പ്രശ്നം: ഒരു സ്ഥലത്ത് നമസ്കരിച്ച ശേഷം മറ്റൊരു നമസ്കാരത്തിനു വേണ്ടി ആ സ്ഥലം മാറൽ സുന്നത്തുണ്ടോ? എങ്കിൽ തറാവീഹിന്റെ എല്ലാ ഈരണ്ടു റക്അത്തിലും സ്ഥലം മാറി നിസ്കരിക്കൽ സുന്നത്താകുമോ? ഇവിടെ ചില നാടുകളിൽ വിത്റിനു മാത്രം സ്ഥലം മാറിനില്ക്കുന്നതു കാണുന്നു. അങ്ങനെ ചെയ്താൽ മതിയാകുമോ? ഇമാമിന് ഈ സ്ഥലം മാറ്റം സുന്നത്തുണ്ടോ?
ഉത്തരം: ഓരോ നമസ്കാരത്തിനു വേണ്ടിയും അതിനു മുമ്പു നമസ്കരിച്ച സ്ഥലത്തു നിന്നും മാറൽ സുന്നത്തുണ്ട്. ഇമാമിനും മഅ്മൂമിനും ഒറ്റക്കു നമസ്കരിച്ചയാൾക്കുമെല്ലാം ഇതു സുന്നത്താണ്. തറാവീഹു നമസ്കാരത്തിലും ഇതു സുന്നത്തു തന്നെ. എന്നാൽ, ഇങ്ങനെ സ്ഥലം മാറുന്നതു കൊണ്ട് ഒന്നാം സ്വഫിന്റെ പുണ്യം നഷ്ടപ്പെടുക, സ്വഫുകൾ കീറി അലങ്കോലപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ടു നേരിടുക പോലുള്ള വിഷമങ്ങളുണ്ടെങ്കിൽ മാറിനില്ക്കൽ സുന്നത്തില്ല. തുഹ്ഫ: 2-106. തറാവീഹു നിസ്കാരം ജമാഅത്തായി നിർവ്വഹിക്കുമ്പോൾ ഓരോ ഈരണ്ടു റക്അത്തിലും ആളുകൾ സ്ഥലം മാറുന്നതു മേൽ പ്രകാരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു കൊണ്ടായിരിക്കാം പൊതുവെ നിന്നേടത്തു നിന്നു തന്നെ മുഴുവൻ നിർവ്വഹിക്കുന്നത്. അങ്ങനെ സ്ഥലം മാറാതിരിക്കുമ്പോൾ മനുഷ്യസംസാരം പോലുള്ള വല്ലതുകൊണ്ടും വേർപിരിക്കൽ സുന്നത്തുണ്ട്. തുഹ്ഫ: 2-107. തറാവീഹു കഴിഞ്ഞു വിത്റിൽ പ്രവേശിക്കുന്നതിനിടയിൽ അല്പം സാവകാശം ലഭിക്കുന്നതു കൊണ്ടാകാം പ്രശ്നത്തിൽ പറഞ്ഞതുപോലെ ചിലയിടത്തു വിത്റിനു മാത്രം സ്ഥലം മാറുന്നത്. വിത്റിനു സ്ഥലം മാറിയ സുന്നത്തു ലഭിക്കാൻ അതുമതിയാകുകയും ചെയ്യും.