ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍ അയവിറക്കുന്ന മാസമാണ് ജമാദുല്‍ അവ്വല്‍. ഈ മാസം 12-നായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ബനീ രിഫാഅഃ ഗോത്രത്തില്‍ ജനിച്ചതിനാല്‍ ശൈഖവര്‍കള്‍ രിഫാഈ ശൈഖ് എന്നറിയപ്പെടുന്നു. ഇറാഖിലെ ബസ്വറയുടെയും വാസിത്വിന്‍റെയും ഇടയിലുള്ള ഗ്രാമമാണ് രിഫാഈ. അതിനടുത്തുള്ള ബത്വാഇയിലാണ് ശൈഖവര്‍കള്‍ മരണം വരെ താമസിച്ചത് (ത്വബ്ഖാതു ശഅ്റാനീ). ലോകത്തു പരന്നു കിടക്കുന്ന രിഫാഇയ്യ ത്വരീഖത്തിന്‍റെ സ്ഥാപക ഗുരു. നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകള്‍ ആദരിച്ചു വരുന്ന ആത്മീയനേതാവ്. ആത്മീയ ജ്ഞാനികളുടെ ചക്രവര്‍ത്തി എന്ന് പ്രസിദ്ധനായ പണ്ഡിതന്‍- ഇതൊക്കെയായിരുന്നു മഹാന്‍.
ജനനം, മാതാപിതാക്കള്‍
തിരു നബി(സ്വ)യുടെ പൗത്രന്‍ ഹസ്റത്ത് ഹുസൈന്‍(റ)ലേക്കു വന്നു ചേരുന്നതാണ് ശൈഖവര്‍കളുടെ പിതൃപരമ്പര. അലി(റ)വിന്‍റെ 11-ാം പുത്രപരമ്പരയിലാണ് ജനനം. ബത്വാഇഹിലെ ഉള്‍പ്രദേശമായ ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500-ല്‍ (ക്രി.1106 സെപ്റ്റംബര്‍) അബ്ബാസീ ഖലീഫ അല്‍ മുസ്തര്‍ശിദുബില്ലാഹിയുടെ ഭരണകാലത്താണ് ശൈഖവര്‍കള്‍ ജനിക്കുന്നത്. സമുന്നത പണ്ഡിതനും ഖാരിഉമായിരുന്ന സയ്യിദ് അബുല്‍ഹസന്‍ അലി(റ) ആണ് പിതാവ്. മാതാവ് ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സാരിയ്യ. മാതാവും പിതാവും ഒരുപോലെ ആത്മീയ തേജസ്വികളായിരുന്നു. അമ്മാവന്‍ ശൈഖ് മന്‍സൂറുസ്സാഹിദ്(റ) ബത്വാഇഹിലെ വലിയ പണ്ഡിതനായ അധ്യാത്മിക ഗുരുവായിരുന്നു.
ശൈഖവര്‍കള്‍ ആത്മീയമായ വലിയ സ്ഥാനത്തിനുടമയായിരുന്നു. അല്ലാഹുവിന്‍റെ അനുമതിയോടെ കുഷ്ഠം, ജന്മനാലുള്ള അന്ധത പോലുള്ള രോഗങ്ങള്‍ സുഖപ്പെടുത്തിയിരുന്നു (ഖലാഇദുല്‍ ജവാഹിര്‍).
അദ്ദേഹത്തെ കുറിച്ച് ശൈഖ് നൂറുദ്ദീന്‍ ശത്നൂഫി(റ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ഇറാഖിലെ മശാഇഖുമാരില്‍ ഉന്നതന്‍, ആരിഫീ പ്രമുഖന്‍, മുഹഖിഖീങ്ങളുടെ നേതാവ്, വലിയ കറാമത്തിനുടമ, പരാജിതരുടെ പട്ടികയില്‍ നിന്ന് മുരീദുമാരെ വിജയത്തിലെത്തിക്കുന്നയാള്‍, അദ്ദേഹത്തിന്‍റെ കരങ്ങളിലൂടെ നിരവധി അത്ഭുതങ്ങള്‍ പ്രകടമായിട്ടുണ്ട്. ഖുതുബ് പദവി ലഭിച്ച നാലു പേരില്‍ ഒരാള്‍ (ബഹ്ജതുല്‍ അസ്റാര്‍).
