അല്ലാഹുതആലാ പറയുന്നു: അല്ലാഹുവിന് നല്ല നാമങ്ങളുണ്ട്. അവകളെക്കൊണ്ട് നി ങ്ങള്‍ പ്രാര്‍ഥിക്കുവീന്‍ (അല്‍ അഅ്റാഫ് 180). അല്ലാഹുവിന്റെ നാമം കൊണ്ട് നിങ്ങള്‍ കപ്പലില്‍ കയറൂ എന്നാണ് നൂഹ് നബി(അ), തന്റെ അനുചരന്മാരോട് കല്‍പ്പിച്ചത്. ആ കപ്പലിന്റെ ഓട്ടം തന്നെ അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടായിരുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കപ്പലിലെ യാത്ര കൊണ്ടായിരുന്നുവല്ലോ നൂഹ് നബി(അ)യും അനുയായികളും രക്ഷ പ്രാപിച്ചത്. (സൂറത്ത് ഹൂദ് 41). ഈ സംഭവത്തില്‍ നിന്നും അല്ലാഹുവിന്റെ അസ്മാഉകള്‍ ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിയുടെ കൊട്ടാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ കിതാബില്‍ നിന്നും വിജ്ഞാനം കരഗതമാക്കിയ ഒരാള്‍ പറഞ്ഞു. അങ്ങ് കണ്ണ് വെട്ടിത്തുറക്കുന്നതിന് മുമ്പായി ഞാന്‍ കൊണ്ടുവരാമെന്ന് (സൂറ അന്നംല്‍ 40). ഈ ആയത്ത് വ്യാഖ്യാനിച്ച് കൊണ്ട് വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാവരും, അത് ആസഫുബ്നു ബര്‍ഖിയാ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന, അല്ലാഹുവിന്റെ അതിമഹത്തായ നാമം, അറിയുന്ന വ്യക്തിയായിരുന്നു (റാസി 24/556).
അബൂസഈദിനില്‍ ഖുദ്രി(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നു: ‘ജിബ്രീല്‍(അ), നബി    (സ്വ)യുടെ സന്നിധിയില്‍ വന്നു തങ്ങളോട് ചോദിച്ചു. അങ്ങേക്ക് വല്ല അസുഖവും ബാ ധിച്ചുവോ റസൂലേ? തങ്ങള്‍ സ്വ) അതേ എന്ന് പ്രതിവചിച്ചു. ഉടനെ ജിബ്രീല്‍(അ) അല്ലാഹുവിന്റെ നാമം കൊണ്ട് അങ്ങയെ ഞാന്‍ മന്ത്രിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രിച്ച് കൊടുത്തു(മുസ്ലിം).
കശ്ഫുള്ള്വൂനൂനില്‍ പറയുന്നു: അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ കൊണ്ടുള്ള ഒരു ചികിത്സയാണിത്. അസ്മാഉല്‍ ഹുസ്നായുടെ ശ്രേഷ്ഠതകളും ഫലസിദ്ധിയും ഓരോ ഇസ്മിന്റെയും വ്യത്യസ്തമായ പ്രത്യേകതകളും മനസ്സിലാക്കുകയും അതുകൊണ്ട് അല്ലാഹുവിനോട് ഇടതേടുകയും ചെയ്താല്‍ ധാരാളം മഹത്വങ്ങളുണ്ടാകും. ഇതുപക്ഷേ, എല്ലാവര്‍ക്കുമറിയില്ല. വളരെ മഹത്വമേറിയതും അതീവ രഹസ്യവുമായ ഒരു വിജ്ഞാന ശാഖയാണിത്. മതപരമായും ബുദ്ധിപരമായും ഇതിന് കുഴപ്പമൊന്നുമില്ല (കശ്ഫുള്ള്വുനൂന്‍ 1/86).
അസ്മാഉല്‍ ഹുസ്നായുടെ ഗുണങ്ങളും മഹത്വങ്ങളും വിശദീകരിച്ച് കൊണ്ട് പൂര്‍വ്വകാല പണ്ഢിതന്മാര്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഇമാം ഗസ്സാലി      (റ)യുടെ അല്‍ മഖ്സ്വിദുല്‍ അസ്നാ ഫീ അസ്മാഇല്ലാഹില്‍ ഹുസ്നാ, അബ്ദുല്‍ ഖാസിമില്‍ ഖുശൈരി(റ), ഇമാം റാസി(റ) തുടങ്ങിയവരുടെ രചനകള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അല്ലാമാ യൂസുഫുന്നബ്ഹാനി(റ)യുടെ സആദത്തുദ്ദാറൈനി പേജ് 497 മുതല്‍ 530 വരെ ഇതു സംബന്ധമായ വിശദ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഇതിന്റെ യാഥാര്‍ഥ്യമറിയുന്നവര്‍ക്ക് അത്ഭുതകരമായ ഫലമുണ്ടാകുമെന്ന് പണ്ഢിതര്‍ പഠിപ്പിക്കുന്നു. ഇമാം ബൂനി(റ) പറയുന്നു: ‘ഇതുകൊണ്ട് എല്ലാ ഉദ്ദേശ്യവും കരഗതമാകുകയും എല്ലാ ആഗ്രഹവും പൂവണിയാന്‍ നിമിത്തമാവുകയും ചെയ്യും’ (കശ്ഫുള്ള്വുനൂന്‍ 1/86).
