ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചയാള്‍ കാഫിറാണെന്ന് പറയപ്പെട്ടിട്ടുണ്ട്.. മറ്റൊരു ഇബാദത്ത് ഉപേക്ഷിച്ചവരെക്കുറിച്ച് ഇത്രയും ഗൗരവമായി പറയപ്പെട്ടിട്ടില്ല. നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വിളിച്ചോതുന്ന ധാരാളം ഹദീസുകള്‍ ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിക്കുന്നു. നിസ്‌ക്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുമെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വിത്യാസമുണ്ടെന്ന് വ്യക്തമാക്കിയ ശേഷം മഹാനവര്‍കള്‍ പറയുന്നു.
ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിച്ചവന്‍ കാഫിറാണ്, അവന്‍ ശിര്‍ക്ക് ചെയ്തവനാണ്, അവന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണ്, അല്ലാഹുവിന്റെയും റസൂലിന്റെയും ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിവായവനാണ്, അവന്റെ അമലുകള്‍ പൊളിഞ്ഞുപോകും. അവന് ദീനും ഈമാനും ഇല്ല തുടങ്ങി. (നിസ്‌കാരം ഉപേക്ഷിക്കുന്നതിന്റെ) ഗൗരവത്തെ വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ മുമ്പു പറഞ്ഞുപോയിട്ടുണ്ട്. പ്രസ്തുത ഹദീസുകളുടെ ബാഹ്യം പിടിച്ചുകൊണ്ട് സ്വഹാബത്ത്, താബിഉകളില്‍ നിന്നും അവര്‍ക്ക് ശേഷമുള്ളവരില്‍ നിന്നും ധാരാളം മഹാന്‍മാര്‍ പറഞ്ഞു. ആരെങ്കിലും മനഃപ്പൂര്‍വ്വം നിസ്‌കാര സമയം മുഴുവന്‍ കഴിഞ്ഞു കടക്കുന്നതുവരെയും നിസ്‌കരിച്ചില്ലെങ്കില്‍ അവന്‍ കാഫിറാണ്.’ (സവാജിര്‍ 1 : 197)
എന്നാല്‍ ഇമാം ശാഫിഈ(റ)യെപ്പോലുള്ള പണ്ഡിതന്‍മാര്‍ നിസ്‌കാരം ഉപേക്ഷിച്ചതുകൊണ്ടുമാത്രം കാഫിറാവുകയില്ല എന്ന വീക്ഷണം ഉള്ളവരാണ് എങ്കിലും നിസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണ് അല്ലെങ്കില്‍ നിസ്‌കാരം നിര്‍ബന്ധമില്ല അല്ലെങ്കില്‍ നിസ്‌കാരം ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല തുടങ്ങിയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തിക്കൊണ്ടാണ് ഒരാള്‍ ഫര്‍ള്വ് നിസ്‌കാരം ഉപേക്ഷിക്കുന്നതെങ്കില്‍ ശാഫിഈമദ്ഹബനുസരിച്ചും അവന്‍ കാഫിറാണ്. ഇത്തരത്തിലുള്ള ഒരാള്‍ മരിച്ചാല്‍ അയാളുടെ മയ്യിത്ത് കുളിപ്പിക്കാനോ അയാള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കാനോ പാടില്ല. മാത്രവുമല്ല മുസ്‌ലീംകളുടെ ഖബ്ര്‍സ്ഥാനില്‍ അയാളെ ഖബറടക്കാനും പാടില്ല. കാരണം അയാള്‍ കാഫിറാണ്.