നല്‍കാന്‍ വിസമ്മതിച്ച) യേക്കാള്‍ നല്ലത്’ (മുവത്വ).
> ആപത്തുകള്‍ തടയുന്നു.
നബി(സ്വ) പറയുന്നു: ‘നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്'(ത്വബ്റാനി). സൂര്യ ഗ്രഹണമുണ്ടായ സമയത്ത് ജനങ്ങളെല്ലാം അസ്വസ്ഥരായപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘നിങ്ങള്‍ അതു (ഗ്രഹണം) കണ്ടാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്കാരം നിര്‍വഹിക്കുക. ദാനധര്‍മം നടത്തുക’ (സ്വഹീഹുല്‍ ബുഖാരി).
ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട് ഇബ്നു ദഖീഖില്‍ ഈദ്(റ) എഴുതുന്നു: ‘അപകടകരമായ വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താണെന്നതിനു ഈ ഹദീസ് തെളിവാണ്’ (ഇഹ്കാമുല്‍ അഹ്കാം).
> സമ്പത്ത് ശുദ്ധിയാക്കുന്നു.
നബി(സ്വ) കച്ചവടക്കാരോട് പറഞ്ഞതു കാണാം: ‘കച്ചവടക്കാരേ, കച്ചവടത്തിൽ പിശാചും കുറ്റവും വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തിൽ സ്വദഖയും ചേർക്കൂ’ (തുര്‍മുദി).
> ധര്‍മിഷ്ഠന്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം ചെയ്തവനാകുന്നു.
ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു വ്യക്തി നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, ജനങ്ങളില്‍ ആരോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം? കര്‍മങ്ങളില്‍ ഏതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്? അവിടുന്ന് പറഞ്ഞു: ‘ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം. ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതോ അവന്‍റെ പ്രയാസമകറ്റുന്നതോ കടം വീട്ടിക്കൊടുക്കുന്നതോ അവന്‍റെ വിശപ്പകറ്റുന്നതോ ആണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം’ (ത്വബ്റാനി).
ഉമറുബ്നുല്‍ ഖത്വാബ്(റ) പറയുന്നു: ‘കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയാറുണ്ട്. അപ്പോള്‍ സ്വദഖ പറയും: ഞാനാണു നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍’ (ഇബ്നു ഖുസൈമ).
> യഥാര്‍ത്ഥ നന്മകൾ കൈവരിക്കുന്നു.
അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നതു വരെ നിങ്ങള്‍ക്ക് നന്മകൾ വരിക്കില്ല. നിങ്ങള്‍ എന്ത് ചെലവഴിക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അത് നന്നായി അറിയുന്നവനാണ്’ (വിശുദ്ധ ഖുര്‍ആന്‍ 3/92). ഈ സൂക്തം അവതീര്‍ണമായപ്പോഴാണ് അന്‍സ്വാറുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ അബൂ ത്വല്‍ഹ(റ) സമ്പത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുഹാഅ്’ തോട്ടം പാവങ്ങള്‍ക്ക് ദാനമായി നല്‍കിയത്.
ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ പുണ്യം നേടുകയില്ല’ എന്ന സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകര്‍(സ്വ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ ‘നിങ്ങളിഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ നിങ്ങള്‍ നന്മകളൊന്നും നേടുകയില്ല ‘ എന്നാണ് പറയുന്നത്. എന്‍റെ സമ്പത്തില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘ബൈറുഹാഅ്’ തോട്ടമാണ്. അതു ഞാനിതാ സ്വദഖ ചെയ്തിരിക്കുന്നു'(സ്വഹീഹുല്‍ ബുഖാരി). പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ തന്നെയാണ് സൈദുബ്നു ഹാരിസ(റ) തനിക്കേറ്റം ഇഷ്ടപ്പെട്ട കുതിരയെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദാനം ചെയ്തത് (ജാമിഉല്‍ ബയാന്‍). അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത സൂക്തം പാരായണം ചെയ്തപ്പോള്‍ അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചു ഞാനോര്‍ത്തു. എന്‍റെ അടിമ സ്ത്രീയേക്കാള്‍ എനിക്കിഷ്ടപ്പെട്ട ഒന്നും അപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. ഉടനെ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ഇവളെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു’ (അല്‍ മുസ്തദ്റക്).
> ഖിയാമത്ത് നാളില്‍ സ്വദഖയുടെ തണല്‍
ലഭിക്കുന്നു.
ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നു: ‘നബി(സ്വ) ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ഓരോരുത്തരും അവരവരുടെ സ്വദഖയുടെ തണലിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ തീരുമാനം പറയപ്പെടുന്നത് വരെ’ (മുസ്നദു അഹ്മദ്).
> മാലാഖമാരുടെ പ്രാര്‍ത്ഥനക്കര്‍ഹനാകുന്നു.
റസൂല്‍(സ്വ) പറയുന്നു:‘ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകൾ ഇറങ്ങിവരും.അവരിലൊരാള്‍ ‘അല്ലാഹുവേ, ദാനം നല്‍കുന്നവന് നീ പകരം നല്‍കേണമേ’ എന്നും മറ്റെയാള്‍ ‘അല്ലാഹുവേ, നല്‍കാത്തവന് നീ നാശം നല്‍കേണമേ’ എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).
> സദഖക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നു.
അല്ലാഹു പറയുന്നു: “ദാനം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കപ്പെടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടുതാനും’ (57/18).
അല്ലാഹുവിന് നല്ല കടം നല്‍കാന്‍ ആരുണ്ട്? അനേകം മടങ്ങുകളായി അവന്‍ അതു വര്‍ധിപ്പിച്ചു നല്‍കും. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നല്‍കുന്നവനും അല്ലാഹുവാണ്. നിങ്ങള്‍ അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും’ (2/245). ‘തങ്ങളുടെ ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികളുണ്ട്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കിക്കൊടുക്കുന്നു’ (2/261).
