- അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: മടക്കിക്കൊടുക്കണമെന്ന് ഉദ്ദേശിച്ച് ജനങ്ങളുടെ സമ്പത്ത് വാങ്ങിയവന് അല്ലാഹു അത് വീട്ടും. നശിപ്പിക്കണമെന്ന് കരുതി വാങ്ങിയാൽ അല്ലാഹു ശിക്ഷിക്കും (ബു ഖാരി). കടക്കാരൻ തന്റെ ഖബറിൽ ചങ്ങലയിലായിരിക്കും. കടം വീട്ടാതെ മോചിതനാവുകയില്ല (ദൈലമി). വീട്ടാൻ ഉദ്ദേശിച്ചു കടം വാങ്ങി, വീട്ടാതെ മരിച്ചാൽ അത് അല്ലാഹു അന്ത്യദിനം മാപ്പ് ചെയ്യും. വീട്ടാനുള്ള ഉദ്ദേശ്യമില്ലാതെ കടം വാങ്ങുകയും വീട്ടാതെ മരിക്കു കയും ചെയ്താൽ അന്ത്യദിനം അല്ലാഹു പറയും: എന്റെ അടിമ യുടെ ബാധ്യത നിന്നിൽ നിന്ന് ഞാൻ വാങ്ങുകയില്ലെന്നാണോ നീ കരുതിയത്. അങ്ങനെ കൊടുക്കാനുള്ളവന്റെ സൽകർമ്മത്തിൽ നിന്നെടുത്ത് മറ്റവന്റെ സൽകർമ്മത്തിൽ ചേർക്കും. സൽകർമ്മമില്ലെങ്കിൽ അവന്റെ പാപം ഇവന്റെ മേൽ ചാർത്തും. (ത്വബ്റാനി).
ഇബ്നു അദിയ്യ്(റ) നിവേദനം: മഹ്ർ കൊടുക്കാൻ ഉദ്ദേശ്യമില്ലാതെ ഒരു സ്ത്രീയെ ഒരാൾ വിവാഹം ചെയ്താൽ മരിക്കുമ്പോൾ വ്യഭിചാരിയായിട്ടായിരിക്കും അവൻ മരിക്കുക. വില കൊടുക്കണമെന്ന ഉദ്ദേശ്യമില്ലാതെ ഒരാളിൽ നിന്ന് എന്തെങ്കിലും വാങ്ങിയാൽ മരിക്കുമ്പോൾ വഞ്ചകനായിട്ടായിരിക്കും മരിക്കുന്നത്. ചതിയൻ നരകത്തിലാണ്. ഇബ്നുമാജ(റ) നിവേദനം: ഒരു ദീനാറോ ദിർഹമോ കടത്തോടെ ഒരാൾ മരിച്ചാൽ അവന്റെ സദ്കർമ്മത്തിൽ നിന്ന് അത് വീട്ടും; പരലോകത്തു ദീനാറോ ദിർഹമോ ഉണ്ടായിരിക്കുന്നതല്ല.
അബൂഖതാദ(റ)വിൽ നിന്ന് : നബി(സ്വ)യോട് ഒരാൾ ചോദിച്ചു. ക്ഷമിച്ചും പ്രതിഫലം ആഗ്രഹിച്ചും പിന്തിരിയാതെ യുദ്ധം ചെയ്താൽ എന്റെ പാപങ്ങൾ അല്ലാഹു പൊറുക്കുമോ? നബി(സ്വ) അതേ എന്നു പറഞ്ഞു. പിന്നെ അദ്ദേഹം പോകുമ്പോൾ തിരിച്ചുവിളിച്ചു നബി(സ്വ) പറഞ്ഞു. പാപം പൊറുക്കും. പക്ഷേ, ജിബ്രീൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. രക്തസാക്ഷിക്ക് എല്ലാ പാപങ്ങളും പൊറുക്കും, കടബാധ്യത ഒഴികെ. (ബുഖാരി, തിർമുദി, നസാഈ, ഇബ്നുമാജ). ശഹീദിന് കടമൊഴിച്ചുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും.
അബൂസഈദ്(റ)വിൽ നിന്ന് ശറഹുസ്സുന്നയിൽ ഇപ്രകാരമുണ്ട്. നബി(സ്വ)യുടെ അടുത്ത് ഒരാളുടെ മയ്യിത്ത് നിസ്കാരത്തിനായി കൊണ്ടുവന്നു. നബി( സ) ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരന്റെ മേൽ കടബാധ്യതയുണ്ടോ? ഉണ്ടെന്ന് അവർ പറഞ്ഞപ്പോൾ നബി(സ്വ) ചോദിച്ചു: അത് വീട്ടാനുള്ള വഴി അദ്ദേഹത്തിനുണ്ടോ? ഇല്ലെന്ന് പറഞ്ഞപ്പോൾ നബി(സ്വ) പറഞ്ഞു: എങ്കിൽ നിങ്ങളുടെ സുഹൃത്തിന് നിങ്ങൾ നിസ്കരിക്കുക. ഇത് കേട്ട അലി(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അദ്ദേഹത്തിന്റെ കടം ഞാൻ വീട്ടാം. അതേ തുടർന്ന് നബി (സ്വ) മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു. പിന്നീട് നബി(സ്വ) പറഞ്ഞു. തന്റെ മുസ്ലിമായ സഹോദരനെ കടത്തിൽ നിന്നു മോചിപ്പിച്ചത് പ്രകാരം താങ്കളെ അല്ലാഹു നരകത്തിൽ നിന്നു മോചിപ്പിക്കട്ടേ. ഏതൊരു മുസ്ലിമും തന്റെ മുസ്ലിം സഹോദരനെ കടത്തിൽ നിന്ന് മോചിപ്പിച്ചാൽ അന്ത്യദിനം അവനെ അല്ലാഹു രക്ഷിക്കുന്നതാണ്.
