.
അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്ര 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപു ണ്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ റോമക്കാരനായ ഒരു യുക്തിവാദിയെ ഇമാം വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ചു. യുക്തിവാദി ചോദിച്ചു: ദൈവം ഖദീമാണെന്നാണല്ലോ നിങ്ങളുടെ വാദം. എല്ലാറ്റിനും മുമ്പുള്ള ഒന്ന്; അതിന് മുമ്പ് ഒന്നും ഇല്ല. അങ്ങനെ ഒന്ന് (ദൈവം) ഉണ്ടെന്ന് പറഞ്ഞാല്‍ ബുദ്ധി സമ്മതിക്കുമോ?  ഇമാം: അതെ, നിനക്ക് എണ്ണം അറിയില്ലേ? എല്ലാറ്റിനും മുമ്പുള്ള എണ്ണം ഏതാണ്?
യുക്തിവാദി: ഒന്ന്.
ഇമാം : അതിന് മുമ്പുള്ള എണ്ണം?
യുക്തിവാദി: ഒന്നുമില്ല. പൂജ്യം.
യുക്തിവാദി രണ്ടാം ചോദ്യം തൊടുത്തുവിട്ടു. എല്ലാറ്റിനും മുമ്പുള്ള ഒന്ന് (ദൈവം) ഉണ്ടെന്ന് സമ്മതിക്കാം. അങ്ങനെയാണെങ്കില്‍ അത് ഇപ്പോള്‍ എവിടെയാണ്?
ഇമാം: പാലില്‍ വെണ്ണയുണ്ട് എന്ന് നീ സമ്മതിക്കില്ലേ? എങ്കില്‍ അത് എവിടെയാണ്?
യുക്തി: അത് എല്ലായിടത്തുമാണ്. പ്രത്യേക ഇടം ഇല്ല.
ഇമാം: അത്പോലെ അല്ലാഹുവിനും പ്രത്യേക ഇടം ഇല്ല.
പരാജയ ബോധത്തോടെ യുക്തിവാദി ചോദിച്ചു. ദൈവം ഏത് ഭാഗത്താണെന്നു പറയാമോ?
ഇമാം: കത്തിച്ചു വച്ച ദീപത്തിന്റെ പ്രകാശം ഏത് ഭാഗത്താണെന്ന് പറയാമോ?
യുക്തി: എല്ലാ ഭാഗത്തും അത് പ്രകാശം പരത്തുന്നു.
ഇമാം: അതുപോലെ എല്ലാ ഭാഗങ്ങളിലേക്കും അല്ലാഹു അവന്റെ ശക്തി വിശേഷം പരത്തുന്നു.
യുക്തി: ദൈവത്തിന്റെ ജോലിയെന്താണ്?
ഇമാം: അത് പറയും മുമ്പ് നീ പ്രസംഗ പീഠത്തില്‍ നിന്ന് ഒന്ന് ഇറങ്ങുക. ഞാനൊന്നങ്ങോട്ട് കയറി നില്‍ക്കട്ടെ. യുക്തിവാദി തറയിലോട്ട് ഇറങ്ങി. ഇമാം പ്രസംഗ പീഠത്തിലേക്ക് കയറി. എ ന്നിട്ടു പറഞ്ഞു. ഇതാണ് ദൈവത്തിന്റെ ജോലി. നിന്നെപ്പോലെയുള്ള അവിശ്വാസികളെ താഴെയിറക്കുക; എന്നെപ്പോലെയുള്ള വിശ്വാസികളെ ഉയര്‍ത്തുക. ഇമാം അവര്‍കളുടെ വാഗ്വൈഭവം യുകതിവാദിയെ അസ്ത്രപ്രജ്ഞനാക്കി.
ഇമാമിന്റെ ഓരോ തീരുമാനവും യുക്തിഭദ്രമായിരുന്നു. അധികാരി വര്‍ഗത്തിന്റെ പ്രലോഭനങ്ങ ള്‍ക്ക് അദ്ദേഹത്തെ കീഴ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ അതീവ സൂക്ഷ്മതയുള്ള മഹാപണ്ഢിതനായിരുന്നു അദ്ദേഹം. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നല്‍്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) അന്തരിച്ചത്. പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും അന്തരിച്ചു.