> ഒരു ദിവസം തന്നെ ദാനധര്‍മത്തോടൊപ്പം വ്രതാനുഷ്ഠാനം, രോഗി സന്ദര്‍ശനം, മയ്യിത്ത് അനുഗമനം എന്നിവ കൂടി നടത്തിയവര്‍ക്ക് സ്വര്‍ഗം ഉറപ്പാണ്.
അബൂ ഹുറൈറ(റ) പറയുന്നു: ഒരു ദിവസം നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് നോമ്പനുഷ്ഠിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. റസൂല്‍(സ്വ) വീണ്ടും ചോദിച്ചു: ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. അവിടുന്ന് വീണ്ടും ചോദിച്ചു: ഇന്ന് അഗതിക്ക് ഭക്ഷണം നല്‍കിയവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. തിരുനബി(സ്വ)യുടെ അടുത്ത ചോദ്യം: ഇന്ന് ആരാണ് രോഗിയെ സന്ദര്‍ശിച്ചിട്ടുള്ളത്? അബൂബക്കര്‍(റ) തന്നെയാണ് മറുപടി പറഞ്ഞത്: ‘ഞാന്‍’. അപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: ‘ഇവയെല്ലാം ഒരാളില്‍ മേളിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയില്ല’ (സ്വഹീഹ് മുസ്ലിം).
> സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു.
അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘നിസ്കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും വിളിക്കപ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്‍റെ കവാടത്തിലൂടെയും സ്വദഖ നല്‍കിയവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍ കവാടത്തിലൂടെയാണ് വിളിക്കപ്പെടുക'(സ്വഹീഹുല്‍ ബുഖാരി).
> സര്‍വനന്മകളുടേയും കവാടം തുറക്കുന്നു.
അല്ലാഹു പറയുന്നു: (കൊടുക്കേണ്ടത്) കൊടുക്കുകയും ഭക്തിയോടെ ജീവിക്കുകയും ഏറ്റവും നല്ലതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് വളരെ എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്ത് കൊടുക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 92/5-7). ‘എളുപ്പമായതു’ കൊണ്ടുള്ള ഉദ്ദേശ്യം നന്മയുടെ വിവിധ രൂപങ്ങളിലേക്കുള്ള മാര്‍ഗദര്‍ശനമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു (തഫ്സീറുല്‍ ഖുര്‍തുബി).
> ദാനം നല്‍കിയത് എക്കാലത്തും ശേഷിക്കുന്നു.
വീട്ടില്‍ അറുത്ത ആടിനെക്കുറിച്ച് ‘അതില്‍ വല്ലതും ബാക്കിയുണ്ടോ?’ എന്ന് ആഇശ ബീവിയോട് തിരുനബി(സ്വ) അന്വേഷിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ‘അതിന്‍റെ കുറകല്ലാത്ത മറ്റൊന്നും ബാക്കിയില്ല’. ഉടനെ നബി(സ്വ) പറഞ്ഞു: ‘കുറകല്ലാ ത്തതൊക്കെ ബാക്കിയായി’ (സ്വഹീഹ് മുസ്ലിം). വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ എന്തെങ്കിലും പണം ചെലവഴിക്കുന്നുവെങ്കില്‍ അതു നിങ്ങള്‍ക്കുള്ളതാണ്. അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്ത് ചെലവഴിച്ചാലും അതിന്‍റെ പ്രതിഫലം പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടും (2/272).
> അടിമ ഉടമയുമായുള്ള കരാര്‍ പാലിക്കുന്നു.
സമ സൃഷ്ടികള്‍ക്കുള്ള ദാനധര്‍മത്തിലൂടെ സ്രഷ്ടാവുമായുള്ള കരാര്‍ പാലിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘സ്വര്‍ഗം പ്രതിഫലമായി നല്‍കാമെന്ന വ്യവസ്ഥയില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരീരങ്ങളും സ്വത്തുക്കളും അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/111).
> ദാനധര്‍മം അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണയുടെയും സത്യസന്ധമായ ഈമാനിന്‍റെയും പ്രകടമായ ലക്ഷണമാണ്.
നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കാതിരിക്കുന്നതും സമ്പത്ത് കുറയുമെന്ന് കരുതി സ്വദഖ കൊടുക്കാതിരിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള മോശമായ ചിന്തയുടെ ഫലമായിട്ടാണെന്നു വ്യക്തമാക്കിയതിനു ശേഷം ഇമാം ഖുര്‍തുബി(റ) പറയുന്നു: ‘അടിമ അല്ലാഹുവിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെങ്കില്‍ സമ്പത്ത് കുറഞ്ഞു പോകുമെന്ന ഭയം അവനുണ്ടാവില്ല. കാരണം അവന്‍ ദാനം ചെയ്തതിനു പകരം നല്‍കുമെന്നത് അല്ലാഹു തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്’ (തഫ്സീറുല്‍ ഖുര്‍തുബി).
2. കോപങ്ങളെ അടക്കി നിർത്തൽ:
മുത്തഖിയുടെ രണ്ടാമത്തെ ശീലമാണ് കോപങ്ങളെ അടക്കി നിർത്തൽ.
ജന്മസിദ്ധമായ് മനുഷ്യനിലുള്ളതാണ് ദേഷ്യമെന്ന വികാരത്തിൻ്റെ പ്രകടനം.
താനറിഞ്ഞുവെച്ചതിന് വിരുദ്ധമായ കാര്യങ്ങളോട് പ്രതികരിക്കുന്ന നാഡീവ്യവസ്ഥ തലച്ചോറിൽ ജന്മനാ സജ്ജമാണ്. മഴവെള്ളപ്പാച്ചിൽ കണക്കെ ഇരമ്പുന്ന ദേഷ്യത്തെ ഭണ്ഡു കെട്ടി നിയന്ത്രിച്ചില്ലെങ്കിൽ അതുണ്ടാക്കുക ദൂരവ്യാപകമായ നാശമായിരിക്കും.
