അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു: അല്ലാഹു പറയുന്നു: “ഹേ ആദമിന്റെ മകനേ…! ചിലവഴിക്കുക; നിനക്ക് വേണ്ടി ഞാനും ചിലവഴിക്കും.”
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-: أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ: «قَالَ اللَّهُ: أَنْفِقْ يَا ابْنَ آدَمَ، أُنْفِقْ عَلَيْكَ»
(ബുഖാരി: 5352)_
‘നീ ചിലവഴിക്കുക’ എന്നതിന്റെ ഉദ്ദേശം രണ്ട് കാര്യങ്ങളാണ്.
ഒന്ന്: അല്ലാഹു കല്‍പ്പിച്ച, അവന്‍ പ്രോത്സാഹിപ്പിച്ച വഴികളില്‍ സമ്പത്ത് ചിലവഴിക്കുക. അതായത് ദാനധര്‍മ്മങ്ങളായും സക്കാത്തായും സ്വദഖയായും ചിലവഴിക്കുക.
രണ്ട്: അനുവദനീയമായ മാര്‍ഗങ്ങളില്‍ ചിലവഴിക്കുക.
‘ഞാന്‍ നിനക്ക് മേല്‍ ചിലവഴിക്കാം’ എന്നതിനും രണ്ട് വിശദീകരണങ്ങളുണ്ട്. രണ്ടും ശരിയാണ്.
ഒന്ന്: നീ ചിലവഴിച്ചതിന് പകരം നിനക്ക് നാം ദുനിയാവില്‍ കൂടുതല്‍ സമ്പാദ്യം നല്‍കും. പണം കെട്ടിപ്പൂട്ടി വെക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ വര്‍ദ്ധനവോ നന്മയോ ഉണ്ടാവുകയില്ല.
രണ്ട്: ദുനിയാവില്‍ ചിലവഴിച്ചതിന് പകരം നിനക്ക് നാം ആഖിറതില്‍ പ്രതിഫലം നല്‍കുകയും, തക്കതായ സൗഭാഗ്യങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.
മനുഷ്യരെ ധനികനാക്കുന്നതും ദരിദ്രനാക്കുന്നതുമെല്ലാം അല്ലാഹുവാണ്. അവന്റെ പക്കലാണ് എല്ലാത്തിന്റെയും ഖജനാവുകളുള്ളത്. ചിലര്‍ക്ക് അനേകം പരിശ്രമങ്ങള്‍ നടത്തിയാലും സമ്പാദ്യം ഉണ്ടായിക്കൊള്ളണമെന്നില്ല; മറ്റു ചിലര്‍ക്ക് ചെറിയ പരിശ്രമങ്ങളില്‍ നിന്ന് തന്നെ വലിയ സമ്പാദ്യവുമുണ്ടായേക്കാം. പണം ലഭിക്കാത്തവന്‍ നിരാശപ്പെടേണ്ടതില്ല; അവന്‍ അല്ലാഹുവിനോട് ചോദിക്കട്ടെ. പണം ലഭിച്ചവന്‍ അഹങ്കരിക്കാതെയുമിരിക്കട്ടെ; അല്ലാഹു അവന്റെ കൈകളിലുള്ളത് തിരിച്ചെടുക്കാന്‍ കഴിവുള്ളവനാണ്. നാഥൻ തുണയ്ക്കട്ടെ, ആമീൻ..