അസ്മാഉകാര്‍ നടത്തുന്ന രിയാള ഇത് ലഭിക്കാനായി മാത്രമാകാന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോവുകയും ആവശ്യ പൂ ര്‍ത്തീകരണത്തിന് അത് തടസ്സം നില്‍ക്കുകയും ചെയ്യും (ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമ 489, 490 നോക്കുക).
വളരെ സങ്കീര്‍ണവും സൂക്ഷ്മവുമായതു കൊണ്ടുതന്നെ ഫലപ്രാപ്തി പൂര്‍ണമാവണമെങ്കില്‍ ഇതിന്റെ യഥാര്‍ഥ വശങ്ങളെക്കുറിച്ചും ഓരോ ഇസ്മിന്റെയും വ്യത്യസ്ത ഉപയോഗങ്ങ ളെകുറിച്ചും നല്ല ജ്ഞാനം വേണം. ഇന്ന് അസ്മാഉകാരായി നടക്കുന്ന പലരെയും കാണാം. ജാടകള്‍ക്കപ്പുറം ഇവര്‍ക്ക് ഇത് സംബന്ധമായുള്ള അറിവ് എത്രമാത്രമുണ്ടെന്ന് തീര്‍ത്തു പറയുക വയ്യ. അതിന്റെ ഫലപ്രാപ്തി മേല്‍പ്പറഞ്ഞ നിബന്ധനകളെ ആശ്രയിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മേല്‍ നിബന്ധനകള്‍ മേളിച്ച അസ്മാഉകാര്‍ നമ്മുടെ നാടുകളില്‍ വിരളമാണ്. അസ്മാഉകാരെന്ന പേരില്‍ വിലസുന്ന പലര്‍ക്കും ഇത്തരം നിബന്ധനകളുണ്ടോ എന്ന് നാം വിലയിരുത്തുക.
നമ്മുടെ നാടുകളില്‍ മേല്‍പറഞ്ഞ ത്വല്‍സമാത്തുകാരെയാണ് മിക്കപേരും അസ്മാഉകാര്‍ എന്നു തെറ്റായി വിളിച്ചു വരുന്നത്, മേല്‍പറഞ്ഞ പോലെ ത്വല്‍സമാത്തിനു ആത്മവിശുദ്ധിയൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല, അതിനാല്‍ തന്നെ അല്ലാഹുവിനെ ഭയപ്പെട്ടു വിശുദ്ധ ജീവിതം നയി ക്കുന്നവരെ മാത്രമെ ഇവ്വിഷകമായി മുസ്ലിംകള്‍ സമീപിക്കാവൂ. അതല്ലാത്തവര്‍ കാര്യസാധ്യത്തിനു വേണ്ടി ‘അസ്മാഅ്’എന്ന വ്യാജേന സിഹ്റ് ചെയ്തേക്കാനും മടിക്കില്ല,(പേരും പ്രശസ്തിയുമൊന്നും മാനദണ്ഡമേയല്ലെന്ന് പ്രത്യേകം മനസ്സിലാക്കുക) അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കുറ്റത്തില്‍ നിന്ന് ചികിത്സാര്‍ഥിയും രക്ഷപ്പെടില്ലെന്നോര്‍ക്കുക.
ചുരുക്കത്തില്‍, സിഹ്റ് ഒരു നിലക്കും പാടില്ലാത്തതാണെന്നും അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും പ്രമാണങ്ങളുടെ പിന്‍ബലം അതിനുണ്ടെന്നും നാം മനസ്സിലാക്കി. ഇതിനെ പലരും ഇന്ന് ദുരുപയോഗപ്പെടുത്തുന്നുവെന്നത് ശരിയാണ്. ദുരുപയോഗം തടയപ്പെടേണ്ടതും അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കേണ്ടതുമാണ്. മറിച്ച് ഇവ പരിഹാസരൂപത്തില്‍ പാടേ തള്ളിക്കളയുന്നത് മുസ്ലിമിനെ സംബന്ധിച്ച് ഭൂഷണമല്ല.