ഇത്തരമൊരു നശീകരണ പ്രവർത്തനത്തിന് വിശ്വാസി ഒരിക്കലും കൂട്ടുനിൽക്കില്ല. അതു കൊണ്ട് തന്നെ ദേഷ്യം നിയന്ത്രിക്കുകയെന്നത് അവൻ്റെ ബാധ്യതയാണ്. അവൻ കോപം അടക്കിപിടിക്കുന്നവനും സഹനശീലനുമായിരിക്കും. അല്ലാഹു പറയുന്നു: ”അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു” (ആലു ഇംറാന്‍ 134).
കോപം നിയന്ത്രിക്കുകയെന്നത് കരുത്തിൻ്റെ അടയാളമാണ്. ഹദീസ് നോക്കൂ: ”ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തവാന്‍, കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍” (ബുഖാരി, മുസ്‌ലിം).
കോപമുണ്ടാകുന്ന സമയത്ത് ഒരാള്‍ ആത്മനിയന്ത്രണം പാലിക്കുകയെന്നത് വലിയ ത്യാഗമാണ്. അതവനെ വലിയ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്‍ സഹായിക്കും. ഉപദേശം തേടി വന്ന ഒരാളോട് തിരുനബി(സ) പറഞ്ഞു: ”നീ കോപിക്കരുത്” (ബുഖാരി). പ്രവാചകനോട് ഉപദേശം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവാചകന്റെ മറുപടി അത് മാത്രമായിരുന്നു. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: പ്രവാചകന്‍ അശ്അജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്‍ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത്” (മുസ്‌ലിം).
സത്യവിശ്വാസി അല്ലാഹുവിന് വേണ്ടിയായിരിക്കും ദേഷ്യം പിടിക്കുക. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ആരെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിക്കാതിരിക്കുകയും മതത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ കോപിക്കുകയും പ്രതികരിക്കുകയും വേണം. അല്ലാഹുവിന്റെ നിയമങ്ങളെ പുഛിച്ച് തള്ളുന്നതും കളങ്കപ്പെടുത്തുന്നതും വിശ്വാസി ഒരിക്കലും ഇഷ്ടപെടുകയില്ല. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ കളങ്കപ്പെടുത്തുമ്പോള്‍ അല്ലാഹുവിന് വേണ്ടിയല്ലാതെ സ്വന്തത്തിന് വേണ്ടി തിരുദൂതർ പ്രതികാരം എടുത്തിട്ടില്ല(ബുഖാരി, മുസ്‌ലിം).
മത നിയമങ്ങള്‍ ദുരുപയോഗം ചെയ്യുക, അവ തെറ്റായി പ്രയോഗിക്കുക, അവയോട് പുഛമനോഭാവം പുലര്‍ത്തുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തിരുദൂതർ കോപിക്കുകയും അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാവുകയും ചെയ്തിരുന്നുവെന്ന് കാണാം.
ഒരാള്‍ തിരു സന്നിധിയില്‍ വന്നു പരാതിപെട്ടു: ‘പ്രവാചകരേ, ആ ഇമാം സുബ്ഹി നമസ്‌ക്കാരത്തില്‍ ഖുര്‍ആന്‍ പരായണം ദീര്‍ഘിപ്പിക്കുന്നത് പതിവാക്കിയതിനാല്‍ ഞാന്‍ നമസ്‌കാരത്തിന് വൈകിയാണ് എത്താറ് ‘ ഇത് കേള്‍ക്കേണ്ട താമസം നബി(സ)ക്ക് ദേഷ്യംവന്നു. ജനങ്ങളെ ഉപദേശിക്കുമ്പോള്‍ ആ ദിവസത്തെ പോലെ തിരുനബി കോപം പ്രകടിപ്പിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, നിങ്ങളില്‍ ജനങ്ങളെ വെറുപ്പിച്ച് അകറ്റിക്കൊണ്ടിരിക്കുന്നവരുണ്ട്. ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നിന്നാല്‍ ലഘൂകരിക്കണം, അവന്റെ പിന്നില്‍ നിൽക്കുന്നത് പ്രായമുള്ളവരും കുട്ടികളും പലവിധ ആവശ്യക്കാരുമുണ്ടാകും” (ബുഖാരി, മുസ്‌ലിം).
ഒരു സമയം മഖ്‌സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്‍ ആ സ്ത്രീക്ക് വേണ്ടി ശിപാര്‍ശ നടത്താൻ നബി(സ)യെ സമീപിക്കാന്‍ ആരെയാണ് തെരഞ്ഞെടുക്കുക എന്നവര്‍ ചര്‍ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി(റ)നെ അതിനായി അവര്‍ തെരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്‍ശക്കായി നബിക്കരിരികിലെത്തി. അദ്ധേഹത്തിന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: ”അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ നിനക്ക് ശിപാര്‍ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിക്കാനുണ്ടായ പ്രധാന കാരണം മാന്യന്മാർ കളവ് നടത്തിയാൽ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെതിരില്‍ ശിക്ഷാ നടപടികളെടുക്കുകയും ചെയ്തിരുന്നുവെന്നതാണ്. അല്ലാഹുവാണേ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയെതെങ്കിലും ഞാനവളുടെ കൈ മുറിച്ചിരിക്കും” (ബുഖാരി, മുസ്‌ലിം).
ഈ സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ പ്രവാചകന്‍ യാതൊരുവിധ വിട്ടു വീഴ്ചക്കും തയാറായിരുന്നില്ലെന്നും അവ ലംഘിക്കപ്പെടുമ്പോഴാണ് അവിടുന്ന് കോപിച്ചതെന്നും മനസ്സിലാകും.
യഥാര്‍ഥ മുസ്‌ലിം, സമൂഹവുമായുള്ള എല്ലാ ഇടപാടുകളിലും കോപം വെടിഞ്ഞ് സൗമ്യതയും സഹനവും കാണിക്കും. അതവന് ഇഹത്തിലും പരത്തിലും വലിയ പുണ്യം നേടിക്കൊടുക്കും. അതിലൂടെ ജനങ്ങളുടെ ഇഷ്ടപാത്രമാകാനും അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും നേടിയെടുക്കാനും സാധിക്കും.
