അല്ലാഹു പറഞ്ഞു: “ജനങ്ങളെ, നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ച നാഥന് നിങ്ങൾ ആരാധന ചെയ്യുക, നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടി. ഭൂമിയെ നിങ്ങൾക്കവൻ വിരിപ്പായും ആകാശത്തെ മേൽത്തട്ടായും സൃഷ്ടിച്ചിരിക്കുന്നു. മുകളിൽ നിന്ന് അവൻ വെള്ളം ഇറക്കുകയും അതുകൊണ്ട് നിങ്ങൾക്ക് ആഹാരമായി കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തു. അതിനാൽ നിങ്ങൾ അല്ലാഹുവിന് പങ്കുകാരെ ആക്കരുത്, നിങ്ങൾ അറിയുന്നവർ ആയിരിക്കെ”( അൽ ബക്കറ)
അല്ലാഹു പറയുന്നു:” അല്ലാഹുവും അവൻറെ റസൂലിലും വിശ്വസിക്കാത്ത സത്യനിഷേധികൾക്ക് നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
ഉമർ ബ്നുൽ ഖത്വാബ്(റ) പറയുന്നു:” ഒരു ദിവസം ഞങ്ങൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോയൊരാൾ അവിടെ പ്രത്യക്ഷപ്പെട്ടു. നല്ല വെള്ള വസ്ത്രം, കറുകറുത്ത മുടി യാത്രയുടെ ഒരടയായാളവും അദ്ദേഹത്തിൽ കാണുന്നില്ല. ഞങ്ങളാരും അദ്ദേഹത്തെ അറിയുകയുമില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാൽമുട്ടുകൾക്കു നേരെ തൻറെ കാൽമുട്ടുകൾ ചേർത്തുവെച്ച് കൈകൾ രണ്ടും തുടകളിൽ വെച്ച് ഇരുന്നശേഷം അദ്ദേഹം പറഞ്ഞു: ഓ, മുഹമ്മദ്, ഇസ്ലാമിനെ സംബന്ധിച്ച് എനിക്ക് പറഞ്ഞു തന്നാലും. നബി(സ) അരുളി: അല്ലാഹു മാത്രമാണ് ആരാധ്യനെന്നും മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരവും സകാത്തും റമളാൻ നോമ്പും അനുഷ്ഠിക്കുക, കഴിവുള്ളവർ ഹജ്ജ് ചെയ്യുക എന്നിവയാണത്.
ആഗതൻ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണ്.” ഞങ്ങൾക്ക് അത്ഭുതമായി. കാരണം ചോദിച്ച ആൾ തന്നെ ഉത്തരം ശരിയാണെന്ന് പറയുന്നു. പിന്നീട് അദ്ദേഹം ചോദിച്ചു: ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക. നബി(സ) അരുളി: ‘താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും മുർസലുകളിലും അന്ത്യനാളിലും നന്മ-തിന്മകൾ അല്ലാഹുവിന്റെ വിധിയാണെന്നതിലും വിശ്വസിക്കുക. ആഗതൻ പറഞ്ഞു: ‘ഇതും ശരിയാണ്. ഇനി ‘ഇഹ്സാനെ’ പറ്റി പറഞ്ഞുതരൂ’ .
നബി (സ) അരുളി: ‘അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്’. ആഗതൻ പറഞ്ഞു: ‘അന്ത്യനാൾ എപ്പോൾ സംഭവിക്കും എന്നതിനെ കുറിച്ച് പറഞ്ഞുതരൂ…’
നബി(സ) പറഞ്ഞു: ‘അതേകുറിച്ച് ചോദിച്ചവരെക്കാൾ അറിവുള്ളവനല്ല ചോദിക്കപ്പെട്ടവൻ.’
ആഗതൻ പറഞ്ഞു: ‘എന്നാൽ അതിൻറെ അടയാളങ്ങൾ പറഞ്ഞുതന്നാലും.’ നബി(സ) പറഞ്ഞു: ‘അടിമസ്ത്രീ തൻറെ യജമാനത്തിയെ പ്രസവിക്കുക, പാദരക്ഷയോ, ഉടുപ്പുകളോ ഇല്ലാത്ത ദരിദ്രരായ ആട്ടിടയന്മാർ നീളമുള്ള വലിയ കെട്ടിടനിരകൾ പണി തീർക്കുന്നത് കാണുക തുടങ്ങിയവ അതിന്റെ അടയാളമാണ്.
പിന്നീട് ആഗതൻ സ്ഥലംവിട്ടു. കുറച്ചുകഴിഞ്ഞ് നബി(സ) ചോദിച്ചു: ‘ഉമറേ, ആരാണ് ആ ചോദ്യകർത്താവ് എന്നറിയാമോ?’
ഞാൻ പറഞ്ഞു: ‘അല്ലാഹുവിനും റസൂലിനും അറിയാം.’
അപ്പോൾ നബി(സ) അരുളി: ജിബ്രീലാണത്. നിങ്ങൾക്ക് മതം പഠിപ്പിക്കാൻ വേണ്ടി വന്നതാണ് അദ്ദേഹം. (മുസ്ലിം)
അടിമസ്ത്രീ തൻറെ യജമാനത്തിയെ പ്രസവിക്കുക എന്നതിൻറെ വിവക്ഷ സന്താനങ്ങൾ മാതാക്കളെ നിന്ദിച്ചും ചീത്ത പറഞ്ഞും ബുദ്ധിമുട്ടിക്കലും യജമാനൻ തന്റെ അടിമയോട് പെരുമാറും വിധത്തിൽ മാതാക്കളോട് വർത്തിക്കലുമാകുന്നു. ദരിദ്രർ വലിയ ഭവനങ്ങൾ എടുക്കുമെന്നതിന്റെ ഉദ്ദേശ്യം താഴെക്കിടയിലുള്ളവർ രാജാക്കന്മാരെപ്പോലെ സമ്പന്നരാകുമെന്നാണ്.