അബൂ ഹുറൈറ(റ) വിൽ നിന്ന്: നബി(സ്വ) അരുളി: “നിങ്ങളിൽ അശുദ്ദിയുള്ള ആൾ വുളൂഅ് ചെയ്യും വരെ അയാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല” (ബുഖാരി, മുസ്ലിം).
സൽമാൻ (റ) വിൽ നിന്ന്: ഒരാൾ വുളൂഅ് ചെയ്താൽ ഈ വൃക്ഷത്തിൽ നിന്ന് ഇലകൾ കൊഴിയുന്നത് പോലെ അയാളുടെ ചെറു പാപങ്ങൾ കൊഴിയുന്നതാണ് ” (ബൈഹഖി)
ഇബ്നു ഉമർ (റ) വിൽ നിന്ന് :” വുളൂഅ് ഉണ്ടായിരിക്കെ വീണ്ടും ഒരാൾ വുളൂഅ് ചെയ്താൽ പത്ത് നന്മ രേഖപ്പെടുത്തുന്നതാണ് ” (അബൂദാവൂദ്)
ഇമാം ഗസാലി (റ) ഉദ്ദരിക്കുന്നു : ” മരണപ്പെട്ട ഒരാളെ സ്വപ്നത്തിൽ കണ്ടു. വിവരങ്ങൾ അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: ഞാനൊരു ദിവസം വുളൂഇല്ലാതെ നിസ്കരിച്ചതിന്റെ പേരിൽ എന്റെ ഖബറിൽ ഒരു ചെന്നായയെ ഒരുക്കി നിർത്തിയിരിക്കുന്നു. അതെപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഇത് മൂലം എന്റെ അവസ്ഥ പരിതാപകരമാണ് ” .
ഒരിക്കൽ ജുനൈദുൽ ബഗ്‌ദാദി(റ) വിന് ചെങ്കണ്ണ് രോഗം ബാധിച്ചു. കാഴ്ച വേണമെന്നുണ്ടെങ്കിൽ കണ്ണിൽ വെള്ളം തൊടരുത് എന്നായിരുന്നു വൈദ്യർ നിർദേശിച്ചത്. വൈദ്യർ സ്ഥലം വിട്ടപ്പോൾ മഹാൻ വുളൂഅ് ചെയ്തു രണ്ട് റക്അത്ത് നിസ്കരിച്ച് ഉറങ്ങി. ഉറക്കിൽ രോഗം സുഖം പ്രാപിച്ചു. അപ്പോൾ ഒരു അശരീരി കേട്ടു:” എന്റെ പ്രീതി ആഗ്രഹിച്ച് ജുനൈദ് തന്റെ കണ്ണ് ഉപേക്ഷിച്ചു. ഈ മനോദാർഢ്യത്തോടെ ഒരു നരകാവകാശി എന്നോടെന്തെങ്കിലും ചോദിച്ചാൽ ഞാനവന് ഉത്തരം നൽകുന്നതാണ് തീർച്ച “