ശൈഖ് രിഫാഈ(റ) വേദിയില്‍ കയറിയാല്‍ നില്‍ക്കാറില്ല. ഇരുന്നു കൊണ്ടാണ് സംസാരിക്കുക. അദ്ദേഹത്തിന്‍റെ ശബ്ദം അടുത്തുള്ളവരെപ്പോലെ ദൂരെയുള്ളവരും കേള്‍ക്കുമായിരുന്നു. എത്രത്തോളമെന്നാല്‍, ഉമ്മു ഉബയ്ദക്ക് ചുറ്റുമുള്ള ഗ്രാമവാസികളെല്ലാം വീടിന്‍റെ മുകളില്‍ കയറിയിരുന്ന് ശൈഖവര്‍കളുടെ ക്ലാസ് കേള്‍ക്കാറുണ്ടായിരുന്നു.
ആശീര്‍വാദങ്ങള്‍
പുണ്യാത്മാക്കളുടെ ആഗമനം ലോകത്തിന് മുഴുക്കെയും സന്തോഷം പകരുന്ന കാര്യമാണ്. കാരണം അവര്‍ മുഖേന ധര്‍മം നടപ്പിലാക്കുകയും തിന്മകള്‍ വിപാടനം ചെയ്യപ്പെടുകയും ചെയ്യും. സമൂഹത്തില്‍ ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ആ പുണ്യാത്മാക്കളുടെ ആഗമനം അല്ലാഹു അവന്‍റെ ഇഷ്ടദാസന്‍മാര്‍ വഴി മുന്‍കൂട്ടി അറിയിക്കാറുണ്ട്. അദൃശ്യ ജ്ഞാനം നല്‍കപ്പെട്ട ആ മഹത്തുക്കള്‍ മുഖേന ലോകം അവരുടെ പിറവിയില്‍ സന്തോഷിക്കാനും സംതൃപ്തിയടയാനുമാണിത്. ശൈഖ് രിഫാഈ(റ) ജനനത്തെ കുറിച്ച് പല മഹാന്‍മാര്‍ക്കും സ്വപ്നത്തിലൂടെയും അല്ലാതെയും വിവരങ്ങള്‍ ലഭിച്ചിരുന്നു.
വിദ്യാഭ്യാസം
മാതുലനായ ശൈഖ് മന്‍സൂര്‍(റ) ആയിരുന്നു ശൈഖിന്‍റെ കുടുംബത്തിന്‍റെ ചെലവുകള്‍ നിവര്‍ത്തിച്ചിരുന്നത്. ശൈഖവര്‍കളുടെ പ്രഥമ ഗുരുവും അവിടുന്ന് തന്നെയായിരുന്നു. നബി(സ്വ)യുടെ സ്വപ്നത്തിലൂടെയുള്ള നിര്‍ദേശ പ്രകാരം ശൈഖ് അഹ്മദിനെ അലിയ്യുല്‍ ഖാരി അല്‍ വാസ്വിത്വി(റ)വിന്‍റെ ദര്‍സില്‍ കൊണ്ടുപോയി ചേര്‍ത്തു. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ശൈഖ് അഹ്മദ് രിഫാഈ(റ). വളരെ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കര്‍മശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ മിക്ക വിജ്ഞാന ശാഖകളിലും കുറഞ്ഞ കാലം കൊണ്ട് സഹപാഠികളെക്കാള്‍ മുമ്പിലെത്തി. കര്‍മശാസ്ത്രത്തോട് അവിടുത്തേക്ക് പ്രത്യേക അഭിനിവേശമുണ്ടായിരുന്നു. പഠന കാലത്ത് തന്നെ അബൂഇസ്ഹാഖുശ്ശീറാസി എന്ന പ്രമുഖ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതന്‍റെ കിതാബുത്തന്‍ബീഹ് ഹൃദിസ്ഥമാക്കി. മറ്റൊരു കര്‍മശാസ്ത്ര വിശാരദനായ ശൈഖ് അബുല്ലൈസ്(റ)വിന്‍റെ സദസ്സിലും കൂടെക്കൂടെ പോയി അവിടുന്ന് വിദ്യ വിപുലപ്പെടുത്തുമായിരുന്നു. തീര്‍ത്തും ഭൗതിക വിരക്തിയിലധിഷ്ഠിതമായ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. ശൈഖ് അബൂബക്കര്‍ അല്‍ വാസിത്വി, അബ്ദുല്‍ മലിക്കുല്‍ ഖര്‍നുബി തുടങ്ങിയവരും അവിടുത്തെ ഗുരുക്കന്മാരില്‍ പെടുന്നു. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ്, തജ്വീദ്, ബദീഅ്പോലുള്ള വിജ്ഞാനങ്ങളില്‍ പ്രാവീണ്യം നേടിയ മഹാന്‍ തന്‍റെ ഗുരുവര്യനായ അബുല്‍ ഫള്ല്‍ അലിയ്യുല്‍ഖാരിയില്‍ നിന്ന് ഇജാസത്ത്(അധ്യാപക-മാര്‍ഗ ദര്‍ശന അനുമതി) നേടിയ ശേഷമാണ് ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറഞ്ഞത്.
