ഖദീജ ഭൃത്യനായ മൈസറയെ കൂട്ടിനയച്ചു. മൈസറയോട് ഖദീജ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തെ പൂർണമായും നീ അനുസരിക്കണം. അവിടുന്ന് പറയുന്നതിനൊന്നും എതിര് പറയാനും പാടില്ല. ശരി, മൈസറ അംഗീകരിച്ചു.

അബൂ ത്വാലിബ് വേണ്ട നിർദേശങ്ങൾ നൽകി മകനെ യാത്രയാക്കി. യാത്രാ സംഘത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സുബൈറും ഉണ്ടായിരുന്നു. മുഹമ്മദ് മോനെ പ്രത്യേകം ശ്രദ്ധിക്കാൻ സുബൈറിനെ ചുമതലപ്പെടുത്തി.

മൈസറ ശ്രദ്ധാപൂർവ്വം നബിﷺയെ അനുഗമിച്ചു. യാത്രയുടെ ആരംഭം മുതൽ തന്നെ അത്ഭുതങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. നബിയുടെ സഞ്ചാരത്തിനൊപ്പിച്ചു മേഘം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചില സന്ദർഭത്തിൽ രണ്ട് മലകുകൾ സൂര്യനിൽ നിന്ന് പ്രത്യേകം തണൽ നൽകുന്നു. അങ്ങനെ അവർ സിറിയയിലെ ബുസ്വ്റാ പട്ടണത്തിലെത്തി. അവിടെ ഒരു മരച്ചുവട്ടിൽ തമ്പടിച്ചു വിശ്രമിച്ചു. പരിസരത്ത് ‘നസ്തൂറാ’ എന്ന ഒരു പുരോഹിതനുണ്ട്. മൈസറക്ക് നേരത്തേ പരിചയമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം മുഹമ്മദ് ﷺ നെ നിരീക്ഷിക്കുന്നു. ശേഷം മൈസറയോട് ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്. അത് ഖുറൈശികളിൽപ്പെട്ട ഒരാൾ. ഹറമിലാണ് താമസം. മൈസറ പ്രതികരിച്ചു. ശരി, പുരോഹിതൻ പറഞ്ഞു തുടങ്ങി. ഈ മരച്ചുവട്ടിൽ ഇപ്രകാരം എത്തിയ ആൾ അന്ത്യ പ്രവാചകനാകാൻ സാധ്യത ഏറെയാണ്. ഞങ്ങളുടെ മുൻഗാമികളായ പണ്ഡിതന്മാർ അങ്ങനെ പറയാറുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ ഒരു ചുവപ്പ് നിറമുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഉണ്ട്. അത് എപ്പോഴും ഉണ്ടാകാറുണ്ടോ? അതെ, അത് മാറിയതായി ഞാൻ കണ്ടിട്ടില്ല. അങ്ങനെ മൈസറയോട് പല ലക്ഷണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ശേഷം പാതിരി പറഞ്ഞു ‘ഇത് അന്ത്യ പ്രാചകൻ തന്നെയാണ്. ഇദ്ദേഹം നിയോഗിക്കപ്പെടുന്നകാലത്ത് ഞാനുണ്ടായിരുന്നെങ്കിൽ!’

മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. നബി ﷺ മരച്ചുവട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ നസ്തൂറാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാർമേഘത്തിന്റെ സഞ്ചാരം അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മരച്ചുവട്ടിൽ വിശ്രമിക്കാനിറങ്ങിയതും കൗതുകം വർദ്ധിച്ചു. ശേഷം മയ്സറയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി. ആശ്രമത്തിൽ നിന്നിറങ്ങി നബി ﷺ യെ സമീപിച്ചു. ബഹുമാന പുരസ്സരം മൂർദ്ധാവിലും പാദങ്ങളിലും ചുംബിച്ചു. തുടർന്നിങ്ങനെപറഞ്ഞു. “ഞാൻ താങ്കളിൽ വിശ്വസിക്കുന്നു. തോറയിൽ പറയപ്പെട്ട സത്യ പ്രവാചകൻ താങ്കൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.”

പിന്നീടദ്ദേഹം പറഞ്ഞു. ഓ  പ്രിയപ്പെട്ടവരേ അന്ത്യ പ്രവാചകന്റെ വിശേഷണങ്ങളിൽ ഒന്നൊഴികെ എല്ലാം എനിക്ക് ബോധ്യമായി. ദയവായി അവിടുത്തെ ചുമൽ എനിക്കൊന്ന് കാണിച്ചു തരണം. മുത്തുനബി ﷺ ചുമൽ കാണിച്ചു കൊടുത്തു. പ്രവാചകത്വമുദ്ര ശോഭയോടെ തിളങ്ങുന്നതദ്ദേഹം ദർശിച്ചു. മുത്ത് നബി ﷺയെ ചുംബിച്ചു കൊണ്ടദ്ദേഹം സത്യസാക്ഷ്യം മൊഴിഞ്ഞു. തുടർന്നദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. മർയമിന്റെ പുത്രൻ ഈസാ പ്രവാചകൻ മുന്നറിയിപ്പ് നൽകിയ സത്യദൂതർ തന്നെയാണ് താങ്കൾ. ഈ മരച്ചുവിട്ടിൽ അങ്ങ് ഒരുനാൾ വിശ്രമിക്കുമെന്ന് അവിടുന്ന് സുവിശേഷം നൽകിയത് പൂർവ്വ ജഞാനികൾ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.