മയ്മുൻ ബിൻ മഹ്റാൻ (റ) ദാസിയോട് ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവർ ധൃതിപ്പെട്ട് ഭക്ഷണത്തളികയുമായി വരുമ്പോൾ അബദ്ധവശാൽ അത് കൈവിട്ടു പോയി. മയ്മുൻ (റ) വിൻ്റെ തലയിലും ദേഹത്തും കറി പുരണ്ടു. അദ്ദേഹം ദേഷ്യപ്പെട്ടു.ദാസിയാകട്ടെ വിശുദ്ധ ഖുർആൻ വാക്യം ഓതികേൾപ്പിച്ചു: “കോപം കടിച്ചിറക്കുന്നവൻ” (വി ഖു. 3/134) മയ്മുൻ (റ) സമചിത്തത പാലിച്ചു. ” ഞാൻ കോപം നിയന്ത്രിക്കുന്നു”. അദ്ധേഹം പറഞ്ഞു. ദാസി ഖുർആൻ വചനത്തിൻ്റെ ബാക്കി ഭാഗം ഓതി: ” ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവൻ”. മയ് മൂൻ: ‘ഞാൾ വിട്ടുവീഴ്ച ചെയ്യുന്നു’.ദാസി ബാക്കി പൂർത്തിയാക്കി “കൂടുതൽ നന്മ ചെയ്താലും നന്മ ചെയ്യുന്നവരെ അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു “. മയ് മൂൻ: ശരി നിന്നെ ഞാൻ സ്വതന്ത്രയുമാകുന്നു (ഖുർതുബി 4/196)
3. വിട്ടുവീഴ്ച ചെയ്യൽ
മുത്തഖിയുടെ മൂന്നാമത്തെ ശീലം വിട്ടുവീഴ്ചാ മനോഭാവമാണ്.സമൂഹത്തോട് നിത്യസമ്പര്‍ക്കം പുലര്‍ത്തി കഴിയുന്ന വിശ്വാസിക്ക് ധാരാളം വ്യക്തികളെയും അവരുടെ വ്യത്യസ്തസ്വഭാവങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. അവയില്‍ ഉദാരത, ആദരവ്, സ്‌നേഹം പോലുള്ള ഉത്തമസ്വഭാവങ്ങളും ദേഷ്യം, അവഗണന, നിരുത്സാഹപ്പെടുത്തല്‍ പോലുള്ള ചീത്തസ്വഭാവങ്ങളും കണ്ടുമുട്ടും. മറ്റുള്ളവരിൽ നിന്നുണ്ടാവുന്ന ഉത്തമസ്വഭാവങ്ങളെ ഉള്‍ക്കൊള്ളാനാവും. എന്നാല്‍, ചീത്തസ്വഭാവങ്ങളോട് എങ്ങനെ പ്രതികരിക്കും?
അപ്രിയ സ്വഭാവങ്ങളോട് വിട്ടുവീഴ്ചാ മനോഭാവമാണ് പ്രകടിപ്പിക്കേണ്ടത്. മുസ്‌ലിമിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഉത്തമസ്വഭാവമാണത്. മാലാഖമാരെപ്പോലെ പരമവിശുദ്ധരല്ലല്ലോ നാം. അതിനാല്‍, വീഴ്ചകള്‍ സംഭവിക്കുക സ്വാഭാവികമാണ്. സ്വന്തം ജീവിതത്തിലും സഹോദരന്റെ ജീവിതത്തിലും വീഴ്ചകള്‍ സംഭവിക്കും. സ്വന്തത്തില്‍ സംഭവിക്കുമ്പോള്‍ അവയെ തിരുത്തുകയും അല്ലാഹുവോട് പശ്ചാത്തപിക്കുകയുമാണ് വേണ്ടത്. സഹോദരനില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ അവയോട് ക്ഷമിക്കുകയും വിട്ടുവീഴ്ച കാണിക്കുകയും വേണം. അതോടൊപ്പം, ഗുണകാംക്ഷയോടെ തെറ്റ് തിരുത്താന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യണം.
സഹോദരന്റെ വീഴ്ചകളെയും പോരായ്മകളെയും വിട്ടുവീഴ്ചാ മനോഭാവത്തോടെ സമീപിക്കല്‍ ഒരു കലയാണ്. മഹാന്മാക്കളുടെ സ്വഭാവമാണത്. മഹാത്മാക്കള്‍ സ്വന്തം സഹോദരനോട് ഉദാരത കാണിക്കുന്നു; സ്‌നേഹം പ്രകടിപ്പിക്കുന്നു; സുഖത്തിലും ദുഖത്തിലും പങ്കുകൊള്ളുന്നു; സഹോദരനില്‍നിന്ന് അനിഷ്ടകരമായ വല്ലതും സംഭവിച്ചാല്‍ ക്ഷമാപൂര്‍വം സമീപിക്കുകയും സ്‌നേഹപൂര്‍വം വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, നിസാരന്മാര്‍ വിശാലമായ മനസിനുപകരം, സങ്കുചിതമായ മനസായിരിക്കും വെച്ചുപുലര്‍ത്തുക.
