(1) തൌഹീദ് : ഏകദൈവ വിശ്വാസം. (2) രിസാലത് : പ്രവാചകത്വം (3) ആഖിറത് : പരലോക വിശ്വാസം. ഈ മൂന്നു കാര്യങ്ങളാണ് ഇസ്ലാമിക വിശ്വാസത്തിന്റെ മൂലതത്വങ്ങള്‍. വിശ്വാസ പ്രമാണങ്ങള്‍ ആറായി എണ്ണാം. (1) അല്ലാഹുവില്‍ വിശ്വസിക്കുക. (2) മലകുകളില്‍ വിശ്വസിക്കുക. (3) ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക. (4) പ്രവാചകരില്‍ വിശ്വസിക്കുക. (5) വിധിയില്‍ വിശ്വസിക്കുക. (6) ലോകാന്ത്യദിനത്തില്‍ വിശ്വസിക്കുക. വിനയം, താഴ്മ, അനുസരണം എന്നെല്ലാം അര്‍ഥം നല്‍കപ്പെടാവുന്ന നാമമാണ് ഇസ്ലാം. ഇസ്ലാം മതത്തിന് ആ പേര് ലഭിച്ചത് അത് പ്രപഞ്ച സ്രഷ്ടാവിനു കീഴ്പ്പെടുകയും അവന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്യാന്‍ പഠിപ്പിക്കുന്ന മതമായതുകൊണ്ടാണ്.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു എന്ന വചനമാണ് ഇസ്ലാമിന്റെ അടിസ്ഥാന ശില. ഈ അടിസ്ഥാനാദര്‍ശത്തിലാണ് ഇസ്ലാം നിലകൊള്ളുന്നത്. ഈ വചനങ്ങള്‍ ഉച്ചരിക്കുന്നവര്‍ മുസ്ലിമായി പരിഗണിക്കുന്നതാണ്. വിശ്വാസം മനസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. മാനസിക ദാര്‍ഢ്യതയോടെയാണിത് പ്രഖ്യാപിക്കേണ്ടത്. മനസ്സ് ഈ ആശയം അംഗീകരിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ നിരര്‍ഥകങ്ങളാണ്. അത്തരക്കാര്‍ വിശ്വാസികളായി പരിഗണിക്കപ്പെടുകയില്ല. സ്വമേധയാ മനസ്സില്‍ ദൃഢീകരിച്ച് വേണം സത്യവചനം ഉച്ചരിക്കാന്‍. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയോ അബോധാവസ്ഥയിലോ മൊഴിഞ്ഞാല്‍ അത് അസാധുവായിത്തീരുന്നു.

അതുകൊണ്ട് നിര്‍ബന്ധിത മാറ്റം ഇസ്ലാമിന് അന്യമാണ്. അത് സാധ്യമേ അല്ല. ശാരീരിക പീഡനങ്ങളും ഭീഷണിയുമൊന്നും ഒരാളുടെ മനസ്സിലെ ആശയങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായകമല്ല. മനസ്സ് മാറാത്ത കാലത്തോളം, മനസ്സില്‍ ഏകദൈവത്വവും മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വവും അംഗീകരിക്കാത്ത കാലത്തോളം ഒരാളും മുസ്ലിമാവുകയില്ല.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനം മനസ്സറിഞ്ഞു ഉച്ചരിക്കുന്നതോടെ ഒരാള്‍ വിശ്വാസികളുടെ സമൂഹത്തില്‍ അംഗമായി. മാനസികമായി ഇതംഗീകരിച്ചവന്‍ വിശ്വാസിയാണെങ്കിലും സമൂഹത്തിലെ അംഗമായി പരിഗണിക്കപ്പെടുകയില്ല. വിശ്വാസ പ്രഖ്യാപനത്തോടെ ഒരു പുതിയ ജീവിതമാണാരംഭിക്കുന്നത്. കഴിഞ്ഞ നി മിഷം വരെ താനനുഭവിച്ചിരുന്ന എല്ലാ ഉച്ചനീചത്വങ്ങളില്‍ നിന്നും അസ്പൃശ്യതകളില്‍ നിന്നും അവന്‍ മോചിതനായി. സ്നേഹ സാഹോദര്യങ്ങളുടെയും സ്വാതന്ത്യ്രത്തിന്റെയും ശാദ്വല തീരത്തവന്‍ എത്തിച്ചേര്‍ന്നു. ഇനിയവന്‍ മുസ്ലിമാണ്. മുസ്ലിം സമുദായത്തിന്റെ ബാധ്യതകള്‍ അവന് ബാധകമായി. സമൂഹത്തിന്റെ എല്ലാ തലത്തിലും അംഗീകാരം അവന് ലബ്ധമായി.

ഈ വിശ്വാസത്തിന്റെ യാഥാര്‍ഥ്യവത്കരണത്തിനു വേണ്ടിയുള്ള കര്‍മ്മങ്ങളിനി തുടരണം. ഇസ്ലാമിക അധ്യാപനങ്ങള്‍ക്കനുസരിച്ചു ജീവിതത്തെ പുനഃക്രമീകരണം നടത്താന്‍ അവന്‍ തയ്യാറാകണം. വിശ്വാസ പ്രഖ്യാപനം കൊണ്ട് മാത്രം യഥാര്‍ഥ മുസ്ലിമാകുന്നില്ല. വിശ്വാസത്തെ വാസ്തവീകരിക്കുന്നത് കര്‍മ്മമാണ്. ഇസ്ലാം അനുശാസിക്കുന്ന ആരാധനകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനത്തിന്റെ ആദ്യ പാതം ദൈവത്തിന്റെ ഏകത്വവും രണ്ടാം പാതം മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വവുമാണ് പ്രഖ്യാപിക്കുന്നത്.