ആത്മീയ ശിക്ഷണം
ഉന്നത മഹാത്മാക്കളുടെ കുടുംബത്തില്‍, ആത്മീയതനിറഞ്ഞ അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്നുവെന്നതിലുപരി ആത്മീയ വിഷയങ്ങളില്‍ ചെറുപ്പത്തില്‍ തന്നെ ഉല്‍ക്കടമായ താല്‍പര്യമുള്ളയാളായിരുന്നു ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). വിനോദങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും അകന്ന്, പുണ്യ പ്രഭാവന്മാരുടെ സദസ്സുകളില്‍ ചെന്ന് ദുആ ചെയ്യിക്കുന്നതിലും ബറകത്തെടുക്കുന്നതിലുമായിരുന്നു മഹാന്‍റെ ശ്രദ്ധ. അധികം സംസാരിക്കില്ല. പുണ്യപുരുഷന്മാരോടുള്ള സഹവാസം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.
ഗുരുനാഥന്മാരുടെ പരമ്പര
ശൈഖ് മന്‍സ്വൂറുല്‍ബത്വാഇഹി വഴിയുള്ള രിഫാഈ(റ)ന്‍റെ പരമ്പര ഇങ്ങനെ: 1. ശൈഖ് മന്‍സ്വൂറുല്‍ ബത്വാഇഹി, 2. പിതാവ് ശൈഖ് യഹ്യല്‍ അന്‍സ്വാരി, 3. പിതാവ് ശൈഖ് അബൂബക്കര്‍ മൂസല്‍ അന്‍സാരി(റ), 4. ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ), 5. ശൈഖ് അല്‍ സിര്‍റിസ്സുഖ്ത്തി(റ), 6. ശൈഖ് മഅ്റൂഫുല്‍ ഖര്‍ഖി(റ), 7. ശൈഖ് ദാവൂദുത്വാഈ(റ), 8. ശൈഖ് ഹബീബുല്‍ അജമി(റ), 9. ശൈഖ് ഹസനുല്‍ ബസ്വരി(റ), 10. അമീറുല്‍ മുഅ്മിനീല്‍ അലി(റ), 11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ(സ്വ).
ശൈഖ് അലിയ്യുല്‍ ഖാരി അല്‍ വാസ്വിത്വി മുഖേനയുള്ള പരമ്പര: 1. ശൈഖ് അലിയ്യുല്‍ ഖാരി അല്‍ വാസ്വിത്വി(റ), 2. അബുല്‍ ഫള്ല്‍ ശൈഖ് മുഹമ്മദ്(റ), 3. ശൈഖ് അബൂബക്കര്‍ അശ്ശിബ്ലി(റ), 4. ശൈഖ് ജുനൈദുല്‍ ബഗ്ദാദി(റ), 5. ശൈഖ് അല്‍ സിര്‍റിസ്സുഖ്ത്തി(റ), 6. ശൈഖ് മഅ്റൂഫുല്‍ ഖര്‍ഖി(റ), 7. ശൈഖ് ദാവൂദുത്വാഈ(റ), 8. ശൈഖ് ഹബീബുല്‍ അജമി(റ), 9. ശൈഖ് ഹസനുല്‍ ബസ്വരി(റ), 10. അമീറുല്‍ മുഅ്മിനീല്‍ അലി(റ), 11. സയ്യിദുനാ മുഹമ്മദ് മുസ്ത്വഫാ (സ്വ) (തദ്കിറ, ത്വബകാതുല്‍ ഔലിയ).
വഫാത്ത്
ലക്ഷങ്ങളെ ആത്മീയോന്നതിയിലേക്കുയര്‍ത്തി, നിരുമപ വൈജ്ഞാനിക വിപ്ലവത്തിനു നേതൃത്വം വഹിച്ച്, സമൂഹത്തിന്‍റെ മനസ്സകത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അശ്ശൈഖ് അഹ്മദുല്‍ കബീറുര്‍ രിഫാഈ(ഖ.സി) ഹിജ്റാബ്ദം 578 (570 എന്നും അഭിപ്രായമുണ്ട്) ജമാദുല്‍ ഊലാ 12ന് വ്യാഴാഴ്ച ളുഹ്റിന്‍റെ സമയത്ത് വഫാതായി.