സമാധാന സന്ധിയെ കുറിച്ച് ആവേശപൂർവ്വം നബിﷺ സംസാരിക്കാറുണ്ടായിരുന്നു. ‘ഞാൻ യുവാവായിരുന്നപ്പോൾ എൻ്റെ പിതൃസഹോദരന്മാരുടെ കൂടെ ഞാനും ആ സഖ്യത്തിൽ സംബന്ധിച്ചു. ചുവന്ന ഒട്ടക കൂട്ടങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് മൂല്യമുള്ളതായിരുന്നു അത്’. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം ‘അബ്ദുല്ലാഹിബിൻ ജുദ് ആന്റെ വീട്ടിൽ വെച്ച് ഒരു കരാറിൽ ഒപ്പുവെക്കാൻ ഞാനും പങ്കാളിയായി. അത്തരമൊരു കരാറിലേക്ക് ഇസ്‌ലാമിൽക്ഷണിക്കപ്പെട്ടാലും ഞാൻ സംബന്ധിക്കും’.

ഈ കരാറിന്റെ പേരിൽ മക്കയിൽ ഒരുപാട് നന്മകൾ നടപ്പിലായി. പല അക്രമങ്ങളും  ഇല്ലാതെയായി. ഒരു സംഭവം ഇങ്ങനെ വായിക്കാം. ഖസ്അം ഗോത്രക്കാരനായ ഒരാൾ കുടുംബസമേതം മക്കയിൽ എത്തി. തീർത്ഥാടനത്തിന് വന്നതായിരുന്നു അവർ. കൂട്ടത്തിലുണ്ടായിരുന്ന സുന്ദരിയായ മകൾ ‘അൽ ഖതൂലിനെ’ നബീഹ് എന്ന അക്രമി തട്ടികൊണ്ട് പോയി. തീർത്ഥാടകൻ ആകെ പരിഭ്രമിച്ചു. ആവലാതി ആരോട് പറയാൻ. അതെ ഫുളുൽ ഉടമ്പടിയിൽ ഒപ്പുവച്ചവരോട് പറയാം. ഒരാൾ അഭിപ്രായപ്പെട്ടു. അപ്രകാരം അയാൾ കഅബയുടെ സന്നിധിയിൽ വന്ന് കരാറുകാരെ വിളിച്ചു. സമാധാന സന്ധിയിൽ ഒപ്പുവച്ചവരേ! വരൂ! എന്നെ സഹായിക്കൂ! കരാറിൽ സംബന്ധിച്ചവർ ഓടിയെത്തി. ആവലാതിക്കാരന് സഹായം ഉറപ്പു നൽകി. അവർ സംഘമായി  ആയുധമേന്തി നബീഹിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പിന്തുണയോടെ പെൺകുട്ടിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഫുളൂൽ ഉടമ്പടിയെ കുറിച്ച് ഓർമപ്പെടുത്തി. ഗതിമുട്ടിയ നബീഹ് ഒരു നിബന്ധനയോടെ പെൺകുട്ടിയെ മോചിപ്പിക്കാമെന്നായി. ഈ ഒരു രാത്രി അവളെ എനിക്ക് തരണം. നേതാക്കൾ സമ്മതിച്ചില്ല. അവർ പറഞ്ഞു. ഒരൊട്ടകത്തെക്കറക്കുന്ന സമയം പോലും അവളെ നിന്റെ കസ്റ്റടിയിൽ വെക്കാൻ പാടില്ല. ഗത്യന്തരമില്ലാതെ അവൻ അവളെ വിട്ടു കൊടുത്തു. അറേബ്യയുടെ സാംസ്കാരിക ഭൂമികയിൽ നീതിയുടെ വെളിച്ചം നൽകാൻചെറുപ്പത്തിൽ തന്നെ മുത്ത്നബിﷺക്ക് അവസരമുണ്ടായി. ഓരോ ദിവസവും ഓരോ സംഭവങ്ങളും നബിﷺ യെ മക്കയിലെ ഉന്നത വ്യക്തിത്വമാക്കി ഉയർത്തി. മക്കയിലുള്ള പലർക്കും നബിﷺ യെ കാണാത്ത ഒരു ദിവസം മങ്ങിയ ദിവസമായിരുന്നു. അവിടുന്ന് പങ്കെടുക്കാത്ത സദ്യ ആസ്വാദ്യകരമായിരുന്നില്ല.

സ്വന്തം ഉപജീവനത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത ശൈലിയായിരുന്നല്ലോ മുത്ത് നബിﷺയുടേത്. ഇടയവൃത്തിയിൽ ഏർപെട്ടത് അതിനു വേണ്ടി കൂടിയായിരുന്നല്ലോ? തങ്ങൾക്ക് വയസ്സ് ഇരുപത്തിനാല് കഴിഞ്ഞു. അബൂത്വാലിബ് നബി ﷺ യെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. വർത്തക പ്രമുഖയായ ഖദീജയുടെ വ്യാപാര ചുമതല ഏൽപിക്കപ്പെട്ടു. ഇടയവൃത്തിയുടെ താഴ്‌വരകളിൽ നിന്ന് ജനനിബിഢമായ കമ്പോളത്തിലേക്ക്. ഭാവിയിലെ ദൗത്യങ്ങളിലേക്ക് പടച്ചവൻ ഒരുക്കുന്ന ചില പരിശീലനങ്ങൾ കൂടിയാണിതെല്ലാം. മുത്ത് നബിﷺയുടെ വ്യാപാര യാത്രക്ക് ചില പശ്ചാത്തലങ്ങൾ കൂടിയുണ്ട്. ഖദീജയുടെ പരിചാരക ‘നഫീസ ബിൻത് മുൻയ’ അത് വിശദീകരിക്കുന്നു. ഒരു ദുൽ ഹജ്ജ് മാസം പതിനാല്. നബി ﷺ ക്ക് ഇരുപത്തഞ്ച് വയസ്സ് ആകുന്നതേ ഉള്ളൂ. ‘അൽ അമീൻ’ എന്ന പേരിലാണ് മക്കക്കാർ നബിയെ വിളിക്കുന്നത്. അബൂ ത്വാലിബ്‌ നബിയെ സമീപിച്ചു. മോനെ നമ്മുടെ സാഹചര്യം മോന് അറിയാമല്ലോ. സാമ്പത്തികമായ പ്രാരാബ്ദങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. കച്ചവടമോ മറ്റു വരുമാന മാർഗങ്ങളോ ഒക്കെ വഴിമുട്ടിയിരിക്കുന്നു. ഇപ്പോൾ ശാമിലേക്ക് ആളുകൾ വ്യാപാരത്തിനായി പോകുന്നുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജ നമ്മുടെ കുടുംബത്തിൽ പലരേയും അവരുടെ സ്വത്തേല്പിച്ചു കച്ചവടത്തിന് അയക്കുന്നുണ്ട്. മോൻ ഒന്ന് ഖദീജയെ സമീപിച്ചു നോക്കൂ. അവർ മോന്റെ ആവശ്യം നിരസിക്കാനിടയില്ല. മക്കയിൽ മോനുള്ള അംഗീകാരവും വ്യക്തിത്വവും അവർ അറിയാതിരിക്കില്ല.

യഥാർത്ഥത്തിൽ മോനെ ശാമിലേക്കയക്കാൻ എനിക്ക് പ്രയാസമുണ്ട്. വല്ല ജൂതന്മാരുടെയും ശ്രദ്ധയിൽ പെടുമോ, അപായത്തിൽ പെടുത്തുമോ ആശങ്കകൾ ഇല്ലാതില്ല. പക്ഷേ നമ്മുടെ മുന്നിൽ വേറെ മാർഗങ്ങളില്ല.

ഖുവൈലിദിന്റെ മകൾ മക്കയിലെ അറിയപ്പെട്ട വ്യാപാര പ്രമുഖയായിരുന്നു. മക്കയിൽ നിന്ന് പുറപ്പെടുന്ന വ്യാപാര സംഘത്തിലെ ഒട്ടകങ്ങളിൽ നല്ലൊരു പങ്കും അവർക്കുള്ളതായിരുന്നു. അവർ പ്രതിനിധികളെ നിശ്ചയിച്ച് സ്വത്തു വകകൾ ഏൽപ്പിച്ചു ശാമിലേക്കയക്കും. ചിലപ്പോൾ പ്രതിഫലം നിശ്ചയിച്ചു നൽകും. അല്ലെങ്കിൽ ലാഭവിഹിതം നൽകാമെന്ന ധാരണയിൽ അയക്കും.

മൂത്താപ്പയുടെ നിർദ്ദേശം നബിﷺ മുഖവിലക്കെടുത്തു. പക്ഷേ ഇപ്രകാരമാണ് പ്രതികരിച്ചത്. ഖദീജയ്ക്ക് എന്നെ ആവശ്യമെങ്കിൽ അവർ ആളെ അയക്കട്ടെ. ഞാൻ പ്രതിനിധിയായി ശാമിലേക്ക് പോകാം. മോനേ…  വേറെയാരോടെങ്കിലും അവർ ധാരണയായാൽ പിന്നെയെന്തു ചെയ്യും. നമ്മുടെ പ്രതീക്ഷകൾ തെറ്റിപ്പോകുമല്ലോ.!അബൂത്വാലിബ് പ്രതികരിച്ചു. ഈ സംഭാഷണം എങ്ങനെയോ ഖദീജയുടെ കാതിൽ എത്തി. മുഹമ്മദ് എന്റെ കച്ചവടസംഘം നയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന സന്ദേശത്തോടെ ഖദീജ ദൂതനെ അയച്ചു.

അവരുടെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി. സംഭാഷണമാരംഭിച്ചു. താങ്കളുടെ വിശ്വസ്ഥതയു വ്യക്തി വിശേഷങ്ങളും എനിക്കറിയാം. എന്റെ കച്ചവട സംഘത്തെ നയിക്കാൻ സന്നദ്ധനാകുന്ന പക്ഷം മറ്റുള്ളവർക്ക് നൽകുന്നതിന്റെ ഇരട്ടി പ്രതിഫലം ഞാൻ താങ്കൾക്ക് നൽകാം. നബിﷺ സമ്മതം അറിയിച്ചു. തുടർന്ന് അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന് ഏറെ സന്തോഷമായി. അദ്ദേഹം പറഞ്ഞു. മോനേ അല്ലാഹു മോന് നൽകിയ ഒരു സുവർണ്ണാവസരമാണിത്. അവൻ കനിഞ്ഞേകിയ ഒരു ഉപജീവനമാർഗം. മുത്ത് നബിﷺ ഖദീജയുടെ കച്ചവട ചരക്കുകൾ ഏറ്റെടുത്ത് സിറിയയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു…

(തുടരും)

ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി