സുന്നത്തായ ഉള്ഹിയ്യത്തിൽ നിസാരമല്ലാത്ത അൽപമെങ്കിലും മാംസം ഫഖീർ, മിസ്കീൻ, വിഭാഗത്തിൽ പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. ഒരാൾക്ക് നൽകിയാലും മതി. വേവിക്കാതെ തന്നെ നൽകണം. മാംസം നൽകാതെ കൊമ്പ്,തോല് തുടങ്ങിയവ നൽകിയത് കൊണ്ട് ഈ നിർബന്ധം വീടില്ല. സ്വന്തത്തിന് അൽപ്പം എടുക്കൽ സുന്നത്തുമാണ്. അൽപം സ്വദഖ ചെയ്യലേ നിർബന്ധമുള്ളുവെങ്കിലും ബറകത്തിന് അൽപ്പം മാത്രം എടുത്ത് ബാക്കിയെല്ലാം ഫഖീർ മിസ്കീനു കൾക്ക് സ്വദഖ ചെയ്യലാണ് ഉത്തമം

അൽപ്പമെങ്കിലും സ്വദഖ ചെയ്യാതെ മുഴുവനും സ്വന്തമായി ഉപയോഗിക്കൽ ഹറാമാണ്. ഫഖീർ, മിസ്കീനുകൾക്ക് തീരെ നൽകാതെ മുഴുവനും സമ്പന്നർക്ക് നൽകലും പറ്റില്ല.നിർബന്ധമായ ഉള്ഹിയ്യത്താണങ്കിൽ മുഴുവനും സക്കാത്തിനവകാശികളായ ഫഖീർ, മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. സ്വന്തത്തിന് വേണ്ടിയോ താൻ ചെലവ് ചെയ്യൽ നിർബന്ധമായവർക്ക് വേണ്ടിയോ അൽപം പോലും എടുക്കാൻ പാടില്ല. എടുത്താൽ അതിന്റെ വിലക്ക് ഫക്കീറ് മിസ്കീനിന് കടക്കാരനായി രിക്കും സ്വന്തമായി എടുത്ത മാംസത്തിന്റെ വിലക്ക് ഒരു ഉള്ഹിയത്തിൽ പങ്ക് ചേരുകയോ ആ വിലക്കുള്ള മാംസം വാങ്ങി സ്വദഖ ചെയ്യുകയോ വേണം.