ജീവിച്ചിരിക്കുന്നവരായാലും മരണപ്പെട്ടവരായാലും അല്ലാഹു അല്ലാത്തവര്‍ക്ക് ആരാധ നയര്‍പ്പിക്കുന്നത് ശിര്‍ക്കുതന്നെയാണ്. മുസ്ലിംകളാല്‍ സഹായാര്‍ഥന നടത്തപ്പെടുന്നവര്‍ സ്വയം പര്യാപ്തരാണെന്നും റബ്ബാണെന്നുമുള്ള വിശ്വാസം ഇല്ലാത്തതിനാല്‍ അത് ആരാധനയും ശിര്‍ക്കുമല്ല. സ്വയം പര്യാപ്തത വിശ്വസിച്ചുകൊണ്ടുള്ള വണക്കമാണല്ലോ ആരാധനയാകുന്നത്. ആരാധിക്കപ്പെടുന്ന ശക്തി റബ്ബാണെന്ന വിശ്വാസം ഉണ്ടായിരിക്കണം. വിശുദ്ധ ഖുര്‍ആന്‍ ഒന്നാം അധ്യായം അഞ്ചാം സൂക്തം ഇപ്രകാരം വ്യാഖ്യാനിക്കാം.

‘നീ റബ്ബാണെന്നു സമ്മതിച്ചുകൊണ്ട് നിന്നെ ഞങ്ങള്‍ ഭയപ്പെടുന്നു. നിനക്കു ഞങ്ങള്‍ കീഴ്പ്പെടുകയും ഒതുങ്ങുകയും ചെയ്യുന്നു’ (തഫ്സീറുത്വബറി, 1/69).

അല്ലാഹുവിന്റെ റുബൂബിയ്യത്ത് സമ്മതിച്ചുകൊണ്ടുള്ള വണക്കമാണ് ആരാധനയെന്ന് ഇവിടെ വ്യക്തമാകുന്നു. ഇത്തരം വിശ്വാസമില്ലാതെയുള്ള സഹായാര്‍ഥന നബി (സ്വ) യോട് അവിടുത്തെ മരണ ശേഷവും മുസ്ലിംകള്‍ നടത്തിയിരുന്നതായി അല്ലാമാ ഇബ്നു കസീര്‍ വ്യക്തമാക്കുന്നത് കാണുക:

“മാലിക് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. ഉമര്‍ (റ) ന്റെ കാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു. അന്ന് ഒരാള്‍ നബി (സ്വ) യുടെ ഖബറിനു സമീപം വന്നു പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ സമുദായത്തിനുവേണ്ടി അങ്ങ് അല്ലാഹുവോട് മഴക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയം, അവര്‍ നാശത്തിന്റെ വക്കിലാണ്. പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി (സ്വ) അദ്ദേഹത്തോടു പറഞ്ഞു. ‘നീ ഉമര്‍ (റ) നെ സമീപിച്ച് എന്റെ സലാം പറയുക. അവര്‍ക്ക് വെള്ളം നല്‍കപ്പെടുമെന്ന് അറിയിക്കുക. അദ്ദേഹം ഉടന്‍ ഉമര്‍ (റ) നെ സമീപിച്ചു. പ്രസ്തുത സംഭവം വിവരിച്ചു. ഇബ്നുകസീര്‍ പറയുന്നു. ഇത് സ്വഹീഹായ പരമ്പരയിലൂടെ അംഗീകൃത മായതാകുന്നു (അല്‍ ബിദായത്തുവന്നിഹായ 7/111).

