ഉപരിലോകത്തെ ചാലകശക്തികള്‍ ഭൌമശക്തികളോടൊപ്പം കൂട്ടുചേരുമ്പോള്‍ പ്രത്യേകമായ സമയങ്ങളും സന്ദര്‍ഭങ്ങളുമനുസരിച്ച് ചില അത്ഭുതകരമായ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്ന ഒന്നാണ് ത്വല്‍സമാത്ത് (കശ്ഫുള്ള്വുനൂന്‍).
അസ്മാഉം ത്വല്‍സമാത്തും തമ്മില്‍ അന്തരമുണ്ട്. പണ്ഢിതന്മാര്‍ പറയുന്നു. അസ്മാഅ് എന്നാല്‍ പ്രത്യേകമായ മുജാഹദയും മുശാഹദയും രിയാളകളും മുഖേന അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സഹായം മൂലം പ്രകൃതിയെ കീഴടക്കിക്കൊണ്ടുള്ള ചികിത്സയാണെങ്കില്‍ ത്വല്‍സമാത്ത് ഉപരിലോകത്തെ ആത്മാക്കളെ സ്വാധീനിച്ച് നിശ്ചിത സമയത്ത് പ്രകൃതിയെ ഇണക്കുന്ന പ്രവണതയാണ്. ഗോളങ്ങളുടെ സ്ഥിതി ഗതികളെക്കുറിച്ചുള്ള വിജ്ഞാനം അസ്മാഇല്‍ നിബന്ധനയില്ലാത്തത് പോലെ രിയാള വീട്ടല്‍ പോലുള്ളത് ത്വല്‍സമാത്തിനും നിബന്ധനയില്ല. ഈ അന്തരം ഇബ്നുഖല്‍ദൂനിന്റെ മുഖദ്ദിമയില്‍ നിന്നും മനസ്സിലാക്കാവുന്നതാണ് (കശ്ഫുള്ള്വുനൂന്‍, പേജ് 489 നോക്കുക).
മേല്‍ വിശദീകരണത്തില്‍ നിന്ന് തന്നെ അസ്മാഉം ത്വല്‍സമാത്തും ഇസ്ലാം അംഗീകരിച്ചതാണെന്നും ആ നിബന്ധനകള്‍ക്കനുസരിച്ച് ഇത് പഠിക്കുന്നതിനോ ചികിത്സാ രീതിയായി പരിഗണിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും മനസ്സിലായി. എന്നാല്‍ സിഹ്ര്‍ ഇഃില്‍ നിന്നും വ്യതിരിക്തമാണ്. സിഹ്റിനെ പലതരമായി പണ്ഢിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രത്യക്ഷത്തില്‍ അസാധാരണ സംഭവങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ രൂപത്തില്‍ ചില വാക്പ്രവര്‍ത്തികളെ ചീത്ത ശരീരങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സിഹ്ര്‍ എന്നുപറയുന്നു (ശൈഖ് സാദ 1/368, മുഗ്നി 4/121, ശര്‍വാനി 9/62).
ഇബ്നു ഖുദാമ(റ) പറയുന്നു: നേരില്‍ ബന്ധപ്പെടാതെ ഒരാളുടെ ബുദ്ധിയിലോ ഹൃദയത്തിലോ ശരീരത്തിലോ നാശം പ്രതിഫലിപ്പിക്കാനാവശ്യമായ കെട്ടുകള്‍, മന്ത്രങ്ങള്‍, സംസാരങ്ങള്‍, എഴുത്തുകള്‍ മറ്റു വല്ല പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെയാണ് സിഹ്റ് (അല്‍ മുഗ്നി 8/150).
ഇമാം ഗസ്സാലി(റ) പറയുന്നു: സിഹ്റിന്റെ സവിശേഷതകളെയും നക്ഷത്രപരമായ ചില കണക്കുകളെയും അറിഞ്ഞ് അതില്‍ നിന്ന് മാരണം ചെയ്യപ്പെടുന്ന വ്യക്തിയുടെ രൂപത്തില്‍ ഒരു അസ്ഥികൂടം ഉണ്ടാക്കുകയും നക്ഷത്ര ഉദയവുമായി ബന്ധപ്പെട്ട പ്രത്യേക സമയം പ്രതീക്ഷിച്ചു കുഫ്റിന്റെ വചനങ്ങളോ ശറഇനോട് എതിരായ മറ്റു വചനങ്ങളോ ഉരുവിടുകയും അതുമുഖേന പിശാചിനോട് സഹായാര്‍ഥന നടത്തുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സിഹ്റ്. ഇതുമുഖേന മാരണം ചെയ്യപ്പെടുന്ന വ്യക്തിയില്‍ സാധാരണക്ക് വിപരീതമായ പല അവസ്ഥകളും കണ്ടുതുടങ്ങും (ഹാശിയത്തുല്‍ ജമല്‍ 5/111).
ചില പ്രത്യേക കര്‍മ്മങ്ങള്‍ മുഖേന ക്ഷുദ്ര ജീവികളായ ദുരാത്മാക്കളില്‍ നിന്നും പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് സിഹ്റ് (അത്ത്വാര്‍ 2/475). മേല്‍ ഉദ്ധരണികളില്‍ നിന്ന് സിഹ്റ് വ്യത്യസ്ത രൂപങ്ങളിലാണെന്നും എന്നാല്‍ സിഹ്റ് എന്നതിന്റെ ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുമെന്നും മനസ്സിലായി.