വേറിട്ട അനുഭവകൾക്ക് സാക്ഷിയായി മയ്സറ നബി ﷺ യോടൊപ്പം ശാമിലെത്തി. കച്ചവടം പ്രതീക്ഷിച്ചതിലേറെ മെച്ചമാണ്. ഇടപാടുകൾ നടക്കുന്നതിനിടയിൽ അതാ മറ്റൊരു മുഹൂർത്തം. കച്ചവടത്തിനിടയിൽ ചരക്കു സംബന്ധമായി ഒരാളോട് അഭിപ്രായ വ്യത്യാസമുണ്ടായി. അയാൾ ‘ലാത്ത’ യും ‘ഉസ്സ’യും സത്യം എന്ന് പറഞ്ഞു. കേട്ടമാത്രയിൽ തന്നെ നബി ﷺ  പ്രതികരിച്ചു. എൻറെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ അവരെക്കൊണ്ട് സത്യം ചെയ്തിട്ടില്ല. എന്റെ നാട്ടിൽ ഞാനവയെ കാണുമ്പോൾ പിന്തിരിയുകയാണ് പതിവ്. ഈ വർത്തമാനത്തിൽ എന്തോ മഹത്വം കണ്ടെത്തിയ ഇടപാടുകാരൻ മയ്സറയെ സമീപിച്ചു സ്വകാര്യമായി പറഞ്ഞു. ഇദ്ദേഹം ഞങ്ങളുടെ വേദത്തിൽ പറയപ്പെട്ട അന്ത്യ പ്രവാചകനാണ് മയ്സറാ…

രംഗങ്ങളെല്ലാം മയ്സറ മനസ്സിൽ സൂക്ഷിച്ചു. തിരുനബി ﷺ ക്കൊപ്പം ശ്രദ്ധയോടെ തന്നെ സഞ്ചരിച്ചു. പതിവിൽ കവിഞ്ഞ വിജയമായിരുന്നു ഇത്തവണത്തെ സീസൺ. മയ്സറ നബി ﷺ യോട് പറഞ്ഞു. ഞങ്ങൾ ഖദീജയുടെ ചരക്കുകളുമായി പലപ്പോഴും കച്ചവടത്തിന് വന്നിട്ടുണ്ട്. ഇതുവരെയും ഇത്ര മെച്ചവും ലാഭവും കിട്ടിയിട്ടില്ല.

മയ്സറയുടെ ഹൃദയത്തിൽ നബി ﷺ യോട് എന്തെന്നില്ലാത്ത സ്നേഹം നിറഞ്ഞു. ഒരു ദാസനെപ്പോലെയായിരുന്നു നബി ﷺ യെ അദ്ദേഹം പരിചരിച്ചത്. യാത്രാ സംഘം മക്കയിലേക്ക് തിരിച്ചു. മടക്കയാത്രയിലും മേഘം തണൽ വിരിക്കുന്നത് അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മക്കയിലേക്കുള്ള ചരക്കുകൾ വഹിച്ച ഒട്ടക സംഘം. ഏറ്റവും മുന്നിലായാണ് നബിﷺ സഞ്ചരിച്ചിരുന്നത്. മയ്സറ സംഘത്തിന്റെ പിന്നിൽ യാത്ര ചെയ്തു. ഇടയിൽ വച്ച് മയ്സറയുടെ രണ്ട് ഒട്ടകങ്ങൾക്ക് എന്തോ രോഗം ബാധിച്ചു. അവ തീരെ നടക്കാൻ കൂട്ടാക്കുന്നില്ല. മയ്സറ ആകെ വിഷമത്തിലായി. ഒടുവിൽ മുന്നിൽ സഞ്ചരിക്കുന്ന നബി ﷺ യെ വിവരം ധരിപ്പിച്ചു. തങ്ങൾ അവയെ സമീപിച്ചു. എന്തോ ചിലത് മന്ത്രിച്ചു കൊണ്ട്  അവയെ ഒന്നു തലോടി. അത്ഭുതമെന്ന് പറയട്ടെ അവകൾ ആരോഗ്യത്തോടെ സംഘത്തിന്റെ മുന്നിലെത്തി…

(തുടരും)

*ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി*