പ്രശ്നം: തറാവീഹ് നിസ്കാരത്തിൽ ഓരോ രണ്ടു റക്അത്തിന്റെയും ആദ്യത്തെ റക്അത്തിൽ തക്ബീറത്തുൽ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതലും ഫാതിഹക്കു ശേഷം എല്ലാ റക്അത്തുകളിലും പൂർണ്ണമായ സൂറത്തോതലും സുന്നത്തുണ്ടോ? അതുപോലെ അത്തഹിയ്യാത്തിൽ തവർറുകിന്റെ ഇരുത്തം ഇരിക്കലും സുന്നത്തുണ്ടോ?
ഉത്തരം: ഉണ്ട്. മയ്യിത്തു നിസ്കാരമല്ലാത്ത ഫർളോ സുന്നത്തോ ആയ എല്ലാ നിസ്കാരങ്ങളിലും ഇഫ്തിതാഹിന്റെ ദുആ-വജ്ജഹ്തുവോ മറ്റോ-സുന്നത്താണ്. തുഹ്ഫ: 2-21. അതുപോലെ വുളുവോ തയമ്മുമോ ചെയ്യാൻ കഴിയാത്ത ജനാബത്തുകാരന്റെ നമസ്കാരവും, മയ്യിത്തു നമസ്കാരവുമല്ലാത്ത എല്ലാ നമസ്കാരങ്ങളിലും ഫാതിഹക്കു ശേഷം സൂറത്തോതൽ സുന്നത്തുണ്ട്. ഇതു പരിപൂർണ്ണമായ ഒരു സൂറത്തായി നിർവ്വഹിക്കലാണ് ഏറ്റവും ശ്രേഷ്ടം. എന്നാൽ, തറാവീഹിൽ ഖുർആൻ മുഴുവൻ ഖത്മ് ചെയ്ത് ഓതാൻ ഉദ്ദേശിക്കുന്നയാൾക്ക് സൂറത്ത് പൂർത്തിയാക്കൽ പ്രത്യേകം ശ്രേഷ്ടതയില്ല. ഖുർആനിന്റെ ക്രമത്തിൽ അൽപാല്പമായി ഓതലാണ് ഈ രൂപത്തിൽ ഏറ്റം ശ്രേഷ്ടം. തുഹ്ഫ: ശർവാനി സഹിതം 2-51,52. ഇപ്രകാരം തന്നെ ഫർളോ സുന്നത്തോ ആയ ഏതു നമസ്കാരത്തിലും അവസാനം വരുന്ന അത്തഹിയ്യാത്തിൽ-അനന്തരം സലാം വരുന്ന തശഹ്ഹുദിൽ-തവർറുകിന്റെ ഇരുത്തമാണു സുന്നത്ത്. തുഹ്ഫ: 2-79. ഈ സുന്നത്തുകളെല്ലാം തറാവീഹിന്നും ബാധകമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.