പ്രായ പൂർത്തിയും വിവേകവുമുള്ള മനുഷ്യൻ തന്റെ അറിവും സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ ക്രമീകരിച്ച് ലൗകികവും പാരത്രികവുമായ മോക്ഷം കൈവരിക്കുന്നതിന്ന് അല്ലാഹു സംവിധാനിച്ച വ്യവസ്തയാണ് ദീൻ. അതായത് മതം. വിശ്വാസപരവും കർമ്മപരവുമായ വ്യവസ്ഥിതികൾ ഇതിൽ ഉൾപ്പെടുന്നതാണ്. തുഹ്ഫ: വാള്യം: 1 പേജ്. 21 വിശ്വാസ കാര്യങ്ങൾക്ക് ഈമാൻ കാര്യങ്ങൾ എന്നും കർമ്മപരമായ കാര്യങ്ങൾക്ക് ഇസ്ലാം കാര്യങ്ങൾ എന്നും പറയുന്നു.
പ്രസ്തുത വ്യവസ്ഥിതിക്കനുസൃതമായി മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ മുഴുവനും അല്ലാഹുവിന്റെ സാമീപ്യം കാംക്ഷിച്ച് കൊണ്ടായിരിക്കണമെന്ന് പറയേണ്ടതില്ല. പ്രവർത്തനങ്ങളിൽ ‘ഇഖ്ലാസ്’ (اخلاص ആത്മാർത്ഥത) ആവാഹിച്ചെടുക്കുമ്പോഴാണ് ഇതു സാധ്യമാവുക. അതിന്നാണ് ‘ഇഹ്സാൻ’ احسان എന്നു പറയുന്നത്. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു: ഒരു ദിവസം നബി (സ്വ) ജനങ്ങളിലേക്ക് പ്രത്യക്ഷമായി. അപ്പോൾ ഒരാൾ അവിടെ വന്നു. അദ്ധേഹം നബി (സ്വ) യോട് ചോദിച്ചു: ഈമാൻ എന്നാൽ എന്ത്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും പ്രവാചകന്മാരിലും വിശ്വസിക്കലും പുനർ ജന്മം കൊണ്ട് വിശ്വസിക്കലുമാണ്. ആഗതൻ: ഇസ്ലാം എന്നാൽ എന്ത്?
മറ്റൊന്നിനേയും പങ്കുചേർക്കാത്തവിധം അല്ലാഹുവിനു നീ ആരാധനയർപ്പിക്കലും നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും നോമ്പനുഷ്ടിക്കലും ചെയ്യലാണ്.
ഇഹ്സാൻ എന്നാൽ എന്ത്? നീ അല്ലാഹുവിനെ ദർശിക്കുന്നത് പോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.
പ്രസ്തുത വ്യക്തി പോയ ശേഷം നബി (സ്വ) പറഞ്ഞു: “വന്നയാൾ ജിബ് രീൽ (അ) ആകുന്നു. ജനങ്ങൾക്കുള്ള ദീൻ അവരെ പഠിപ്പിക്കാൻ വന്നതാണ് ”. ബുഖാരി ഹദീസ് നമ്പർ: 50¹
പരിശുദ്ധ ദീൻ എന്നാൽ ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നീ മൂന്നു കാര്യങ്ങൾ ഉൾപ്പെടുന്നതാണെന്ന് മേൽ പറഞ്ഞ ഹദീസുകളിൽ നിന്ന് വ്യക്തമായി.
ഇമാം ഇബ്നു അബ്ദിസ്സലാം എഴുതുന്നു. “ ജാം ഉൽ ജവാമി ഇന്റെ വ്യാഖ്യാനത്തിൽ ഇമാം സർക്കശി (റ) ഇപ്രകാരം പ്രസ്താവിച്ചു. ഈമാൻ തുടക്കവും ഇസ്ലാം മധ്യവും ഇഹ്സാൻ പരിപൂർണ്ണതയുമാകുന്നു. കളങ്ക മറ്റ ദീൻ ഇവ മൂന്നും ഉൾപ്പെടെയുള്ളതാണ്.” നാശിരി (റ) യുടെ മുജീബു ദാരിസ്സലാം പേജ് 36,37