നബി (സ്വ) യുടെ വഫാത്തിനുശേഷം ഉമര്‍ (റ) ന്റെ ഭരണ കാലത്താണീ സംഭവം. ഉമര്‍ (റ) നോട് അദ്ദേഹം പ്രസ്തുത സംഭവം വിവരിച്ചപ്പോള്‍ മരണപ്പെട്ട നബിയോട് സഹാ യാര്‍ഥന നടത്തിയത് ശിര്‍കായിപ്പോയെന്ന് ഉമര്‍ (റ) പറഞ്ഞില്ല. എന്നുമാത്രമല്ല നബി (സ്വ) ഖബറില്‍ നിന്ന് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇത് ശിര്‍കാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ ഇബ്നുതൈമിയ്യഃ യുടെ ശിഷ്യന്‍ കൂടിയായ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നോ?  ഇതിന്റെ പരമ്പര സ്വഹീഹാണെന്ന് പ്രസ്താവിക്കുകയല്ലേ അദ്ദേഹം ചെയ്തത്? ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ബാരിയില്‍ ഹാഫിള് ഇബ്നുഹജര്‍ അസ്ഖലാനി (റ) യും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് (3/582).

ഇസ്തിഗാസാ വിരോധികള്‍ കൂടി അംഗീകരിക്കുന്ന അല്ലാമാ ഇബ്നുകസീറിനെ തന്നെ വീണ്ടും ഉദ്ധരിക്കാം. നിസാഅ്  സൂറത്തിലെ അറുപത്തിമൂന്നാം സൂക്തം അദ്ദേഹം വ്യാഖ്യാനിക്കുന്നു.

‘ദോഷികളായ മനുഷ്യര്‍ക്ക് ഈ ആയത്തിലൂടെ അല്ലാഹു വഴികാണിച്ചുകൊടുക്കുന്നു. അവരില്‍ നിന്നു വീഴ്ചയോ ദോഷമോ സംഭവിച്ചാല്‍ അവര്‍ നബി (സ്വ) യെ സമീപി ക്കുകയും നബിയുടെ സമീപത്തുവെച്ച് അവര്‍ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ വേണ്ടി നബി (സ്വ) ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ അല്ലാഹു അവരുടെ പശ്ചാതാപം സ്വീകരിക്കുന്നതാണ്.  ഇതു കൊണ്ടാണ് അവര്‍ അല്ലാഹുവിനെ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുമെന്ന് അല്ലാഹു പറയാന്‍ കാരണം.

ശൈഖ്  അബൂമന്‍സ്വൂര്‍ അസ്സ്വബ്ബാഗ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പണ്ഢിതന്മാര്‍ അതബി (റ) ല്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന്‍ നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍ വന്നിരിക്കുന്നു.”

ഈ സംഭവം ശിര്‍കാണെങ്കില്‍ ഇബ്നുകസീര്‍ ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്‍ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള്‍ അംഗീകരിക്കുന്ന ഇബ്നുകസീര്‍ പോലും ഇസ്തിഗാസ ശിര്‍കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്? ഇബ്നുകസീര്‍ തന്നെ ഇസ്തിഗാസക്ക് വീണ്ടും തെളിവുദ്ധരിക്കുന്നത് കാണുക.

‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന്‍ അഞ്ചുപ്രാവശ്യം ഹജ്ജ് നിര്‍വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്‍വഹിച്ചത്. ഇവയില്‍ ഒരു ഹജ്ജില്‍ മുപ്പത് ദിര്‍ഹം ഞാന്‍ ചെല വഴിച്ചിരുന്നു. ഒരു യാത്രയില്‍ എനിക്ക് വഴിപിഴച്ചു. ഞാന്‍ നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന്‍ നേര്‍വഴിയില്‍ എത്തിച്ചേര്‍ന്നു’ (അല്‍ബിദായതുവന്നിഹായ 10/418).

നടന്നു ഹജ്ജിനുപോകുമ്പോള്‍ വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള്‍ വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില്‍ കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്‍ഥന ആകാന്‍ നിര്‍വാഹമില്ല. അങ്ങനെയായിരുന്നെങ്കില്‍   ‘ഞാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ നേര്‍ വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില്‍ ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. അല്‍ബിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര്‍ തന്നെ പറയുന്നതു കാണുക.

“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന്‍ ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്‍) ബലഹീനതയു ണ്ടെങ്കില്‍ അത് ഞാന്‍ വ്യക്തമാക്കും” (1/15).