ചോദ്യം: മയ്യിത്തു നമസ്ക്കാരം ഒരിക്കൽ നടന്ന ശേഷം വീണ്ടും നിർവ്വഹിക്കപ്പെടുന്നത് എങ്ങനെയാണു ‘ഫർളു കിഫായ’യാവുക? ആദ്യത്തെ നമസ്ക്കാരം കൊണ്ടു ഫർളു വീടിയില്ലേ.
ഉത്തരം: ആദ്യം നമസ്കരിച്ചവരെക്കൊണ്ടു ഫർളു വീടുമെന്നതിനർത്ഥം ആ ഫർളിൻ്റെ ബാധ്യത അവരുടെ നമസ്‌കാരത്തോടുകൂടെ തീരുമെന്നാണ്. അതായത് ബാധ്യത നിറവേറ്റാത്ത കുറ്റത്തിൽനിന്ന് മറ്റുള്ളവർ ഒഴിവാകുമെന്ന്. ഇനിയും നമസ്കരിക്കുന്നവരുടേതെല്ലാം ഫർളു തന്നെയാണെന്നതുകൊണ്ടുദ്ദേശ്യം, അവർക്കും ഒരു ഫർളായ കാര്യം നിർവ്വഹിച്ച പ്രതിഫലം ലഭിക്കുമെന്നും ഫർളു നമസ്കാരമെന്നു തന്നെ അവരും നിയ്യത്തു ചെയ്യണമെന്നുമാണ്. ഇതുരണ്ടും തമ്മിൽ എതിരില്ലല്ലോ. ആവർത്തിച്ചു പ്രവർത്തിക്കുന്നവരെക്കൊണ്ടെല്ലാം ഉദ്ദിഷ്ട ലക്ഷ്യവും നേട്ടവും ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫർളു കിഫായകളുടെയെല്ലാം സ്ഥിതി ഇതു തന്നെയാണ്. മയ്യിത്തു നമസ്കാരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മരിച്ചയാൾക്കുവേണ്ടി മറ്റുള്ളവർ ശുപാർശ ചെയ്യുകയാണല്ലോ. ബാധ്യതപ്പെട്ടവരെല്ലാം നിർവ്വഹിക്കും തോറും ഈ ഉദ്ദേശ്യവും ലക്ഷ്യവും നിറവേറുകയാണ്. ആദ്യം നിറവേറ്റിയവരെക്കൊണ്ടുമാത്രം ഇതു തീർത്തും നിറവേറിത്തീരുന്നില്ല. വീണ്ടും നിർവ്വഹിക്കുന്നവരുടെ നമസ്‌കാരവും അതു ഫർളാക്കിയത് എന്തൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ആ ലക്ഷ്യം നിറവേറ്റുന്നതാകയാൽ അവരുടെ കർമ്മവും ഫർളാകുന്നതും അതിനു ഫർളിൻ്റെ പുണ്യം ലഭിക്കുന്നതുമാണ്. തുഹ്ഫ ശർവാനി സഹിതം: 3-191.