സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം സ്ഥാപിക്കുന്നതിനും ഉറപ്പിക്കുന്നതിനുമുള്ളതാണു സത്യം. അക്കാര്യം ഉണ്ടായിരുന്നുവെന്നോ ഉണ്ടായിരുന്നില്ലെന്നോ അല്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ അതുമല്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകുമെന്നോ ഉണ്ടാകുകയില്ലെന്നോ സ്ഥാപിക്കുകയാണു കട്ടായമിട്ടു പറയുന്നതിന്റെ ലക്ഷ്യം. മറ്റു ചിലപ്പോള്‍ ഒരു കാര്യം പാലിക്കുമെന്നോ പാലിക്കുകയില്ലെന്നോ ഉള്ള പ്രതിജ്ഞയായിരിക്കും ഉദ്ദേശ്യം (തുഹ്ഫ, ശര്‍വാനി 10:2:3). അല്ലാഹുവിന്റെ നാമം കൊണ്ടോ ഗുണം കൊണ്ടോ മാത്രമേ സത്യം സാധുവും അംഗീകൃതവുമാവുകയുള്ളൂ. മറ്റൊന്നു കൊണ്ടും സത്യം ചെയ്യാന്‍ പാടില്ല. പ്രവാചകന്, കഅ്ബഃ, മലകുകള്‍, ആകാശം, സൂര്യന്, ചന്ദ്രന് ഇവയൊന്നും ഉപയോഗിച്ച് ആണയിടാന്‍ പാടില്ല. വിഗ്രങ്ങളെ മുന്‍നിര്‍ത്തിയും പിതാക്കന്മാരെ മുന്‍നിര്‍ത്തിയും സത്യംചെയ്യുന്ന സമ്പ്രദായം അജ്ഞാനകാലത്ത് അറബികള്‍ക്കുണ്ടായിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം നിരോധിക്കുകയാണുണ്ടായത്.
അല്ലാഹുവെപ്പോലെ വന്ദനം നല്കിക്കൊണ്ടു വല്ല സൃഷ്ടിയെയും മുന്‍നിര്‍ത്തി സത്യം ചെയ്യുന്നതു മതപരിത്യാഗമാണ്. അല്ലാഹു അല്ലാത്തവരെക്കൊണ്ട് ആരെങ്കിലും സത്യം ചെയ്താല്‍ അവന് അവിശ്വാസിയായി എന്ന ഹദീസ് ഇമാം ഹാകിം (റ) ഉദ്ധരിച്ചിട്ടുണ്ട്. വന്ദനത്തില്‍ അല്ലാഹുവോടു സദൃശമാക്കുകയെന്ന ഉദ്ദേശ്യമില്ലാതെയാണ് പ്രസ്തുത സത്യമെങ്കില്‍ കുറ്റകരമല്ലെങ്കിലും അത് അനഭികാമ്യമാണ്. കറാഹത്താണ് (തുഹ്ഫ 10:4). അതുകൊണ്ട് മുത്തുനബി തന്നെ സത്യം, മമ്പുറത്തെ തങ്ങള്‍ തന്നെ സത്യം, അജ്മീര്‍ ഖാജാ തന്നെ സത്യം എന്നിവ ഉപേക്ഷിക്കണം. അറിവില്ലാത്തവര്‍ അതുകൊണ്ട് ആ മഹാനെ, അല്ലാഹുവെ വന്ദിക്കുന്നതു പോലെ വന്ദിക്കാനിടവന്നേക്കാം. അത് അപകടം വരുത്തും. പ്രസ്തുത പാതകം സംഭവിച്ചില്ലെങ്കില്‍ തന്നെ അതു കറാഹത്തായി ഭവിക്കും. കറാഹത്ത് ഉപേക്ഷിക്കുന്നതാണല്ലോ ഉത്തമം.
അല്ലാഹുവെക്കൊണ്ടേ സത്യം ചെയ്യാവൂ. അതും അത്യാവശ്യത്തിനു മാത്രമേ നടത്താവൂ. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ അല്ലാഹുവിന്റെ തിരുനാമം ഉപയോഗപ്പെടുത്താവതല്ല. തൊട്ടതിനൊക്കെ സത്യം ചെയ്താല്‍ അതു ലംഘനത്തിനോ ഖേദത്തിനോ ഇടവരുത്തും.
സത്യം ചെയ്ത കാര്യം നിറവേറ്റല്‍ നിര്‍ബ്ബന്ധമാണ്; ലംഘിക്കല്‍ കുറ്റകരവും. സത്യം മൂലം ഒരുകാര്യം ദുഷ്ക്കരമായിത്തീര്ന്നാല് ഖേദപൂര്‍വ്വം അതു ചെയ്യേണ്ടിവരും. ഇല്ലെങ്കില്‍ ലംഘനം നടത്തി കുറ്റം ഏറ്റു വാങ്ങേണ്ടിവരും. അതുകൊണ്ടാണു സത്യം ചെയ്യല്‍ ലംഘനമോ ഖേദമോ മാത്രമാണെന്നു നബി (സ്വ) പറഞ്ഞിട്ടുള്ളത്.
