വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമാണീ സൂറത്ത്. നബി(സ) പറയുന്നു- എല്ലാ വസ്തുക്കുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആനിന്റെ ഹൃദയം യാസീനാകുന്നു. ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ യാസീന്‍ എന്ന സൂറത്തും ത്വഹാ എന്ന സൂറത്തുംമലാഇകത്തിനെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു. ഈ സൂറത്തുകള്‍ ഇറക്കപ്പെടുന്ന സമുദായത്തിനാണ് സന്തോഷങ്ങള്‍ മുഴുവന്‍ ! ഈ സൂറത്ത് സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്കാണ് സകലആഹ്ലാദവും ! ഇവകള്‍ ഉച്ചരിക്കുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ത്ഥ്യങ്ങളും (ദാരിമി- മിശ്കാത്ത് 187).
ഒരു തവണ യാസിന്‍ സൂറത്ത് പാരായണം ചെയ്താല്‍ പത്തു തവണ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ പ്രതിഫലം ലഭിക്കുമെന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട് (തുര്‍മുദി). വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും. ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹശമനം ലഭിക്കും. വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും. പേടിക്കുന്നവന്‍ ഓതിയാല്‍ പേടി അകലും. ഏകാന്തതയില്‍ പ്രയാസപ്പെടുന്നവന്‍ ഓതിയാല്‍ അല്ലാഹു അവന് കൂട്ടുകാരനെ ഏര്‍പ്പെടുത്തും. ദരിദ്രന്‍ ഓതിയാല്‍ അല്ലാഹു അവന്റെ ആവശ്യങ്ങള്‍ തീര്‍ത്തു കൊടുക്കും. ജയിലിലകപ്പെട്ടവന്‍ ഓതിയാല്‍ മോചനം ലഭിക്കും. വഴി പിഴച്ചവര്‍ ഓതിയാല്‍ വഴി കാണിച്ചുകൊടുക്കും. കടം കൊണ്ടു വലഞ്ഞവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടപ്പെടും. (റൂഹുല്‍ ബയാന്‍ 47 തഫ്‌സീറുന്നസഫി 2/187) തുടങ്ങിയ ഭൗതീക സുഖങ്ങള്‍ക്കു പുറമെ നിരവധി പാരത്രിക ഫലങ്ങളും യാസീന്‍ സൂറത്തിനുള്ളതായി ധാരാളം ഹദീസുകള്‍ ഇനിയുമുണ്ട്. ദൈര്‍ഘ്യം ഭയന്ന് ചുരുക്കുന്നു.
സൂറത്തുയാസീന്‍