പ്രശ്നം: കഅ്ബ ത്വവാഫു ചെയ്യാൻ ശുദ്ധി നിർബന്ധമാണല്ലോ. അതിനു വേണ്ടി സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാമോ? അതു പോലെ ഇങ്ങനെ നിയന്ത്രിച്ചു നോമ്പു നോൽക്കാമോ? നോറ്റാൽ ആർത്തവം ഉണ്ടാകേണ്ട ദിവസങ്ങളിലെ നോമ്പു സ്വീകരിക്കപ്പെടുമോ?

ഉത്തരം: ആർത്തവമുളളപ്പോൾ ത്വവാഫ്, നോമ്പു പോലുള്ളതു ഹറാമാണെന്ന വിധി ആർത്തവമില്ലാത്ത വേളയിൽ സ്ത്രികൾക്കു ബാധകമല്ലെന്നു വ്യക്തമാണ്. ആർത്തവമില്ലാതാകാൻ കാരണം മരുന്നും ഗുളികയും കഴിച്ചതാണെന്നത് പ്രശ്നമല്ല. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രിയുടെ ഇദ്ദ തീരുക, നമസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹൈളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. ഫതാവൽ കുബ്റാ 4/200 ഇതിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും മനസ്സിലാക്കാമല്ലോ.