നല്ലകാര്യത്തിനു വേണ്ടിയോ നന്മയ്ക്കു പ്രചോദനം നല്കാന് വേണ്ടിയോ അനിവാര്യഘട്ടത്തില്‍ സത്യമായ പ്രസ്താവനയ്ക്കു പ്രാബല്യം നല്കുവാനോ ഒരു കാര്യത്തിന്റെ ഗൌരവം പര്വ്വതീകരിക്കാനോ കോടതിയില്‍ സത്യാവസ്ഥ തെളിയിക്കുവാനോ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നതില്‍ വിരോധമില്ല. അതിനു നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആനിലും തിരുസുന്നത്തിലും കാണാവുന്നതാണ്. ചില ഉദാഹരണങ്ങള്‍ കാണുക: “ഇതു സത്യമാണോ എന്നു താങ്കളോട് അവര്‍ ചോദിക്കുന്നു: പറയുക: അതേ; എന്റെ രക്ഷിതാവു തന്നെ സത്യം, നിശ്ചയമായും അതുസത്യം തന്നെ. നിങ്ങള്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയില്ല” (യൂനുസ്:53). അവിശ്വാസികള്‍ പറഞ്ഞു: അന്ത്യദിനം ഞങ്ങള്‍ക്കു വരില്ല. പറയുക. അങ്ങനെയല്ല, എന്റെ രക്ഷിതാവ് തന്നെ സത്യം അതു നിങ്ങള്‍ക്കു വരിക തന്നെ ചെയ്യും (സബഅ് 3). തങ്ങള്‍ക്കു പുനര്ജന്മം നല്‍കപ്പെടുകയില്ലെന്ന് അവിശ്വാസികള്‍ ജല്പ്പിച്ചു. ‘പറയുക: അങ്ങനെയല്ല എന്റെ രക്ഷിതാവു തന്നെ സത്യം. നിങ്ങള്‍ക്ക് പുനര്ജന്മം നല്കപ്പെടുകയും പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെ പറ്റി നിങ്ങള്‍ക്ക് വിവരമറിയക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു (തഗാബുന് 6). പല അദൃശ്യകാര്യങ്ങളും ഭവിഷ്യല് സംഗതികളും ഗുരുതരമായ വിവരങ്ങളും പ്രസ്താവിക്കുമ്പോള്‍ നബി (സ്വ) സത്യം ചെയ്യാറുണ്ടായിരുന്നു.
സത്യം ചെയ്താല്‍ അതുപാലിക്കണം. ലംഘനം നടത്തിയാല്‍ അതിനു പ്രായശ്ചിത്തവും നല്‍കണം. സാധാരണ സംസാരങ്ങളില്‍ സംഭവിച്ചേക്കാവുന്ന ഉദ്ദേശ്യപൂര്‍വ്വമല്ലാത്ത മിഥ്യാസത്യങ്ങള്ക്ക് ഇതു ബാധകമല്ല. പത്ത് അഗതികള്‍ക്ക് ഓരോ മുദ്ദു വീതം ആഹാരം നല്‍കുകയോ അല്ലെങ്കില്‍ അവര്‍ക്ക് ഓരോ വസ്ത്രം വീതം നല്‍കുകയോ അതുമല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ചെയ്യുക. അതു മൂന്നിനും കഴിഞ്ഞില്ലെങ്കില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. ഇതാണു സത്യ ലംഘനത്തിനുള്ള പ്രായശ്ചിത്തം. വിശുദ്ധഖുര്‍ആനിന്റെ പ്രസ്താവന കാണുക.: ‘ഉദ്ദേശ്യപൂര്‍വ്വമല്ലാത്ത നിങ്ങളുടെ സത്യങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. അപ്പോള്‍ അതിന്റെ പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്നു പത്തു സാധുക്കള്‍ക്കു ഭക്ഷണം നല്‍കുകയോ അല്ലെങ്കില്‍ അവര്‍ക്കു വസ്ത്രം നല്‍കുകയോ അല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുകയോ ചെയ്യുക എന്നതാണ്. ഇനി വല്ലവനും അവയിലൊന്നും ലഭ്യമായില്ലെങ്കില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. നിങ്ങള്‍ ശപഥം ചെയ്തു പറഞ്ഞാല്‍ നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ് ഇത്. നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക’ (മാഇദ 89).
സത്യ ലംഘനം ചിലപ്പോള്‍ നിഷിദ്ധവും മറ്റു ചിലപ്പോള്‍ അനഭികാമ്യവുമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ലംഘനം നിര്‍ബ്ബന്ധമോ സുന്നത്തോ ആയിത്തീരും. ഒരാള്‍ ഒരു നിര്‍ബന്ധ കാര്യം നിര്‍വ്വഹിക്കുമെന്നോ നിഷിദ്ധകാര്യം ഉപേക്ഷിക്കുമെന്നോ ശപഥം ചെയ്താല്‍ അതുപാലിക്കല് നിര്‍ബന്ധവും ലംഘനം ഹറാമുമാണ്. ഒരു സുന്നത്തു നിര്‍വ്വഹിക്കുമെന്നോ കറാഹത്ത് ഉപേക്ഷിക്കുമെന്നോ സത്യം ചെയ്താല്‍ അതു പാലിക്കല്‍ സുന്നത്തും ലംഘനം കറാഹത്തുമാണ്. അനുവദനീയമായ ഒരു കാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ സത്യം ചെയ്താല്‍ അല്ലാഹുവിന്റെ തിരുനാമത്തോടുള്ള വന്ദനം പരിഗണിച്ചു അതു പാലിക്കുന്നതാണ് ഉത്തമം. ലംഘിക്കുന്നത് ‘ഖിലാഫുല്‍ ഔലാ’ ആകുന്നു. ഒരു നിര്‍ബന്ധ കാര്യം വര്ജ്ജിക്കുമെന്നോ നിഷിദ്ധ കാര്യം ചെയ്യുമെന്നോ ഒരാള്‍ സത്യം ചെയ്താല്‍ അവന് കുറ്റക്കാരനാകും. ലംഘനം അവിടെ നിര്‍ബ്ബന്ധവുമാണ്. ലംഘനം നടത്തുന്ന ഏതു സാഹചര്യത്തിലും പ്രായശ്ചിത്തം നിര്‍ബന്ധമാകും.
ഒരു കാര്യം ചെയ്യില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്തു. പിന്നീട് അതു ചെയ്യുന്നതാണ് ഉത്തമമെന്നു ബോധ്യപ്പെട്ടാല്‍ സത്യം അതിന് ഒരു തടസ്സമാകാന്‍ പാടില്ല. ആ നല്ല കാര്യം ചെയ്യുകയും സത്യലംഘനത്തിനു പ്രായശ്ചിത്തം നല്കുകയുമാണു വേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ സത്യം ചെയ്തു എന്ന കാരണത്താല്‍ നന്മ ചെയ്യുന്നതിനോ ഭക്തി പുലര്‍ത്തുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ അല്ലാഹുവെ നിങ്ങള്‍ ഒരു തടസ്സമാക്കിവെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (അല്‍ബഖറ 224).
ചുരുക്കത്തില്‍, അല്ലാഹുവിന്റെ പേരിലേ സത്യം ചെയ്യാവൂ. അതുതന്നെ അനിവാര്യകാര്യങ്ങ ള്‍ക്കേ പാടുള്ളൂ. കള്ള സത്യം മഹാപാപമാണ്. അന്യായമായി അവകാശം സ്ഥാപിക്കാനോ വാദം ജയിക്കാനോ നിറവേറ്റണമെന്ന് ഉദ്ദേശ്യമില്ലാത്ത ഉടമ്പടിക്ക് വരുത്താനോ ചരക്കുകള്‍ വിറ്റഴിക്കാനോ കള്ള സത്യം ചെയ്യുന്നതു സാധാരണമാണ്. ഇതാകട്ടെ അല്ലാഹുവിന് ഏറ്റവും അനിഷ്ടകരമായ കാര്യങ്ങളില്‍ പെട്ടതുമാണ്.”അല്ലാഹുവോടുള്ള കരാറും സ്വന്തം സത്യങ്ങളും തുച്ഛ വിലക്കു വില്‍ക്കുന്നവരാരോ അവര്‍ക്കു പരലോകത്തു യാതൊരു വിഹിതവും ഇല്ലതന്നെ. പുനരുത്ഥാനനാളില്‍ അല്ലാഹു അവരോടു സംസാരിക്കുകയോ കാരുണ്യപൂര്‍വ്വം അവരിലേക്കു നോക്കുകയോ ചെയ്യുന്നതല്ല. അവന് അവരെ സംസ്ക്കരിക്കുകയുമില്ല. അവര്‍ക്കു വേദനാജനകമായ ശിക്ഷയുണ്ട്” (ആലു ഇംറാന്‍ 77). ‘അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക, മാതാപിതാക്കന്മാരെ ഉപദ്രവിക്കുക, ഒരു വ്യക്തിയെ വധിക്കുക, വ്യാജസത്യം ചെയ്യുക എന്നിവയാണു മഹാപാപങ്ങള്‍’(ബുഖാരി).”അന്യായമായി ഒരു മുസ്ലിമിന്റെ ധനം കൈവശപ്പെടുത്താന്‍ വേണ്ടി ഒരാള്‍ സത്യം ചെയ്താല്‍ അല്ലാഹുവിന്റെ കോപത്തിനു പാത്രമായി അവനെ അയാള്‍ അഭിമുഖീകരിക്കും” (ബുഖാരി, മുസ്ലിം).