വിട്ടുവീഴ്ചക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന ഒരു പദം അഫ്‌വ് എന്നാണ്. അവശിഷ്ടമോ അടയാളമോ ഇല്ലാതാക്കലാണ് അഫ്‌വ്. ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ കടന്നുപോയശേഷം ഉണ്ടാവുന്ന കാല്‍പാടുകളെ കാറ്റ് മായ്ച്ചുകളയുന്ന പ്രക്രിയക്ക് അഫ്‌വ് എന്നു പറയുന്നു. വിട്ടുവീഴ്ചക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന മറ്റൊരു പദം സ്വഫ്ഹ് എന്നാണ്. നേര്‍ത്ത പാളിയാക്കല്‍, അടിച്ചുപരത്തല്‍, നിര്‍മലമാവല്‍ എന്നൊക്കയാണ് സ്വഫ്ഹിന്റെ ഭാഷാപരമമയ അര്‍ഥങ്ങള്‍. അഫ്‌വിന്റെയും സ്വഫ്ഹിന്റെയും അര്‍ഥങ്ങളായി വിട്ടുവീഴ്ച, മാപ്പുനല്‍കല്‍ എന്നീ പദങ്ങളെ മലയാളത്തില്‍ മാറിമാറി പ്രയോഗിക്കാറുണ്ട്. സഹോദരനില്‍നിന്ന് സംഭവിച്ചുപോവുന്ന വീഴ്ചകള്‍ അവെയക്കുറിച്ച ഒരു ഓര്‍മയും ഇല്ലാത്തവിധം വിട്ടുവീഴച ചെയ്യുന്നതിനെ അഫ്‌വെന്നും പിന്നീട് നിര്‍മലഹൃദയത്തോടും വിശാലമനസോടുംകൂടി അവനോട് പെരുമാറുന്നതിനെ സ്വഫ്‌ഹെന്നും പറയുന്ന. വിശുദ്ധവേദവും തിരുചര്യയും പകര്‍ന്നുതരുന്ന സംസ്‌കാരമാണത്. ”അതിനാല്‍, നീ അവരോട് വിട്ടുവീഴ്ച ചെയ്യുക; മാപ്പേകുകയും ചെയ്യുക. നിശ്ചയം, നന്മ ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു”(അല്‍മാഇദ: 13). വിശ്വാസിയുടെ സവിശേഷതയായി തിരുനബി പറയുന്നു: ”ജനങ്ങളോടൊപ്പം ഇടപെടാതിരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയേക്കാള്‍ ഉത്തമനാണ് അവരോടൊപ്പം ഇടപെടുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കുകയും ചെയ്യുന്ന വിശ്വാസി”(ഇബ്‌നുമാജ).
വിട്ടുവീഴ്ച ദൈവികസ്വഭാവമാണ് . അല്ലാഹുവിന്റെ വിട്ടുവീഴ്ചയെ മുന്‍നിര്‍ത്തി തിരുനബി ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ” അല്ലാഹുവേ, നീ വിട്ടുവീഴ്ചയാണ്. നീ വിട്ടുവീഴ്ചയെ ഇഷ്ടപ്പെടുന്നു. അതിനാല്‍, നീ ഞങ്ങളോട് വിട്ടുവീഴ്ച കാണിക്കണേ”. സ്രഷ്ടാസ്റ്റ സൃഷ്ടികള്‍ക്കുമേല്‍ നിരന്തരം വിട്ടുവീഴ്ച ചൊരിയുന്നുണ്ട്. ഗുരുതരമായ പാപങ്ങള്‍ ചെയ്തവര്‍ക്ക് ആത്മാര്‍ഥമായി പാപമോചനം തേടുമ്പോഴും ചെറിയചെറിയ വീഴ്ചകള്‍ സംഭവിച്ചവര്‍ക്ക് ആരാധനാദി പ്രാര്‍ഥനകള്‍ നിര്‍വഹിക്കുമ്പോഴും ദൈവം വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നുണ്ട്. ദൈവത്തിന്റെ സ്വഭാവം മുസ്‌ലിമും ആര്‍ജിക്കണം. സഹോദരന്റെ പോരായ്മകളെയും അനൗചിത്യങ്ങളെയും വിശാലമായ മനസോടെയാണ് സമീപിക്കേണ്ടത്. അങ്ങനെ പ്രതികരിക്കുന്നവരോടു മാത്രമേ അല്ലാഹുവും വിട്ടുവീഴ്ച്ച കാണിക്കുകയുള്ളൂ. ”അവര്‍ വിട്ടുവീഴ്ച നല്‍കുകയും മാപ്പേകുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പാപമോചനമേകുന്നവനും കാരുണ്യവാനുമത്രേ”(അന്നൂര്‍: 22).
സ്വത്വത്തിന് സമാധാനം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ശീലിച്ചേ മതിയാവുള്ളൂ. സഹോദരനില്‍നിന്നും ഉണ്ടാവുന്ന ഓരോ അനിഷ്ടകാര്യത്തോടും പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനേ സമയമുണ്ടാവൂ. എല്ലാറ്റിനോടും പ്രതികരിക്കുന്നവന്‍ എപ്പോഴും അസ്വസ്ഥനായിരിക്കും. തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഉന്തും തള്ളും സ്വാഭാവികമാണ്. ഓരോ ഉന്തിനും തള്ളിനും പ്രതികരിച്ചാല്‍ ബസില്‍ അടിയും പിടിയുമായിരിക്കും ഫലം. ബോധപൂര്‍വമല്ലാതെ അപരനില്‍നിന്ന് പലതും സംഭവിച്ചെന്നിരിക്കും. ഒരു ഉദാഹരണം പറയാം: സുഹൃത്തിൻ്റെ കൈയബദ്ധംമൂലം നിങ്ങളുടെ വിലപിടിപ്പുള്ള ഒരു ഉപകരണം നിലത്തുവീണെന്ന് കരുതുക. പ്രസ്തുത സംഭവത്തെ സംയമനത്തോടെയാണ് സമീപിക്കേണ്ടത്. കാരണം, വിലപിടിപ്പുള്ള ഉപകരണത്തേക്കാള്‍ കൂടുതല്‍ വിലയും മൂല്യവുമുണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തിന്. പ്രസ്തുതബന്ധം ഊഷ്മളമാവുമ്പോഴാണ് സമാധാനം ലഭിക്കുക. ”സങ്കുചിത ങ്ങളിൽ നിന്ന് ആരാണോ മോചിതരാവുന്നത്, അവര്‍രാണ് വിജയം വരിച്ചവര്‍”(അല്‍ഹശ്ര്‍: 9).
വിട്ടുവീഴ്ചകള്‍ നിറഞ്ഞതായിരുന്നു തിരുനബിയുടെയും പൂര്‍വസൂരികളുടെയും ജീവിതം. അതിന് വലുപ്പ ചെറുപ്പങ്ങളില്ലായിരുന്നു. ആയിശ(റ) പറയുന്നു: ‘ അല്ലാഹുവിൻ്റെ പവിത്രതകള്‍ അവഹേളിക്കപ്പെട്ടപ്പോഴല്ലാതെ, നബി തങ്ങൾ സ്വന്തത്തിനുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാരനടപടി സ്വീകരിച്ചിട്ടില്ല'(ബുഖാരി. മുസ്‌ലിം). ആയിശ(റ) ക്കെതിരെയുള്ള അപവാദപ്രചരണത്തിന്റെ സത്യാവസ്ഥ അല്ലാഹു വെളിപ്പെടുത്തിയപ്പോള്‍ അതില്‍ പങ്കാളിയായ മിസ്ത്വഹുബ്‌നു ഉസാസക്ക് ഇനിമുതല്‍ താന്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായം നല്‍കുകയില്ലെന്ന് അബൂബക്കര്‍(റ) ശപഥം ചെയ്തിരുന്നു. അബൂബക്കറി(റ) ന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അദേഹത്തിന്റെ തീരുമാനം തീര്‍ത്തും ശരിയായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട മകള്‍ ആയിശക്കെതിരെയായിരുന്നു മിസ്ത്വഹുബ്‌നു ഉസാസ അപവാദപ്രചരണത്തില്‍ പങ്കാളിയായത്. എന്നാല്‍, അല്ലാഹുവിൻ്റെ തീരുമാനം മറ്റൊന്നായിരുന്നു. മിസ്ത്വഹുബ്‌നു ഉസാസ ചെയ്ത തെറ്റ് അബൂബക്കര്‍ വിട്ടുകൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യണമെന്നായിരുന്നു തീരുമാനം. അക്കാര്യമാണ് അന്നൂര്‍ ഇരുപത്തിരണ്ടാം സൂക്തത്തില്‍ പ്രദിപാദിക്കുന്നത്: ”നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക ശേഷിയുമുള്ളവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും ദൈവികമാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ വിട്ടുവീഴ്ച കാണിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പാപമോചനമേകുന്നവനും കാരുണ്യവാനുമത്രെ”. അബൂബക്കറിന്റെ(റ) പ്രതികരണം ഇപ്രകാരമായിരുന്നു: ‘നാഥാ, തീര്‍ച്ചയായും നീ ഞങ്ങള്‍ക്ക് പൊറുത്തുതരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’.
മുസ്‌ലിം തന്റെ സഹോദരനോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുമ്പോള്‍ സഹോദരനെന്നതിന്റെ നിര്‍വചനത്തില്‍ മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടും. ഒരു പ്രത്യകവിഭാഗത്തില്‍ മാത്രം വിട്ടുവീഴ്ചയുടെ സംസ്‌കാരം പരിമിതിപ്പെടുത്താവതല്ല. മത, ജാതി, ഭാഷാ, ലിംഗ…….ഭേദമന്യേ മുഴുവന്‍ മനുഷ്യരോടും വിട്ടുവീഴ്ച കാണിക്കണം. കാരണം, മനുഷ്യര്‍ മുഴുവന്‍ ഏകോദര സഹോദരന്മാരാണ്. എല്ലാവരുടെയും പിതാവ് ആദമാണ്. മാതാവ് ഹവ്വയാണ്. സിരകളില്‍ ഒഴുകുന്ന രക്തത്തിന്റെ നിറവും ഒന്ന്. എല്ലാവരും സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍നിന്നാണ്. മണ്ണിലേക്കു തന്നെയാണ് മടക്കവും.
4. വീഴ്ചകളുണ്ടാവുമ്പോൾ പൊറുക്കലിനെ തേടൽ
നാലാമത്തെ ശീലം ഇസ്തിഗ്ഫാറാണ് (പൊറുക്കലിനെ തേടൽ )ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. (ഖു൪ആന്‍: 4/110)
ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നീ പാപമോചനം തേടുക. (ഖുർആന്‍: 47/19) തുടങ്ങി പാപമോചനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധിയിടങ്ങൾ ഖുർആനിൽ കാണാം
(ഉദാ:110/3 ,16/119, 3/135…)
അടിമയുടെ പാപമോചനം അല്ലാഹുവിനേറെ പ്രിയങ്കരമായതാണ്.അവനോടുള്ള വിധേയത്വത്തിൻ്റെ പരമമായ ഇടങ്ങളിലൊന്നാണത്. അതുകൊണ്ടാണ് തൗഹീദിനൊപ്പം തന്നെ പാപമോചനത്തെയും ഖുർആനിൽ പരിചയപ്പെടുത്തിയത് (47/19) നബി(സ) പറഞ്ഞത് നോക്കൂ: യാത്രാമദ്ധ്യേ മരുഭൂമിയില്‍ വെച്ച് നിങ്ങളിലൊരാളുടെ ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം നഷ്ടപ്പെട്ടു. തെരഞ്ഞു പിടിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒരു വൃക്ഷ ചുവട്ടില്‍ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മൂക്കുകയര്‍ പിടിച്ച് അതിരറ്റ സന്തോഷത്താല്‍ അവന്‍ പറഞ്ഞുപോയി. അല്ലാഹുവേ, നീ എന്റെ ദാസനും ഞാന്‍ നിന്റെ നാഥനുമാണ്. സന്തോഷാധിക്യത്താല്‍ അദ്ദേഹം മാറി പറഞ്ഞതാണ്. അയാളേക്കാള്‍ ഉപരിയായി തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ സന്തോഷിക്കുന്നവനാണ് അല്ലാഹു.(മുസ്ലിം:2747)
മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നവനാണ്. അതാണവൻ്റെ പ്രകൃതം. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുള്ള പ്രവാചകന്മാര്‍ക്കാ പാപസുരക്ഷിതത്വമുള്ളത്.
ചുറ്റുപാടും തെറ്റിലേക്ക് നയിക്കുന്ന ധാരാളം സാഹചര്യങ്ങളുണ്ട്. പിശാചിന്റെ പ്രേരണയാല്‍ മനുഷ്യ മനസ്സ് തെറ്റി കൊണ്ടേയിരിക്കും.
പൈശാചിക പ്രേരണകള്‍ക്കും സ്വന്തം ദേഹേച്ഛകള്‍ക്കും അടിമപ്പെടുമ്പോഴാണ് മനുഷ്യന്‍ തെറ്റുകള്‍ ചെയ്യുന്നത്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു തെറ്റ് സംഭവിച്ച് പോയാല്‍ ഉടന്‍ അല്ലാഹുവിനെ ഓർക്കുകയും ആ തെറ്റില്‍ നിന്ന് പിന്‍മാറുകയും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുകയുമാണ് വേണ്ടത്. സ്വർഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന്, അവർ ഇപ്രകാരം ചെയ്യുന്നവരാണെന്നാണ്.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ പാപങ്ങൾ ഇസ്തിഗ്ഫാറിലൂടെ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ അത് ഒരുമിച്ചുകൂടി നമ്മെ നശിപ്പിച്ചുകളയും. നബി (സ) പറഞ്ഞു: നിസ്സാരവത്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു. (ചെറുപാപങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക) നിശ്ചയം ചെറുപാപങ്ങള്‍ കാരണത്താല്‍ ഒരാള്‍ എപ്പോഴാണോ പിടികൂടുന്നത് അപ്പോള്‍ അവ അയാളെ നശിപ്പിക്കും.(അഹ്മദ്)
ചെറുപാപങ്ങളുടെ ഗൌരവം ഒരു ഉദാഹരണത്തിലൂടെ നബി (സ) വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളത്. അവർക്കാവശ്യമായ വിറക് ഒരാള്‍ തന്നെ കണ്ടെത്തണമെങ്കില്‍ അതവന് പ്രയാസമായിരിക്കും. ചിലപ്പോള്‍ ആ പ്രവൃത്തിയില്‍ നിന്ന് അവന്‍ പിന്‍വാങ്ങുകയും ചെയ്യും. എന്നാല്‍ ഒരോരുത്തരും ഓരോ വിറക് കൊള്ളിയുമായി വന്നപ്പോള്‍ അതവർക്ക് എളുപ്പമായി. അതേപോലെ ചെറുപാപങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ വന്‍പാപമായി മാറും. ചെറിയ മരക്കഷണങ്ങള്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തീക്കുണ്ഢം ഒരുക്കാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് ചെറുപാപങ്ങളെ സൂക്ഷിക്കണെന്നും അവ നമ്മെ നശിപ്പിക്കുമെന്നും നബി(സ) പഠിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഒരു സത്യവിശ്വാസി യാതൊരു കാരണവശാലും ഇസ്തിഗ്ഫാർ വൈകിപ്പിക്കാന്‍ പാടില്ല.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുകയെന്നാണ് വേദോപദേശം.
ഹസനുൽ ബസരി(റഹി) പറഞ്ഞു: നിങ്ങളുടെ വീടുകളിലും , തീൻമേശകളിലും, വഴികളിലും, അങ്ങാടികളിലും, സദസ്സുകളിലും, നിങ്ങൾ എവിടേയാണങ്കിലും നിങ്ങൾ ഇസ്തിഗ്ഫാർ(പാപമോചന പ്രാർത്ഥന) വർധിപ്പിക്കുക.കാരണം, എപ്പോഴാണ് മഗ്ഫിറത്ത് (പാപമോചനം) ഇറങ്ങുക എന്ന് നിങ്ങൾക്കറിയില്ല ( ജാമിഉൽ ഉലൂം 344)
ഇസ്തിഗ്ഫാര്‍ ചൊല്ലുന്ന ഒരു സത്യവിശ്വാസി താന്‍ ചെയ്തു പോയ തെറ്റുകളെ ഓർത്ത് ഖേദിക്കുന്നതോടൊപ്പം അല്ലാഹുവില്‍ നിന്നുള്ള പാപമോചനത്തിന്റെ കാര്യത്തില്‍ നല്ല പ്രതീക്ഷയുള്ളവനായിരിക്കുകയും വേണം.
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ്യവാനുമാകുന്നു.(ഖുർആന്‍: 39/53)
മനുഷ്യോത്പത്തി മുതൽ (7/23)പ്രവാചകന്‍മാരുടെ ചരിത്രത്തിലും ഇസ്തിഗ്ഫാര്‍ നടത്തിയിട്ടുള്ളതായി വിശുദ്ധ ഖു൪ആനില്‍ കാണാവുന്നതാണ്.(നൂഹ് നബി11/47,ഇബ്രാഹിം നബി26/82,മൂസാ നബി 28/16)
ഇസ്തിഗഫാ൪ ചൊല്ലുന്നവ൪ക്കുള്ള പ്രതിഫലങ്ങള്‍ കൂടി അറിഞ്ഞിരിക്കൽ നന്നാവും
> ഹൃദയം ശുദ്ധീകരിക്കപ്പെടും
നബി(സ)പറഞ്ഞു: ഒരു അടിമ പാപം ചെയ്താല്‍ അതവന്റെ ഹൃദയത്തില്‍ ഒരു കറുത്ത പുള്ളിയാവും. അവന്‍ പാപത്തില്‍നിന്ന് ഖേദിച്ച് വിരമിക്കുകയും പാപമോചനത്തിന് പ്രാര്‍ഥിക്കുകയും പശ്ചാത്തപിക്കുകയും ചെയ്താല്‍ അവന്റെ ഹൃദയം പാപത്തില്‍നിന്ന് ശുദ്ധീകരിക്കപ്പെടും. പാപം വര്‍ധിപ്പിക്കുകയാണെങ്കില്‍ ആ കറുത്ത പുള്ളിയും വര്‍ധിക്കും. അതിനെക്കുറിച്ചാണ് അല്ലാഹു (ഖുര്‍ആനില്‍) പറഞ്ഞത്: ‘അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കും (ഖുർആന്‍: 83/14) (തിർമിദി:47/3654)
> പാപം പൊറുക്കപ്പെടും.