നബി(സ്വ) പറഞ്ഞു: ബനൂ ഇസ്റാഈലിൽ പെട്ട ഒരാൾ മറ്റൊരാളോട് ആയിരം ദീനാർ കടം ചോദിച്ചു. ചോദിക്കപ്പെട്ടവൻ സാക്ഷി വേണമെന്ന് പറഞ്ഞപ്പോൾ ചോദിച്ചവൻ പറഞ്ഞു: “അല്ലാഹു മതി സാക്ഷിയായി”. “എന്നാൽ ജാമ്യക്കാരൻ വേണം എന്നായി. വാങ്ങുന്നവൻ പറഞ്ഞു: ജാമ്യക്കാരനായി അല്ലാഹു തന്നെ മതിയല്ലോ. അങ്ങനെ തിരിച്ചുനൽകാൻ അവധി നിശ്ചയിച്ചു പണം നൽകി. പൈസ വാങ്ങിയവന് ഒരു കടൽ യാത്ര ആവശ്യമായി വന്നു. അയാൾ യാത്ര വായി. തന്റെ ആവശ്യം കഴിഞ്ഞു തിരിച്ചുപോരാൻ കപ്പൽ ശരിയായില്ല. കടത്തിന്റെ അവധിയാണെങ്കിൽ എത്തുകയും ചെയ്തു. ഇനി എന്തു ചെയ്യും? അയാളുടെ മനസ്സിൽ ഒരാശയം ഉദിച്ചു: ഒരു മരക്കഷ്ണമെടുത്ത് അത് തുറന്ന് അതിൽ ആയിരം ദീനാറും കൂടെ ഒരു എഴുത്തും അടക്കം ചെയ്ത് അയാൾ ഇങ്ങനെ പറഞ്ഞു: പടച്ചവനേ, നിനക്കറിയാം, ഞാൻ ഇന്ന ആളിൽ നിന്ന് ആയിരം ദീനാർ കടം വാങ്ങിയിട്ടുണ്ട്. സാക്ഷിയായും ജാമ്യക്കാരനായും അല്ലാഹു മതി എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചാണ് അയാൾ എനിക്ക് സംഖ്യ തന്നത്. നിശ്ചിത അവധിക്ക് അത് എത്തിക്കാൻ വാഹനം കിട്ടുന്നില്ല. അതുകൊണ്ട് ഈ സംഖ്യ നിന്നെ ഞാൻ ഏൽപ്പിക്കുന്നു. തുടർന്ന് അയാൾ ആ മരക്കഷ്ണം സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞു. അതോടൊപ്പം സ്വദേശത്തേക്ക് പോകാനുള്ള കപ്പലിനായി അന്വേഷണം തുടരുകയും ചെയ്തു. പണം കിട്ടേണ്ടവൻ കടം വാങ്ങിയവനെ അ ന്വേഷിച്ച് എന്നും കടപ്പുറത്ത് വരും. ഒരിക്കൽ ഒരു മരക്കഷ്ണം കരക്കണഞ്ഞത് കണ്ടപ്പോൾ വിറകിനുവേണ്ടി അതെടുത്തു. വീട്ടിലെത്തി കൊത്തിപ്പൊളിച്ചപ്പോൾ അതിന്റെ അകത്തു നിന്ന് ആയിരം ദീനാറും കുറിപ്പും ലഭിച്ചു. ഏതാനും ദിവസം കഴിഞ്ഞു കടക്കാരൻ നാട്ടിലെത്തി. ആയിരം ദീനാറുമായി കടം വാങ്ങിയ ആളുടെ അടുത്തെത്തി. ക്ഷമാ പണം നടത്തി. സംഖ്യ കൊടുത്തപ്പോൾ സുഹൃത്ത് സമുദ്രത്തിൽ നിന്ന് കിട്ടിയ മരത്തടിയുടെ കഥ പറഞ്ഞു; ആയിരം ദീനാർ കൈപ്പറ്റിയ വിവരവും. അധമർണ്ണൻ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
നബി(സ്വ) പറഞ്ഞു: കഴിവുണ്ടായിട്ടും ബാധ്യത വീട്ടാതിരിക്കൽ അക്രമമാകുന്നു. കടം വീട്ടാതെ ബുദ്ധിമുട്ടുണ്ടാക്കുന്നവനെ പിന്തു ടരാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പിന്തുടരാം. (ബുഖാരി, മുസ്ലിം).
ഇബ്നു ഹിബ്ബാൻ, ഹാകിം(റ) നിവേദനം: കടം വീട്ടാൻ കഴിവുണ്ടായിട്ടും വീട്ടാതെ സൂത്രം പ്രയോഗിച്ചവന്റെ അഭിമാനത്തിന് ക്ഷതം വരുത്താം. അവനെ ശിക്ഷിക്കുകയും ആവാം.