അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സാരീതിയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധികളും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കി അതുകൊണ്ട് അല്ലാഹുവിനോട് തേടുന്ന ഒരു ചി കിത്സാ രീതിയാണിത്. പക്ഷേ, ആര്‍ക്കും യഥേഷ്ടം ചെയ്യാവുന്നതല്ല ഇത്. പ്രധാനപ്പെട്ട പല കടമ്പകളും കടന്നിരിക്കല്‍ അത്യാവശ്യമാണ്. അതിപ്രധാനപ്പെട്ട കടമ്പയായി ഇമാമുകള്‍ പറയുന്നത് അര്‍രിയാളതുല്‍ കുബ്റാ എന്നപേരില്‍ അസ്മാഉകാര്‍ വീട്ടുന്ന മുശാഹദയാണ്. ഈ കടമ്പ കടക്കുന്നതോടെ മലകൂതിയ്യായ കശ്ഫും മുശാഹദയും ഇലാഹിയ്യായ പ്രത്യേക സഹായവും അല്ലാഹു അവര്‍ക്ക് വരദാനമായി നല്‍കുന്നു. ഈ കഴിവ് മുഖേനയാണവര്‍ ചികിത്സിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രിയാള വീട്ടുകയും അസ്മാഉല്‍ ഹുസ്നായിലെ ഓരോ പേരിനുമുളള വിവിധ പ്രത്യേകതകളും വ്യത്യസ്തങ്ങളായ ഉപയോഗങ്ങളും മനസ്സിലാക്കുകയും ചെയ്തവര്‍ നടത്തുന്ന, ഇസ്ലാം അംഗീകരിച്ച ഒരു ചികിത്സാരീതിയാണിത്. കശ്ഫുള്ള്വുനൂന്‍ 1/86, ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 488 – 490 എന്നിവ നോക്കുക.
രിയാളയുടെ രൂപം പണ്ഢിതന്മാര്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ നാമങ്ങളും ഒരു ലക്ഷം വീതം ചൊല്ലിതീര്‍ക്കണം. അപ്പോള്‍ 99 ലക്ഷമായി. ഇപ്രകാരം അസ്മാഉകള്‍ ഉരുവിടുന്നതിനുപുറമെ ലാഇലാഹ ഇല്ലല്ലാഹ് എന്നത് ഒരു ലക്ഷവും. അപ്പോള്‍ നൂറുലക്ഷമായി (ഒരുകോടി). ഇതിനു മുമ്പും ശേഷവുമായി ഏതാനും നോ മ്പുകളും ചില പണ്ഢിതന്മാര്‍ നിബന്ധനയായി പറഞ്ഞിട്ടുണ്ട്. മറ്റു ചില ശൈലികളും പണ്ഢിതന്മാര്‍ ഇതിനു പറഞ്ഞിട്ടുണ്ട്. യാ സലാം എന്നത് ജുമല്‍കബീറും സ്വഗീറുമനുസരിച്ച് പ്രത്യേക എണ്ണം ചൊല്ലിത്തീര്‍ക്കുക. ഉപ്പ്, മാംസാഹാരങ്ങള്‍ വര്‍ജിക്കുക, ഏതാനും ദിവസം നോമ്പനുഷ്ഠിക്കുക തുടങ്ങിയവയും ചിലര്‍ നിബന്ധന വെച്ചിട്ടുണ്ട്. ചിലര്‍ രിയാളയും ഇവയുടെ സകാതും വെവ്വേറെ പറഞ്ഞതായും കാണാം. ഈ രിയാളയുടെ വിശദമായ വിവരത്തിന് ഇമാം ഗസ്സാലി(റ)യുടെ അല്‍മഖ്സ്വിദുല്‍ അസ്നാ, അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രചിച്ച സആദാത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ നോക്കുക.