കച്ചവട സംഘം മക്കയിലേക്ക് തിരിചെത്തുകയാണ്. യാത്രയിലുടനീളമുള്ള അത്ഭുത രംഗങ്ങൾ മയ്സറയുടെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. അവ അദ്ദേഹത്തെ ഇതിനകം സ്വാധീനിച്ചു കഴിഞ്ഞു. സംഘം ‘ഉസ്ഫാൻ’ താഴ്‌വരയും കഴിഞ്ഞ് ‘മർറുളഹ്റാൻ’ അഥവാ ‘വാദി ഫാത്വിമ’ യിലെത്തി. മയ്സ്റ നബി ﷺ യെ സമീപിച്ചു കൊണ്ട്പറഞ്ഞു:

ബഹുമാന്യരേ… അവിടുന്ന് അൽപ്പം നേരത്തേ ഖദീജയുടെ അടുത്തെത്തുക. യാത്രാ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുക. പ്രഭ്വിക്ക് വലിയ സന്തോഷമാവും. നേരത്തേയുള്ള ധാരണ പ്രകാരം രണ്ട് ഒട്ടകമാണ് നബി ﷺക്ക് പ്രതിഫലമായി കിട്ടേണ്ടത്. അതിലേറെയും നബി ﷺ ക്കു ലഭിക്കണം എന്നൊരാഗ്രഹം കൂടി മൈസറക്കുണ്ടായിരുന്നു.

നബിﷺ നിർദ്ദേശം സ്വീകരിച്ചു. ബീവി ഖദീജയുടെ ഭവനം ലക്ഷ്യം വച്ചു നീങ്ങി…

നട്ടുച്ച നേരം, ഖദീജ തോഴിമാർക്കും കൂട്ടുകാർക്കുമൊപ്പം മട്ടുപ്പാവിൽ ഇരിക്കുകയാണ്. ദൂരേക്ക് കണ്ണ് നട്ടിരിക്കുന്ന ഭവതിയുടെ മുന്നിൽ ഒരു ചുവന്ന ഒട്ടകം പ്രത്യക്ഷപ്പെട്ടു. മുത്തു നബി ﷺയേയും വഹിച്ചു കൊണ്ടുള്ള വാഹനമാണത്. പ്രസന്നതയും പ്രൗഢിയും ഒത്തു ചേർന്ന മുഖഭാവത്തോടെയാണവിടുന്ന്. പെട്ടെന്ന് ഖദീജയും ഒരു കാര്യം ശ്രദ്ധിച്ചു. ‘അൽ അമീൻ’ ന് മേഘം പ്രത്യേകം തണൽ വിരിക്കുന്നു. മേഘം ഒപ്പം സഞ്ചരിക്കുന്നു. കൗതുകത്തോടെ അവർ നോക്കി നിന്നു.

തിരുനബി ﷺ ഖദീജയുടെ വസതിയിലേക്ക് പ്രവേശിച്ചു. അതെ, സൗന്ദര്യത്തിന്റെ പ്രതീകമായ മുത്തുറസൂൽ മക്കയിലെ സുന്ദരിയും രാജാത്തിയുമായ ഖദീജയുടെ വസതിയിൽ എത്തിച്ചേർന്നു. ഉപചാരപൂർവ്വം സ്വീകരിച്ചു. കച്ചവട കാര്യങ്ങൾ അറിയുന്നതിനു മുമ്പ് ഒരു കാര്യം മഹതിക്ക് തീർച്ചപ്പെടുത്തേണ്ടിയിരുന്നു. അത് മറ്റൊന്നുമല്ല. മേഘത്തിന്റെ തണലും സഞ്ചാരവും. അതിനവർ ഒരു കൗശലം പ്രയോഗിച്ചു. മൈസറ എവിടെ? നബി ﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു ഇതാ തൊട്ടടുത്ത താഴ്‌വരയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊന്ന് വേഗം വരാൻ പറയാമോ? ഖദീജ അപേക്ഷിച്ചു. മേഘത്തിന്റെ സഞ്ചാരം ഒന്ന്‌ കൂടി കണ്ട് ഉറപ്പിക്കാൻ പ്രയോഗിച്ച ബുദ്ധിയായിരുന്നു അത്. മുത്ത് നബിﷺ ഒട്ടകപ്പുറത്തേറി. ഖദീജ വീണ്ടും മട്ടുപ്പാവിൽ കയറി രംഗം  വീക്ഷിച്ചു. വൈകാതെ നബി ﷺയും മയ്സറയും തിരിച്ചെത്തി. കച്ചവടകാര്യങ്ങളെക്കാൾ അൽ അമീനുമൊത്തുള്ള യാത്രയെ കുറിച്ചറിയാനായിരുന്നു ഭവതിക്ക് തിടുക്കം. മൈസറ ആയിരം നാവോടെ സംസാരിച്ചു തുടങ്ങി. സ്വഭാവ മേന്മകൾ, അത്ഭുതങ്ങൾ, ലഭിച്ച സൗഭാഗ്യങ്ങൾ അങ്ങനെ..അങ്ങനെ…

ഖദീജ ദർശിച്ച മേഘത്തിന്റെ സഞ്ചാരം അവർ കൂട്ടിച്ചേർത്തു. മൈസറക്ക്  ആ കാഴ്ച പതിവായിക്കഴിഞ്ഞിരുന്നു, അതദ്ദേഹം എടുത്തു പറഞ്ഞു. പുരോഹിതൻ നസ്തുറായും അദ്ദേഹത്തിന്റെ സുവിശേഷവും വിശദീകരിച്ചു, എല്ലാം ശ്രദ്ധിച്ചു കേട്ട ഖദീജയിൽ ചില സൗഭാഗ്യങ്ങൾക്കുള്ള പ്രതീക്ഷകൾ മുളയെടുത്തു,  പതിവിൽകവിഞ്ഞ പാരിതോഷികം നൽകി യാത്രയാക്കി. നാല് ഒട്ടകങ്ങളായിരുന്നു നൽകിയത് എന്നും നിവേദനമുണ്ട്..

തിഹാമയിലെ ‘ഹബാശ’ മാർക്കറ്റിലേക്കുള്ള ഒരു വ്യാപാരയാത്രയെ കുറിച്ചും ചരിത്രം പരാമർശിക്കുന്നുണ്ട്. ‘ജുറശ്’ എന്ന ഒരു പേര് കൂടി ഈ സ്ഥലത്തെ കുറിച്ച് പ്രയോഗിച്ചു കാണാം. ഓരോ വ്യാപാര യാത്രക്കും ഓരോ പെണ്ണൊട്ടകം പാരിതോഷികമായി ലഭിച്ചിരുന്നുവത്രെ.

നബി ﷺ നേടിയ സമ്പത്തുകൾ സ്വന്തം വിനിയോഗിച്ച് തീർക്കാനായിരുന്നില്ല. മൂത്താപ്പയേയും കുടുംബത്തേയും സഹായിക്കാനായിരുന്നു. ചില തത്വങ്ങൾ കൂടി ഇവിടെ ഉൾ ചേർന്നിരിക്കുന്നു. അബൂത്വാലിബിൽ നിന്ന് നബി ﷺക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ അല്ലാഹു നൽകിയ അവസരമായിരുന്നു അത്. നബി ﷺ പ്രബോധന വഴിയിൽ പ്രവേശിച്ചപ്പോൾ കടപ്പാട് പറഞ്ഞ് വിധേയപ്പെടുത്താൻ ആരും മക്കയിൽ ഉണ്ടായിരുന്നില്ല എന്ന് സാരം. ഏറ്റവും ഉപകാരം ചെയ്ത അബൂത്വാലിബിന് പോലും അതിലേറെ കടപ്പാട് നബി ﷺയോടായിത്തീർന്നു. ആരെങ്കിലും ഒരു ഉപകാരം ചെയ്താൽ അതിനേക്കാൾ നല്ല പ്രത്യുപകാരം ചെയ്യുക. ഒരു സമ്മാനം നൽകിയാൽ അതിനേക്കാൾ നല്ല സമ്മാനം തിരിച്ചും നൽകുക. പ്രശംസിച്ചാൽ സന്തോഷവാക്കുകൾ പിശുക്കില്ലാതെ തിരിച്ചു നൽകുക. ഇതെല്ലാം നബി ﷺ ജീവിതത്തിലുടനീളം നിലനിർത്തിയ ഗുണങ്ങളായിരുന്നു. പ്രവാചകരെ അനുകരിക്കുന്നവർ ഇന്നും അതു ശീലമാക്കുന്നു.

യുവത്വത്തിന്റെ പ്രസരിപ്പിൽ സൗന്ദര്യത്തിന്റെ വിശ്വരൂപമായി മുത്തുനബി ﷺ തിളങ്ങുകയാണ്. ഇപ്പോൾ അവിടുത്തെ പ്രായം ഇരുപത്തി അഞ്ചായി. സാധാരണയിൽ വിവാഹം നടക്കുന്ന പ്രായം. മണവാളനാകുന്ന പ്രായത്തിൽ നിൽക്കുന്ന വ്യക്തിയുടെ സൗന്ദര്യം പരിചയപ്പെട്ടാലോ?

(തുടരും)

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി