േഇബ്നു അബ്ബാസ്(റ)വിൽ നിന്ന് അഹ്മദ്(റ) നിവേദനം: ഞെരുക്കക്കാരന് അവധി നീട്ടിക്കൊടുക്കുകയോ പൂർണമായോ ഭാഗിക മായോ ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്താൽ നരകാഗ്നിയിൽ നിന്ന് അല്ലാഹു അവനെ കാക്കുന്നതാണ്.

അഹ്മദ്, മുസ്ലിം(റ) നിവേദനം: ഞെരുക്കക്കാരന് അവധി നീട്ടി ക്കൊടുക്കുകയോ ബാധ്യത ഒഴിവാക്കിക്കൊടുക്കുകയോ ചെയ്താൽ ഒരു തണലുമില്ലാത്ത ദിവസം അല്ലാഹു അവന് തന്റെ തണൽ നൽകുന്നതാണ്.

 

അഹ്മദ്, ഇബ്നുമാജ(റ) നിവേദനം: ഞെരുക്കമുള്ളവന് അവധി നീട്ടിക്കൊടുക്കുന്നവന് ഓരോ ദിവസവും അത്രയും സംഖ്യ ദാനം ചെയ്ത പ്രതിഫലം ലഭിക്കും. അവധി എത്തിയിട്ടും നീട്ടിക്കൊടുത്താൽ സംഖ്യയുടെ ഇരട്ടി ദാനം ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്. അഹ്മദ്, ത്വബ്റാനി(റ) നിവേദനം: അന്ത്യദിനം കടബാധ്യത യുള്ളവനെ അല്ലാഹു ഹാജരാക്കും. എന്നിട്ട് ചോദിക്കും; ഓ, മനുഷ്യാ, ഈ കടം നീ എന്തിന് വേണ്ടി വാങ്ങി? ജനങ്ങളുടെ ബാധ്യത എന്തിനു ദുരുപയോഗം ചെയ്തു? അയാൾ പറയും. എന്റെ റബ്ബേ, ഞാനത് വാങ്ങി തിന്നുകയോ കുടിക്കുകയോ ധരിക്കുകയോ ദുരുപ യോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് നിനക്കറിയാമല്ലോ. കത്തി പോകുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതാണ്. വാങ്ങിയ ചരക്ക് വാങ്ങിയ വിലയിലും കുറച്ച് വിൽക്കേണ്ടി വരികയും ചെയ്തു. അപ്പോൾ അല്ലാഹു പറയും: എന്റെ അടിമ സത്യം പറഞ്ഞു. നിന്റെ കടം വീട്ടാൻ ഞാൻ ബാധ്യസ്ഥനാകുന്നു. അങ്ങനെ അയാളുടെ സദ്കർമ്മത്തിൽ നിന്ന് അൽപമെടുത്ത് തുലാസിന്റെ തട്ടിൽ വെച്ച് മുൻതൂക്കമാക്കുകയും തന്റെ ഔദാര്യത്തിൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

 

ഹുദൈഫ(റ)വിൽ നിന്ന്: നബി(സ്വ) പറയുന്നത് ഞാൻ കേട്ടു. നിങ്ങളുടെ പൂർവ്വികരിൽ പെട്ട ഒരാളുടെ റൂഹിനെ പിടിക്കാൻ മലക്ക് വന്നു. അയാളോട് ചോദിച്ചു: നീ വല്ല നന്മയും ചെയ്തിട്ടുണ്ടോ? അയാൾ എനിക്കറിയില്ല. മലക്ക് ചിന്തിച്ചുനോക്കൂ. അയാൾ ഞാൻ ജനങ്ങളുമായി ഇടപാട് ചെയ്യാറുണ്ടായിരുന്നു. കഴിവുള്ളവർക്ക് ഞാൻ അവധി നീട്ടിക്കൊടുക്കുകയും ഞെരുക്കക്കാരെ ബാധ്യതയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതല്ലാതെ മറ്റൊരു പുണ്യവും ചെയ്തതായി ഓർക്കുന്നില്ല. ഇത് കാരണത്താൽ അല്ലാഹു അയാളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.(ബുഖാരി, മുസ്ലിം).