ഒരു വിശ്വാസിയുടെ ആത്മാർത്ഥമായ ഇസ്തിഗ്ഫാറിലൂടെ അവന്റെ പാപങ്ങള്‍ പൊറത്തുകിട്ടുന്നതാണ് (വി.ഖു4/110 നോക്കൂ)
> പൊതു ശിക്ഷ നല്‍കി അല്ലാഹു ശിക്ഷിക്കുന്നതല്ല.
എന്നാല്‍ (നബിയേ) താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖുർആന്‍: 8/33)
>ശത്രുക്കൾക്കെതിരെ വിജയം ലഭിക്കും.
എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. അവര്‍ പറഞ്ഞിരുന്നത് ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളില്‍ വന്നുപോയ അതിക്രമങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനതക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. തന്‍മൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവര്‍ക്ക് നല്‍കി. അല്ലാഹു സല്‍കര്‍മ്മകാരികളെ സ്നേഹിക്കുന്നു. (ഖു൪ആന്‍: 3/146-148)
> ഐഹിക ജീവിതത്തില്‍ സൗഖ്യം ലഭിക്കും.
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു.(ഖു൪ആന്‍: 11/3)
> നരകമോചനം ലഭിക്കും
നബി (സ) പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യുക. ഇസ്തിഗ്ഫാർ വര്‍ധിപ്പിക്കുക. കാരണം, നിങ്ങളില്‍ കൂടുതല്‍ പേരെയും നരകാവകാശികളായാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരു സ്ത്രീ ചോദിച്ചു: പ്രവാചകരേ, ഞങ്ങളില്‍ കൂടുതല്‍ പേരും നരകാവകാശികളാകാന്‍ കാരണമെന്താണെന്ന് പറഞ്ഞു തന്നാലും. അവിടുന്ന് പറഞ്ഞു : ശാപ വാക്ക് കൂടുതലായി ഉച്ചരിച്ചുകൊണ്ടിരിക്കുകയും ഭര്‍ത്താക്കന്മാരുടെ അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ നിങ്ങള്‍ സ്ത്രീകളാണ്.’ (മുസ്‌ലിം:79)
> സ്വർഗ്ഗം ലഭിക്കും.
സ്വ൪ഗ്ഗവാസികളായ മുത്തഖീങ്ങളുടെ ഗുണമായി അല്ലാഹു പറഞ്ഞിട്ടുള്ളതില്‍ ഒന്ന് , അവർ രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടുന്നവരായിരുന്നുവെന്നാണ്.
രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. (ഖുർആന്‍: 51/17-18)
> അല്ലാഹു ശക്തി വ൪ദ്ധിപ്പിച്ച് തരും
ഹൂദ്(അ) യുടെ ജനതയായ ആദ് സമുദായം ശാരീരികമായി ശക്തന്മാരും വലിയ ആകാരമുള്ളവരുമായിരുന്നു. ഈ വലിയ മനുഷ്യരിലേക്കാണ് അല്ലാഹു ഹൂദ്(അ)നെ അയച്ചത്. ആ ജനതയുടെ പ്രത്യേകതകള്‍ അല്ലാഹു വിവരിക്കുന്നത് ഇപ്രകാരമാണ്.
“നൂഹിന്റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. (ഖുർആന്‍: 7/69)
ആദ് സമുദായത്തെ കൊണ്ട് നിന്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്. തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. (ഖുർആന്‍: 89/6-8)
എന്നാല്‍ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട് എന്ന് പറയുകയുമാണ് ചെയ്തത്. (ഖുർആന്‍: 41/15)
ശാരീരികമായ ശക്തിയും വെടിപ്പും ഉള്ളവരായിട്ടാണ് അല്ലാഹു ആദ് സമുദായത്തെ സൃഷ്ടിച്ചത്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയാണെങ്കിൽ, നിങ്ങളുടെ ശക്തിയിലേക്ക് അല്ലാഹു കൂടുതല്‍ ശക്തി ചേര്‍ത്തുതരുന്നതാണെന്ന് ഹൂദ്(അ) തന്റെ ജനതയോട് പറയുന്നത് കാണുക:
എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്. (ഖുർആന്‍: 11/52)
> അല്ലാഹു സമൃദ്ധമായി മഴ നല്‍കും.
> സ്വത്തുക്കളും മക്കളും വ൪ദ്ധിപ്പിച്ച് ലഭിക്കും.
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖുർആന്‍: 71/10-12)
> കാരുണ്യം ലഭിക്കും
അദ്ദേഹം (സ്വാലിഹ് നബി) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.(ഖുർആന്‍: 27/46)
> എല്ലാ വിഷമങ്ങളില്‍ നിന്നും രക്ഷ ലഭിക്കും
> എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം ലഭിക്കും
> ഉപജീവനം ലഭിക്കും.
നബി(സ)പറഞ്ഞു: വല്ലവനും പതിവായി ഇസ്തിഗ്ഫാര്‍ ചെയ്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും അല്ലാഹു അവന്ന് രക്ഷ നല്‍കുന്നതും എല്ലാ ദുഃഖത്തില്‍ നിന്നും സമാധാനം നല്‍കുന്നതും അവനുദ്ദേശിക്കാത്ത ഭാഗത്തിലൂടെ അവന് ആഹാരം നല്‍കുന്നതുമാകുന്നു. (അബൂദാവൂദ്:1518)
വിശ്വാസി അവൻ്റെ ജീവിതത്തിൻ്റെ ശീലമായ് കൊണ്ടു നടക്കേണ്ട ഈ നാലു കാര്യങ്ങൾ അവനെ അതിജാഗ്രതയുള്ളവനാക്കും. അത് സുഖശീതളിമയുടെ വശ്യസുന്ദര സ്വർഗത്തിൽ അവന് പരിലസിക്കാൻ അവസരമൊരുക്കും. ചിട്ടയുള്ള ശീലങ്ങളെ ജീവിതത്തിലേറ്റാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