അണ്ഡ കടാഹങ്ങളുടെ സ്രഷ്ടാവും അജയ്യ ശക്തിയുടെ ഉടമയും സര്‍വജ്ഞാനിയുമായ ഏക ഇലാഹിലുള്ള വിശ്വാസമാണ് മുസ്ലിമിന്റേത്. അല്ലാഹു ഏകനാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ആരാധന അര്‍പ്പിക്കപ്പെടരുത്. ഒരു സാഹചര്യത്തിലും ബഹുദൈവ വിശ്വാസം വെച്ചുപുലര്‍ത്താന്‍ വിശ്വാസിക്ക് സാധ്യമല്ല. ബഹുദൈവാരാധന ഏറ്റം വലിയ പാപമായാണ് ഇസ്ലാം കാണുന്നത്.

അല്ലാഹു അവന്റെ സത്തയിലും കര്‍മ്മങ്ങളിലും ഗുണത്തിലും ഏകനാണ്. അഥവാ അല്ലാഹു ഏകനും ആദ്യമോ അന്ത്യമോ ഇല്ലാത്തവനും നിരുപമനുമാണ്. ഒരു സൃഷ് ടിയും അവനോട് തുല്യമല്ല. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ക്ക് തുല്യമായി സൃഷ്ടികള്‍ക്കാര്‍ക്കുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികള്‍ അവന്റെ സ്വന്തം കഴിവും തീരുമാനവുമനുസരിച്ചാണ്. സൃഷ്ടികളുടേത് അപ്രകാരമല്ല. സൃഷ്ടികളുടെ കഴിവത്രയും അല്ലാഹുവിന്റെ കഴിവും തീരുമാനവുമനുസരിച്ചാണ്.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥന്‍, അവനാണ് വസ്തുക്കളെ സൃഷ്ടിച്ചത്. അഖില വസ്തുക്കള്‍ക്കും ആഹാരം നല്‍കുന്നതും സംരക്ഷിക്കുന്നതുമെല്ലാം അവന്‍ തന്നെ. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് ലോകത്തെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ജനന മരണങ്ങളും വിജയ പരാജയങ്ങളും ഗുണദോഷങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇംഗിതാനുസരണം സംഭവിക്കുന്നു. ഇതിലൊന്നും ആര്‍ക്കും ഒരു സൃഷ്ടിക്കും പങ്കാളിത്തമില്ല. അല്ലാഹുവിന്റെ ഇംഗിതത്തിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഒരുതരത്തിലുള്ള ദൌര്‍ബല്യങ്ങളും കഴിവുകേടും അല്ലാഹുവിനില്ല. ഇതത്രെ ഇസ്ലാമിന്റെ ദൈവ വിശ്വാസം.

ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത, ചലന ശേഷിയോ മറ്റു വ്യക്തിത്വങ്ങളോ ഇല്ലാത്ത ശിലാ വിഗ്രഹങ്ങള്‍ക്കോ മനുഷ്യ ജന്തു വര്‍ഗങ്ങള്‍ക്കോ മനുഷ്യന്റെ സങ്കല്‍പ്പ കഥാപാത്രങ്ങള്‍ക്കോ കലാകാരന്മാര്‍ വരച്ചുണ്ടാക്കിയ ചിത്രങ്ങള്‍ക്കോ ദൈവ പദവി വകവെച്ചു കൊടുക്കാനും അവക്ക് മുന്നില്‍ തലകുനിക്കാനും മുസല്‍മാന്‍ തയ്യാറല്ല. ബുദ്ധിയും വിവേകവുമുള്ളവരാരും അത്തരം ഒരു സാഹസത്തിനൊരുങ്ങുകയില്ല.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥന്‍. വിശാലമായ പ്രപഞ്ചത്തിലെ വിശിഷ്ട സൃഷ്ടി മാത്രമാണ് മനുഷ്യന്‍. പ്രപഞ്ചത്തില്‍ ഓരോ വസ്തുക്കള്‍ക്കും പ്രകൃതിദത്തമായ ജീവിത രീതിയും ധര്‍മ്മവുമുണ്ട്. സ്രഷ്ടാവ് തന്നെ അവ നിശ്ചയിച്ച് കൊടുത്തിരിക്കുന്നു. മനുഷ്യന്റെ സ്ഥിതിയും അതുതന്നെ. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് അവന്റെ ധര്‍മ്മമെന്തെന്ന് സ്രഷ്ടാവ് തന്നെയാണ് നിര്‍ണയിക്കേണ്ടത്. ജീവിതനിയമങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവകാശം സ്രഷ്ടാവിന് മാത്രമാണ്. അതുകൊണ്ടുതന്നെ സ്രഷ്ടാവിന്റെ ആജ്ഞകള്‍ അംഗീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിയമങ്ങള്‍ അനുസരിക്കാനും ബാധ്യസ്ഥനാണ് മനുഷ്യന്‍.