ശ്രദ്ധിക്കുക: തിരിച്ചുനൽകുകയില്ലെന്ന് കരുതിയോ അനാവശ്യമായോ കടം വാങ്ങുന്നതും വീട്ടാനുള്ള വകയൊന്നും പ്രത്യക്ഷത്തിൽ കാണാതെ വാങ്ങുന്നതും ഹറാമാകുന്നു.

 

കടക്കാരൻ ആവശ്യപ്പെട്ടിട്ടും കാരണം കൂടാതെ കടം വീട്ടാതെ ദീർഘിപ്പിക്കൽ ഹറാമാണ്. നമ്മുടെ ഇമാമുകളിൽ പെട്ട ഒരു സംഘത്തിന്റെ അഭിപ്രായം, ന്യായാധിപൻ കൽപ്പിച്ചിട്ടും കാരണം കൂടാതെ കടം വീട്ടാതിരിക്കുന്നവരെ അതു വീട്ടുംവരെ ഇരുമ്പ് വടികൊണ്ട് കുത്തി ശക്തിയായി ശിക്ഷിക്കണം. ഒന്നുകിൽ കടം വീട്ടട്ടെ. അല്ലെങ്കിൽ മരിക്കട്ടെ.

 

അവധി എത്തിയ കടമുള്ള ആൾ കൊടുക്കേണ്ട ആളുടെ തൃപ്തി അറിയാതെയും

അനുവാദമില്ലാതെയും യാത്ര ചെയ്യൽ ഹറാമാകുന്നു. പണയസാധനമോ ജാമ്യക്കാരനോ ഉണ്ടെങ്കിലും തൃപ്തി വേണം. ഇങ്ങനെ യാത്ര ചെയ്യുന്ന ആളുകൾക്ക് യാത്രക്കാർക്ക് ലഭിക്കുന്ന ഒരിളവും അനുവദനീയമല്ല. അതായത്, നിസ്കാരത്തിലെ ജംഅ്, ഖസ്ർ ,നോമ്പ് ഒഴിവാക്കൽ, നടന്നുള്ള സുന്നത്ത് നിസ്കാരം, ജുമുഅ ഉപേക്ഷിക്കൽ, ഭക്ഷണമൊന്നും ലഭിക്കാതെ വരുമ്പോൾ ശവം ഭക്ഷിക്കൽ മുതലായ ഇളവുകളൊന്നും ഇയാൾക്ക് അനുവദനീയമല്ല. ഒളിച്ചോടിയ അടിമയുടെയും വിധി ഇതുതന്നെ. കടം ലഭിക്കാനുള്ള ആൾക്ക് ഇയാളെ യാത്രയിൽ നിന്ന് തടയൽ അനുവദനീയമാണ്. ഒന്നുകിൽ വീട്ടും വരെ; അല്ലെങ്കിൽ നാട്ടിലുള്ള സ്വത്തിൽ നിന്നു വീട്ടാൻ ഒരാളെ ഏൽപ്പിക്കും വരെ അവധി അടുത്താണെങ്കിലും അവധി എത്താത്ത കടമാണെങ്കിൽ യാത്ര തടയാവുന്നതല്ല.

 

ഒരു അധമർണ്ണൻ ഞെരുക്കത്തിലാണെന്ന് സ്ഥിരപ്പെട്ടാൽ അവനെ ബന്ധനസ്ഥനാക്കൽ ഹറാമാകുന്നു. വീട്ടാനുള്ള കഴിവ് എത്തും വരെ അവധി നീട്ടിക്കൊടുക്കൽ നിർബന്ധവുമാണ്.